14/12/13

ശിരസുപോയ പ്രതിമയുടെ കഥ..

നാമിപ്പോൾ ഒരു തെരുവിലാണ്
ഇവിടെ വാഹനങ്ങളോ, കാൽനടയാത്രക്കാരോ,
വഴിവാണിഭക്കാരോ ഇല്ല...
ഇത് യുദ്ധത്തിലോ പ്രണയത്തിലോ
ഉപേക്ഷിക്കപ്പെട്ട ഒരു തെരുവ്..
ഈ തെരുവിൽ, എത്ര നിഴലുകൾ വകഞ്ഞുമാറ്റിയാലാണ് 
ഒരുവളെ അവളുടെ ശരിക്കുള്ള പ്രകാശത്തിൽ കാണാനാവുകയെന്ന്
ഇതാ ഒരുവൻ നക്ഷത്രമെണ്ണി നിൽക്കുന്നു.. 
അവൻ അവന്റെതന്നെ ഒരു പ്രതിമ
അവൻ അവന്റെതന്നെ മുൻകൂർ സ്മാരകം
(ഉടൻ തന്നെ അവൻ കൊല്ലപ്പെടും)
അവൻ ആലോചിക്കുന്നതെന്തെന്ന് 
എനിക്കും നിങ്ങൾക്കും വ്യക്തമല്ലാത്തപോലെ
അവനും വ്യക്തമല്ലാതെ കാണപ്പെടുന്നു.
അവന്റെ കണ്ണുകൾ ചീഞ്ഞ മൽസ്യത്തിന്റെപോലെ
നിറംകെട്ട് മയങ്ങി കാണപ്പെടുന്നു.
അവൻ അവളെ കാത്തുനിൽക്കുകയാണ്.

അവൾ താമസിയാതെ അതാ ആ വളവുകഴിഞ്ഞ്
ഈ വേദിയിലേക്ക് പ്രവേശിക്കും..
അവളുടെ നിഴലുകൾ കരിമ്പിൻ കാട്ടിൽ അസ്തമിക്കുന്ന സൂര്യനെ
ഓർമിപ്പിച്ചുകൊണ്ട് ഈ തെരുവിനെ അലങ്കരിക്കും.
അവൾ ഉറുമ്പുകളെ നോവിക്കാതെ,
പൊടിപറത്താതെ അവന്റെ അരികിലെത്തും..
അവനും അവൾക്കുമിടയിൽ അവനും അവളും മാത്രമാവും..
അവൻ-നിശ്ചേതനമായ കണ്ണുകൾ കൊണ്ട് അവളെ നോക്കും..
അവന്റെ കണ്ണിൽ പുരളാതിരിക്കാൻ 
അവളുടെ നിഴലുകൾ അവളെ മറച്ചുപിടിക്കും..

അവൻ അവളുടെ നിഴലുകളെ തിരിച്ചറിയുന്ന നിമിഷമാണിത്.
മഴവില്ലുപോലെ ആകർഷകമായ അവളുടെ നിഴലുകൾ..
ആരും തൊടാതെ അവളെ അവൾ സൂക്ഷിക്കുന്ന കവചം..
അവളിലേക്കുള്ള അവന്റെ ദൂരം..
അവൻ നിറപ്പകിട്ടുള്ള ആ നിഴലുകളെ വെറുക്കുന്ന നിമിഷമാണിത്.
എത്ര പരിശ്രമിച്ചാലും അവൻ അവന്റെ പ്രതിമയിൽ നിന്നുണരും.
എത്ര പരിശ്രമിച്ചാലും അവൻ അവളെ കടന്നുപിടിക്കും.
അവൾ ഉടയാടകൾ പോലെ അണിഞ്ഞിരിക്കുന്ന നിഴലുകളെ
അവൻ ഓരോന്നോരോന്നായി അഴിച്ചെടുക്കും..
അവൾ ഇതളുകളടർന്നുപോവുന്ന സൂര്യകാന്തിപ്പൂപോലെ നഗ്നയാവും..
അവളുടെ ഊർവരമായ നഗ്നതയിൽ നിന്നും പുറപ്പെടുന്ന
ഇരുണ്ട പ്രകാശം തെരുവിനെ മൂടും..
വെളിച്ചം കൊണ്ട് മറച്ചുവച്ചിരുന്നതൊക്കെ ഒരു നൊടി തിളങ്ങും
അവൻ അവളോട് അവന്റെ പ്രണയം പറയും..
അവന്റെ ചുണ്ടുകളിൽ ഒരു ചുംബനം വിറയ്ക്കും..


ഇതാ ഈ നിമിഷം വളരെ പ്രധാനമാണ്..
അവൾ അവളെ ഭയപ്പെടുന്ന നിമിഷം
അവളുടെ ഇരുണ്ടപ്രകാശത്തെ ഭയപ്പെടുന്ന നിമിഷം..
ഈ നിമിഷത്തെക്കാൾ പ്രാധാന്യമുള്ള മറ്റൊരു നിമിഷം അവൾക്കില്ല..
ഇപ്പോൾ-ഇതാ ഇപ്പോൾത്തന്നെ അവൾ അവനെ തള്ളിമാറ്റും.
അഴിഞ്ഞുവീണ അവളുടെ നിഴലുകൾ എടുത്തു ചുറ്റും.
തെരുവിനെ മൂടിയ ഇരുണ്ട പ്രകാശം അസ്തമിക്കും.
വെളിച്ചം അതിന്റെ കബളിപ്പിക്കൽ തുടരും..
എല്ലാം പഴയപടിയാവും..
ഒന്നൊഴികെ
അവൻ കൊല്ലപ്പെട്ടിരിക്കും..
അവന്റെ ശിരസ് പൊടിതിന്നു വിശപ്പാറ്റും.

വായനക്കാരേ നിങ്ങൾ പുനർജനിക്കുകയാണെങ്കിൽ
ഈ തെരുവിൽ ഒരുവേള വരണം
ശിരസുപോയ ഒരു പ്രതിമയായി അവൻ തപസുചെയ്യുന്നതുകാണാം..
അവനെ കൊലചെയ്ത കുറ്റത്തിന് അവൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകാം..

17/10/13

പ്രതീക്ഷാനഷ്ടം!

മറ്റുള്ളവർക്ക് നമ്മളിൽ പ്രതീക്ഷാ നഷ്ടം സംഭവിക്കുന്നത് നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ തുറസിലേക്ക് ആശാവഹമായ ഒരു പുരോഗതിയാണ്. മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റുക എന്ന ബാധ്യത അഴിഞ്ഞുവീഴുന്നതോടെ നാം ശരിയാണെന്ന് വിശ്വസിക്കുന്നത് ആരുടെയും അംഗീകാരങ്ങൾ പ്രതീക്ഷിക്കാതെ കൂസലില്ലാതെ ചെയ്യാൻ കഴിയും. കാട്ടുചെടികളിൽ പൂക്കൾ വിരിയുന്നത് വണ്ടുകളുടെ പ്രതീക്ഷ നിറവേറ്റാനല്ലല്ലോ! ആരെങ്കിലും കവിതയെഴുതട്ടെ എന്ന ആഗ്രഹം കൂടുമ്പോഴാണോ ഇളംകാറ്റിൽ നമ്മൾ പൊഴിഞ്ഞു വീഴുന്നത്!പ്രതീക്ഷിക്കുകയും നിരാശപ്പെടുകയും ചെയ്യുന്നവർ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നാം ആകൃതിപ്പെട്ടുകൊള്ളണമെന്ന് ഗൂഡമായി ആഗ്രഹിക്കുന്നവരാണ്. അവർ നമ്മുടെ സഖാക്കളോ, അഭ്യുദയകാംക്ഷികളോ, സുഹൃത്തുക്കളോ ആരാധകരോ ആയാലും അതങ്ങനെ തന്നെ. ഒരാളുടെ പ്രതീക്ഷകൾ നിറവേറ്റാൻ നമുക്കാവുമ്പോൾ ആയിരം പേരുടെ പ്രതീക്ഷകൾ തകിടം മറിക്കുകയാവും നാം. അതുകൊണ്ട് പൂക്കളേ, പുൽത്തുമ്പുകളേ, മഞ്ഞുതുള്ളികളേ നമുക്ക് ശരിയെന്ന് തോന്നുന്നത്നമുക്ക് ചെയ്യാം ആരെയും വഞ്ചിക്കുകയും ആരോടും കളവുപറയുകയും ചെയ്യാത്തിടത്തോളം ആരുടേയും നിരാശപ്പെടലിൽ നിരാശരാകാതിരിക്കാം. എന്നു തന്നെയായാലും നമ്മൾ ചവുട്ടി മെതിക്കപ്പെടും.എന്തു തന്നെയായാലും ചെടിച്ചട്ടിയിൽ വളരാൻ നമ്മൾ തയാറല്ലല്ലോ!

15/10/13

ചിത്രം

ഉറപ്പാണ്...
ഒരു ദിവസം നിങ്ങളെന്നെ കൊല്ലും
എന്റെ പേനത്തുമ്പുകൊണ്ട്
നിങ്ങളുടെ ദൈവത്തിന്റെ നാണം
അഴിഞ്ഞു പോയെന്നോ
എന്റെ ക്യാമറക്കണ്ണ്
നിങ്ങളുടെ വിശ്വാസത്തിലേക്ക്
അവിശ്വാസത്തോടെ തുറിച്ചു നോക്കിയെന്നോ
നിങ്ങളെന്നെ വിചാരണ ചെയ്യും
കല്ലെറിഞ്ഞ് കൊല്ലാനോ
കഴുമരത്തിൽ തൂക്കാനോ
നടുവഴിയിൽ ഇറച്ചിയാക്കാനോ
നിങ്ങളുടെ കോടതി എന്നെ വിധിക്കും
തെരുവിലൂടെ എന്നെ നിങ്ങൾ
നഗ്നനാക്കി നടത്തും
ഇരുപുറവും ആളുകൾ
എന്റെ വിധി നടത്തിപ്പുകാണാൻ പറ്റം കൂടും
പച്ചിലവള്ളികൾക്കിടയിൽ അവരുടെ കണ്ണുകൾ
മഞ്ഞു തുള്ളികൾ പോലെ തൂങ്ങി നിൽക്കും.
അതിൽ വെയിൽവീണ് ചില്ലുപോലെ ചിതറും..

എന്റെ രാജ്യത്തിനുള്ളിൽ ഒച്ചയില്ലാതെ
കരിയിലപോലുമനക്കാതെ
നിങ്ങളുടെ രാജ്യം വരുന്നുവെന്ന്
എനിക്ക് ഭീതിയായിത്തുടങ്ങി
നിങ്ങൾ ഉച്ചത്തിൽ ഓരിയിട്ട്
എല്ലാം അച്ചടക്കമുള്ളതാക്കി മാറ്റാൻ തുടങ്ങുന്നു
ഇലകൾ വീഴുന്നതും
പൂക്കൾ വിരിയുന്നതും
എനിക്ക് കേൾക്കാതെയാവുന്നു
നിങ്ങളുടെ നടത്തയിൽ
ഒരു പൂച്ചയുടെ പതുങ്ങൽ ഞാൻ കാണുന്നു
നിങ്ങളെന്നെ സ്നേഹമായി ഉഴിയുന്നു
നിങ്ങളുടെ സൗമ്യതയിൽ ഒളിപ്പിച്ച
കോമ്പല്ല് ഇരുട്ടിലെ വിളക്കുപോലെ തിളങ്ങുന്നു
അതിന്റെ വെളിച്ചത്തിൽ
സമാധാനപ്രിയരായ നിങ്ങൾ
നിശബ്ദതകൊണ്ട് നെയ്യുന്നതെന്ത്?
നിങ്ങൾ നിശ്ചലത കൊണ്ട് കെട്ടിയുയർത്തുന്നതെന്ത്?

നിങ്ങൾ രാജ്യസ്നേഹത്തെക്കുറിച്ച്
വാതോരാതെ ചവയ്ക്കുന്നു..
നിങ്ങൾ വിശ്വസ്തതയെക്കുറിച്ച്,
കർത്തവ്യത്തെക്കുറിച്ച്,
കൂറിനെക്കുറിച്ച്,
ഉറക്കെയുറക്കെ പാടാൻ
കുട്ടികളെ പഠിപ്പിക്കുന്നു
നിങ്ങളുടെ പാട്ടുകേട്ട് പേടിച്ച്
പക്ഷികൾ പാടാതെയാവുന്നു
ഈയിടെയായി തിയേറ്ററിൽ
പോകാൻ വയ്യ
സിനിമയ്ക്കു മുൻപ്
നിങ്ങളുടെ അതേ സ്വരത്തിൽ
രാജ്യസ്നേഹം മുഴങ്ങുന്നു
പബ്ലിക് ടോയ്‌ലറ്റിലും നിങ്ങൾ
രാജ്യസ്നഹത്തെക്കുറിച്ച് എഴുതുന്നു
എന്റെ നെറ്റിയിൽ ഞാനെന്താണെന്ന്
ബോർഡ് വെയ്ക്കുന്നതിലെന്താണ് തെറ്റെന്ന്
എന്റെ കൂട്ടുകാർ പോലും ചോദിക്കുന്നു
ഞാൻ സ്വതന്ത്രനാണെന്ന് എന്നെ ഓർമിപ്പിക്കാൻ
എന്നെ നിങ്ങൾ വഴിയിൽ തടഞ്ഞു നിർത്തി
സ്നേഹത്തോടെ സ്വതന്ത്രനാക്കുന്നു
എത്ര വിശാലരാണ് നിങ്ങളെന്ന്
കണ്ടുനിൽക്കുന്നവർ പുളകം കൊള്ളുന്നു..
നിങ്ങളുടെ വഴികളിലൂടെ എന്റെ ഇഷ്ടമ്പോലെ
നടക്കാമെന്ന്
നിങ്ങളുടെ വരികളിലൂടെ എന്റെ ഇഷ്ടമ്പോലെ
എഴുതാമെന്ന്
നിങ്ങളുടെ ശാസനകൾ എന്റെ ഇഷ്ടമ്പോലെ
അനുസരിക്കാമെന്ന്
നിങ്ങളെന്നെ വിനീതരായി പഠിപ്പിക്കുന്നു
നിങ്ങളുടെ വിനയം എന്നെ പേടിപ്പെടുത്തുന്നു..

ഒരുദിവസം നിങ്ങളെന്നെ കൊല്ലുമെന്ന്
എനിക്കെന്തായാലും ഉറപ്പായി
എന്റെ പേനത്തുമ്പുകൊണ്ട്
നിങ്ങളുടെ ദൈവത്തിന്റെ നാണം
അഴിഞ്ഞു പോയെന്നോ
എന്റെ ക്യാമറക്കണ്ണ്
നിങ്ങളുടെ വിശ്വാസത്തെ
അവിശ്വാസത്തോടെ തുറിച്ചു നോക്കിയെന്നോ
നിങ്ങൾ വ്രണിതരാവും
എന്നെക്കൊല്ലാതിരിക്കാനാവില്ലെന്ന്
നിങ്ങൾ അവസാനമായി തീരുമാനിക്കും
അതിലെനിക്കിപ്പോൾ
പേടിയില്ല
പേടി മറ്റൊന്നിലാണ്
എന്നെ കൊല്ലാതിരിക്കാനാവുമോ എന്ന്
ചിത്രം സിനിമയിലെ മോഹൻലാലിനെപ്പോലെ
നിറകണ്ണുകളോടെ നിങ്ങളോട് ചോദിച്ചുപോവുമോ ഞാൻ..
കർത്തവ്യ നിർവഹണത്തിൽ വിട്ടുവീഴ്‌ച കാണിക്കാത്ത നിങ്ങൾ
എന്നെ എന്നിൽ നിന്നും നിർദ്ദാക്ഷിണ്യം പറിച്ചെടുത്ത്
ഈ ഫ്രെയിമിൽ നിന്നും ആ ഫ്രെയിമിലേക്ക് മറയുമോ..
എന്നെയും നിങ്ങളേയും കുറ്റം പറയാനാവാതെ
വഴിയോരത്തെ പച്ചിലവള്ളികളിലെ തുള്ളികൾ അസ്തമിക്കുമോ?

6/10/13

പുലിവരുന്നേ പുലി; തൊലിയെടാ വന്ന് തൊലി..

കണ്ണൻ മൊയലാളി:
ടാ കുവേ, നീ പുരപ്പുറത്തു കയറിനിന്ന്പുലിവരുന്നേ പുലിവരുന്നേ എന്നു വിളിക്കണം...പുലിയെത്തുരത്താൻ ആൾക്കൂട്ടം വരണം..നമ്മക്ക് നല്ലോണം നാരങ്ങാള്ളം വിൽക്കാം.
  
പാവം തൊയിലാളി:
പുലി വരാത്തപ്പോ നെലവിളിച്ച് ആളെക്കൂട്ടിയാൽ ശരിക്കും പുലി വരുമ്പോ ആളു കൂടുമോ മൊയലാളി?

 കണ്ണൻ മൊയലാളി:
പുലി വരുമ്പോ എന്തിനാടാ നമക്ക് ആൾക്കൂട്ടം? ശരിക്കൊള്ള പുലിവരുമ്പൊ നാരങ്ങാള്ളം വിക്കാൻ നമ്മക്ക് പറ്റ്വോ?
  
പാവം തൊയിലാളി:
അപ്പോ നെലവിളിയും ആൾക്കൂട്ടവും കണ്ട് ഇനി പുലിയെങ്ങാനും എറങ്ങിയാലോ മൊയലാളീഅപ്പഴും നമ്മക്ക് നാരങ്ങോള്ളം വിക്കാൻ പറ്റൂല്ലല്ലോ..?

കണ്ണൻ മൊയലാളി:
അതിനാണോടാ മണ്ടച്ചാരേ വഴിയില്ലാത്തെ..?ആൾക്കൂട്ടം വന്നു തുടങ്ങിയാ നമ്മള് അനൗൺസ് ചെയ്യത്തില്യോ...പുലീ നീ വരല്ലെ.. ഇതൊന്നും നമ്മളറിഞ്ഞ എടപാടല്ലപുലീടെ രോമത്തിത്തൊട്ടൊള്ള കച്ചോടത്തിനൊന്നും നമ്മക്ക് ആഗ്രഹമില്ലാന്ന്.. വേണോങ്കി പുലിക്ക് രണ്ട് കുഞ്ഞാടുകളെ കൊണ്ട് നേദിച്ചോളാംടാ...

പാവം തൊയിലാളി:
കണ്ണൻ മൊയലാളി വല്യ ആളു തന്നെ..

കണ്ണൻ മൊയലാളി:
പിന്നെന്താടാ സംശ്യം..

**********

പുരോഗമന അശരീരി: “ആണെങ്കില്‍ തന്നെ എന്ത്?”
പിന്നാമ്പുറം:നാരങ്ങാവെള്ളം വിൽക്കുന്ന കൂട്ടത്തിൽ കണ്ണൻമൊയലാളി പുലിക്കൊള്ള അണ്ടർ വെയറും കൂടി വിറ്റു. പുലി വരുമ്പോൾ അണ്ടർ വെയറു കൊടുത്താൽ പുലി മാറിപ്പോകുമത്രേ. കാര്യങ്ങൾ അത്ര സിമ്പിളാണത്രേ ഇപ്പോ..

27/9/13

കളിമണ്ണിനെക്കുറിച്ച് - ദ്യുതിയിൽ വന്ന കുറിപ്പ്.

