അകാരണം

ഉറങ്ങുമ്പോള്‍ അകാരണമായി
കരയാറുണ്ട് മകന്‍,
ചെറുപ്പത്തില്‍ ഞാനും
ഉറക്കത്തില്‍ കരഞ്ഞിരുന്നത്രേ
മരുന്നിനും മന്ത്രത്തിനും പിടിതരാത്ത കരച്ചില്‍.

കുഞ്ഞുങ്ങളേ,
അകാരണമായി ജനിച്ചതിന്റേയും
അകാരണമായി ജീവിക്കേണ്ടിവരുന്നതിന്റേയും
അകാരണമായി പ്രണയിക്കേണ്ടതിന്റേയും
അകാരണമായി ജനിപ്പിക്കേണ്ടിവരുന്നതിന്റേയും
അകാരണമായ വേദനകള്‍
അകാരണമായ ആകുലതകള്‍
അകാരണമായ ആഴഭീതികള്‍
ഒക്കെ ഉറക്കത്തില്‍,
അകാലത്തില്‍,
അകാരണമായി
അനുഭവിക്കുന്നതുകൊണ്ടാകുമോ
നിങ്ങളിങ്ങനെ
അകാരണമായി കരയുന്നത്;
ചിലനേരങ്ങളില്‍
ഒറ്റക്കുണര്‍ന്നിരിക്കുമ്പോള്‍
ഞങ്ങള്‍ മുതിര്‍ന്നവര്‍
അകാരണമായി കരയുന്നതുപോലെ..

വഞ്ചകന്റെ മാനിഫെസ്റ്റോ

വിശ്വസിക്കുക എന്ന
അവരുടെ ദൌര്‍ബല്യത്തെ
വഞ്ചിക്കുക എന്ന
എന്റെ ദൌര്‍ബല്യം കൊണ്ട്‌
ഞാന്‍ സമര്‍ത്ഥമായി നേരിട്ടു.
അല്ലായിരുന്നെങ്കില്‍
കുരക്കുന്ന പട്ടി കടിക്കില്ലെന്നും
ഒരുമയുണ്ടെങ്കില്‍
ഉലക്കമേലും കിടക്കാമെന്നും
കാക്കയ്ക്കും തന്‍കുഞ്ഞ്‌
പൊന്‍കുഞ്ഞാണെന്നുമൊക്കെയുള്ള
കിഴട്ടു വചനങ്ങള്‍ കണ്ണടച്ചു
വിശ്വസിക്കുന്ന പോങ്ങന്‍മാരെക്കൊണ്ട്‌
ഈ ലോകം നിറഞ്ഞുപോയേനെ

നായകൻ

നട്ടുച്ചയ്ക്ക്
നാട്ടുവഴിയിലെ
നെട്ടൻ വെയിലിലൂടെ
ബാലൻ.കെ.നായരുടെ
സിനിമയിൽ നിന്നും
പുറത്തുചാടിയ
ഒരു നിലവിളി
ഓടിപ്പോവുകയായിരുന്നു;
പെട്ടെന്ന്
കലാഭവൻ മണിയുടെ
സിനിമയിൽ നിന്നുമിറങ്ങി
പാട്ടും പാടി
കറങ്ങിനടന്ന
അട്ടഹാസം
അവളെ കയറിപിടിച്ചു.
എവിടെനിന്നെന്നറിയില്ല
ഉടനേ ഒരു കമേഴ്സ്യൽ ബ്രേക്ക്
ചാടിവന്ന് രസം മുറിച്ചു.

