30/9/09

കണ്ടുകണ്ടിരിക്കുന്നൊരെന്നെ - 2

കിടന്ന കിടപ്പിൽ മേലോട്ടു വിക്ഷേപിച്ച തുപ്പ്
കീഴ്പോട്ടുവരാതെ മേലോട്ട് മേലോട്ട്
പോയ്പോയ്പോയിരുന്നു
അത് ആകാശത്തിന്റെ വാതിൽ തുറന്ന്
ദൈവത്തിന്റെ കാലിൽ ചെന്നടിച്ചു
അന്തരീക്ഷത്തിൽ അശരീരിയുണ്ടായി.
“തുപ്പരുതപ്പാ അത് തപ്പ്” ..

കിടകിടന്ന് കിടകിടന്ന് ഞാൻ മരച്ചുപോയിരുന്നു
മുതുക് പലകപോലെ,
മരം പോലെ കൈകാലുകൾ,
ഗോലിപോലെ കണ്ണുകൾ,
അടുപ്പുപോലെ മൂക്ക്,
വാ....വാ പോലെ തന്നെ, തുറന്ന്...
ചത്തുപോയൊരൊച്ചുപോലെ എന്റെ....
(വേണ്ട നിങ്ങൾ അതിഷ്ടപ്പെടില്ല
അതു പുറത്തിനി വരാതെ ഉൾവലിഞ്ഞു.)
എന്നെക്കിട്ടിയതിന്റെ ആവേശം അന്തരീക്ഷത്തിൽ മുഴങ്ങി
എനിക്കുചുറ്റും ആൾക്കൂട്ടത്തിന്റെ ഒരു ആൽമരം വളർന്നു
നിലത്തുമുട്ടാത്ത ആയിരം വേരുകൾ കൊണ്ട്
അത് എന്നെ വരിഞ്ഞു
ഞാൻ ഉയർത്തപ്പെട്ടു..
തിരഞ്ഞുവന്നവരുടെ തിരയാൽ നയിക്കപ്പെട്ടു,
തിരയിൽ നിന്നും തിരയിലേക്ക്....
എങ്ങോട്ടു കൊണ്ടുപോകുന്നു എന്നെ?
ഞാൻ ചോദിച്ചു.
ആരും ഒന്നും പറഞ്ഞില്ല
എന്തിനു കൊള്ളാം എന്നെ ?
ഞാൻ ചിന്തിച്ചു
ആരും അതു കേട്ടില്ല
നിങ്ങൾ എന്നെ തിന്നുമോ?
ചൂണ്ടയിൽ വീണ മീനിനെപോലെ
ചിതമ്പലുകൾ ചെത്തി,
വെടിയേറ്റു വീണ കൊറ്റിയെപ്പോലെ
ചിറകുകൾ വെട്ടി,
കെണിയിൽ വീണ മാനിനെപ്പോലെ
കൊമ്പുകൾ പുഴക്കി
നിങ്ങളെന്നെ പൊരിച്ചു തിന്നുമോ?
ചില്ലകൾ വെട്ടിയ മരത്തെപ്പോലെ
അറുത്തുകീറി,
ഉടച്ചൊരുക്കിയ പാറപോലെ
കൊത്തിമിനുക്കി,
നനച്ചുകുഴച്ച മണ്ണുപോലെ
ചെത്തിച്ചെതുക്കി,
നിങ്ങളെന്നെ പ്രതിഷ്ഠചെയ്യുമോ?
ഞാനുറക്കെ ചോദിച്ചു....
ആരും ഒന്നും കേട്ടില്ല.
എനിക്ക് കരച്ചിൽ വന്നു.
കാതുപൊട്ടന്മാർ ഇവരെന്നെ കേൾക്കുന്നില്ലല്ലോ!
എനിക്കുമുള്ളതുപോലെ നിങ്ങൾക്കുമില്ലേ
ജീവിതങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സങ്കടങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സംശയങ്ങൾ?
പറയിനെടാ നായിന്റെ മക്കളേ
ഞാനാക്രോശിച്ചു.
അതുകേട്ട് ഒരു നായിന്റെ മോൻ എനിക്ക് മുകളിലിരുന്ന്
നേരേ താഴേക്ക് ഒരൂക്കൻ തുപ്പു തുപ്പി
ഹൊ!
അത് ആകാശത്തിന്റെ അരിപ്പകടന്ന്
കാറ്റുകളുടെ കടലുതുഴഞ്ഞ്
ഉച്ചവെയിലിന്റെ പുതപ്പു പറത്തി
എന്റെ മുഖം കഴുകി.
എന്റെ എല്ലാ സംശയങ്ങളും നിലച്ചു...