ഈ കുറിപ്പ് എന്റെ നാട്ടിലെ ദ്യുതി എന്ന അക്ഷരക്കൂട്ടായ്മ പുറത്തിറക്കിയ ലിറ്റിൽ മാഗസിന്റെ ഓണപ്പതിപ്പിൽ വന്നതാണ്. ഓർമയ്ക്കായി ഇവിടെ പങ്കുവെയ്ക്കുന്നു.

കളിമണ്ണിനെക്കുറിച്ച് ഞാൻ എഴുതിയ കുറിപ്പ് വായിച്ചതിനാൽ വിരുദ്ധാഭിപ്രായങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെ സിനിമകാണാൻ പോയി കാശും സമയവും നഷ്ടപ്പെട്ടതിൽ വെച്ചുണ്ടായ മനോവിഷമം തീർക്കാനായി എന്നെ വിളിക്കാൻ കരുതി വെച്ച ചീത്തകൾ ഒരുമാസം കഴിഞ്ഞ് ഞാൻ അങ്ങോട്ട് ഫോൺ ചെയ്തപ്പോൾ പോലും, മറക്കാതെ എന്നെത്തന്നെ വിളിച്ച് സമാധാനം പ്രാപിച്ച പ്രിയപ്പെട്ട സുഹൃത്തിന് ഈ കുറിപ്പ് സമർപ്പിക്കുന്നു. ചീത്തവിളികൾ ഇനിയുമുണ്ടാകുമെന്ന് അറിയാം. ഏറ്റുവാങ്ങാൻ ചെവിയിൽ പഞ്ഞിയുമായിതാ ഞാൻ ;)  

‘കളിമണ്ണ്’ മലയാള സിനിമയോട് ചെയ്തത്.
ഇന്ത്യൻ സിനിമ അതിന്റെ 100 വയസ് ആഘോഷിക്കുകയാണ്. രേഖപ്പെടുത്തപ്പെട്ട മനുഷ്യചരിത്രത്തിൽ ഒട്ടും ചെറുതല്ലാത്ത ഒരു കാലയളവാണ് ഈ ഒരു നൂറ്റാണ്ട് എന്നത്. മറ്റൊരു കലാരൂപവും സിനിമയുടെ അത്ര അഴത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിച്ചിട്ടില്ല. ട്രെൻഡുകൾ സൃഷ്ടിക്കുകയും പൊളിക്കുകയും ചെയ്യാനുള്ള അതിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. കവിതയിലും കഥയിലും നൃത്തത്തിലും നാടകത്തിലും എന്നുവേണ്ട പ്രണയത്തിലും കുറ്റകൃത്യങ്ങളിലും പോലും പ്രകടമായ ഒരു ‘സിനിമാറ്റിക് എഫക്ട്’ അത് സൃഷ്ടിച്ചു. ഇത് സിനിമ എന്ന കലാരൂപം നമ്മുടെ ഭാഷായോടോ ജീവിതത്തോടോ മാത്രം ചെയ്ത ചെയ്ത്തല്ല. ലോകമെമ്പാടും അത് അങ്ങനെ തന്നെയാണ്. ഒരു ആസ്വാദകനെ സംബന്ധിച്ച് സിനിമയുടെ പൂർവികൻ ഫോട്ടോഗ്രാഫിയോ ബയോസ്കോപ്പോ അല്ല, അത് എല്ലാ ചുവരുകളിലും അവൻ തേടുന്ന ഒരു ചെറിയ ചതുരമാണ്, ഒരു ജാലകം അല്ലെങ്കിൽ ഒരു മുഖക്കണ്ണാടി.  വളരെ എളുപ്പത്തിൽ സിനിമ മനുഷ്യനെ കീഴടക്കുന്നതിനു കാരണം ഒരു കണ്ണാടിയോടും ജാലകത്തോടുമുള്ള അവന്റെ സ്വാഭാവികമായ അടുപ്പമാണ്.
സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള ഈ കഴിവു പക്ഷേ സിനിമ ഉപയോഗപ്പെടുത്തിയത് സ്വന്തമായി ഒരു നിലപാടോ അഭിരുചിയോ സൃഷ്ടിച്ചുകൊണ്ടല്ല കാലാകാലമുള്ള സമൂഹത്തിന്റെ മൂല്യബോധങ്ങളോട് കണ്ണടച്ച് ചേർന്നു നിന്നുകൊണ്ടാണ്. ഒരുതരത്തിൽ പറഞ്ഞാൽ പരമ്പരാഗതമായതും പുരുഷ-പുരോഹിത നിർമിതമായതും വരേണ്യശാസനങ്ങൾക്ക് അനുസൃതമായതുമായ ഒരു മൂല്യബോധനത്തിന്റെ പ്രചരണോപാധിയായി പ്രവർത്തിക്കുകയായിരുന്നു സിനിമ ചെയ്തു പോന്നത്. ഒരു ജയിലിൽ ഏതൊക്കെ ചുവരുകളിൽ ജനാലകൾ ആവാമെന്നും അവ എങ്ങോട്ടൊക്കെ തുറക്കാമെന്നും ജയിലധികാരികൾ തീരുമാനിക്കുന്ന പോലെയാണ് ഏതൊക്കെ തരത്തിലുള്ള സിനിമകൾ ആവാമെന്നും എത്രമാത്രം കാഴ്ചകൾ കാണിക്കാൻ അവയെ അനുവദിക്കാമെന്നും സമൂഹത്തിലെ നിയന്ത്രണ കേന്ദ്രങ്ങൾ തീരുമാനിക്കുന്നത്. ഇതിനനുസൃതമായിത്തന്നെയാണ് ഭരണകൂടങ്ങളും പ്രവർത്തിക്കുന്നത്. അതിനു തെളിവാണ് സിനിമയ്ക്ക് മാത്രമുള്ള സെൻസർ ബോർഡുകൾ. നാടകത്തിനോ, സംഗീതത്തിനോ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കോ ഒന്നും സെൻസർ ബോർഡ് ഇല്ലാതിരിക്കുമ്പോൾ എന്തുകൊണ്ട് സിനിമയ്ക്ക് സെൻസർ ബോർഡ് എന്ന ചോദ്യത്തിനും ഒരൊറ്റ ഉത്തരമേയുള്ളു. സിനിമയും നിലനിൽക്കുന്ന സമൂഹവും തമ്മിൽ മറ്റൊരു കലാരൂപവും സമൂഹവും തമ്മിലില്ലാത്ത ഒരുടമ്പടിയുണ്ട്. ആ ഉടമ്പടി ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തലാണ് സെൻസർ ബോർഡ് ചെയ്യുന്നത്. ഈ അലിഖിത ധാരണകൾ എപ്പോഴൊക്കെ, ഏതൊക്കെ സിനിമകൾ ഭഞ്ജിക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത്തരം സിനിമകൾക്കെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്.
കളിമണ്ണ് എന്ന സിനിമയെക്കുറിച്ചുള്ള പ്രാരംഭവാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന എതിർപ്പുകൾക്ക് കാരണവും അതുതന്നെയാണ്. പ്രസവം യഥാർത്ഥത്തിൽ കാണിക്കുന്നത് കലയല്ല എന്നും കച്ചവടമാണെന്നുമായിരുന്നു ഒരു പ്രധാന വിമർശനം. അത് ധ്വന്യാത്മകമായി കാണിക്കാമായിരുന്നു എന്നതാണ് മറ്റൊരു വാദം. ശരിക്കു പറഞ്ഞാൽ കഥകളിപോലെയോ നാടകം പോലെയോ സിനിമ സിമ്പോളിസത്തിന്റെ കലയല്ല. യാഥാർത്ഥ്യത്തെ അതിന്റെ സ്ഥലത്തും സമയത്തും ചെന്ന് പകർത്താനുള്ള സ്വാതന്ത്ര്യമാണ് സിനിമയുടെ ഏറ്റവും വലിയ ശക്തിയും സാധ്യതയും. ഒരു കാലത്ത് സ്റ്റുഡിയോ സെറ്റുകളിൽ അരങ്ങേറുന്ന നാടകങ്ങളുടെ വീഡീയോഗ്രാഫി എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സിനിമ അവിടെ നിന്നും പുറം വെളിച്ചത്തിലേക്ക് രക്ഷപെട്ടിട്ട് അരനൂറ്റാണ്ടോളമായെങ്കിലും ഇന്നും നാടകത്തിന്റെ സ്വഭാവമായ സിമ്പോളിസത്തിൽ നിന്നും അത് രക്ഷപെട്ടിട്ടില്ല. ഇപ്പോഴും സിനിമകൾ നാടകത്തിന്റെ വീഡിയോഗ്രാഫിയായി തന്നെ തുടരുന്നു. നാടകം അരങ്ങേറുന്നത് സെറ്റിലല്ല നിരത്തിലാണെന്ന് മാത്രം. ശാരീരിക ബന്ധം കാണിക്കേണ്ടിവരുമ്പോൾ വിളക്കണയ്ക്കുന്നതും, പ്രസവം കാണിക്കേണ്ടിവരുമ്പോൾ കുട്ടിയുടെ കരച്ചിൽ ശബ്ദം കേൾപ്പിക്കുന്നതും ഒക്കെ നാടകത്തിന്റെ പരിമിതികൾ അതേപടി സിനിമയിൽ ഉപയോഗിക്കുന്നതാണ്. പ്രേക്ഷകന് മനസിലാകാൻ അത് മതി എന്നാണ് നിരൂപകർ പറയുന്നത്. പ്രേക്ഷകനെ മനസിലാക്കിക്കുക അല്ല സിനിമയുടെ ലക്ഷ്യം, പ്രേക്ഷകനെ അനുഭവിപ്പിക്കുകയാണ്. പ്രസവമുറിക്ക് പുറത്ത് ഉലാത്തുന്ന പുരുഷന്റെ സിഗരറ്റ് വലിയാണ് മലയാള സിനിമാ പ്രേക്ഷകൻ അറിയുന്ന പ്രസവ സംബന്ധിയായ ഏറ്റവും വലിയ ടെൻഷൻ. ഉള്ളിൽ ഒരു സ്ത്രീ പ്രസവിക്കുന്നു എന്നു മനസിലാകാൻ അതുമതി പക്ഷേ പുറത്തുലാത്തുന്ന പുരുഷൻ ഉള്ളിലെ സ്ത്രീയെക്കാൾ എത്ര നിസാരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കണമെങ്കിൽ ക്യാമറ ഉള്ളിലേക്ക് പോകണം. പ്രസവം എന്നാൽ വേദന കടിച്ചുപിടിച്ച് ഒരു സ്ത്രീ തലയിട്ടുരുട്ടുമ്പോൾ കുഞ്ഞുവാവ കരഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെടുന്ന മഹാത്ഭുതമല്ലെന്ന് അനുഭവിക്കണമെങ്കിൽ ക്യാമറ കുറേക്കൂടി സാഹസത്തിനു മുതിരേണ്ടിവരും. പക്ഷേ അത്രത്തോളം പോകാൻ ക്യാമറയെ നമ്മുടെ സമൂഹം അനുവദിച്ചിട്ടില്ല. ഏറിയാൽ നിറവയർ വരെ. അതുകഴിഞ്ഞാൽ ഒരു ബ്ലാക്ക് ഔട്ടും കുട്ടിക്കരച്ചിലും കൊണ്ട് കാര്യം നടത്തിക്കോണം എന്നാണ് ശാസന.
ഈ പരിധികൾ ലംഘിച്ച് ക്യാമറ സാഹസത്തിനു മുതിർന്നു എന്നതിലാണ് കളിമണ്ണ് വിമർശകരുടെ രോഷത്തിന് പാത്രീഭൂതമായത്.  സിമ്പോളിസങ്ങളിലൂടെ കടുപ്പമുള്ള യാഥാർത്ഥ്യങ്ങളെ പൈങ്കിളീകരിച്ച് തൂവൽസ്പർശങ്ങളായി അവതരിപ്പിക്കുന്നതുകൊണ്ട്  സിനിമകൾ സമൂഹത്തിനോടു ചെയ്യുന്നത് കൊടും പാതകമാണ്. ഒരു കണ്ണാടി നമ്മളോട് കള്ളം പറയാൻ തുടങ്ങിയാൽ എന്താണോ അവസ്ഥ അതായിരിക്കും അപ്പോഴുണ്ടാകുന്ന സ്ഥിതി വിശേഷം. മുഖത്തെ കരി കണ്ടില്ലെങ്കിൽ നാം അതും കൊണ്ട് നിരത്തിലേക്കിറങ്ങി നടക്കും. അതേക്കുറിച്ച് ചിന്തിക്കാൻ സമയം പാഴാക്കുന്നതെന്തിന്?

കളിമണ്ണ് എന്ന സിനിമ ഏതു തരത്തിൽ നോക്കിയാലും ഒരു മഹത്തായ സിനിമയല്ല. കച്ചവടസിനിമയുടെ എല്ലാ സ്വഭാവ വിശേഷങ്ങളോടും കൂടിയ ഒരു സിനിമയാണത്. പക്ഷേ അത് മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരിക്കും. സമൂഹത്തിന്റെ സാംസ്കാരിക ബോധത്തിനനുസരിച്ചായിരിക്കണം സിനിമാക്കാരന്റെ ക്യാമറ ചലിക്കേണ്ടത് എന്ന അലിഖിത നിയമത്തെ അത് സധൈര്യം ലംഘിച്ചിരിക്കുന്നു.  പഴമയുടെ മൂല്യബോധങ്ങൾ പുതിയ കാലത്തേക്കും അടിച്ചേൽപ്പിക്കാനുള്ള ഉപാധിയല്ല സിനിമ എന്നും പുതിയ അവബോധങ്ങളും വീക്ഷണകോണുകളും അവതരിപ്പിക്കാനും ചർച്ചയ്ക്കുവെയ്ക്കാനുമുള്ള കലാമാധ്യമമാണ് സിനിമ എന്നും അത് ഓർമിപ്പിക്കുന്നു. ആ നിലയ്ക്ക് കളിമണ്ണും, സംവിധായകൻ ബ്ലെസിയും നായിക ശ്വേത മേനോനും അഭിനന്ദനമർഹിക്കുന്നു.

23/9/13

അകം!


സിനിമയുടെ ഭാഷ ക്യാമറയോ തിരക്കഥയോ അല്ല നിശ്ചയിക്കുന്നത്.. അതിന്റെ എഡിറ്റിംഗാണ്. സിനിമയുടെ ഭാഷയുള്ള ഒരു ഗംഭീരൻ മലയാള സിനിമ കണ്ടു. അകം! ഒരു സീനിൽ നായകൻ വിരൂപമായ തന്റെ മുഖം കറങ്ങുന്ന ട്രെഡ് മില്ലിൽ ഉരസുമാറ് അടുപ്പിക്കുന്നുണ്ട്. അടുത്ത കട്ട് മുകളിൽ നിന്നും പെയ്യുന്ന മഴയിലേക്ക്! അതുകണ്ടപ്പോൾ ഉള്ളിൽ എന്തോ ഒരു ആനന്ദമുണ്ടായി. അത്തരം ഒരു സൗന്ദര്യം ഉണ്ടാക്കാൻ സിനിമയ്ക്കേ കഴിയൂ. തിയേറ്ററിൽ കാണാൻ കഴിയാത്തത് നഷ്ടമായിപ്പോയി.. 

20/9/13

കറ നല്ലതാണ്

"കറ നല്ലതാണ്" എന്നതാണ് ഈ കാലഘട്ടത്തിന് ഏറ്റവും യോജിച്ച പരസ്യ-മുദ്രാവാക്യം. നെഗറ്റീവ് പബ്ലിസിറ്റിയെ ഇത്രമാത്രം കാര്യക്ഷമമായി വിപണനം ചെയ്യാമെന്ന് തെളിയിച്ച മറ്റൊരു കാലം നമ്മുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ? ഞാൻ ഈ പരസ്യവാചകം വരാൻ പോകുന്ന ഏതാനും മാസത്തെ പരസ്യപരമ്പരകൾക്കും മസ്തിഷ്ക പ്രക്ഷാളനങ്ങൾക്കും ജനസമ്മിതിയുടെ കൊയ്ത്തുപാട്ടുകൾക്കും മുന്നോടിയായി ദുഃഖത്തോടെ ഇങ്ങനെ തിരുത്തി എഴുതുന്നു.

" ചോരക്കറ നല്ലതാണ്"

19/9/13

കുഞ്ഞു കുഞ്ഞു മരണങ്ങൾക്കിടയിൽ ഒരു വലിയ മരണം

മറവി ഒരർത്ഥത്തിൽ മരണം തന്നെയാണ്. കുഞ്ഞുകുഞ്ഞുമറവികൾ ചേർന്നാണ് ഒരു വലിയ മരണം സംഭവിക്കുന്നത്. ഹൃദയം രക്ത ചംക്രമണം മറന്നു പോവുന്നു. കിഡ്നികളും കരളുമൊക്കെ അതതിന്റെ ജോലികൾ മറന്നു പോവുന്നു. പേശികൾ ചലനം മറന്നു പോവുന്നു. അസ്ഥികൾ സന്ധികളിൽ വെച്ച് പരസ്പരം അറിയാത്തവരെപ്പോലെ നിൽക്കുന്നു. മറവികളുടെ മാഹാ സമ്മേളനം നടക്കുമ്പോൾ നമ്മൾ ഒരാൾ മരിച്ചു എന്ന് അനൗൺസ് ചെയ്യുന്നു. 

വെളിയം ഭാർഗവൻ മരിച്ചിരിക്കുന്നു. അതറിഞ്ഞതു മുതൽ അദ്ദേഹത്തെക്കുറിച്ചുള്ള ഒര് ഓർമ തിരിച്ചുപിടിക്കാൻ ഞാൻ ശ്രമിക്കുകയാണ്. ഇല്ല. ഞാൻ അത് ഒട്ടു മുക്കാലും മറന്നു പോയിരിക്കുന്നു. എന്റെ ഒരു കുഞ്ഞു മരണം എന്ന് ഞാൻ അതിനെ മനസിലാക്കുന്നു. ഒന്നു രണ്ട് സുഹൃത്തുക്കളെ വിളിച്ചു ചോദിച്ചു. ആർക്കും കൃത്യമായി ഓർമയില്ല. ഇങ്ങനെ എത്രയെത്ര കുഞ്ഞു മരണങ്ങൾ കഴിയുമ്പോഴാണ് ഒരു വലിയ മരണം നമ്മെ തലോടുന്നത്! നമ്മൾ മരിച്ചു എന്ന് ആളുകൾ അനൗൺസ് ചെയ്യുന്നത്!