ജനഗണമനഃ

നിന്നിലുണ്ട്
വ്യക്തമായൊരു വ്യക്തിത്വം
അതിനാലാണ് നിന്നോടെനിക്കിത്ര
ഇഷ്ടം
എല്ലാത്തിലും നിനക്കുണ്ട്
വ്യത്യസ്തമായ വീക്ഷണങ്ങൾ
വ്യത്യസ്തമായ തീർപ്പുകൾ
വ്യത്യസ്തമായ വഴി
എനിക്ക് നീയില്ലാതെ വയ്യ
ഒന്നിച്ചുകഴിയാം

***************

നീയെന്നെ
ഒട്ടുമേ അനുസരിക്കുന്നില്ല
അതിലാണ് നിന്നോടെനിക്കുള്ള
വിയോജിപ്പ്
എല്ലാത്തിലും നിനക്കുണ്ട്
നിന്റേതായ വീക്ഷണങ്ങൾ
നിന്റേതായ തീർപ്പുകൾ
നിന്റേതായ വഴി
നിന്നെക്കൊണ്ടെനിക്ക് വയ്യ
പിരിയാം

ബ്ലോഗ് മോഷണം-ഇന്ത്യൻ എക്സ്പ്രെസ്സിന്റെ വാർത്ത

ബ്ലോഗ് മോഷണത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്ന വാർത്ത ഇവിടെ

പ്രതിഷേധവാരം ബാലെ-വിഷ്കംഭം

മാന്യമഹാജനങ്ങളേ എന്റെ വീടുകയറി മോഷ്ടിക്കുകയും,അതേപ്പറ്റി സൗമ്യമായി ചോദിച്ചു എന്ന കുറ്റത്തിന്‌ എന്നേയും എന്റെ വീട്ടുകാരെയും തെറി പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പകൽക്കള്ളനോട്‌ ഞാൻ ഇതിനാൽ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു..ഡും..ഡും..ഡും....
എന്റെ വീടിനു മുന്നിൽ കരിങ്കൊടി കെട്ടി അവനോടുള്ള പ്രതിഷേധം ഞാൻ ലോകസമക്ഷം പ്രകടിപ്പിച്ചുകൊള്ളുന്നു....ഡും..ഡും..ഡും....
പ്രതിഷേധം പ്രതിഷേധം
മോഷണത്തിൽ പ്രതിഷേധം
ഭീഷണിയിൽ പ്രതിഷേധം....
(എന്റെ പ്രതിഷേധത്തിന്റെ തിരനാടകം തയ്യാറാകാൻ ഇത്രയും താമസിച്ചതിൽ ക്ഷമിക്കുക,ആരെയും നോവിക്കാതെയും അധ്വാനമില്ലാതെയും എന്റെ വീടിന്റെ വാതിൽ തുറന്നു പുറത്തിറങ്ങാതെയും ഏറ്റവും ലളിതമായി എങ്ങനെ പ്രതിഷേധിക്കാമെന്ന് കൂലങ്കഷമായി ചിന്തിക്കുകയായിരുന്നല്ലോ ഞാൻ)
പ്രതിഷേധം..
പ്രതിഷേധം...
മോഷണത്തിൽ പ്രതിഷേധം
ഭീഷണിയിൽ പ്രതിഷേധം...
ഡും..ഡും..ഡും...
കാട്ടുകള്ളാ നീ മാപ്പു പറയുന്നോ ഇല്ലയോ..ഇല്ലെങ്കിൽ ഞാൻ എന്റെ സ്വന്തം വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി ചത്തുകളയും കട്ടായം..
കള്ളാ ഇതു സത്യം സത്യം സത്യം
(കാഴ്ചക്കാരോട്‌ ഒരപേക്ഷ:സഹൃദയരേ നിങ്ങൾക്കിടയിലെവിടെയെങ്കിലും ഈ കള്ളനിരുപ്പുണ്ടെങ്കിൽ ഈ ബാലേ കണ്ട്‌ അവന്റെ കണ്ണ്‌ നിറയുന്നുണ്ടെങ്കിൽ താമസം വിനാ ഈ കലാപരിപാടിയുടെ സംഘാടകരെ അറിയിക്കണമെന്നൊരപേക്ഷയുണ്ട്‌....പാവമാമക്കള്ളന്‌ കൂടുതൽ മനക്ലേശത്തിനിടവരുത്താതെ മാപ്പുകൊടുത്ത്‌ തിരശീലവലിക്കേണ്ടതുണ്ട്‌)