29/9/09

കണ്ടുകണ്ടിരിക്കുന്നൊരെന്നെ...


കണ്ടു കണ്ടിരിക്കെ
എന്നെ കാണാതായി..
നാട്ടുകാരും വീട്ടുകാരും
തിരക്കി നടക്കാൻ തുടങ്ങി.
കണ്ടവരോടൊക്കെ അവർ ചോദിച്ചു
അവനെ കണ്ടോ ആ പു...?
തിരയുന്നവർ തിരതിരയായി
വന്നുകൊണ്ടിരുന്നു.
അവർ ചോദിച്ചു അവനെ കണ്ടോ ആ പൂ‍.....?
എനിക്ക് ചിരിവന്നു.
കണ്ണുപൊട്ടന്മാർ,
ഇവരൊന്നും എന്നെ കാണണ്ടെന്ന്
കല്ലുപോലെയിരുന്നു.
കല്ലിൽ തട്ടി ആളുകൾ വീണ് മൂക്ക് മുറിഞ്ഞു.
എന്നിട്ടും ആരും എന്നെ കാണുന്നില്ലല്ലോയെന്ന്
അതിശയിച്ച് ഞാൻ സ്വയമൊന്നു നോക്കി.
നടുങ്ങിപ്പോയി
എന്നെ കാണുന്നില്ല...!
എവിടെപോയതാവും എന്ന്
അന്തമില്ലാതെ ചിന്തിച്ചു ഞാനിരുന്നു.
എവിടെപോവാൻ,
എവിടെപ്പോയാലും പട്ടിയെപ്പോലെ വരും
എന്ന് കരുതി കാത്തിരുന്നു.
നേരം വെളുത്തു, നേരം പഴുത്തു, നേരം കറുത്തു....
എവിടെപോയി കിടക്കുന്നു,
ഈ എന്തിരവൻ...?
എനിക്ക് ദേഷ്യം വന്നു.
ഞാൻ
ഇരുന്നിടത്തുനിന്നെണീറ്റു.
തിരയുന്നവരുടെ കൂടെ ചേർന്നു.
കാണുന്നിടവും കാണാത്തിടവും
അരിച്ചുനോക്കി.
എതിരേ വരുകയായിരുന്ന
ഒരു മൈരൻ എന്നോടു ചോദിച്ചു.
കണ്ടോ ആ താ...?
ഞാൻ അതു കേട്ടില്ലെന്ന് നടിച്ച്
പോയി തുലയെട കൂ...എന്ന്
മനസിൽ പറഞ്ഞു കൊണ്ടു നടന്നു.
ഒരുവൾ എന്റെ എതിരേ വരുന്നതുകണ്ടു
അവളുടെ വേഗത എന്റെ ശരീരം കടന്ന് നടന്നുപോയി
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
എന്റെമണം അവളുടെ കയ്യിൽ കണ്ടു.
എന്റെ മണമല്ലല്ലോ ഞാൻ ....!
മണമില്ലാത്ത എന്നെ കിട്ടിയാലും മതി...
ഞാൻ നടന്നു.
നടന്നു നടന്നു പോകുമ്പോൾ
ഈ നടപ്പല്ലെങ്കിലോ ഞാൻ എന്നു കരുതി
നിന്നു....
കണ്ടില്ല
നിന്നു നിന്നു തളർന്നപ്പോൾ
ഈ നിൽ‌പ്പല്ലെങ്കിലോ ഞാൻ എന്ന് കരുതി
ഇരുന്നു....
കണ്ടില്ല
ഇരുന്നിരുന്നു തളർന്നപ്പോൾ
ഈ ഇരിപ്പല്ലെങ്കിലോ ഞാൻ എന്ന് കരുതി
കിടന്നു....
ഹ!
എന്തൊരു കിടപ്പാണത്....!
ആ കിടപ്പിൽ കിടന്ന് മേലോട്ട് ഒരൂക്കൻ തുപ്പ് തുപ്പി.
അപ്പോൾ കാണായി എന്നെ.....