ഒട്ടുമുക്കാലും മറന്നു പോയ ആ സംഭവം നടക്കുന്നത് 1998 ലോ 99 ലോ ആണ്. അന്ന് ഞാൻ തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുന്നു. അന്നു ഞാൻ എബിവിപിയിൽ സജീവ പ്രവർത്തകൻ. എന്നുവെച്ചാൽ കലാക്ഷേത്രയുടെ കൺവീനറോ എബിവിപിയുടെ ലോ കോളേജ് യൂണിറ്റ് സെക്രട്ടറിയോ...(ഒരു ചെറിയ മരണം അവിടെയും സംഭവിച്ചിരിക്കുന്നു). എന്തോ ഒരു വലിയ പരിപാടി സംഘടിപ്പിച്ചത് ഓർമയുണ്ട്. ഒരു പായസം വിതരണം. ഒരു ഡിബേറ്റ്. പിന്നെയും എന്തൊക്കെയോ.. അതുമായി ബന്ധപ്പെട്ടാണ് വെളിയം ഭാർഗവന്റെ ഓർമയുടെ എടുപ്പുകൾ. പരിപാടിയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വരാമെന്നേറ്റു. വന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഡ്രൈവറുടെ പക്കലാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ വകയായി നാലോ അഞ്ചോ ആറോ... (ഓർമയില്ല) പേജുള്ള ഒരു കുറിപ്പ് കൊടുത്തയച്ചു. ഞാനതു വായിച്ചു... എന്തായിരുന്നു ഉള്ളടക്കം! മറന്നുപോയി.. അല്ല ഞാൻ അൽപം മരിച്ചുപോയി..

തിളക്കമുള്ള ആ ജീവിതത്തിന് ആദരാഞ്ജലികൾ..

22/8/13

മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടല്ല!


മനുഷ്യനെ ദൈവം കളിമണ്ണുകൊണ്ടുണ്ടാക്കി ജീവശ്വാസമൂതിവിട്ടതാണെന്ന കാലഹരണപ്പെട്ട മതബോധനങ്ങളാണ് ഇന്നും നമ്മെ നയിക്കുന്നത്. പരിണാമസിദ്ധാന്തം വന്നിട്ടും ജനിതകശാസ്ത്രം ഡിഎൻഎയും ജീനുമൊക്കെ ഡീ കോഡ് ചെയ്ത് കാട്ടിയിട്ടും ക്ലോണിങ്ങും ജനിതകവിത്തുകളും ടെസ്റ്റ് ട്യൂബ് ശിശുക്കളുമൊക്കെ എമ്പാടും ചർച്ചാ വിഷയമായിട്ടും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നാം, മനുഷ്യനെ ദൈവം പൊടിയിൽ നിന്നും സൃഷ്ടിച്ചുവിട്ടതാണെന്ന മണ്ടൻ കഥ കണ്ണടച്ച് വിശ്വസിക്കുന്നു. ശരീരം കളിമണ്ണുകൊണ്ടുള്ളതാണെന്ന് നിസാരവത്കരിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന കഥകകളിലൂടെ മനുഷ്യന്റെ ജൈവ ചോദനകളെ അടക്കിഭരിച്ചും മതം, മജ്ജയും മാംസവും ചോരയുമുള്ള സത്യത്തെ ഇരുട്ടിൽ ചവുട്ടിത്താഴ്ത്തുന്നു. ശരീരം തെറ്റാണ്, ലൈംഗീക അവയവങ്ങൾ കൊടും തെറ്റാണ്, സ്ത്രീ പാപമാണ്, അവളുടെ സ്രവങ്ങൾ തീണ്ടാപ്പാടകലെ നിർത്തേണ്ടതാണ് എന്നൊക്കെയുള്ള കണ്ണില്ലാത്ത വിശ്വാസങ്ങളെയാണ് നമ്മുടെ സദാചാര സംരക്ഷകർ 'നമ്മുടെ സംസ്കാരം, നമ്മുടെ പൈതൃകമെന്ന്' നാഴികയ്ക്ക് നാൽപ്പതുവട്ടം ഉദ്ഘോഷിക്കുന്നത്. പുരുഷാധിപത്യത്തിന്റെ സന്തതിയായ 'ഈ നമ്മുടെ പൈതൃകം, നമ്മുടെ സംസ്കാരം' ഒട്ടും കോട്ടം തട്ടാതെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുന്നത് പലപ്പോഴും സ്ത്രീകൾ തന്നെയാണെന്നതാണ് വിരോധാഭാസം. പുരുഷാ നീ പുറത്തുവന്നത് തീണ്ടാപ്പാടകലെ നിർത്തേണ്ടതെന്ന് നീ പറയുന്ന സ്രവങ്ങൾ പുറത്തുവന്ന അതേ സുഷിരത്തിലൂടെയാണെന്ന് പുരുഷനെ ഓർമിപ്പിക്കാൻ ഒരു സ്ത്രീയെങ്കിലും മുന്നോട്ട് വന്നാൽ പുരുഷ നിർമിതമായ 'ഈ നമ്മുടെ പൈതൃകം നമ്മുടെ സംസ്കാരം' കടലിലേക്ക് ഇടിഞ്ഞു വീഴും. പുരുഷൻ എന്നത് തൊട്ടുകൂടാത്ത ഒരു തീണ്ടാരിത്തുണിയായി ഇരുട്ടറയിൽ ഒളിക്കേണ്ടിവരും. ബ്ലെസിയുടെ കളിമണ്ണ് കണ്ടിറങ്ങുമ്പോൾ എനിക്ക് തോന്നിയതാണിത്.

കളിമണ്ണ് ഒരു ക്ലാസിക് സിനിമയല്ല. അതൊരു സാധാരണ കച്ചവട സിനിമയാണ്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന വിഷയം ഇന്നേവരെ മലയാളത്തിൽ ഒരു ക്ലാസിക് സിനിമാക്കാരനും കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത വിഷയമാണ്. കുഞ്ഞ് പുറത്തുവരുന്നത് വായിലൂടെയാണോ മൂക്കിലൂടെയാണോ പൊക്കിളിലൂടെയാണോ മലദ്വാരത്തിലൂടെയാണോ എന്നുപോലും അറിഞ്ഞുകൂടാത്ത എണ്ണമറ്റ കഴുതകൾ ജീവിച്ചിരിക്കുന്ന നാടാണ് നമ്മുടേത്. എന്തായാലും അത് യോനിയിലൂടെ ആവാൻ വഴിയില്ല എന്നവർ കരുതുന്നു. അത്രയ്ക്ക് പാപപങ്കിലമായ ഒരവയവമായാണ് അതിനെ പലരും മനസിലാക്കിയിരിക്കുന്നത്. ഒരു പാമ്പിനെ തല്ലിക്കൊല്ലുന്ന അതേ ലാഘവത്വത്തോടെ അതിലൂടെ ശ്വാസകോശം വരെ ഇരുമ്പുദണ്ഡ് ഇടിച്ചുകയറ്റാൻ പുരുഷനു കഴിയുന്നതും അതുകൊണ്ടുതന്നെ. കളിമണ്ണുകൊണ്ട് ദൈവമുണ്ടാക്കിയ പ്രതിമയല്ല മനുഷ്യനെന്ന് ഉച്ചത്തിൽ പറയാൻ ഇനിയും സിനിമകൾ, കൂടുതൽ ശക്തമായ ആവിഷ്കാരങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം ഒരു തുറന്നുപറച്ചിലിലേക്കുള്ള ധീരമായ ഒരു ചുവടുവെയ്പ്പാണ് കളിമണ്ണ്. അഭിസാരികയായി ശ്വാസം പോയാലും അഭിനയിക്കില്ലെന്ന മേനിപറച്ചിലുകാർ നടികർ തിലകങ്ങളായി പാറി നടക്കുന്ന നാടാണിത്. അത്തരമൊരു നാട്ടിൽ ഒരു ലക്ഷ്യബോധമുള്ള സബ്ജക്ടിനായി, അതിന്റെ സിനിമാവിഷ്കാരത്തിന്റെ പൂർണതയ്ക്കായി അങ്ങേയറ്റം അർപ്പണബോധത്തോടെ ചേർന്നു നിൽക്കാൻ മനസുകാണിക്കുന്ന ഒരു നടി ഉണ്ടാകുന്നത് ഒരു സംവിധായകന്റെ ഭാഗ്യമാണ്. ശ്വേതാമേനോൻ എന്ന നടി ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ ബ്ലെസിക്ക് കളിമണ്ണ് ഇങ്ങനെ ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഒരു സംവിധായകന്റെ സിനിമ മാത്രമല്ല ചങ്കുറപ്പുള്ള ഒരു നടിയുടേയും കൂടി സിനിമയാണ്.

ഒരു നല്ല ആർട്ട് ഹൗസ് മൂവിക്കുള്ള എല്ലാ സാധ്യതകളും ഉള്ള ഒരു വിഷയമായിരുന്നെങ്കിലും കളിമണ്ണ് ജനപ്രിയ സിനിമയുടെ ഫോർമുലയുള്ള ഒരു സിനിമയാണ്. ആദ്യം എനിക്ക് അതേക്കുറിച്ച് ഒരതൃപ്തിയുണ്ടായിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ  സംവിധായകൻതിരഞ്ഞെടുത്ത വഴിയായിരുന്നു ശരിയെന്ന് തോന്നി. ഈ സിനിമ കാണേണ്ടത് ഫെസ്റ്റിവലുകളിൽ കളിക്കുന്ന സിനിമകൾ മാത്രം കാണുകയും മദ്യപാന സദസുകളിൽ വ്യാകരണം കൊണ്ടുബന്ധിപ്പിക്കാത്ത വാചകങ്ങൾ കൊണ്ട് ചർച്ചി(ദ്ദി)ച്ച് ആത്മരതി പൂകുകയും ചെയ്യുന്നവരല്ല. ഇത് കാണേണ്ടത് സാധാരണക്കാരാണ്. നിരത്തിൽ ജീവിക്കുന്നവർ. കളിമണ്ണിന് സാധാരണ ഇടിപ്പടങ്ങൾ കാണാനിഷ്ടപ്പെടുന്നവരെ മുഷിപ്പിക്കാത്ത ഭാഷയായതിനു കാരണം അതാവും. പ്രസവരംഗം കാണിക്കുന്നു എന്നാരോപിച്ച് തനിക്കും തന്റെ നായികയ്ക്കും നേരേ വാളോങ്ങിയവർക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യുന്നുണ്ട് ബ്ലെസി. പ്രസവ രംഗം സിനിമയ്ക്ക് അനിവാര്യമായിരുന്നു എന്നതുകൊണ്ടുതന്നെ ഒരു കലാകാരനെന്ന നിലയിൽ തന്റെ സത്യസന്ധതയിൽ കളങ്കമേൽക്കാതെ സൂക്ഷിക്കാനും ബ്ലെസിക്ക് കഴിഞ്ഞിട്ടുണ്ട്. യാതൊരാവശ്യവുമില്ലാതെ കപ്പ കപ്പ കപ്പ പുഴുങ്ങുന്നവരെ തൊള്ളപൊളിച്ചു വിഴുങ്ങുന്ന മലയാളി പ്രേക്ഷകന് കൃത്യമായ ബോധ്യത്തോടെ തന്റെ സിനിമയെ സമീപിച്ചിട്ടുള്ള ബ്ലെസിക്കെതിരെ ചെറുവിരൽ ഉയർത്താനുള്ള ധാർമിക അവകാശമില്ല.

ശ്വേതയ്ക്ക് കൊടുത്ത ശബ്ദം വല്ലാതെ മുഷിപ്പിച്ചു. മാധ്യമപ്രവർത്തകരും സിനിമാക്കാരൊഴികെയുള്ള എല്ലാ മനുഷ്യരും സിനിമാക്കാരെ അന്യഗ്രഹജീവികളെപ്പോലെയാണ് സമീപിക്കുന്നത് എന്ന മട്ടിലുള്ള അവതരണവും വിരസമായി. ആദ്യപകുതിയിൽ ബോറടിപ്പിച്ചു. എല്ലാ പോരായ്മകളും മറന്നുപോകുന്ന രീതിയിൽ രണ്ടാം പകുതിയിൽ സിനിമ അനുഭവവേദ്യമായി. 

10/4/13

നിദ്ര...


ഇലകളിൽ ഞാൻ ഉറങ്ങുന്നതായി
ആരോ വന്നു പറഞ്ഞപ്പോൾ ഉണർന്നു
അതു സത്യമായിരുന്നു
സൂര്യനൊപ്പം, ഒരു മഞ്ഞുതുള്ളിക്കൊപ്പം
ഒരു മരത്തിന്റെ ഏഴാമത്തെ നിലയിൽ
ഇലകളിൽ...
വെളുത്ത പഞ്ഞിമേഘങ്ങളിൽ
ഒഴുകി നടക്കുന്ന മരങ്ങളിലൊന്നിന്റെ
ഏഴാമത്തെ നിലയിൽ
ഇലകളിൽ, കാറ്റുകെട്ടിയ തൊട്ടിലിൽ
ഞാൻ ഉറങ്ങുന്നത് ഞാൻ കണ്ടു.
ആകാശത്തിൽ നക്ഷത്രങ്ങളുടെ രംഗോളിയിൽ
ചുവക്കുന്ന മേഘങ്ങളുടെ കവിളുകളിൽ
കവിളുരസിക്കൊണ്ട് ഒഴുകിനടക്കുന്ന
മരങ്ങളുടെ വേരുകളിൽ അള്ളിപ്പിടിച്ചു തൂങ്ങുന്ന
കുന്നുകളിൽ മേഞ്ഞു നടക്കുന്ന മാൻകൂട്ടങ്ങളിൽ
ഇണചേരുന്ന മാൻപേടയിൽ
ഞാനെന്നെ നിക്ഷേപിച്ചു.
പുഴകളിൽ പൂക്കൾ വീഴുന്ന ഒരു വസന്തത്തിൽ
വണ്ടുകൾ പാടുന്ന പാട്ടിന്റെ മെത്തയിൽ
അവളെന്നെ പെറ്റു
ഇലകളിൽ അവൾ മേഞ്ഞു
മഞ്ഞുതുള്ളിയിൽ ദാഹം തീർത്തു
ഇലകളിൽ ഉറക്കം മതിയാകാതെ
ഉണരാൻ മടിച്ച് ഞാൻ കിടന്നു..

എനിക്കു ചുറ്റും പുതുതായി മുളച്ച പുല്ലുകൾ
നൃത്തം വെയ്ച്ചു
ഇലകളിൽ ഞാനുറങ്ങുന്നതായി
ആരോ പറഞ്ഞെന്നെ ഉണർത്തി..

9/4/13

അവകാശ സംരക്ഷകർക്ക് ചില മുദ്രാവാക്യങ്ങൾ

പർദ സ്ത്രീകളുടെ വസ്ത്രമായതിനാൽ
അതു ധരിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം 
അവരുടെ അവകാശമായതിനാൽ
പർദയ്ക്കെതിരെ പുരുഷന്മാർ മിണ്ടരുത്..

ആത്മഹത്യ ആത്മാഹൂതിക്കാരുടെ രക്ഷാമാർഗമായതിനാൽ
അതു ചെയ്യണോ വേണ്ടയോ എന്നുള്ള തീരുമാനം
അവരുടെ അവകാശമായതിനാൽ
ആത്മഹത്യയ്ക്കെതിരെ ആത്മഹത്യചെയ്യാത്തവർ മിണ്ടരുത്

ചൂഷണം ചൂഷകരുടെ ഉപകരണമായതിനാൽ
അത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനം
അവരുടെ അവകാശമായതിനാൽ
ചൂഷണത്തിനെതിരായി ചൂഷകരല്ലാത്തവർ മിണ്ടരുത്

ബാലവേല ബാലന്മാരുടെ വേല ആയതിനാൽ
അതു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനം
അവരുടെ അവകാശമായതിനാൽ
ബാലവേലയ്ക്കെതിരെ ബാലികാബാലന്മാരല്ലാത്തവർ മിണ്ടരുത്

അടിമത്തം അടിമകളുടെ മാനസികാവസ്ഥ ആയതിനാൽ 
അതു തള്ളണോ കൊള്ളണോ എന്ന തീരുമാനം
അവരുടെ അവകാശമായതിനാൽ
അടിമത്തത്തിനെതിരായി അടിമകളല്ലാത്തവർ മിണ്ടരുത്

വർഗീയത വർഗീയവാദികളുടെ മാത്രം രോഗമായതിനാൽ
അത് കൊണ്ടു നടക്കണോ ഉപേക്ഷിക്കണോ
എന്ന തീരുമാനം അവരുടെ അവകാശം ആയതിനാൽ
വർഗീയതയ്ക്കെതിരായി വർഗീയവാദികളല്ലാത്തവർ മിണ്ടരുത്

ഫാസിസം ഫാസിസ്റ്റുകളുടെ സ്വന്തം ഇസമായതിനാൽ
അത് പ്രചരിപ്പിക്കണോ വേണ്ടയോ
എന്ന തീരുമാനം അവരുടെ അവകാശമായതിനാൽ
ഫാസിസത്തിനെതിരെ ഫാസിസ്റ്റുകളല്ലാത്തവർ മിണ്ടരുത്

ഭ്രാന്ത് ഭ്രാന്ത്രന്മാരുടെ രോഗമായതിനാൽ
അത് ചികിൽസിക്കണോ വേണ്ടയോ 
എന്നതീരുമാനം അവരുടെ അവകാശമായതിനാൽ
ഭ്രാന്തിന്റെ ചികിൽസയെക്കുറിച്ച് ഭ്രാന്തന്മാരല്ലാത്തവർ മിണ്ടരുത്

ഇത് കവിതയും കഴുതയുമൊന്നുമല്ല.ഈ സമൂഹത്തെ സർവതന്ത്ര സ്വതന്ത്രമാക്കാൻ അവശ്യം വേണ്ട മുദ്രാവാക്യങ്ങൾ ഒന്നെഴുതി നോക്കിയതാണ്. ഇങ്ങനെ അവകാശം സംരക്ഷിക്കേണ്ട നിരവധി അനവധി വിഭാഗങ്ങൾ ഇനിയുമുണ്ട് സന്മനസും സമയവുമുള്ളവർ അവർക്കായി/അതിനായി മുദ്രാവാക്യങ്ങൾ ചമച്ചുകൊള്ളുമല്ലോ!

7/4/13

ഇനിയെങ്കിലും നിർത്തുമോ ഈ ഗാംഗ് റേപ്പ്..