പഞ്ചതന്ത്രം




തോട്ടുവരമ്പത്തൂടെ
നടക്കാന്‍ വയ്യ.
‘ഞങ്ങടെ പള്ള കീറി
പഠിച്ചതെന്തെങ്കിലും
ഓര്‍മ്മയുണ്ടോ സാര്‍..’
തവളകള്‍ പരിഹസിക്കുന്നു.

നാട്ടിടവഴിയേയും
നടക്കാന്‍ വയ്യ.
ചെമ്പരത്തിപ്പൂക്കള്‍
പരിഹസിക്കുന്നു
‘പിളര്‍ന്നെടുത്ത ഗര്‍ഭപാത്രങ്ങളും
ജനിദണ്ഡുകളും
എന്തു ചെയ്തു സാര്‍..’

വേലിപ്പുറത്ത്
വെയില്‍ കായാനിരുന്ന
ഓന്തുകള്‍ മുഖം കറുപ്പിച്ചു
ഇരുണ്ടവിടവുകളില്‍ നിന്നെത്തിനോക്കി
പാറ്റകള്‍ മീശവിറപ്പിച്ചു
ഒച്ചുകള്‍,പുല്‍ച്ചാടികള്‍
പൂമ്പാറ്റകള്‍ പുഴുക്കളൊക്കെയും
പുച്ഛഭാവത്തില്‍ ചോദിക്കുന്നു
‘ഞങ്ങളുടെ ശാസ്ത്രനാമം
എന്താണു സാര്‍..’

ഉത്തരമില്ലാതെ
തലയും തൂക്കി നടക്കുമ്പോള്‍
തെങ്ങിന്‍ തടിമേലിരുന്ന്
‘ഷെയിം ഷെയിം’വിളിക്കുന്നു
അണ്ണാറക്കണ്ണന്മാര്‍
പൂവാലന്‍ കോഴികള്‍ വിളിക്കുന്നു
‘ഗോ ബാക്ക്..ഗോ ബാക്ക്‘

വീട്ടിലെത്തിയപാടെ
ഞാനെന്റെ ജന്തുശാസ്ത്ര പുസ്തകം
പൊടിതട്ടി തുറന്നു നോക്കി
ഉള്ളടക്കം...പഞ്ചതന്ത്രം കഥ.

Photo: Will Simpson

വഴി

മുകളിലോട്ടുള്ള വഴിയാണ്‌
താഴോട്ടുമുള്ള വഴി
മുകളിലോട്ട്‌ നടക്കുമ്പോൾ
മുകളിലോട്ടുള്ള വഴി
താഴോട്ട്‌ നടക്കുമ്പോൾ
താഴോട്ടുള്ള വഴി
മുകളിലോട്ട്‌ നടക്കുന്നവരാണ്‌
താഴോട്ടു നടക്കുന്നവരും
മുകളിലോട്ട്‌ നടക്കുമ്പോൾ
മുകളിലോട്ട്‌ നടക്കുന്നവർ
താഴോട്ട്‌ നടക്കുമ്പോൾ
താഴോട്ട്‌ നടക്കുന്നവർ
എങ്ങോട്ടും നടക്കാതെ
കുത്തിയിരിക്കുന്നവരാണ്‌
വഴിയേയും വഴിപോക്കരേയും
വെറുതേ പഴി പറയുന്നത്‌

മടുപ്പ്

കെട്ടിക്കിടന്ന് മടുക്കുമ്പോഴാണ്
പൊട്ടിപ്പിളര്‍ന്ന് ഒഴുകുന്നത്
ഒഴുകി ഒഴുകി മടുക്കുമ്പോഴാണ്
കടലില്‍ ചാടി മരിക്കുന്നത്