Photograph: Will Simpson

27/9/09

ജനാലയിൽ നിന്നും താഴോട്ട്

നഗരമേ,
നിന്റെ സമുദ്രനിരപ്പിൽ നിന്നും
മേൽക്കുമേലടുങ്ങിയ
എത്രാമത്തെ ജനാലയുടെ
താഴോട്ടു നോട്ടമാണ് ഇപ്പോൾ ഇവൻ!
നഗരമേ
നഗ്ന നഗരമേ
താഴെ,
എനിക്കു കാണാം
നിന്റെ പാവാട കീറിയുണ്ടാക്കിയ
കൊടികൾ കൊണ്ട്
അലങ്കരിച്ചിരിക്കുന്ന വിളക്കുകാലുകൾ,
തിരക്കൊഴിഞ്ഞിട്ട് ചുരുട്ടിവെക്കാമെന്ന്
നീ നിവർത്തിയിട്ടിരിക്കുന്ന
കറുത്ത ജീവിതം,
തെരുവുപട്ടികൾ,
സൈക്കിൾ റിക്ഷകളിൽ
കറുത്ത കണങ്കാലുകൾ,
മനുഷ്യരെപ്പോലെ തോന്നിക്കാത്ത
മനുഷ്യർ,
ആർക്കും പരിചയമില്ലാത്ത ആരുടെയോ അച്ഛൻ,
ആരെയും പരിചയമില്ലാത്ത ആരുടെയോ മകൾ,
ഒഴുക്ക് നിലക്കാത്ത കാളിന്ദിയുടെ
കരയ്ക്കടിഞ്ഞവർ...
ചെളി...
നഗരമേ
നിന്റെ ചെളി..
നിലത്തിറങ്ങി നടക്കാൻ വയ്യ
അവർ എന്റെ നേരേ കൈകൾ നീട്ടുന്നു
പോക്കറ്റടിക്കുമോ എന്ന് ഞാൻ ഭയക്കുന്നു
വേശ്യകൾ എന്നെ തൊട്ട് എയ്ഡ്സ് വരുത്തുമോ
ശവങ്ങൾ
കൊന്നുകളയണം
നിന്റെ വീഥികൾ
തൂത്ത് വൃത്തിയാക്കി
വെളുത്ത ചായം പൂശണം
നഗരമേ....

26/9/09

ഒച്ച്‌തുറുങ്കിലേക്കു കൊണ്ടുപോകും വഴി
ചാടി രക്ഷപെട്ടവനെപ്പോലെ,
ഒളിവിൽ ജീവിക്കുകയാണു ഞാൻ.
എന്റെ പിന്നാലെ പായുന്നതെന്തിന്‌
ഞാൻ സ്വയം തടവിലാണല്ലോ....?

നിങ്ങളുടെ ഉത്തരവ്‌
അക്ഷരം പ്രതി പാലിക്കുന്നതിന്‌,
എനിക്കു ചുറ്റും ഒരു ജയിൽ
കൊണ്ടു നടക്കുന്നുണ്ട്‌ ഞാൻ,
അഴിയും അറയും
ഞാൻ തന്നെയായ
അതിന്റെ ഭിത്തികളിൽ
മറന്നുപോകാതെ എഴുതിവെച്ചിട്ടുണ്ട്‌
നിങ്ങളുടെ നിയമങ്ങൾ.
കാണരുത്‌,
പറയരുത്‌,
തൊടരുത്‌...

Photograph: Will Simpson

22/9/09

ആലിംഗനം

ഒരു പെണ്ണായി പിറന്നിരുന്നെങ്കിൽ ഞാൻ
എന്നിലേക്കു വരുന്ന ഓരോ പുരുഷനോടും പറഞ്ഞേനെ,
ഹേ പുരുഷാ, നിന്റെ ചലിക്കുന്ന ശരീരാവയവങ്ങളിൽ
ഏറ്റവും ചെറുതായ ലിംഗം കൊണ്ട്‌ എന്നെ തൊടരുത്‌,
നിന്റെ ദീർഘമായ കൈകളും,
ബലിഷ്ഠമായ കാലുകളും,
താമരപോലെ ആയിരം ഇതളുകൾ വിടർന്ന
മുഖപേശികളും കൊണ്ട്‌
എന്നെ പുണർന്നും മുകർന്നും ശ്വാസം മുട്ടിക്കൂ...
നിന്റെ ഹൃദയത്തിന്റെ ഉറവകൾ
വിയർപ്പുചാലുകളായി എന്റെ ശരീരത്തിലൂടെ ഒഴുകട്ടെ ....