ഇനിയും നമ്മൾ സൂര്യനെല്ലി പെൺകുട്ടിയെ റേപ്പ് ചെയ്ത് തീർന്നിട്ടില്ല്ല എന്ന് ഇന്ന് വീണ്ടും ബോധ്യമായി. ഓക്കാനമുണ്ടാക്കുന്ന ചളുപ്പ് സാഹിത്യം കൊണ്ട് പ്രിയ എ.സിന്റെ ഒരു മുഴുപ്പേജ് റേപ്പ് ഇന്ന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ (വെളിച്ചം തേടുന്നവൾ - മാതൃഭൂമി വാരാന്തപ്പതിപ്പ് - 2013 ഏപ്രിൽ 7) വായിച്ചു. സാഹിത്യം സാമൂഹ്യദ്രോഹമാകുന്ന സന്ദർഭങ്ങൾ ഇതിനു മുൻപും കണ്ടിട്ടുണ്ട്. ഉള്ളിൽ തട്ടി ഒരു വാക്കുപോലും പറയാനില്ലാത്തപ്പോഴാണ് സവോളയും തക്കാളിക്കഷണങ്ങളും കൊണ്ടലങ്കരിച്ച് വിളമ്പുന്ന കോഴിയിറച്ചിപോലെ ഉപമയും ഉൽപ്രേക്ഷയും കൊണ്ട് അലങ്കരിച്ച് വികാരവിക്ഷുബ്ധത എഴുത്തുകാർ വായനക്കാർക്കു മുന്നിൽ വിളമ്പി വെയ്ക്കുന്നത്. ദോഷം പറയരുതല്ലോ ഇടയ്ക്കിടെ നാലുവരി ശ്ലോകങ്ങൾ കൂടി ചേർത്താൽ അമ്പലപ്പറമ്പുകളിൽ തകർപ്പൻ ബുക്കിംഗ് കിട്ടുന്ന കഥാപ്രസംഗമായി അവതരിപ്പിക്കാൻ പറ്റിയേക്കും ഈ 'നേർ സാക്ഷ്യം'.
കെ.ആർ.മീരയും പ്രിയ എ.എസും ഒന്നിച്ചാണത്രേ ഈ ഗാംഗ് റേപ്പ് നിർവഹിച്ചിരിക്കുന്നത്. പ്രിയ എ.എസിന്റെ ദൃക്സാക്ഷി വിവരണത്തിൽ നിന്നും ഒന്നു രണ്ട് സാമ്പിളുകൾ ഇതാ.
* രാവിലെ ഏഴുമണിക്ക് യാത്രപുറപ്പെടുമ്പോൾ, ചുവന്നുതുടുത്ത് സൂര്യനെത്തി നോക്കി കാറിലേക്ക്. ഇരുട്ടിലായിപ്പോയോൾ, സൂര്യനെത്തിനോക്കാത്തോൾ - അവളെ കാണാൻ പോകുന്നു. എന്ന് ഞാൻ സൂര്യനോട് പറഞ്ഞു. ഇനി നിങ്ങളും കൂടിയേ അവളെ കാണാൻ ബാക്കിയുള്ളു എന്ന് പറഞ്ഞ് സൂര്യൻ കളിയാക്കി (ആഹഹ എത്രമനോഹരമായ തുടക്കം. ചളുപ്പ് സാഹിത്യം കൊണ്ടലങ്കരിച്ച ഇറച്ചിക്കഷണം)
*വീടാകമാനം ഒന്നു കണ്ണോടിച്ചു നോക്കിയപ്പോൾ, 'അന്നയും റസൂലും' സിനിമയിലെ അന്നയുടെ വീടുപോലെ തോന്നി (പ്രിയ എ.എസ് നല്ലവണ്ണം സിനിമ കാണുമെന്ന് മനസിലായി)
*ഞാൻ മീരയോട് ചോദിച്ചു. "എന്താണ് പെൺകുട്ടിയുടെ പേര്". മീര ഒച്ച താഴ്ത്തി പേരു പറഞ്ഞു തന്നു. സ്വന്തം അമ്മയുടെ നാവിൽ പോലും പത്രക്കാരുടെ പ്രയോഗമായി കഴിയേണ്ടിവരുന്ന ഒരുവളുടെ ഗതികേടോർത്ത് ഞാൻ എ-രി-യു-ക-യോ പൊ-രി-യു-ക-യോ ചെയ്തു (വായിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ഞെരിയുകയും ചെയ്തു.)
*പേരില്ലാ ദുരന്ത നായിക അതിനിടെ മുകളിൽ നിന്ന് ഇറങ്ങി വന്നു. അസാമാന്യമായ തടിയുണ്ടവൾക്ക്. കടും നീല ചുരിദാർ. കെട്ട നിറത്തിൽ ഡിസൈനുകൾ. അവൾ നേരേ വന്ന് മീരയുടെ കൈപിടിച്ച് "മകളിപ്പോ എന്തു ചെയ്യുന്നു" എന്നു ചോദിച്ചു. ഓർമ, മണ്ണിൽ ചവുട്ടി നിൽക്കലാണ്, നന്മയുടേയും മനുഷ്യത്വത്തിന്റേയും അടയാളവുമാണ് അത് എന്ന വിശ്വാസപ്രമാണക്കാരിയായ ഞാൻ സത്യമായും ഞെട്ടി (ഞാനും ഞെട്ടി. സൂര്യനെല്ലിയിലെ പെൺകുട്ടിക്ക് തടിച്ച ശരീരം മാത്രമല്ലേ ഉണ്ടാവാൻ പാടുള്ളു നന്മയുടേയും മനുഷ്യത്വത്തിന്റേയും അടയാളമായ ഓർമകൾ ഉണ്ടാവാൻ പാടുണ്ടോ.. ഇല്ല.. പാടില്ല തന്നെ)
*'ഞാൻ അടുത്തിടെ ഓർത്തായിരുന്നു.'ആരാച്ചാര്' വായിച്ചപ്പോൾ' എന്ന് അവളടുത്ത വാചകം പറഞ്ഞപ്പോൾ ഞാനും മീരയും ഒന്നിച്ച് എട്ടു നിലയിൽ ഞെട്ടി ( ഞാനാണെങ്കിൽ പൊട്ടിത്തെറിച്ചുപോയി. സൂര്യനെല്ലി പെൺകുട്ടി പുസ്തകം വായിക്കുകയോ? ശിവ ശിവ!)
*"എന്താ പിന്നെ വിളിക്കാഞ്ഞത്" എന്നോ മറ്റോ ചോദിച്ചു മീര. ഈ ഇരുളൊന്നും പോരാഞ്ഞിട്ടാണോ കുഞ്ഞേ മറ്റൊരു ലോകത്തിന്റെ ഇരുളിലേക്ക് ഊളിയിട്ടിറങ്ങുന്നതെന്ന് ഞെഞ്ചുപിളരുന്നപോലെ തോന്നി ( കുഞ്ഞേ ഇരുളിലേക്ക് ഊളിയിട്ടിറങ്ങലും വെളിച്ചത്തിൽ അച്ചടിച്ച് വിറ്റ് കാശാക്കലുമൊക്കെ ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടതല്ലേ കുഞ്ഞേ... എഴുത്തും വായനയുമെല്ലാം ഞങ്ങളെപ്പോലുള്ള ഊളിയിട്ടിറങ്ങലുകാർക്ക് മാത്രമുള്ളതല്ലേ കുഞ്ഞേ.. ഇങ്ങനെ നെഞ്ചു പിളർത്താമോ കുഞ്ഞേ!)
*ആ നടുക്കത്തിനിടയിലൂടെ ഞാനവളുടെ മുഖത്തേക്കൊന്നു പാളി നോക്കി. കുട്ടിക്കാലത്ത്, കാലി ട്യൂബിൽ നിന്ന് വെറുതേ ഒരു രസത്തിന് കഷ്ടപ്പെട്ട് ഞെക്കിയെടുക്കാറുണ്ടായിരുന്ന പേസ്റ്റ്, അതാണപ്പോൾ ഓർമ വന്നത്. മിനുസമോ മയമോ ഇല്ലാതെ വരണ്ട ഒരു റബർ സമാന വസ്തു എന്നേ അതിനെ പറഞ്ഞു കൂടൂ. ഈ കുട്ടിയുടെ മുഖം. അത് മുഖമല്ല. മുഖം പോലത്തെ ഒരു വസ്തു മാത്രമാണ്. ( പീഡകരും രാഷ്ട്രീയക്കാരും പത്രക്കാരും ചാനലുകാരും എല്ലാം ചേർന്ന് ഞെക്കിഞെക്കി സ്വന്തം അണ്ണാക്കുവരെ തേച്ച് വെളുപ്പിച്ചില്ലേ. അവരുടെ അടഹാസങ്ങളുടെ തിളക്കം ഞാനീ വരികളിൽ കണ്ടു. ഇനിയും ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ അതുകൂടി ഒരു രസത്തിന് ഞെക്കാനായിരിക്കും സൂര്യനെല്ലിയിലേക്കിവർ പോയത്. )
*മീര ചോദിക്കുന്നു. "പ്രിയയ്ക്കറിയാമോ ചോന്ന ചുണ്ടൊക്കെയായിട്ട് എന്തു വെളുത്തു തുടുത്ത കുട്ടിയായിരുന്നു ഇവളെ ഞാൻ കാണുമ്പോഴെന്ന്"...

             കഷ്ടമെന്നേ പറയാനുള്ളു എഴുത്തുകാരേ. സ്വയം സ്ത്രീകളായിരുന്നിട്ടുകൂടി ആ പെൺകുട്ടിയെ ഇത്രത്തോളം ശരീരമാത്രമായി കാണാൻ കഴിഞ്ഞ മനസിനെ ക്രൂരമെന്നല്ല പറയേണ്ടത് വികൃതമെന്നാണ്. മലീമസമായ സാഹിത്യം ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുവായി സൂര്യനെല്ലിയിലെ പെൺകുട്ടിയെ കാണുന്നതും കച്ചവടം തന്നെയാണെന്ന് എന്നാണ് നിങ്ങൾ തിരിച്ചറിയുന്നത്! നിങ്ങളും നിങ്ങൾ വിമർശിക്കുന്ന ചാനലുകളും ചെയ്യുന്നത് തമ്മിൽ എന്ത് അന്തരമാണുള്ളത്! എഴുതാനാണെങ്കിൽ ഇനിയുമുണ്ട്. ഇത്രയും ചവറു സാഹിത്യം ഈയിടെയൊന്നും ഞാൻ വായിച്ചിട്ടില്ല. 

20/3/13

പാപിലിയോ ബുദ്ധ എന്ന കുബുദ്ധിജീവി സിനിമ


ഇന്നലെ വീണ്ടും പാപിലിയോ ബുദ്ധ കണ്ടു. ആദ്യന്തം... സിനിമ എന്ന മാധ്യമത്തിന്റെ മൂർച്ചയറിയാവുന്ന ഒരു സംവിധായകന്റെ സൃഷ്ടിയാണതെന്ന് തുടക്കം മുതലുള്ള ദൃശ്യങ്ങളെല്ലാം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ശബ്ദത്തിൽ നിശബ്ദതയും വെളിച്ചത്തിൽ ഇരുട്ടും നന്നായി ചാലിച്ചൊരുക്കിയിരിക്കുന്ന സീനുകളിലൂടെ സിനിമ പുരോഗമിച്ചു. അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി കഥാപരിസരത്തിൽ ഇറക്കിവിട്ടുകൊണ്ട് ഫിക്ഷനെ നോൺ ഫിക്ഷനായി ചിത്രീകരിക്കുന്ന രീതി ദൃശ്യങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത മൂർച്ച നൽകുന്നുണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും ദൗർഭാഗ്യമെന്ന് പറയട്ടെ സിനിമ മുഴുവനായി കണ്ടിറങ്ങുമ്പോൾ എനിക്ക് തോന്നിയത് പുഴുവുള്ള ആപ്പിൾ കടിച്ചു വിഴുങ്ങിക്കഴിയുമ്പോൾ തോന്നുന്ന വികാരമാണ്....
..............................................................................................................
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാപിലിയോ ബുദ്ധ എന്ന ശലഭത്തെയും സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നും ആട്ടിയിറക്കപ്പെടുന്ന ആദിവാസികളേയും പേരിലൂടെ വളരെ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്ന സിനിമ ഒരു പ്രചരണാത്മക കാപട്യത്തിലേക്ക് അധപതിക്കുന്നത് നിരാലംബരും അസംഘടിതരും വിഗ്രഹരഹിതരുമായ ആദിവാസിയുടെ തലയിൽ പുലയൻ എന്ന കുറേക്കൂടി സ്വത്വാധിഷ്ഠിതമായി സംഘടിച്ചിട്ടുള്ള ഒരു ജാതി വിഭാഗത്തിന്റെ പേരും സംഘടനയുടെ വിഗ്രഹങ്ങളും ചാർത്തിക്കൊടുക്കുമ്പോഴാണ്. ആദിവാസികൾ എന്ന നിഷ്കളങ്കരായ മണ്ണിന്റെ അവകാശികളെ എല്ലാക്കാലത്തും നക്സലിസം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത്തരത്തിൽ താന്താങ്ങളുടെ ആവശ്യങ്ങൾക്കായി  ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. അവരെല്ലാം തന്നെ ആദിവാസികളുടെ പ്രശ്നങ്ങളിലേക്കിറങ്ങി ചെല്ലാതെ അവരെ ആയുധമാക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. ആ പ്രവണത തന്നെയാണ് പാപിലിയോ ബുദ്ധയും സ്വീകരിച്ചിട്ടുള്ളത്. ....
..................................................................................................................
ഒരിക്കൽ ദൈവമായാൽ ചുവരിന്മേൻ തൂങ്ങിക്കിടക്കും എന്നൊക്കെയുള്ള സംഭാഷണ ശകലങ്ങൾ ദളിത് കഥാപാത്രങ്ങളുടെ വായിൽ തിരുകി കയറ്റി വിഗ്രഹവത്കരണത്തിനെതിരു നിൽക്കുന്നു എന്ന് ധ്വനിപ്പിക്കുന്ന സിനിമ, ഗാന്ധി ഇഎംഎസ് വിഗ്രഹങ്ങളെ മാറ്റി അംബേദകർ ബുദ്ധവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചാൽ ദളിതന് സ്വന്തം സ്വത്വം കൈവരുമെന്ന കഴമ്പില്ലാത്ത വാദത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. സമത്വം എന്നാൽ മുഖ്യധാരയിൽ ഉറച്ചു നിന്ന് ഒപ്പത്തിനൊപ്പം പോരാടി നേടേണ്ട ഒന്നാണെന്നല്ല സിനിമ പറയുന്നത്, മറിച്ച് അവനവന്റേതായ വിഗ്രഹങ്ങളും ദ്വീപുകളും സൃഷ്ടിച്ച് മുഖ്യധാരയെ മുഴുവൻ ശത്രുഭാഗത്താക്കി തിരസ്കരിക്കുന്നതിലൂടെ നേടാവുന്ന ഒന്നാണെന്നാണ്...

======================================================

പാപിലിയോ ബുദ്ധ എന്ന സിനിമയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എന്റെ വിമർശനമാണ് malayal.am ലെ ഈ ലേഖനം. ഉറച്ച രാഷ്ട്രീയ നിലപാടുള്ളത് എന്ന അവകാശവാദത്തോടെ സെൻസർ ബോർഡിന്റേയും സർക്കാരിന്റേയുമൊക്കെ വിലക്കുകൾക്കെതിരേ പോരാടിയെത്തിയിട്ടുള്ള സിനിമയാണ് പാപിലിയോ ബുദ്ധ. അതുകൊണ്ടുതന്നെ സിനിമയുടെ രാഷ്ട്രീയം മൃദുവായല്ല തീവ്രമായി തന്നെ ചർച്ചചെയ്യേണ്ടതുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.   മുഴുവൻ malayal.am ൽ വായിക്കുക യോജിപ്പുകളും വിയോജിപ്പുകളും പങ്കുവെയ്ക്കുക http://malayal.am/node/22605 

2/3/13

അയാൾക്കറിയില്ലെങ്കിലും


മരിച്ചുപോയ ഒരാൾ
താൻ മരിച്ചുപോയി എന്ന് ഒരിക്കലും അറിയുന്നില്ല..
അയാളെ ആളുകൾ വെള്ളവസ്ത്രം പുതപ്പിക്കുമ്പോഴും
അതിനുമേൽ പുഷ്പചക്രങ്ങൾ വെയ്ക്കുമ്പോഴും
അതിനും മേൽ പ്രിയപ്പെട്ടവരുടെ നിശ്വാസം പൊതിയുമ്പോഴും
ജീവിതത്തിൽ താനൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത 
സ്വസ്ഥതയിൽ അയാൾ ലയിച്ച് കിടക്കും..
ശാമ്പ്രാണിയുടെ പുകയോടൊപ്പം
അയാളുടെ മരണം മുറ്റത്ത് വന്നവരോട് കുശലം പറയുമ്പോൾ
അവസാനം പറയാനാഞ്ഞ വാചകം ചുണ്ടിൽ കടിച്ചുപിടിച്ച്
അയാൾ ആകാശം നോക്കി ആലോചിക്കുകയാവും..
ഇനി ഉണരില്ല എന്ന് എല്ലാവരും അറിയുമ്പോഴും
ഇനി ഉണരില്ല എന്ന് അയാൾ അറിയുന്നില്ല..
ആരും ഒന്നും ചെയ്തില്ലെങ്കിൽ ചീഞ്ഞു നാറിയാലും
ഇനി വയ്യ എന്ന് അയാൾ കാത്തിരിപ്പവസാനിപ്പിക്കില്ല..
ഉണരുന്നതു വരെ, വീണ്ടും ചലിക്കുന്നതുവരെ
എത്രകാലം വേണമെങ്കിലും മടുപ്പില്ലാതെ
അയാൾ അതേ കിടപ്പ് കിടക്കും..
പക്ഷേഎന്തു ചെയ്യാനാണ്
മണിക്കൂറുകൾ കഴിയും മുൻപേ
അയാൾക്ക് വേണ്ടപ്പെട്ടവർ അയാളെ ചിതയിലേക്കെടുക്കും..
അയാൾക്കറിയില്ലെങ്കിലും അവർക്കറിയാമല്ലോ 
അയാൾ മരിച്ചുപോയെന്ന്...

5/2/13

പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞുനോക്കുക!


കുറച്ചു ദിവസം മുൻപ് നന്ദനാണ് 'ആഷിഖ് അബു വധം കഥകളി' ഫെയ്സ്‌ബുക്കിൽ തിമിർത്താടുന്ന വിവരം പറഞ്ഞത്. ആഷിഖ് അബു വിശ്വരൂപത്തെക്കുറിച്ച്  കമലഹാസനേയും വിനയനേയും താരതമ്യം ചെയ്തത് എഴുതിയ ഒരു കമന്റായിരുന്നു പ്രകോപനകാരണമെന്ന് കേട്ടപ്പോൾ ഒരുപക്ഷേ കമലഹാസനെ താഴ്ത്തിക്കെട്ടിയതിലുണ്ടായ പ്രതികരണമാവാം എന്ന് ഊഹിച്ചിരുന്നു. യാത്രയിലായിരുന്നതിനാൽ നെറ്റ് കണക്ഷൻ ഇല്ലാത്തതുകാരണം കൂടുതലൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. രണ്ടുദിവസം മുൻപ് സുധീർ പ്രേം ആണ് ആഷിഖ് അബുവിന്റെ കമെന്റ് എന്താണെന്ന് പകർത്തിത്തന്നത്. അതിങ്ങനെ:

"വിശ്വരൂപന്‍ കണ്ടു :) നിരോധിയ്ക്കപ്പെട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വലിയ രീതിയില്‍ നഷ്ടമാകുമായിരുന്നു കമലഹാസന്...
യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ടു ചിരിച്ചു മരിയ്ക്കുന്നുണ്ടാവും...എന്റെ പോന്നു മുസ്ലീം മത നേതാക്കളേ...ദയവു ചെയ്തു ഈ സിനിമ ഒന്ന് കാണൂ..ഈ സിനിമയുടെ മലയാളം വെര്‍ഷന്‍ മുന്‍പ് വിനയന്‍ ചെയ്തിട്ടുണ്ട്..കാള പെട്ട് എന്ന് നിങ്ങള്‍ കേട്ടു...കയറു വിറ്റത് കമലഹാസന്‍...:) "

ഇന്ന് ആഷിഖ് അബുവിന്റെ പേജിൽ ഒന്ന് കയറി നോക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പ് ഏതാണ്ടൊക്കെ മനസിലാകുന്നത്. റെയിൽവേ സ്റ്റേഷൻ പബ്ലിക് ടോയിലറ്റുകളിലെ ചുവരെഴുത്ത് ഓർമിപ്പിച്ചു അത്. മുകളിലത്തെ കമെന്റ് എത്ര തവണ വായിച്ചിട്ടും അതിൽ ഇത്രമാത്രം വികാരം കൊള്ളാൻ എന്താണുള്ളതെന്ന് മനസിലാവുന്നില്ല. ഇതൊരുപക്ഷേ ഞാനോ ഇതുവായിക്കുന്ന നിങ്ങളിലാരെങ്കിലുമോ പറഞ്ഞിരുന്നെങ്കിൽ ഒരുതരത്തിലും എതിർപ്പുണ്ടാവുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം?  ആലോചിച്ചാൽ വല്ലാത്ത നിരാശയും അസ്വസ്ഥതയുമുണ്ടാക്കുന്ന ഒരു മാനസികാവസ്ഥയാണ് പിന്നിൽ കളിക്കുന്നതെന്ന് കാണാം. ആഷിഖ് അബു എന്ന താരതമ്യേന തുടക്കക്കാരനായ സിനിമാക്കാരൻ കമലഹാസൻ എന്ന ലബ്ധപ്രതിഷ്ഠനായ മറ്റൊരു സിനിമാക്കാരന്റെ സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞു എന്നതാണ് പ്രകോപനമുണ്ടാക്കിയ ഒരു സംഗതി. ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും അയാളുടെ വ്യക്തിപരമായ കാര്യവും സ്വാതന്ത്ര്യവുമാണ്. കമലഹാസന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് തൊണ്ടപൊട്ടിക്കുന്നവർ ആഷിഖ് അബുവിന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാൻ തെറിപ്പുസ്തകം തുറക്കുന്നത് അപഹാസ്യമാണ്. ഒരു സിനിമാക്കാരൻ മറ്റൊരു സിനിമയെക്കുറിച്ച് അത് നല്ലതായാലും ചീത്തയായാലും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായം പറയുന്നുവെങ്കിൽ ഗംഭീരമെന്ന് മാത്രമേ പറയാവൂ എന്നും അതല്ലെങ്കിൽ ചില നടികൾ ഇന്റർവ്യൂവിൽ ചെയ്യുമ്പോലെ ഇഷ്ടങ്ങളെ എണ്ണമെഴുക്കിട്ട് എങ്ങോട്ടും ചാടാവുന്ന സർക്കസ് കോമാളിയാക്കി മാറ്റിക്കോണമെന്നും അതുമല്ലെങ്കിൽ മൗനം പാലിക്കണമെന്നുമുള്ള അലിഖിത സദാചാര നിയമം നിലവിലുണ്ട്. അത് ലംഘിക്കപ്പെട്ടതിൽ കപടസദാചാരവാദികൾക്കുണ്ടായ മുറിവാണ് ആഷിഖ് അബുവിനെതിരായുണ്ടായ തെറിവിളികൾക്ക് ഒരു കാരണം. ഇത് ഏതൊരു അലിഖിത സദാചാര നിയമവും ലംഘിക്കപ്പെടുമ്പോൾ (സ്ത്രീകൾ പരമ്പരാഗതമായ വസ്ത്രങ്ങൾ മാറ്റിയണിയുമ്പോൾ, യുവാക്കൾ ജാതിവിട്ട് പ്രണയിക്കുമ്പോൾ, രാത്രിവൈകി പെൺകുട്ടികൾ റോഡിലിറങ്ങുമ്പോൾ) ഒക്കെ സംഭവിക്കുന്നതിന് തുല്യമാണ്. തികച്ചും സമൂഹത്തിന്റെ പുരോഗതിക്ക് കുറുകേ കിടക്കുന്ന പടുമരം.

എന്നാൽ പ്രകോപനം ആളിക്കത്തിക്കാനുണ്ടായ രണ്ടാമത്തെ കാരണമാണ് കൂടുതൽ ഗൗരവമുള്ളതും ഭീതിയുണർത്തുന്ന ഒരു സാമൂഹിക ഉപബോധത്തെക്കുറിച്ച് എന്നെ അസ്വസ്ഥനാക്കുന്നതും. ഒരു പക്ഷേ ഈ അഭിപ്രായം പറഞ്ഞിരുന്നത് ആഷിഖ് അബു എന്ന മുസ്ലീം നാമധാരിയായ സിനിമാക്കാരനല്ലായിരുന്നു എങ്കിൽ തെറിവിളികൾ, ചെളിവാരിയേറുകൾ ഒക്കെ ഇത്രമാത്രം രൂക്ഷമാകുമായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇല്ല എന്നുതന്നെയാണ് എത്ര തവണ ചിന്തിച്ചിട്ടും എനിക്ക് തോന്നുന്നത്. ആഷിഖ് അബു എഴുതിയതിൽ അത്രമാത്രം വൈകാരികമായി ആരെയും മുറിവേൽപിക്കുന്ന യാതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. യഥാർത്ഥ തീവ്രവാദികളെ സംബന്ധിച്ച് ചിരിക്കാനുള്ള വകകൾ വിശ്വരൂപം എന്ന വാണിജ്യ സിനിമയിൽ ഉണ്ട് എന്നുതന്നെയാണ് എനിക്കും തോന്നുന്നത്. കാരണം ഒരുപക്ഷേ അവരുടെ കയ്യിലുള്ള കുടിലതകൾ, മനുഷ്യവിരുദ്ധമായ പ്രവൃത്തികൾ, വിജ്ഞാനത്തിന് പുറം തിരിഞ്ഞു നിൽക്കാനും മനുഷ്യനെ മൃഗതുല്യമാക്കി മാറ്റാനുമുള്ള തന്ത്രങ്ങൾ ഒന്നും ഒരു ശതമാനം പോലും ആഴത്തിൽ കാണിക്കാൻ കമലഹാസന്റെ വിശ്വരൂപത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ഒരു വാണിജ്യ സിനിമയായതിനാൽ തന്നെ യൂ ട്യൂബിലൂടെ നാം കണ്ടുപരിചയിച്ച കഴുത്തറുപ്പും, പത്രങ്ങളിൽ വായിച്ചറിഞ്ഞ വിജ്ഞാന വിരോധവും കാലുഷ്യങ്ങളും മാത്രം മതി വിറ്റുപോകാനുള്ള ഒരു സിനിമയുണ്ടാക്കാൻ എന്ന് കമലഹാസനു ബോധ്യമുണ്ടായിരുന്നിട്ടുണ്ടാകും. അതുകൊണ്ട് തന്നെ യഥാർത്ഥ തീവ്രവാദികൾ കമലഹാസന്റെ സിനിമ തങ്ങളുടെ യഥാർത്ഥ ലോകത്തിൽ നിന്ന് എത്ര അകലെയാണെന്നോർത്ത് ചിരിക്കുന്നുമുണ്ടാകും. ഇപ്പറഞ്ഞതിൽ എന്താണ് തെറ്റ്?

 "എന്റെ പൊന്നു മുസ്ലീം മത നേതാക്കളെ ദയവു ചെയ്ത് ഈ സിനിമ കാണൂ..ഈ സിനിമയുടെ മലയാളം വെർഷൻ മുൻപ് വിനയൻ ചെയ്തിട്ടുണ്ട്" ഇതിൽ ഒരു തെറ്റുണ്ട് ഈ സിനിമയുടെ മലയാളം വെർഷൻ വിനയൻ മാത്രമല്ല അമൽ നീരദും ചെയ്തിട്ടുണ്ട്. അവരൊക്കെ ചെയ്തുവച്ചതിന്റെ നൂറിരട്ടി സാങ്കേതിക മികവോടെ കമൽ അത് ചെയ്തു എന്നത് പറയാൻ ആഷിഖ് അബു വിട്ടുപോയി എന്നതും പിശകാണ്. പക്ഷേ അയാൾ സിനിമ മുസ്ലീം വിരുദ്ധമാണെന്നോ അത് നിരോധിക്കപ്പെടേണ്ടതാണെന്നോ പറഞ്ഞിട്ടില്ല. അങ്ങനെയൊരു ധ്വനിപോലുമില്ല. പിന്നെന്തുകൊണ്ട് ഈ ഒച്ചപ്പാട്? കാരണം വ്യക്തമാണ്. അയാൾ ഒരു മുസ്ലീമാണ്. ഒരു മുസ്ലീം, മുസ്ലീം മത നേതാക്കൾ എതിർപ്പുന്നയിച്ച ഒരു സിനിമയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിനെതിരെ തന്നെയായിരിക്കും സംസാരിക്കുക എന്ന മുൻവിധിയാണ് ഇവിടെ തേരു തെളിക്കുന്നത്.

ഓർത്താൽ നാം കടന്നുപോകുന്നത് വിഷമയമായ ഒരു കാലത്തിലൂടെയാണ്. മുസ്ലീം ചിഹ്നങ്ങളും, അതിന്റെ പേരിൽ നടക്കുന്ന മനുഷ്യവിരുദ്ധവും തീവ്രവാദപരവുമായ പ്രഹസനങ്ങളും ഒരു സിനിമയിൽ വിഷയമായാൽ അത് മുസ്ലീം വിരുദ്ധമാണെന്ന് മുസ്ലീങ്ങൾ മുൻവിധിക്കുന്നു. സിനിമ കാണാതെ അതിനെതിരേ തെരുവിലിറങ്ങുന്നു. തിയേറ്ററുകൾ തകർക്കുമെന്ന് ഭയപ്പെടുത്തുന്നു. അതേക്കുറിച്ചുള്ള വിഷയത്തിൽ ഒരു മുസ്ലീം നാമധാരി അഭിപ്രായം പറഞ്ഞാൽ അത് മുസ്ലീങ്ങളുടെ മുൻവിധിയെ പിന്താങ്ങുന്നതും പക്ഷപാതപരവുമാണെന്ന് എതിർപക്ഷം മുൻവിധിക്കുന്നു...ഭീകരം.. പുറമേ ചിരിക്കുമ്പോഴും നമ്മുടെ ഉള്ളിൽ നാം രാകിവെയ്ക്കുന്ന കത്തിയുടെ ശീൽക്കാരമാണ് ഇവിടെയൊക്കെ ഉയർന്നു കേൾക്കുന്നത്. പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞു നോക്കുക, ഉള്ള് ചികഞ്ഞു നോക്കുക, അവസരം കിട്ടുമ്പോൾ അഴിച്ചുവിടാൻ ഒരു വർഗീയലഹള നാം ഉള്ളിൽ പോറ്റി വളർത്തുന്നുണ്ടോ ... :(

25/1/13

ദുരൂഹവും നിഗൂഢവുമായ ഒരു വർത്തമാനകാലം


ചില കവിതകൾ വായിച്ചു തീർത്തശേഷം, ചില സിനിമകൾ കണ്ടു തീർത്ത ശേഷം നമുക്കൊരിക്കലും അതിനു മുൻപുള്ള നമ്മിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒരു അവസ്ഥയുണ്ടാകാറുണ്ട്. ചില ശാസ്ത്രീയമായ കണ്ടെത്തലുകൾക്കു ശേഷം അതിനു മുൻപുള്ള കാലത്തിലേക്ക് മടങ്ങിപ്പോകാൻ മനുഷ്യരാശിക്ക് കഴിയാത്ത പോലെയാണത്. (ഉദാ: വൈദ്യുതിയുടെ കണ്ടെത്തൽ). ഈയിടെ വായിച്ചതിൽ/അനുഭവിച്ചതിൽ അത്തരം ഒരവസ്ഥയിലേക്ക് എന്നെ കൊണ്ടുപോയ ഒന്നാണ് വിഷ്ണുപ്രസാദിന്റെ "ദുരൂഹവും നിഗൂഢവുമായ ഒരു സംഭവവിവരണം"  എന്ന കവിത. വസ്തുതകളുടേയും അവയുടെ വിശകലനത്തിന്റേയും നിയതമായ 'വർത്തമാനകാലത്ത്' സ്വസ്ഥമായി ജീവിക്കുന്ന ഞാൻ എന്ന വായനക്കാരനെ ഒരേ സംഭവത്തിന്റെ വിഭിന്നമായ കാഴ്ചകളുടേയും അവയുണ്ടാക്കുന്ന ആശയക്കുഴപ്പത്തിന്റേയും അനിയതമായ 'വർത്തമാനകാലത്തിലേക്ക്' ഇളക്കിപ്രതിഷ്ഠിച്ചു ഈ കവിത എന്ന് പറയാം. 

മെലിൻഡ കുര്യൻ എന്ന സെയിൽസ് ഗേൾ, ലിയോ, ഡിയോ, റിയോ, എന്ന ആൺബൊമ്മകൾ, ഷഫീക്ക് എന്ന കടമുതലാളി, മാപ്പുസാക്ഷിയാവുന്ന എഴുത്തുകാരൻ, അർമാദം ടെക്സ്റ്റൈൽസ് എന്ന വ്യാപാരസ്ഥാപനം, ഒരുമണിക്കൂർ നേരത്തേക്ക് നിശ്ചലമാവുകയും അടുത്ത നിമിഷം ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന നഗരം ഇത്രയും ചേർന്ന് സൃഷ്ടിക്കുന്ന ഒരു മായാ നാടകമാണ് ഈ കവിതയുടെ ഇതിവൃത്തം. മൂന്ന് ഖണ്ഡങ്ങളുള്ള ഈ കവിതയുടെ ആദ്യ ഭാഗത്ത് മെലിൻഡ കുര്യൻ എന്നത് ഒരു സെയിൽസ് ഗേളാണ്. അവൾ ഒരു ഡോക്ടറോ, എഞ്ചിനീയറോ, ഗുമസ്ഥയോ, തൂപ്പുകാരിയോ ഒന്നുമാകുന്നില്ല. അവൾ ഒരു സെയിൽസ് ഗേൾ മാത്രമാണ്. ഒരു പക്ഷേ മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു ജോലിയാണ് അവൾക്കുണ്ടായിരുന്നത് എങ്കിലും അവൾ ഒരു ഗേളാണ്. അതുകൊണ്ട് അവൾ ഒരു സെയിൽസ് ഗേളാണ്. ഇവിടെ സെയിൽസ് ഗേൾ എന്ന വാക്ക്/വിശേഷണം മെലിൻഡ കുര്യൻ എന്ന കഥാപാത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തൊഴിൽ ഭേദമന്യേ ഈ സമൂഹം സ്ത്രീകൾക്ക് മുഴുവനായി നൽകുന്ന വിശേഷണമായി എനിക്ക് അനുഭവപ്പെട്ടു. അവൾ വിൽക്കുന്നത് തുണിയാണെന്നതും തുണി മാനാഭിമാനങ്ങളുടെ രാഷ്ട്രീയത്തിൽ ഏറ്റവും ശക്തമായ സ്വാധീനശക്തിയാണെന്നും കൂടി വായിക്കുമ്പോഴാണ് മെലിൻഡ കുര്യൻ എന്ന യാഥാർത്ഥത്തിലുള്ളതെന്ന് തോന്നിക്കുന്ന പേരുകൊണ്ട് ഒറ്റ വ്യക്തിയെന്ന് നമ്മെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കഥാപാത്രം സ്ത്രീവർഗത്തിന്റെയാകമാനം ബിംബമാണെന്ന് കാണാനാകുന്നത്. 

അർമാദം എന്നു പേരുള്ള വർണവസ്ത്രങ്ങളുടെ വിപണിയിൽ ലിയോ, റിയോ, ഡിയോ എന്നീ കാർട്ടൂൺ പേരുകളിലൂടെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്ന മൂന്ന് ആൺ ബൊമ്മകൾക്കൊപ്പം അവളെ തനിച്ചാക്കി "എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന്" തോന്നിപ്പിച്ചുകൊണ്ട് കടയുടമ ഷഫീക്ക് തന്റെ ബൈക്കെടുത്ത് പാഞ്ഞു പോകുന്ന ദൃശ്യം എന്നെ ഓർമിപ്പിക്കുന്നത് ഇന്ത്യൻ തെളിവു നിയമത്തിൽ കുറ്റാരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ കുറ്റവാളിയെ സഹായിക്കുന്ന 'അലീബി' എന്ന ഉപാധിയെക്കുറിച്ചാണ്. കുറ്റകൃത്യം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നു എന്നുള്ള വാദം എല്ലാ അന്യായങ്ങൾ നടക്കുമ്പോഴും ദുരൂഹമായി അസന്നിഹിതമാവുകയും എല്ലാം കഴിഞ്ഞ ശേഷം ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിൽ സന്നിഹിതമാവുകയും ചെയ്യുന്ന സമൂഹത്തിന്റെ രക്ഷാ ഉപായമാണ്.

തുടർന്ന് നടക്കുന്നതൊക്കെ അവിശ്വസനീയമാം വണ്ണം വിശ്വസനീയമായ കാര്യങ്ങളാണ്. ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് ഒരു പെണ്ണ് മൂന്ന് ആൺബൊമ്മകളുടെ ഇടയിൽപോലും  തനിച്ചായിപ്പോയാൽ എന്തു സംഭവിക്കും എന്ന ചോദ്യത്തിന്, വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഒറ്റ ഉത്തരമേ ഉണ്ടാകാനിടയുള്ളു. അത്രമാത്രം പരമ്പരാഗതമായി അടിയുറച്ചുപോയ ഒന്നാണ് ഒരു പെണ്ണിനോട് ആണുങ്ങള്‍ എന്ന നിലയിലുള്ള "അവരുടെ ഉത്തരവാദിത്തം". അത് മെലിൻഡ കുര്യൻ എന്ന മനുഷ്യജീവിയുടെ മേൽ മൂന്ന് ആൺബൊമ്മകളും മാറിമാറി നിർവഹിക്കുന്നു. കൃത്യസമയത്ത് കൃത്യസ്ഥലത്ത് നിന്നും തന്റെ ബൈക്കെടുത്ത് എങ്ങോട്ടോ അതിവേഗം ഓടിച്ചുപോയ കടമുതലാളിയും ഒരു മണിക്കൂർ മാത്രം നീണ്ടു നിന്ന ഒരു ഹർത്താലിൻറ്റേയോ പോലീസ് ലാത്തിച്ചാർജ്ജിന്റേയോ ഇളവിൽ സ്വയം കാലിയായ നഗരവും അലീബി എന്ന നിയമസാങ്കേതികതയുടെ സഹായത്തോടെ കുറ്റകൃത്യത്തിൽ നിന്നും സമർഥമായി രക്ഷപ്പെടുകയും കാഴ്ചക്കാരനായ എഴുത്തുകാരന്റെ നോട്ടത്തിൽ വെറും ബൊമ്മകൾ മാത്രമായ ലിയോ,റിയോ,ഡിയോ എന്നീ മൂന്ന് ആണുങ്ങളുടെ ചുമലിൽ ഉത്തരവാദിത്തം മുഴുവൻ വന്നു വീഴുകയും ചെയ്തു. അങ്ങനെ മായികമായ ഒന്നാം കാഴ്ച ഇവിടെ അവസാനിക്കുന്നു. 

രണ്ടാമത്തെ കാഴ്ച തുടങ്ങുന്നത് കാഴ്ചക്കാരനായ കവിയുടെതന്നെ താളം തെറ്റിച്ചുകൊണ്ടാണ്. കവിതയിൽ നിറയുന്ന ആശയക്കുഴപ്പം കവിതയുടെ ഘടനയിലും പ്രതിഫലിപ്പിച്ചുകൊണ്ട് ചാലുകേടായ ഗ്രാമഫോൺ റെക്കോർഡുപാടുമ്പോലെ ഒരു വരിയിൽ നിന്നും മുകളിലേക്കും അവിടെനിന്നും താഴേക്കും വീണ്ടും മുകളിലേക്കും ചാടിക്കളിച്ചുകൊണ്ട് ഒരു നിമിഷം കവിയുടെ വിവരണം ഇടമുറിയുന്നു. 