വിധിവശാൽ ഞാൻ ഒരു ആണായി പിറന്നു
പുരുഷനായി വളർന്നു
പെണ്ണായിപിറന്നിരുന്നെങ്കിൽ പറയാൻ കരുതിയതൊന്നും
ആണായപ്പോൾ ഒരു പെണ്ണും എന്നോട് പറഞ്ഞില്ല.
ഞാൻ വലുതായി
വലുതായി വലുതായി
ഒരു ലിംഗത്തോളം ചെറുതായി
ആഗ്രഹത്തോടെ നോക്കുന്ന ഓരോ പെണ്ണിനേയും
ചലിക്കുന്ന ശരീരാവയവങ്ങളിൽ ഏറ്റവും ചെറുതായ
ലിംഗം കൊണ്ടു തൊടാൻ കൊതിച്ചു,
സുദീർഘങ്ങളായ കരങ്ങളേയും, ബലിഷ്ഠങ്ങളായ കാലുകളേയും
കടൽത്തിരപോലെ ചലനാത്മകമായ
മുഖപേശികളേയും കുറിച്ച്‌ ഓർക്കുകപോലും ചെയ്യാതെ...

16/9/09

സദാനന്ദന്റെ സമയം...

സമയം കിട്ടിയില്ല
സമയം കിട്ടിയില്ല

പറഞ്ഞും കേട്ടും മടുത്തുപോയതുകൊണ്ടാണ്
സമയലാഭത്തിനുള്ള യന്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയത്.
ബസ് കാത്തു നിൽക്കുന്ന സമയം ലാഭിക്കാൻ,
ബൈക്ക് വാങ്ങി.
പത്രവായനക്കുള്ള സമയം
ടി.വികൊണ്ട് ലാഭിക്കുന്നു.
ലാൻഡ് ഫോണിലേക്കെത്താനുള്ള സമയം
മൊബൈൽ ഫോൺ കൊണ്ട്,
വെള്ളം കോരാനുള്ള സമയം
പമ്പ് സെറ്റ് കൊണ്ട്,
അലക്കിനുള്ള സമയം
വാഷിങ്ങ് മെഷീൻ കൊണ്ട്,
എന്നുമെന്നും പാകം ചെയ്യുന്ന സമയം
ഫ്രിഡ്ജ് വാങ്ങി ലാഭിച്ചു....
അടുക്കളയിലാണ് സമയലാഭത്തിനുള്ള
ഉപകരണങ്ങൾ അധികവും;
അടുപ്പുമുതൽ ആട്ടുകല്ലുവരെ,
തുടുപ്പുമുതൽ തോരനരിയാനുള്ളതു വരെ.....
എല്ലാത്തിനും കൂടിയിപ്പോൾ
ഒരൊറ്റ സ്വിച്ചിടുന്ന സമയമേ നഷ്ടമാകുന്നുള്ളു.

പക്ഷേ എന്തൊക്കെ ചെയ്തിട്ടും
ഇപ്പൊഴും ഒന്നിനും,
സമയം തികയുന്നില്ല.
സ്വപ്നം കാണാൻ,
പ്രേമിക്കാൻ,
കാമിക്കാൻ,
ജീവിക്കാൻ....
.......................................
സമയം കിട്ടുന്നില്ല
സമയം കിട്ടുന്നില്ല
എന്ന് പരിതപിച്ചുകൊണ്ട് തന്നെ
ആളുകൾ മരിച്ചുപോകുന്നു...........

എവിടെപ്പോകുന്നു,
യന്ത്രങ്ങൾകൊണ്ട് നമ്മൾ മിച്ചം പിടിക്കുന്ന
ഈ സമയം മുഴുവൻ...!
നമുക്ക് കിട്ടുന്നില്ലെങ്കിൽ
എന്തിനീ
സമയ ലാഭത്തിന്റെ യന്ത്രശേഖരം.. !
ഒരുനാൾ ഇതെല്ലാം കൂടി
തല്ലിയുടച്ചു കത്തിക്കണം.
അന്നേരം, പ്ലാസ്റ്റിക് കത്തുമ്പോൾ
മുകളിലേക്ക് ഗുമുക്കനെ കുതിക്കുന്ന
കറുത്ത നദിപോലെ,
ലാഭിച്ചുകിട്ടിയ സമയമെല്ലാംകൂടി
ഒറ്റയടിക്ക് പൊട്ടിച്ചാടുമായിരിക്കും
ലോകം അതിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുമായിരിക്കും.