"ഒരു മണിക്കൂര്‍ കഴിഞ്ഞുനഗരം സജീവമായി
കടമുതലാളി ഷഫീക്ക് തിരിച്ചുവന്നു.
(ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു ഹര്‍ത്താലും ഉണ്ടാവില്ല
ഇപ്പോള്‍ അര്‍മാദം ടെക്സ്റ്റൈത്സിന്റെ 

ഇതു വല്ല പൊലീസ് ലാത്തിച്ചാര്‍ജ്ജോ മറ്റോ ആവും)
ഷട്ടര്‍ തുറന്നു"

 ഇനിയാണ് ഏറ്റവും മായികവും എന്നാൽ, വിരോധാഭാസമെങ്കിലും വർത്തമാനകാല യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തു നിൽക്കുകയും ചെയ്യുന്ന സംഭവം കവിതയിൽ അവതരിപ്പിക്കപ്പെടുന്നത്. കൃത്യം നടക്കുമ്പോൾ സമർത്ഥമായി മാറിനിന്ന ശേഷം മടങ്ങിയെത്തിയ മുതലാളി ഷട്ടർ തുറക്കുമ്പോൾ കാണുന്നത് ഇതാണ്:

 "ആ ചില്ലുകൂട്ടില്‍ ഏറ്റവും പുതിയ സാരി ചുറ്റി
നില്‍ക്കുന്നതാണ് മെലിന്‍ഡ എന്ന ബൊമ്മ
ഫൈബറുകൊണ്ടോ മറ്റോ ആണ്
അവള്‍ ശരിക്കും ഒരു ബൊമ്മയാണ്
അതിനെ ഉണ്ടാക്കിയിരിക്കുന്നത്
കടയിൽ നല്ല തിരക്കാണ്.
ലിയോ ,ഡിയോ,റിയോ
എന്ന മൂന്ന് സെയില്‍‌സ് ബോയ്സ്
തുണി വാങ്ങാന്‍ വന്നവര്‍ക്കു മുന്നില്‍
ഇത്തവണ അവര്‍ ബൊമ്മകളേയല്ല"

സ്ത്രീകൾക്കെതിരെയുള്ള ഏതൊരു അതിക്രമത്തിനും ശേഷം സംഭവിക്കുന്ന വിപരീത ബിംബവൽക്കരണം ഇത്ര സൂക്ഷ്മമായി ഒരിടത്തും അവതരിപ്പിച്ചു കണ്ടിട്ടില്ല. കുറ്റകൃത്യത്തിന് ഏതാനും മിനിട്ടുകൾക്ക് മുൻപുവരെ ഒരു മനുഷ്യസ്ത്രീയായിരുന്നവൾ പൊടുന്നനെ പേരും ജൈവീകതയും നഷ്ടപ്പെട്ട് ഒരു ഇമേജ് മാത്രമായി മാറുന്നു. ഏറ്റവും പുതിയ സാരി ചുറ്റി അവൾ ചില്ലുകൂട്ടിനുള്ളിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അവൾ ഇനി മുതൽ ഒരു ബിംബം മാത്രമാണ്. വിതുര പെൺകുട്ടി, സൂര്യനെല്ലി പെൺകുട്ടി, കിളിരൂർ പെൺ‌കുട്ടി, ഡെൽഹി പെൺകുട്ടി എന്നിങ്ങനെ അനേകം ഫൈബർ ബൊമ്മകളുടെ നിരയിലേക്ക് അവളും. എന്നാൽ മറുവശത്തോ, അതുവരെ തികച്ചും അജൈവമായിരുന്ന ലിയോ,റിയോ,ഡിയോ എന്നീ ആൺ‌ ബിംബങ്ങൾ സചേതനങ്ങളായ മൂന്ന് സെയിൽസ് ബോയ്സായി തുണിവാങ്ങാൻ വന്നവർക്ക് മുന്നിൽ പരിവർത്തനം ചെയ്യപ്പെടുന്നു. ഇവിടെ അവർ ബൊമ്മകളേയല്ല. കുറ്റവാളികൾ എന്ന ബിംബങ്ങൾ പൊടുന്നനെ മനുഷ്യരായി പരിവർത്തനം ചെയ്യപ്പെടുന്നു. അതോടെ അവർക്ക് മനുഷ്യാവകാശം, നീതി, ന്യായം, ന്യായീകരിക്കാനുള്ള അവസരങ്ങൾ എന്നിവ കൈവരുന്നു.ഇതൊക്കെ നിത്യജീവിതത്തിൽ എത്രയോ തവണ നാം കണ്ടിരിക്കുന്നു.

അങ്ങനെ ശരിക്കും മനുഷ്യരായിത്തീർന്ന മൂന്നു ബൊമ്മകളുടേയും പ്രവർത്തിയും ശ്രദ്ധേയമാണ്. അവർ ലോക സമക്ഷം ചിരിച്ചുകൊണ്ട് വിരിച്ചിടുന്നത് തുണികളാണ്. ഇവിടെ തുണികൾ എന്നത് ന്യായീകരണ സ്വഭാവമുള്ള ഒരു ഇമേജറിയും കൂടിയാണ്. അതിൽ നിന്നും നീളുന്ന നൂലുകൾ ചെന്നെത്തുന്നത് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളുടെ മൂലകാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ് എന്നൊക്കെയുള്ള പൊതുസമ്മതിയാർജ്ജിച്ച ന്യായവാദങ്ങളിലേക്കും. 

സത്യവാങ്ങ്മൂലം എന്ന മൂന്നാം ഖണ്ഢത്തിലാണ് കവിത അവസാനിക്കുന്നത്. 'സത്യവാങ്ങ്മൂലം' എന്നത് കോടതിവ്യവഹാരവുമായി ബന്ധപ്പെട്ട ഒരു വാക്കായതിനാൽ കുറ്റവിചാരണയുമായി ബന്ധപ്പെടുത്തിയാണ് കവിയുടെ നിസംഗവും നിഷ്‌പക്ഷനാട്യവുമുള്ള ഈ സത്യവാങ്ങ്മൂലത്തെ ഞാൻ വായിക്കുന്നത്. താൻ കണ്ടതൊക്കെ കണ്ടതാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സത്യമാണെന്നു മാത്രമേ പറയാനാകൂ എന്നാണ് അയാളുടെ സത്യവാങ്ങ്മൂലം അവസാനിക്കുന്നത് . ആദ്യത്തെ സന്ദർഭത്തിൽ മെലിൻഡകുര്യൻ എന്ന സെയിൽസ് ഗേൾ ബലാൽസംഗം ചെയ്യപ്പെട്ടത് റിയോ ,ഡിയോ,ലിയോ എന്ന മൂന്ന് ആണ്‍ബൊമ്മകളാലാണ്. അവർക്ക് വിചിത്രമായി ചലനശേഷി കൈവന്നുവെങ്കിലും അവർക്കപ്പോഴും പ്ലാസ്റ്റിക് ശരീരമായിരുന്നു ഉണ്ടായിരുന്നത്. മദ്യലഹരിയിൽ ചെയ്തുപോയ ഒരു കുറ്റത്തിന് ഇളവുകൾ ഉണ്ടാകാമെങ്കിൽ പ്ലാസ്റ്റിക് ശരീരികളായിരുന്ന ആൺ ബൊമ്മകളുടേത് ഒരു കുറ്റമാണോ എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു! 

രണ്ടാമത്തെ സന്ദർഭത്തിൽ
കൃത്യമായും മെലിന്‍ഡ ഒരു ബൊമ്മയാണ്.
മെലിന്‍ഡ ഒരു മനുഷ്യസ്ത്രീയായിരുന്നുവെന്നതിന്
രണ്ടാമത്തെ സന്ദര്‍ഭത്തില്‍
ഒരു തെളിവും അവശേഷിക്കുന്നില്ല.

തെളിവുകളുടെ അഭാവത്തിൽ മെലിൻഡ എന്ന ബൊമ്മയ്ക്കു വേണ്ടി ലിയോ, റിയോ, ഡിയോ എന്നീ 'മനുഷ്യരെ' നിശിതമായി വിചാരണ ചെയ്യുന്നത് അനീതിയായിരിക്കും എന്നൊരു സൂചന നൽകിക്കൊണ്ട് കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

ലിയോ,ഡിയോ,റിയോ എന്നീ മൂന്നുപേരും
തികച്ചും മനുഷ്യരാണ്.
അവര്‍ ബൊമ്മകളോ പ്ലാസ്റ്റിക് ശരീരികളോ അല്ല.


(അവർക്ക് മനുഷ്യാവകാശങ്ങളുണ്ട്!!!)


വർത്തമാനകാലത്ത് താനുൾപ്പെടുന്ന പുരുഷസമൂഹം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന വിധത്തെ സൂക്ഷ്മവിമർശനം ചെയ്യുകയാണ് ഈ കവിതയിൽ വിഷ്ണുപ്രസാദ് എന്ന് ഞാൻ വായിക്കുന്നു. അദ്ദേഹത്തിന്റെ ലിംഗരാജ് ഉൾപ്പെടെയുള്ള പല കവിതകളിലും താനടങ്ങുന്ന സമൂഹത്തിന്റെ ആൺകോയ്മക്കെതിരേ കടുത്ത വിമർശനം കാണാം. ആണായിരിക്കുന്നതിന്റെ പാപത്തിൽ പങ്കുപറ്റുമ്പോഴും ചെയ്യുന്നത് ശരിയല്ല എന്നൊരു ഉൾക്കുത്ത് വെളിപ്പെടുത്തുന്നുണ്ട് അവ. എന്നാൽ മിക്കവാറും പുണ്യാള കവികളും ചെയ്യുന്നപോലെ സ്വന്തം മേനിയിൽ കറപുരളാതെ മാറി നിന്ന് വിമർശിക്കലല്ല, സ്വയം ചെളിയിലിറങ്ങി നിന്നുകൊണ്ട് നിഗൂഢവും ദുരൂഹവുമായ ഒരു വർത്തമാനകാലത്തെ, അതിന്റെ ആശയക്കുഴപ്പങ്ങളെ, അതിൽ തനിക്കുള്ള ഭാഗധേയത്തെ ഒക്കെയും നിസഹായതയോടെ വിവരിക്കലാണ് അയാളുടെ ശൈലി.

ജാമ്യം: അനന്തമായ വായനാസാധ്യതകളുള്ള ഈ കവിതയെ ഏതെങ്കിലും തരത്തിൽ പരിമിതപ്പെടുത്താനുള്ള ഒരു ശ്രമമല്ല ഇത്. മറിച്ച് എന്റെ വായന  എന്റെ അനുഭവ പരിസരങ്ങളും ഇഷ്ടാനിഷ്ടങ്ങളും കൊണ്ട് പരിമിതപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ജാമ്യം നേടിയിരിക്കുന്നു.


20/1/13സുഹൃത്തുക്കളേ,
ഈ വരുന്ന ബുധനാഴ്ച (23/1/2013)ന് ഗോർക്കി ഭവനിൽ FROG പ്രദർശിപ്പിക്കുന്നു. അന്ന് വൈകുന്നേരം 5.30 മുതൽ റഷ്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിപുലമായ പരിപാടികളുടെ ഭാഗമായാണ് ഞങ്ങളുടെ ചെറു ചിത്രത്തിന്റെ പ്രദർശനം.  ശ്രീ നെടുമുടി വേണുവും രാജാ വാര്യരും പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയോടെയാണ് തുടക്കം. 6 മണിക്ക് FROG ഉം തുടർന്ന് വിശ്വപ്രസിദ്ധ സംവിധായകൻ ആന്ദ്രേ താർക്കോവ്സ്കിയുടെ ലോകോത്തര ചലചിത്രമായ സൊളാരിസും പ്രദർശിപ്പിക്കുന്നു. 1972 ൽ പുറത്തിറങ്ങിയ സൊളാരിസ്, സയൻസ് ഫിക്ഷൻ വിഭാഗത്തിലെ ഒരു നിത്യ വിസ്മയമാണ്. യാദൃശ്ചികമെന്നല്ലാതെ ഒന്നും പറയാനില്ല, സൊളാരിസിലേതുപോലെ മനുഷ്യമനസിന്റെ ദുരൂഹതകളിലേക്കുള്ള ഒരന്വേഷണമാണ് ഫ്രോഗിലും ഉള്ളത്.


11/1/13

വിഷം നല്ലതാണോ?


രണ്ടുദിവസം മുൻപ് 'നികൊഞചാ' എന്ന സിനിമ കണ്ടു. ഒറ്റവാക്കിൽ പറഞ്ഞാൽ 'എനിക്കിഷ്ടമായി'. സംവിധായകൻ തന്നെ കഥയും തിരക്കഥയും നിർവ‌ഹിച്ചിരിക്കുന്നു. മൂന്നും തരക്കേടില്ല. പ്രഗൽഭന്മാരുടെ പേരിൽ അടുത്തിടെ ഇറങ്ങിയ ചില സിനിമകൾ കണ്ടതിന്റെ വെളിച്ചത്തിലാണെങ്കിൽ ഗംഭീരം എന്നുതന്നെ പറയണം. നീ കൊ ഞാ എന്ന പേരുകാരണം കൂടെയുണ്ടായിരുന്ന സുഹൃത്ത് മറ്റൊരു പൊട്ടപ്പടത്തിനു പോയി തലവെച്ച് ആത്മഹത്യചെയ്ത് തിരിച്ചുവന്ന് അതിന്റെ സംവിധായകനെയും ഈ പടത്തിന് ഈ പേരിട്ട ഇതിന്റെ സംവിധായകനേയും തെറിപറഞ്ഞു. പക്ഷേ എനിക്ക് പടം പോലെ പേരുമിഷ്ടമായി. ഒരന്തസാര ശൂന്യതയൊക്കെയുണ്ട്. :) . 'നീ കൊ ഞാ' യെക്കുറിച്ച് ഇത്രമതി പറയാൻ. പക്ഷേ അതിന്റെ കാണികളെക്കുറിച്ച് പറയാൻ കുറച്ചുകൂടിയുണ്ട്. 

 കുറച്ചുദിവസങ്ങൾക്ക് മുൻപ് 'അന്നയും റസൂലും' കാണാൻ പോയിരുന്നു. 'നീകൊഞാചാ'യ്ക്ക് പോകേണ്ടിയിരുന്ന ചിലർ വഴിതെറ്റി ആ സിനിമയ്ക്ക് വന്നിരുന്നു. എങ്ങനെ മനസിലായി എന്ന് ചോദിച്ചാൽ 'നീകോഞാചാ' പോയി കണ്ടുനോക്കണം എന്നു പറയും ഞാൻ. ഒരു തിയേറ്ററിന്റെ മുക്കാൽ ഭാഗവും സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കൂക്കിവിളിച്ചും പൂച്ചകരഞ്ഞും ആഘോഷിക്കുന്ന, സ്ത്രീകളെ അടുത്തുനിന്ന് കണ്ടിട്ടില്ലാത്ത, സവിശേഷ ഇനം ചെറുപ്പക്കാർ (ആണുങ്ങൾ മാത്രം). അവരുടെ താളത്തിനൊപ്പിച്ച് ഇടയ്ക്കിടെ സിനിമയിൽ അവരെ തൃപ്തിപ്പെടുത്തുന്ന ഡയലോഗുകൾ. അതിനൊക്കെയും ആർപ്പുവിളിയും കയ്യടിയും തെറിവിളിയും. പുറത്തിറങ്ങിയവർ എല്ലാം സംതൃപ്തർ. മൂത്രമൊഴിക്കാൻ നിൽക്കുമ്പോഴും സിനിമയിലെ ഡയലോഗുകൾ പറഞ്ഞ് ഇക്കിളികൊള്ളുന്നു. ഇത്തരം പ്രേക്ഷകർ 'നീകൊഞാചാ'യ്ക്ക് അലങ്കാരമാണെങ്കിൽ 'അന്നയും റസൂലും' പോലൊരു സിനിമയ്ക്ക്' ഹാനികരമാണ്. അന്നയിൽ നിന്നും റസൂലിൽ നിന്നും അവർ പ്രതീക്ഷിച്ചതൊന്നും കിട്ടാതെവരുന്നതിന്റെ നിരാശയിൽ പുറത്തിറങ്ങി അടുത്ത ഷോയ്ക്ക് ക്യൂ നിൽക്കുന്നവരെ നിരുൽസാഹപ്പെടുത്തുന്നത് കാണാമായിരുന്നു. അവർ അന്നയും റസൂലിനും കയറാതെ 'നീകൊഞാചാ'യ്ക്ക് പോയിരുന്നെങ്കിൽ രണ്ട് ഗുണങ്ങളുണ്ടായേനെ. 1.അന്നയും റസൂലും എന്ന സിനിമയെ പഴിപറഞ്ഞും ക്യൂവിൽ നിൽക്കുന്നവരെ നിരാശപ്പെടുത്തിയും അവർ അതിനെ നശിപ്പിക്കില്ലായിരുന്നു. 2.'നീകൊഞാച' കണ്ട് സർവസംതൃപ്തിയടഞ്ഞ് ആനന്ദനിർവൃതിയിലാറാടാൻ അവർക്ക് സാധിച്ചേനെ

 എനിക്ക് പെട്ടെന്ന് ഓർമവന്നത് പാവലിനും പടവലത്തിനുമൊക്കെ തൂക്കുന്ന പഴക്കെണിയെക്കുറിച്ചാണ്. പാവലും പടവലവുമൊക്കെ പൂവിടുമ്പോൾ പാളയൻതോടൻ പഴം മുറിച്ച് ഒന്നോ രണ്ടോ ഫ്യൂരിഡാൻ തരികൾ പുരട്ടി ഒരു ചിരട്ടയിലോ പ്ലാസ്റ്റിക്ക് കുപ്പിയിലോ വെച്ച് തോട്ടത്തിൽ കെട്ടിത്തൂക്കും. ഇതാണ് പഴക്കെണി. ഇളം കായകൾ കുത്തിനശിപ്പിക്കാനെത്തുന്ന കീടങ്ങൾ പഴത്തിന്റെ മണം കേട്ട് നേരേ കെണിയിലേക്ക് പറന്നെത്തും. വിഷം പുരണ്ട പഴച്ചാർ മതിവരുവോളം കുടിച്ച് മൃതിയടയും. അവർ തൃപ്തരാവുകയും ഇളം കായകൾക്ക് കേടുപറ്റാതിരിക്കുകയും ചെയ്യും. നല്ല സിനിമകളിറങ്ങുമ്പോഴൊക്കെ ഇത്തരം ഒന്നോ രണ്ടോ കെണികൾ ഇത്തരം കീടങ്ങൾക്കായി ഒരുക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം. വിഷം നല്ലതാണോ എന്ന്... ഞാൻ പറയും.. വീഷം വളരെ നല്ലതാണ്.. തീർച്ചയായും പോയി കാണുക. വിഷമൊരുക്കിയ കൈകൾക്ക് ഒന്നാന്തരം മരുന്നൊരുക്കാനുള്ള പ്രാഗൽഭ്യമുണ്ട്. വരും നാളുകളിൽ നമുക്കത് കാണാൻ കഴിയുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.