14/9/09

എനിക്കറിയില്ല നിന്നെ...

ഇതു ഞാൻ തന്നെയോ എന്നെനിക്കറിയില്ല...
എന്നെപ്പോലെ ആരോ ഒരാൾ മാത്രം.
ഈ വെയിൽ, വെയിൽ തന്നെയോ എന്നുറപ്പില്ല,
വെയിൽപോലെ എന്തോ ഒന്ന്
അത്രമാത്രം.
ഈ പകൽ എത്ര ലളിതമാകുന്നു,
ഒരു പകൽ പോലെ അല്ലെങ്കിൽ
ആയിരം പകലുകൾ പോലെ...

വെളിയിൽ,
പൂക്കൾ പൂത്തു നിൽക്കുന്നു,
പക്ഷികൾ ഇണചേരുന്നു,
കാറ്റിൽ പായുന്ന മേഘങ്ങളിൽ,
ഒളിച്ചുകളിക്കുന്നു സൂര്യൻ.
മഴയിൽ കണ്ണടച്ചുകിടക്കുന്നു,
വെളിച്ചം.

പടികടന്നാരോ വരുന്നുണ്ട്...
എന്നെപ്പോലെ മറ്റൊരാൾ ...
കയ്യിൽ ആരോ കൊടുത്തയച്ച വിരൽ...
അതുകൊണ്ടയാളെന്നെ തൊട്ടേക്കാം
പക്ഷേ ഇതു ഞാൻ തന്നെയോ എന്നുറപ്പില്ലല്ലോ....
എല്ലാം നിശ്ചയിക്കപ്പെട്ടപോലെ നടക്കുന്നു
എന്റെ ദുരാത്മാവേ നിന്റെ ജീവിതം ഒഴികെ...

13/9/09

ഒരു മരത്തിന്റെ ജീവിതം

ഈ മരത്തിന്റെ ജീവിതമാണ് ജീവിതം.
എത്ര നിസഹായമാണത്!
ഇവിടെ മുളയ്ക്കണമെന്നോ
ഇവിടെ വളരണമെന്നോ അത് കരുതിയതല്ല്ല
ഇവിടെ ആരോ അതിനെ കാഷ്ടിച്ചുപോയി
അതിനാൽ ഇവിടെ.....

തനിക്കുവേണ്ടിയല്ലാതെ പെയ്ത മഴയിൽ
അത് മുളപൊട്ടി
താന്മൂലമല്ലാതെ ചീഞ്ഞുപോയവയിൽ
വേരുപടർത്തി
നദികൾ വഴിമാറിയൊഴുകാത്തതുകൊണ്ട്
അത് ഒലിച്ചുപോയില്ല.
ഇലകൾ കയ്പ്പായതുകൊണ്ട്
ഒന്നും കടിച്ചുപോയില്ല.

കാലങ്ങളായി
അത് ഇവിടെ നിൽക്കുന്നു
ഇതാ ഈ പാറപോലെ,
ഇലകളും പൂക്കളും ഉള്ള ഒരു പാറ.
അത് സ്വപ്നം കാണുന്നുണ്ടാവുമോ
പക്ഷികൾക്കൊപ്പം പറക്കുന്ന കാലം!

11/9/09

പാചകം

പ്രണയത്തിന്റെ പാചകപ്പുരയിൽ
അവനെയും അവളെയും നുറുക്കിവെച്ചിട്ടുണ്ട്
ഉപ്പുചേർത്തിട്ടുണ്ട്
മുളകുചേർത്തിട്ടുണ്ട്
പാചകത്തിനു പാകമായിട്ടുണ്ട്..

അടുപ്പുകത്തുന്നുണ്ട്
എണ്ണതിളയ്ക്കുന്നുണ്ട്
ഫ്ലേവർ ലോക്ക് പൊട്ടിച്ച്
മസാലമണങ്ങൾ
അന്തരീക്ഷത്തിലേക്ക് ഒളിച്ചോടിയിട്ടുണ്ട്...

തിക്കിത്തിരക്കുന്നുണ്ട്
രുചിയുടെ ഉത്പ്രേക്ഷകൾ
ഊട്ടുപുരയിൽ

പാചകക്കാരാ
പാചകക്കാരാ
നീ എവിടെപ്പോയിക്കിടക്കുന്നു
ബീഡിവലിക്കാനോ
പട്ടയടിക്കാനോ
അതോ കാമുകിയുടെ മിസ്കോളുവന്നോ?