7/1/13

അന്നയും റസൂലും


മിക്കവാറും റിലീസ് ദിവസം സിനിമ കാണൽ ഒഴിവാക്കലാണ് എന്റെ പതിവ്. സിനിമകാണാനല്ലാതെ താരങ്ങളെ കാണാനായി വരുന്ന കുറുക്കന്മാരുടെ കൂക്കിവിളികൾ സിനിമകാണലിന് തടസമാകുമെന്നത് തന്നെ കാരണം. എന്നാൽ ട്രെയിലറുകളും പാട്ടുകളും കുത്തിവെച്ച ആകാംക്ഷ കൊണ്ട് റിലീസ് ദിവസം തന്നെ തിയേറ്ററിലേക്ക് പായിച്ചു അന്നയും റസൂലും. പതിവു പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി സിനിമ തുടങ്ങി. പതിവ് എണ്ണമെഴുക്കിട്ട ഫ്രെയിമുകൾക്ക് പകരം വൈദ്യുതക്കമ്പികളും ടെലഫോൺ വയറുകളും തലങ്ങും വിലങ്ങും പായുന്ന, തുരുമ്പിച്ച് പൊടിഞ്ഞ ഒരു നഗരമായി മട്ടാഞ്ചേരി തിരശീലയിൽ അവതരിച്ചു. മനപൂർവം തന്നെ കുമ്മായങ്ങളടർന്ന ചുവരുകളും ഉണങ്ങാൻ വിരിച്ചിട്ട നിറം പോയ ഉടുവസ്ത്രങ്ങളും ഫ്രെയിമുകളിൽ സ്ഥാനം പിടിച്ചു. നിലത്ത് ചിതറിക്കിടക്കുന്ന ചവറുകൾക്കൊപ്പം കഥാപാത്രങ്ങൾ ഇറങ്ങിവന്നു. അഭിനയിക്കുന്നുവെന്ന് തോന്നാത്തതരം അഭിനയത്തിലൂടെ ഫഹദ് ഫാസിലും ഷൈനും ആഷിഖ് അബുവും ആൻഡ്രിയയും മറ്റെല്ലാവരും വിസ്മയിപ്പിച്ചു. സിങ്ക് സൗണ്ടിലൂടെ റെക്കോർഡ് ചെയ്ത ശബ്ദങ്ങൾ അഭിനയത്തിന്റെയും സിനിമയുടേയും സ്വാഭാവികതയ്ക്ക് മാറ്റുകൂട്ടി.  

ഒരു നഗരത്തിന്റെ തിളക്കമില്ലാത്ത പിന്നാമ്പുറത്തുകൂടി അലസമായി നടക്കുന്ന പ്രതീതി സമ്മാനിച്ച് സിനിമ മുന്നോട്ട് പോയി. ഒട്ടും പ്രത്യേകതയോ പുതുമയോ ഇല്ലാത്ത ഒരു പ്രണയകഥ വളരെ പ്രത്യേകതയോടെ അവതരിപ്പിച്ചുകാണുന്നതിന്റെ കരുത്തിൽ വല്ലാതെ ത്രില്ലടിച്ചു. സത്യത്തിൽ അന്നയും റസൂലും അന്നയുടേയും റസൂലിന്റേയും കേവല പ്രണയകഥയല്ല. ആ പ്രണയകഥയിലൂടെ ചുരുളഴിയുന്നത് തിളങ്ങുന്ന നഗരത്തിന്റെ അഴുക്കുചാലിനോരങ്ങളിൽ തിളക്കമില്ലാതെ കത്തിയമരുന്ന കുറേയേറെ സാധാരണക്കാരുടെ ജീവിതമാണ്. മുന്നോട്ടു പോകുന്തോറും കഥപറച്ചിൽ ചിലയിടങ്ങളിൽ പരന്നുപോകുന്നതായി തോന്നി. എങ്കിലും ഏതാണ്ട് ഇന്റർവെല്ലിനടുത്തുവരെ അന്നയും റസൂലും എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു. അടുത്തിരുന്ന ചിലർ ഇതിനിടെ പരസ്പരം ചോദിക്കുന്നതു കേട്ടു. ഇന്റർവെല്ലില്ലേടേയ്..സാവധാനം എനിക്കും അതു തോന്നിത്തുടങ്ങി..മൂത്രശങ്കയും. ഒന്നരമണിക്കൂറാകുമ്പോഴെങ്കിലും സിനിമ മുറിക്കണമല്ലോ എന്നുവെച്ചാവും ഇന്റർവെൽ നൽകിയതെന്ന് തോന്നിച്ചുകൊണ്ട് സിനിമ മുറിഞ്ഞു.  ഇന്റർവലിനു പുറത്തിറങ്ങിയ പലരുടേയും മുഖത്തും വാചകങ്ങളിലും കണ്ടുപരിചയിച്ചതല്ലാത്ത ഒരു സിനിമ കണ്ടതിന്റെ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. കുറുക്കന്മാർ കാരണം സ്പോട്ട് റെക്കോർഡ് ചെയ്ത ഡയലോഗുകൾ പലതും കേൾക്കാൻ പാടില്ലായിരുന്നു. അതായിരുന്നു ചിലരുടെ പരാതി. സാങ്കേതികവിദ്യകൾ കൊണ്ടുള്ള കള്ളക്കളികൾക്ക് മുതിരാതെ സത്യസന്ധമായ ദൃശ്യലേഖനവും പലർക്കും ദഹിച്ചില്ലെന്ന് തോന്നി.  

 എന്നാൽ ഇന്റർവെല്ലിനു ശേഷം സിനിമ തിരക്കഥാകൃത്തിന്റെ കൈവിട്ടുപോയി എന്നുതന്നെ പറയണം. കഥ വലിച്ചിഴയ്ക്കുന്നിടത്തേക്കൊക്കെ തിരക്കഥാകൃത്ത് കണ്ണും പൂട്ടി നടക്കുകയാണെന്ന് തോന്നി ഒപ്പം ഒട്ടും നിയന്ത്രണമില്ലാതെ സംവിധായകനും. വളരെ ഒതുക്കത്തിൽ പറഞ്ഞുവന്നിരുന്ന ചില ഉപകഥകൾ കൈവിട്ടുകളിക്കുന്നതു കണ്ടു. അബു എന്ന കഥാപാത്രത്തിന്റെ കഥ ഉദാഹരണം. ആരെങ്കിലും വന്ന് വിളിക്കുമ്പോൾ കത്തി പിന്നിൽ ചൊരുകി ഭാര്യയെ നോക്കി കണ്ണിറുക്കിച്ചിരിയോടെ അയാളുടെ പോക്കിലൂടെയും, അലമാരയ്ക്ക് മുകളിൽ നിന്നും ഭാര്യയ്ക്ക് കിട്ടുന്ന നോട്ട് കെട്ടുകളിലൂടെയും അയാളുടെ പ്രവൃത്തിയെന്താണെന്ന് വ്യക്തമാവുമെങ്കിലും അയാളുടെ മരണ ശേഷം അയാൾ ഒരാളെ വെട്ടിക്കൊല്ലുന്ന ഫ്ലാഷ്ബാക്ക് കൂടി കാട്ടിത്തന്നിട്ടേ തിരക്കഥാകൃത്തിനും സംവിധായകനും തൃപ്തിയാകുന്നുള്ളു. ചിലവികാരങ്ങൾ പ്രേക്ഷകനിലേക്ക് പകർത്തുന്നതിലേക്ക് ഇത്രയും മതിയോ ഇനിയും വേണമോ എന്ന സംശയത്തോടെ രണ്ടോ മൂന്നോ സീനുകൾ ആവർത്തിക്കുന്നതു കാണാം. ഫഹദിന്റേയും സണ്ണിവെയിനിന്റേയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതിലേക്ക് ചില അടിപിടിസീനുകളിൽ ഒരൽപ്പം കണ്ണടച്ചുകൊടുക്കുന്നുമുണ്ട്. സിനിമയുടെ നീളം കൂടിയതിൽ ഇവയൊക്കെ ഉത്തരവാദിയാണ്. 

 നീളം കൂടിപ്പോയി എന്ന പ്രേക്ഷകന്റെ പരാതിയെ പുശ്ചിച്ച് തള്ളുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് ആഷിഖ് അബു അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പോലീസുകാരനെ തള്ളിവീഴ്ത്തുന്ന ഒരു രംഗമുണ്ട്. അതിന്റെ അമ്പരപ്പിൽ അയാൾ നിൽക്കുമ്പോൾ ഏതാനും പോലീസുകാർ അടുത്തേക്ക് നടന്നടുക്കുന്നതു കാണാം. അടുത്ത കട്ട് രസകരമാണ്. അയാൾ ഇരുമ്പഴിക്കുള്ളിൽ നിൽക്കുന്ന ഷോട്ട്. ആ ഷോട്ടു വന്നപ്പോൾ ആരൊക്കെയോ കയ്യടിക്കുന്നതു കേട്ടു. സാധാരണ സിനിമയിൽ രണ്ടുമൂന്നു മിനിട്ടെങ്കിലും ആ സംഭവത്തിനു പിന്നാലെ കളയാമായിരുന്നു. എത്ര ഷോട്ടുകൾ ഉപയോഗിച്ചാലും ആ  കട്ടിലൂടെ കിട്ടുന്ന ശക്തി കിട്ടുകയുമില്ലായിരുന്നു. എന്നാൽ ഈ മാജിക്ക് പലേടത്തും മറന്നു പോയി എന്നതാണ് അന്നയും റസൂലും എന്ന സിനിമയുടെ തിളക്കം കുറച്ച ഒരുകാര്യം. സാങ്കേതികമായും ചില പ്രശ്നങ്ങൾ തോന്നി. പല ഷോട്ടുകളിലും ശല്യപ്പെടുത്തുന്ന തരത്തിൽ ഗ്രെയിൻസ് ഉണ്ടായിരുന്നു. എന്തൊക്കെയാണെങ്കിലും നല്ല സിനിമ ഇഷ്ടപ്പെടുന്ന ആരും കണ്ടിറങ്ങിയ ശേഷം അതു കൊള്ളില്ല എന്നു പറഞ്ഞു കേട്ടില്ല. അത് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ അതിനോട് കാട്ടിയ സത്യസന്ധതകൊണ്ടാണെന്ന് തോന്നുന്നു. ആ സത്യസന്ധത സിനിമയിലുടനീളം അനുഭവിക്കാൻ കഴിയുന്നുണ്ട്. കണ്ടിട്ട് മൂന്നു ദിവസമായെങ്കിലും ഇപ്പോഴും അതെന്നെ വിട്ടുപോയിട്ടില്ല. റസൂലും അന്നയും പക്ഷേ ഒരായുഷ്കാലം എന്നെ പിന്തുടരാൻ കെൽപുള്ള കഥാപാത്രങ്ങളായിരുന്നു. എന്നാൽ അതുണ്ടാവുമെന്ന് തോന്നുന്നില്ല. മേന്മകൾക്കൊപ്പം പോരായ്മകളും എടുത്തുപറയാനുണ്ട്. അതാണ് ഈ സിനിമയെ ഒരു ഗ്രേറ്റ് സിനിമ എന്ന് വളരാനനുവദിക്കാതെ തളച്ചത് എന്ന് തോന്നുന്നു.

ആരാധകർ ഏറെയുണ്ടെങ്കിലും ഫാൻസ് അസോസിയേഷനില്ലാത്ത നടനാണ് ഫഹദ് (ഉള്ളതായി എനിക്കറിയില്ല. ജയ്‌വിളികൾ കേട്ടുമില്ല). എന്നാൽ സിനിമ കാണാൻ വന്നവരിൽ ബഹുഭൂരിപക്ഷം യുവാക്കളും ഫഹദ് എന്ന നടനഭിനയിക്കുന്ന സിനിമയല്ല അയാൾ അവതരിപ്പിച്ച ഫ്ലർട്ട് കഥാപാത്രങ്ങളുടെ ഇമേജിൽ അയാളെ വീണ്ടും കാണാനാണ് വരുന്നതെന്ന് തോന്നി, ഈ സിനിമയിലെ ചില രംഗങ്ങളോട് അവരുടെ പ്രതികരണം കണ്ടിട്ട്. റസൂൽ അന്നയെ ചുംബിക്കാനടുക്കുന്ന രണ്ടു സീനുകളിലും "കൊടടാ..എടാ കൊടടാ" എന്ന ആഭാസൻ ആർപ്പുവിളികൾ ഉയർന്നു കേട്ടു. പ്രതീക്ഷിച്ചപോലെ ചുംബനമില്ലാതെ വന്നപ്പോൾ കൂക്കുവിളിയും. വല്ലാത്ത നിരാശ തോന്നി. അടുത്ത തവണ തിയേറ്ററിൽ കയറുമ്പോൾ ഈ ആർപ്പുവിളി അടുത്തു കേട്ടാൽ ടോർച്ചു തെളിച്ച് മുഖം തിരിച്ചറിഞ്ഞു വെയ്ക്കുക. ഇങ്ങനെ ആർപ്പുവിളിക്കുന്നവന്റെ മനസുതന്നെയാണ് ഒറ്റയ്ക്ക് പെൺപിള്ളേരെ അടുത്തുകിട്ടുമ്പോൾ കടന്നുകയറുന്നവന്റെ മനസും. 

1/1/13

അരുന്ധതീ റോയിക്കും അന്ധാനുയായികൾക്കും


അരുന്ധതീ റായിയുടെ ഡെൽഹിപ്രക്ഷോഭ -നിലപാടിനെ വിമർശിച്ച് കൊണ്ട് ഞാൻ തൊട്ടു മുൻപെഴുതിയ പോസ്റ്റുകൾക്ക് പല സുഹൃത്തുക്കളും പലസ്ഥലങ്ങളിലും കമെന്റുകളായും പോസ്റ്റുകളായും എതിരഭിപ്രായമുന്നയിച്ചിരുന്നു. പലേടത്തും ഞാൻ കമെന്റുകളായി മറുപടിയുമിട്ടിരുന്നു. ഒക്കെയും ചിതറിക്കിടക്കുന്നതിനാൽ എന്റെ നിലപാടെന്താണെന്ന് വ്യക്തമായ ചിത്രം ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ ഒക്കെയും ചേർത്ത് ഒരൊറ്റ പോസ്റ്റാക്കുന്നു.

ഇന്ത്യൻ ബുദ്ധിജീവികൾക്ക് ഭ്രാന്താണ്.. ഒരു വലിയ യാത്രാ ബസിനെ ഒരു രാത്രിയിൽ സ്വന്തം ഇഷ്ടം പോലെ ഏതു റൂട്ടിലേക്കും ഒടിക്കാൻ പ്രാപ്തിയുള്ളവർ അവരുടെ കണക്കിൽ ദരിദ്രരാണ്. സുഹൃത്തുമൊത്ത് രാത്രിയിൽ (അസമയത്തെന്ന് പൊതുഭാഷ) യാത്ര ചെയ്യാൻ ഒരു ഓട്ടോറിക്ഷപോലും പിടിക്കാൻ വഴിയില്ലാതെ ബസുകാത്ത് ഫുട്പാത്തിൽ നിൽക്കുന്ന പെൺകുട്ടി മിഡിൽക്ലാസാണ്. യാത്രാ ബസാണെന്നുകരുതി, മദ്യപിച്ചുന്മത്തരായി രാത്രിയാഘോഷിക്കാനിറങ്ങിയവരുടെ ബസിനുള്ളിൽ കയറിപ്പെട്ടുപോയ പെൺകുട്ടിയെ ഏഴുപേർ ചേർന്ന് ക്രൂരമായി മരണംവരെ ബലാൽസംഗം ചെയ്യുന്നത് ക്ലാസ് വാറാണ്. അതിനെതിരെ തെരുവിലിറങ്ങിയവരാണെങ്കിൽ "plays into the idea of criminal poor"!. ക്രൈമിന് ക്ലാസ് വാറെന്ന് പേരിടുമ്പോൾ അവർ ചെയ്യുന്നത് ക്ലാസ് വാറിന് ക്രൈമെന്ന് തിരിച്ചും പേരിടുകയാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് കാലാകാലങ്ങളായി ഇന്ത്യയിൽ ദളിതർക്കും അബലർക്കും ആദിവാസികൾക്കുമെതിരേ നടന്നുവരുന്ന കൊടിയ കുറ്റകൃത്യങ്ങൾക്ക് പരിഹാരം കാണാനവർക്ക് സാധിക്കില്ല. ഭിന്നവർഗങ്ങളുടെ യുദ്ധനീതിയാണ് ബലാൽസംഗം എന്ന നൈതീക ബോധം സമൂഹത്തിലേക്ക് അലിച്ചിറക്കുകയാണവർ. ഇരയുടേയും വേട്ടക്കാരന്റേയും വർഗ വർണങ്ങൾ നോക്കി പ്രതികരിച്ചാൽ മതിയെന്ന് തെറ്റായി പഠിപ്പിക്കുകയാണ്. ആദിവാസിയും അവർണനും ദളിതനും തെരുവിൽ ഭിക്ഷയാചിക്കുന്ന ബ്രാഹ്മണനും തമ്മിൽ വ്യത്യാസമില്ല. മനുഷ്യനെ വിഭാഗീകരിക്കുന്ന ഒന്നും വാഴ്ത്തപ്പെടേണ്ടതല്ല. അത് കറുപ്പായാലും വെളുപ്പായാലും. ഭ്രാന്തുപിടിച്ച ധാർമികത ഊട്ടിവളർത്തുന്ന ഭ്രാന്തുപിടിച്ച സംവിധാനങ്ങളെ ഭ്രാന്തുപിടിച്ച ബുദ്ധിജീവികൾക്ക് നേരിടാനാവില്ല. അതുകൊണ്ടുതന്നെയാവും നേതാക്കന്മാരെയും ബുദ്ധിജീവികളേയും കാത്തുനിൽക്കാതെ തെരുവിലിറങ്ങാൻ ജനങ്ങൾ സ്വയം ആഹ്വാനം ചെയ്യുന്നത്. ജനങ്ങൾ എന്നുവെച്ചാൽ ജനങ്ങൾ എന്നുതന്നെയാണ്. അവരിൽ വെളുത്തവർ മാത്രമാണെന്ന് തോന്നുന്നുവെങ്കിൽ നമ്മൾ കറുത്തവർ ഇറങ്ങി അതിനെ അങ്ങനെയല്ലാതെയാക്കണം. അവരിൽ കറുത്തവർമാത്രമാണെന്ന് തോന്നുന്നുവെങ്കിൽ നമ്മൾ വെളുത്തവർ കൂടെയിറങ്ങി അതിനെ അങ്ങനെയല്ലാതെയാക്കണം. സ്വയം കറുത്തവരും വെളുത്തവരുമല്ലാതെ മനുഷ്യരായി മാത്രം മാറണം. മാറിനിൽക്കൽ ഒരു മനോരോഗമാണ് ഈ സമൂഹത്തിൽ ഒരു മൈരും സംഭവിപ്പിക്കാത്ത മഹാരോഗം.