10/9/09

ഇന്നലെ മുഴുവൻ
നീ
ഇന്നലെ തൊടുത്ത അമ്പ്
എന്റെ ഹൃദയത്തിൽ തറച്ചു.
ഞാൻ അതുമായി ഇന്നലെ മുഴുവൻ
പറക്കുകയായിരുന്നു.
കടലുപോലെ തോന്നിക്കുന്ന
ഒരു നദി കടന്നു.
കണ്ണീർച്ചാലുപോലെ
മെലിഞ്ഞുപോയ ഒരു കടലും.
മേഘങ്ങൾ ഒഴിഞ്ഞുപോയ ആകാശത്ത്
ഞാൻ പ്രണയത്തിന്റെ സിംബലായി..
എന്നെ നോക്കി ഭൂമിയിലെ കുട്ടികൾ
കൂക്കിവിളിച്ചു.
എനിക്ക് സമാന്തരമായി
വേദനയുടെ ചൂളംവിളി മുഴക്കി
ഒരുതീവണ്ടി കടന്നുപോയി.
അതിന്റെ ജാലകസീറ്റുകളിലിരുന്ന്
ഉറങ്ങുകയായിരുന്ന ആണുങ്ങളും പെണ്ണുങ്ങളും
എന്നെ നോക്കി പരിഹാസച്ചിരിമുഴക്കി.
എനിക്കറിയാം, നീ എയ്തുവിട്ട അമ്പുമായി
ഞാൻ പറന്നു തളരുമ്പോൾ
താഴെ വീഴുന്നതും പ്രതീക്ഷിച്ച്
നീ
എന്റെ പിന്നാലെ ഓടുന്നുണ്ടായിരുന്നിരിക്കും,
താഴെ ഭൂമിയിലൂടെ മരങ്ങൾക്ക് മറവിൽ
പൂക്കളുടേയും ഇലകളുടേയും തണലിൽ.
ആകാശത്തിൽ ഞാൻ
പറന്നുകൊണ്ടേയിരുന്നു,
എനിക്ക് മുകളിൽ
ഏകാകിയായ സൂര്യന്റെ കീഴെ
നഗ്നമായ ഒരു പ്രണയ ചിഹ്നം.
ഇന്നലെ മുഴുവൻ..
ഇന്നലെ മുഴുവൻ..

8/9/09

അനുസാരികൾ

എന്റെ മകൻ അനുസരണയുള്ളവനാണ്
അങ്ങനെയല്ലേ വരൂ
അവൻ എന്റെ മകനല്ലേ
ഞാൻ അച്ഛനെ അനുസരിച്ചാണ് വളർന്നത്
അച്ഛൻ അപ്പൂപ്പനെ
അപ്പൂപ്പൻ വല്യപ്പൂപ്പനെ
വല്യപ്പൂപ്പൻ
വല്യവല്യപ്പൂപ്പനെ...
ഞങ്ങൾ കുടുംബത്തോടെ
അനുസരണയുള്ളവരാണ്.
എന്റെ ഭാര്യയും അനുസരണയുള്ളവളാണ്
അവൾ എന്നെ അനുസരിച്ചാണ് ജീവിക്കുന്നത്
അതങ്ങനെയല്ലേ വരൂ
അവളുടെ അമ്മയും അങ്ങനെയാണ്
അവളുടെ അച്ഛനെ അനുസരിച്ചാണ് ജീവിക്കുന്നത്
അവളുടെ അമ്മൂമ്മയും അങ്ങനെതന്നെയായിരുന്നു
അവളുടെ അപ്പൂപ്പനെ അനുസരിച്ചായിരുന്നു
ജീവിച്ചിരുന്നത്.
അവരൊക്കെ കുടുംബത്തോടെ
അനുസരണയുള്ളവരാണ്.
അതുകൊണ്ടാണല്ലോ ഞങ്ങൾതമ്മിൽ ചാർച്ചയുണ്ടായത്
അച്ഛൻ എന്നോട് പറഞ്ഞു
നല്ല അനുസരണയുള്ളവൾ
ഇവളെക്കെട്ടിക്കോ
ഞാൻ അനുസരിച്ചു
അപ്പൂപ്പൻ അച്ഛനോട് പറഞ്ഞു
അനുസരണമുള്ളവൾ
ഇവളെക്കെട്ടിക്കോ
അച്ഛൻ അമ്മയെക്കെട്ടി
മുതുമുത്തച്ഛൻ പറഞ്ഞു
അനുസരണമുള്ളവൾ
ഇവളെക്കെട്ടിക്കോ
അപ്പൂപ്പൻ അമ്മൂമ്മയെക്കെട്ടി
എന്തിനധികം പറയണം,
തലമുറതലമുറയായി കൈമാറിവന്നതാണ്
അനുസരിപ്പെന്ന ഈ സദ്ഗുണം!
അനുസരിക്കലിന് പേരുകേട്ടകുടുംബമായതിനാൽ
ഞങ്ങൾക്ക് തലമുറകളായി സംസാരിക്കേണ്ടിവന്നിട്ടേയില്ല.