ഡൽഹിയിൽ ധാരാളം ബലാൽസംഗങ്ങൾ നടക്കുമ്പോൾ ഇതിനുമാത്രം എന്തുകൊണ്ടിത്ര ജനരോഷം ഉയർത്താൻ കഴിഞ്ഞു എന്ന ചിന്തതന്നെയാവും അരുന്ധതീ റോയിയേയും - Poor Class Culprits Vs Middle Class Victim എന്ന തിയറിയിലേക്കെത്തിച്ചത്. എളുപ്പത്തിൽ നിർവചിക്കാൻ കഴിയാത്തതുകൊണ്ട് ആലോചനാസാധ്യതകളിലേക്ക് സാധാരണ സാഹചര്യങ്ങൾ കടന്നുവരാത്തതുകൊണ്ടാവും അസാധാരണമെന്നു തോന്നുന്ന ഒരുസിദ്ധാന്തം അവർ മുന്നോട്ട് വെച്ചതും. യഥാർത്ഥത്തിൽ അവർ പറഞ്ഞ സിദ്ധാന്തത്തിന്റെ പ്രയോഗം സമീപഭാവിയിലൊന്നും സംഭവിക്കാനുള്ള സാധ്യതകളില്ല.അവർ പറഞ്ഞത് പൊലീസും പട്ടാളവും ഉയർന്നജാതിക്കാരും സമ്പന്നരും സാമ്പത്തികമായും സാമൂഹികമായും അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് നേരേ കാണിക്കുന്ന അതിക്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ സംഭവമെന്നാണ്. സത്യത്തിൽ അത്തരം ഒരു തിരിച്ചടി ഇത്രയും ഹീനമായ മാർഗത്തിലൂടെ നടത്താൻ തക്ക താഴ്ന്നതരം മാനസികാവസ്ഥയല്ല ഇന്ത്യൻ ദരിദ്രവർഗത്തിനുള്ളത്. എന്നെങ്കിലും ഒരിക്കൽ അവർ സംഘടിച്ച് ഈ ദന്തഗോപുരങ്ങൾക്കെതിരേ ആഞ്ഞടിച്ചേക്കാം എന്നുപോലും ഒരു ശുഭപ്രതീക്ഷ എനിക്ക് തോന്നുന്നില്ല. അത്രമാത്രം അടിമത്ത മനോഭാവമാണ് അവരെ ഭരിക്കുന്നത്. ഒരുവശത്ത് തങ്ങൾ എപ്പോഴും അടിയാളരാണെന്നുള്ള അധകൃത ബോധം. മറുവശത്ത് കടുത്ത ധാർമികത. നിയമത്തെയും ദൈവത്തേയും ഏറ്റവും കൂടുതൽ ഭയക്കുന്നത് ദരിദ്രവർഗമാണ്. ദരിദ്രർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മിക്കപ്പോഴും ഇരയാകുന്നത് ദരിദ്രർ തന്നെയാകും. അവർ ബലാൽസംഗം ചെയ്യുന്നത് ദരിദ്രസ്ത്രീകളെയായിരിക്കും അവർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് സ്വന്തം സ്ത്രീകളുടെ മേൽ മാത്രമായിരിക്കും. സ്ത്രീകളുടെ മേലുള്ള കുതിരകയറ്റം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായല്ല, ആൺകോയ്മ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതാണ്. അരുന്ധതീ റോയി പറഞ്ഞതിൽ ആ ഭാഗം ശരിയാണുതാനും. റേപ്പ് ഒരു ഇന്ത്യൻ സംസ്കാരമായിരുന്നു. ഇന്നും അങ്ങനെ തന്നെ. നാട്ടുരാജ്യങ്ങൾ ആക്രമിച്ച് കീഴ്പ്പെടുത്തുമ്പോൾ കീഴ്പ്പെട്ട രാജ്യത്തെ സ്ത്രീകളെ മാനഭംഗം ചെയ്യുക യുദ്ധതന്ത്രം പോലെയായിരുന്നില്ലേ. അധികാരം സ്ഥാപിക്കാനുള്ള ഒരു വഴിയായി പട്ടാളവും മേൽജാതിക്കാരും പോലീസും ഇതിപ്പോഴും ആദിവാസികൾക്കും ദളിതർക്കും മേൽ പ്രയോഗിക്കുന്നുണ്ട്. എന്നാൽ ഒരിക്കൽപ്പോലും ബലാൽസംഗത്തിനു പ്രതികാരം ബലാൽസംഗം എന്ന് കേട്ടിട്ടില്ല. അത് അധാർമികമാണെന്ന കീഴാളധാരണ തന്നെയാകും കാരണം. അടിസ്ഥാനവർഗത്തിന്റെ അമർഷം ഇപ്പോൾ ഉയർന്നുവരുന്നുണ്ടെന്നും അത് മധ്യവർഗത്തിലെ സ്ത്രീകൾക്കെതിരെയും ഉപരിവർഗത്തിലെ സ്ത്രീകൾക്കെതിരെയും പ്രയോഗിക്കപ്പെടുന്നതിന്റെ ഫലമായാണ് ഡൽഹി കൂട്ടബലാൽസംഗം എന്നുമുള്ള വാദം സത്യത്തിൽ അടിസ്ഥാനവർഗത്തെ അവഹേളിക്കലാണ്.

ഡൽഹിയിലെ കുറ്റവാളികൾ ദരിദ്രരല്ലായിരുന്നു. ഇല്ലാത്തവൻ ഉള്ളവന്റെ പിണിയാളാവുമ്പോൾ, ഗുണ്ടയും, കാവൽനായുമാകുമ്പോൾ അവൻ ഉള്ളവന്റെ മാനസികാവസ്ഥയിലേക്ക് ചേക്കേറുകയാണ് ചെയ്യുന്നത്. (ബസ്) മുതലാളിയുടെ ഭാര്യയേയോ മകളേയോ സുഹൃത്തിന്റെ കുടുംബത്തിലെ സ്ത്രീകളേയോ പോലും മുഖമുയർത്തി നോക്കാൻ അവർക്ക് മനസുറപ്പുണ്ടാകില്ല. അവന്റെ വർഗസ്നേഹം സമ്പന്നന്റെ എച്ചിൽപ്പട്ടികളുടെ യജമാനസ്നേഹമാണ്. അതല്ലാതെ ഗ്രാമാന്തരങ്ങളിലെ സ്വന്തം ജാതിയിൽ - വർഗത്തിൽപ്പെട്ട സ്ത്രീകളുടെ രോദനത്തിന് അവൻ കാതോർക്കുമെന്ന് അവനെക്കുറിച്ച്, അവന്റെ വിധേയത്വ മനസിനെക്കുറിച്ച് അറിയാവുന്ന ആരും ആലോചിക്കില്ല. ഒന്നു കണ്ണോടിച്ചാലറിയാം. രാഷ്ട്രീയ മേലാളന്മാർക്കും സമ്പന്നർക്കും വേണ്ടി ഗുണ്ടാപ്പണി-കൊല്ലും കൊലയും - ബലാൽസംഗവും നടത്തുന്നത് അവർ എച്ചിലും മദ്യവും കൊടുത്തുവളർത്തുന്ന കീഴാളരാണ്. അവൻ ചെയ്യുന്നത് മേലാളന്റെ ഇംഗിതങ്ങളാണ്. ഉള്ളവന്റെ എച്ചിൽതിന്ന് തെഴുക്കുമ്പോൾ അവൻ ഉള്ളവനോടുള്ള കൂറാണ് വളർത്തിയെടുക്കുന്നത്. അവനെ എങ്ങനെ ദരിദ്രനെന്ന് വിളിക്കും? ഇത് മനസിലാക്കാതെയാണ് അരുന്ധതി - Criminal Poor- എന്ന തിയറിയുണ്ടാക്കിയത്. "മിഡിൽ ക്ലാസ് ഗേൾ" എന്നും "അർബൻ യങ്ങ് ഗേൾ" എന്നുമുള്ള അവരുടെ അഭിസംബോധനകൾ അതേക്കുറിച്ച് കുറച്ചുകൂടി ഗുരുതരമായ അജ്ഞതയാണ് കാണിക്കുന്നത്. മെയിൻ‌ റോഡിനിരുവശത്തും ഉറുമ്പിൻ കൂടുപോലെ ചേരികളും ഗ്രാമങ്ങളുമുള്ള ഡൽഹീ നഗരത്തിൽ എന്താണ് മിഡിൽ ക്ലാസ് എന്താണ് അർബൻ ഗേൾ? ഒരു ലക്ഷം രൂപയുണ്ടെങ്കിൽ കാറുവാങ്ങാനാവുന്ന ഇന്ത്യയിൽ, പത്രം വരുത്താനുള്ള കാശില്ലെങ്കിൽപ്പോലും സ്വന്തമായി കാറും കുറഞ്ഞപക്ഷം ഒരു ബൈക്കുമെങ്കിലും വാങ്ങുക എന്ന മോഹങ്ങൾ താലോലിക്കുകയും കടംവാങ്ങിയെങ്കിലും അത് നടപ്പിലാക്കുകയും ചെയ്യുന്ന മധ്യവർത്തിജനത തിങ്ങിനിറഞ്ഞ ഇന്ത്യയിൽ രാത്രിയാത്രയ്ക്ക് ഫുട്പാത്തിൽ ബസ് കാത്തു നിൽക്കുന്ന ഒരു പെൺകുട്ടി മിഡിൽക്ലാസാകുന്നതെങ്ങനെ? പൂർണമായും തെറ്റായ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളത്.

ഡൽഹിയിൽ സംഭവിച്ച ജന‌മുന്നേറ്റം സത്യത്തിൽ എന്നത്തേയും പോലെ പിന്തിരിപ്പൻ വെളിച്ചത്തിൽ കാണേണ്ട ഒന്നല്ല. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ യുവത കാണിക്കുന്ന പ്രതികരണമനോഭാവത്തിന്റെ തുടർച്ചയാണത്. അത് ഡൽഹിയിലെ നിരാഹാരസമരങ്ങൾക്കുള്ള പിന്തുണയായിട്ടായാലും, ശിവസേന നേതാവിന്റെ മരണവുമായി ബന്ധപ്പെട്ട ഫെയ്സ് ബുക്ക് കമെന്റായിട്ടായാലും നടന്നുവരുന്ന ഒരു തുടർ പ്രക്രിയയാണ്. അതിന്റെ തുടർച്ചയായി വേണം സാധാരണക്കാരന്റെ യാത്രാ വാഹനമായ ബസിനുള്ളിൽ ഒരു പെൺകുട്ടി അറപ്പുളവാക്കുന്ന രീതിയിൽ ബലാൽസംഗം ചെയ്യപ്പെട്ട വാർത്തയിൽ ജനങ്ങൾ നിരത്തിലിറങ്ങിയതിനെ കാണാൻ. ദരിദ്രകുറ്റവാളികൾക്കെതിരായുള്ള പ്രക്ഷോഭമായിരുന്നു അതെങ്കിൽ ഒരു ഭ്രാന്തൻ പ്രക്ഷോഭമായി നിരത്തിലെ ബസുകളേയും പാവപ്പെട്ട തൊഴിലാളികളേയും ആക്രമിക്കുകയായിരുന്നു അത് ചെയ്യുമായിരുന്നത്. മുംബയിൽ മറുനാടൻ ടാക്സി തൊഴിലാളികൾക്കെതിരെയുള്ള കലാപം ഓർക്കുക. ഇവിടെ സംഭവിച്ചത് ആരുടേയും ആഹ്വാനമില്ലാതെ ജനങ്ങളുടെ നദി രാഷ്ട്രപതിഭവൻ ലാക്കാക്കി ഒഴുകുകയായിരുന്നു. തീർത്തും പുരോഗമനപരമായിരുന്നു അതെന്നാണ് എന്റെ വിലയിരുത്തൽ. അനീതിക്കെതിരെ ജനം നിരത്തിലിറങ്ങും നിരത്തിലിറങ്ങുമെന്ന്, ഒരിക്കലും അത് സംഭവിക്കില്ലെന്ന് ഏതാണ്ടുറപ്പിച്ചുകൊണ്ടും എന്നാൽ പ്രതീക്ഷ നടിച്ചുകൊണ്ടും നാഴികയ്ക്ക് നാൽപതുവട്ടം പറയുന്ന പുരോഗമനവാദികൾക്ക് ജനത നിരത്തിലൂടെ ഒഴുകിവരുമ്പോൾ കണ്ടാൽ മനസിലാകുന്നില്ല എന്നതാണ് വിരോധാഭാസം. അതിനെ പുരോഗമനപരമായി മാറ്റിയെടുക്കാൻ ദിശാബോധം നൽകേണ്ടവർ ചാനൽ ചർച്ചകളിൽ കയറിയിരുന്ന് വിളിച്ചുപറയുന്ന വങ്കത്തരങ്ങൾ അവരുടെതന്നെ ശരിനിലപാടുകളെക്കൂടി അഴുക്കിക്കളയും.

ഡൽഹിയിൽ ദാരുണമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സാമ്പത്തിക സാമൂഹിക അവസ്ഥകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നിട്ടുണ്ട്.  http://www.thehindu.com/news/national/far-from-media-storm-up-village-grieves-for-its-daughter/article4253570.ece .ഈ റിപ്പോർട്ടിൽ നിന്നും മനസിലാവുന്നത് ഡൽഹിയിൽ ബസിനുള്ളിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയും വരേണ്യയല്ല എന്നാണ്."the woman’s parents, who belong to the Kurmi backward-caste community, made many sacrifices to educate their two sons and daughter. Her father, who works in a private company in Delhi, sold three bighas of land in Bihar, bit by bit, to fund her medical studies. The one acre his family owned in this village was also mortgaged." അപ്പോൾ പിന്നെ ഡൽഹിയിൽ അതേച്ചൊല്ലിയുയർന്ന ജനകീയ പ്രതിഷേധത്തിന്റെ കാരണം ക്ലാസ് ഡിഫറൻസ് കൊണ്ടാണെന്ന് എങ്ങനെ പറയാൻ കഴിയും! സാമ്പത്തികമായും സാമൂഹികമായും ചവുട്ടിത്താഴ്ത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് , പ്രത്യേകിച്ചും സ്ത്രീകൾക്കെതിരേയുള്ള കയ്യേറ്റങ്ങൾ വളരെയധികം കൂടുതലാണ്. അത് ആരും നിഷേധിച്ചിട്ടില്ല. വിദ്യാഭ്യാസമുണ്ട്, താമസം ഡെൽഹിയിലാണ്, കൂട്ടുകാരനുണ്ട്, രാത്രിയിൽ യാത്ര ചെയ്യുന്നു എന്നതൊക്കെ കൊണ്ട് ഒരു പെൺകുട്ടി മിഡിൽക്ലാസും ഉപരിവർഗവുമൊക്കെ ആവുമോ. സത്യത്തിൽ അവൾ പറന്നുയരാൻ ശ്രമിക്കുന്ന താഴെക്കിടയിലുള്ളവരുടെ പ്രതിനിധിയാണ്. അവളെ റേപ്പ് ചെയ്ത് കൊല്ലുന്നത് താഴേക്കിടയിൽ നിന്നും ഇനി ആരും അങ്ങനെ പറന്നുയരാൻ ശ്രമിക്കരുതെന്നുള്ള താക്കീതാണ്. 

പട്ടാളവും പോലീസുമൊക്കെ ദളിതരോടും ആദിവാസികളോടും കാണിക്കുന്ന അതിക്രമങ്ങളും അറപ്പുളവാക്കുന്ന ബലാൽസംഗങ്ങളും എന്തുകൊണ്ട് ജനങ്ങളിൽ പ്രതികരണമുണ്ടാക്കുന്നില്ലെന്നും അതിനെതിരായുള്ള പ്രതിഷേധങ്ങളും ചെറുത്തു നിൽപ്പുകളും എന്തുകൊണ്ട് നിസംഗമായി ജനങ്ങൾ കാണുന്നുവെന്നുമുള്ളത് ഒരു പ്രസക്തമായ ചോദ്യം തന്നെയാണ്. എന്നാൽ അതിനുള്ള ഉത്തരം 'ക്ലാസ് ഡിഫറൻസ്' എന്ന ഒറ്റയുണ്ടയല്ല. അതിന് പലകാരണങ്ങളുണ്ട് മുലപ്പാലിനൊപ്പം ജനങ്ങളിൽ കുത്തിവെയ്ക്കുന്ന രാജ്യസ്നേഹം എന്ന ലഹരിയാണ് ഒരുകാരണം. പട്ടാളം എന്നത് രാജ്യസ്നേഹത്തിന്റെ പര്യായമാണെന്ന വിശ്വാസം ജനങ്ങളിൽ രൂഢമൂലമാണ്. അതുകൊണ്ടുതന്നെ പട്ടാളം ചെയ്യുന്നതെല്ലാം രാജ്യരക്ഷാ പ്രവർത്തനങ്ങളാണെന്നും പട്ടാളത്തിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്നുമുള്ള ഒരു അലിഖിത നിയമം തന്നെയുണ്ട്.പട്ടാള നടപടികൾക്ക് പാത്രമാകേണ്ടിവരുന്നവർ രാജ്യദ്രോഹികളാണെന്ന ഒരു തോന്നലും അബോധമനസിൽ പൗരജനങ്ങൾക്കുണ്ട്. അല്ല അത് ഏറെക്കുറേ ലിഖിതം പോലുമാണ്. പട്ടാളത്തിന്റെ കുറ്റങ്ങൾക്ക് രാജ്യത്തെ സിവിൽ ക്രിമിനൽ കോടതികൾക്ക് ജൂറിസ്ഡിക്ഷനില്ല. പട്ടാളവും പോലീസും സ്റ്റേറ്റിന്റെ ഭാഗമായതിനാൽ അവിടെ നിന്നുള്ള അതിക്രമങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് പത്രമാധ്യമങ്ങൾക്കും പരിമിതികളുണ്ട്.

പ്രതികരണങ്ങളുടെ വിവേചനം എന്നത് ഒരു ബഹുമുഖ വിശകലനം അർഹിക്കുന്ന ഒരു വിഷയമാണ്. ഡൽഹിയിലെ ഈ പ്രത്യേക സംഭവത്തിൽ എന്തുകൊണ്ട് ജനപ്രതിഷേധം ഇത്രയുയർന്നു എന്നതിനു കാരണം അന്വേഷിക്കുമ്പോൾ അത് ക്ലാസ് ഡിഫറൻസ് കൊണ്ടാണ് എന്ന ഒറ്റ ഉത്തരത്തിൽ ചെന്നിടിച്ചു നിൽക്കുന്നുവെങ്കിൽ അന്വേഷകന് എന്തോ പ്രശ്നമുണ്ട്. അയാൾ ചുറ്റുമുള്ള മറ്റു വസ്തുതകളെ കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ണടയ്ക്കുന്നു. രണ്ടായാലും അയാൾ പ്രക്ഷേപണം ചെയ്യുന്ന കണ്ടെത്തൽ സമൂഹത്തെ പിന്നോട്ടടിക്കുകയേ ഉള്ളു എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. വെളുപ്പുനിറവും ഉന്നത വിദ്യാഭ്യാസവും കൊണ്ടാണോ അവൾ മിഡിൽക്ലാസാണെന്ന് അരുന്ധതിക്കും പരിവാരങ്ങൾക്കും തോന്നിയതെന്ന് എനിക്ക് സംശയമുണ്ട്. യുക്തിസഹമായി ചിന്തിക്കും എന്ന് നാം പ്രതീക്ഷിക്കുന്നവർ തോന്നലുകൾ വെച്ചുകൊണ്ട് തിയറികൾ മെനയുകയും അത് ആധികാരികമാണെന്ന മട്ടിൽ പ്രക്ഷേപണം ചെയ്യുന്നതും പൊറുക്കാൻ കഴിയുമോ?