7/9/09

എനിക്ക് വയ്യ.

വേണമെങ്കിൽ എണീറ്റ്
അടുക്കളയിൽ പോയിരിക്കാം
പച്ചക്കറിയരിഞ്ഞോ
പാത്രം കഴുകിയോ
ഉപ്പുനോക്കിയോ
അവളെ സഹായിക്കാം

വേണമെങ്കിൽ
അമ്പിളിയമ്മാവനെത്താ‍ാ‍ാ‍ാന്ന്
കൈകവച്ച്
വലിയവായിൽ നിലവിളിക്കുന്ന
ഇളയകുഞ്ഞിനെ എടുത്ത്
മുറ്റത്ത് നടക്കുകയോ
തോളിലേറ്റി കൊക്കാമ്മണ്ടി
കളിക്കുകയോ ചെയ്ത്
അതിന്റെ കരച്ചിലാറ്റാം

വേണമെങ്കിൽ
കല്ലുന്തിനിൽക്കുന്ന ഇടവഴിയേ
കുടിച്ച് കൂ‍ത്താടിയാടി
തപ്പിത്തപ്പിപ്പോകുന്ന
വല്യച്ചന്റെ കൈപിടിച്ച്
വീഴാതെ വീട്ടിൽ കൊണ്ടുചെന്നാക്കാം
അയാളുടെ പല്ലുപോകാതെ കാക്കാം

വേണമെങ്കിൽ
അപ്പുറത്ത് ഒറ്റയ്ക്ക് കഴിയുന്ന വീട്ടിനെ
നിർത്താതെ കുരച്ച് പേടിപ്പിക്കുന്ന
ഇലയനക്കം ഇറങ്ങിനോക്കി
തിണ്ണയിൽ പാളിപ്പതുങ്ങുന്ന
മണ്ണെണ്ണവിളക്കിന്റെ
പേടിമാറ്റാം.

വേണമെങ്കിൽ
ചെന്നുപിടിക്കാൻ
അവിടെ..അല്ലെങ്കിൽ ഇവിടെ..
അല്ലെങ്കിൽ എവിടെയോ
ആരുടെയെങ്കിലുമോ
കൈകൾ നീണ്ടുനിൽക്കുന്നുണ്ടാവും
ആരും പിടിക്കാതെ
ആടിയാടി അന്തരീക്ഷത്തിൽ

വേണമെങ്കിൽ
ചെയ്യാൻ എന്തരെല്ലാം ഉണ്ട് അല്ലേ
പക്ഷേ വേണമണ്ടേ...!

5/9/09

എന്തുപേരിടും ഇതിന് !

നമ്മൾ കരുതുന്നപോലെ
അയാൾ ഇപ്പോൾ
ജീവിച്ചുകൊണ്ടിരിക്കുന്നത്
അയാളുടെ ജീവിതമല്ല
ജനിച്ചപ്പോൾതന്നെ
പിടിച്ചെടുത്ത ഒന്നാണ്
മഴയിൽ പുറന്തോട് പൊട്ടി
പുറത്തുവരുന്ന പുൽനാമ്പ്
ആദ്യം കാണുന്ന മൺ‌തരിയോട്
ചെയ്യുന്നപോലെ
അനുമതിചോദിക്കാതെ
ഒത്തുതീർപ്പുകളില്ലാതെ
ഏറ്റവും ലളിതമായി ചെയ്ത
അവകാശസ്ഥാപനം..

4/9/09

ഓരോരോ പോസിൽ ഓരോരോ ചിന്തകൾ

ഇന്നലത്തെപ്പോലെ
മിനഞ്ഞാന്നത്തെപ്പോലെ
അതിനും മുൻപുള്ള അനന്തകോടി ദിവസങ്ങളിലേപ്പോലെ
വെറുതേ ജീവിച്ചു തള്ളുന്നതല്ലാതെ
എന്ത് കോപ്പാണെടോ നീ ചെയ്യുന്നതെന്ന്
ഞാൻ എന്നോട് ചോദിച്ചു
ചാരുകസേരയിൽ നിന്ന് ചാടിയെണീറ്റിരുന്ന്
ഞാൻ ആ ചോദ്യത്തെപ്പറ്റി ചിന്തിച്ചുതുടങ്ങി
കൈ താടിയിൽ കൊടുത്ത്
ആകാശത്തിലേക്ക് നോക്കി
ഗഹനമായ ഒരു ചിന്ത..
(ആരെങ്കിലും ഒരു ഫോട്ടോ എടുത്തെങ്കിൽ)

പെട്ടെന്ന് വഴിയിലൂടെ
ഒരു പെണ്ണ് നടന്നുപോകുന്നതിന്റെ
അല്ല
വെയിലിൽ അവളുടെ ചിരിയുടയുന്നതിന്റെ
അല്ല
നിലത്ത് അവളുടെ ചെരുപ്പുരയുന്നതിന്റെ
അല്ല
കാറ്റിൽ അവളുടെ പാവാടയുലയുന്നതിന്റെ
അല്ല
സ്വപ്നത്തിൽ അവളുടെ തുണിയഴിയുന്നതിന്റെ
ശബ്ദം കേട്ട് ഞാനുണർന്നു.

ഇവളെപ്പോലെ ഒരുവളെ
ഇന്നലെ
ഇവളെക്കാൾ നല്ല ഒരുത്തിയെ
മിനഞ്ഞാന്ന്
അവളെക്കാളും നല്ല നല്ല ഓരോരുത്തിമാരെ
അതിനും മുൻപുള്ള അനന്തകോടി സ്വപ്നങ്ങളിൽ
ഭോഗിച്ചു തള്ളുന്നതല്ലാതെ
എന്ത് @#$$^%^&& ടാ നീ ചെയ്തിട്ടുള്ളതെന്ന്
ഞാൻ എന്നോട് ചോദിച്ചു.
അത് കേട്ടതും
അതേയിരുപ്പിൽ ഞാനൊന്ന് ചെരിഞ്ഞിരുന്നു
ചിന്തിക്കാൻ വേണ്ടിയല്ല,
വളവു കഴിയുമ്പോൾ അവൾ കാഴ്ചയിൽ നിന്ന്
മറഞ്ഞുപോകാതിരിക്കാൻ..
അവൾ പോയിക്കഴിഞ്ഞതും
മലയിടിഞ്ഞുപോയപോലെ
ഞാൻ കസേരയിലേക്ക് വീണു
ചിന്തതുടങ്ങി..
(ആരും അതു കാണാതിരുന്നെങ്കിൽ)

പാസഞ്ചര്‍ : ആര്‍ജവത്തിന്‌ നൂറ്‍ മാര്‍ക്ക്‌

പുതിയ പ്രതിഭകൾ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊർജ്ജം പ്രസരിപ്പിക്കുക. മലയാള സിനിമയുടെ കാര്യത്തിലാണെങ്കിൽ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയിൽ തുടർന്ന് വന്നിരുന്ന രീതികളിൽ നിന്നും ഒട്ടും വ്യത്യസ്തമായ പാതകൾ തുറന്നില്ല.സ്ഥിരം ഫോമുലകളിൽ തന്നെയായിരുന്നു ഇവരുടേതായി വെളിയിൽ വന്ന ചിത്രങ്ങൾ ഒക്കെയും.ബ്ലെസി (കാഴ്ച)റോഷൻ ആൻഡ്ര്യൂസ്(ഉദയനാണ് താരം) അൻ‌വർ റഷീദ് (രാജമാണിക്യം) അമൽ നീരദ് (ബിഗ് ബി) എന്നീ സംവിധായകരുടെയെല്ലാം ചിത്രങ്ങൾ മികച്ച വിജയം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.കുടുംബം,പ്രണയം,പാട്ട്,നായകൻ, നായിക, താരം ഈ പന്ഥാവിൽ തന്നെയായിരുന്നു ഇവയൊക്കെയും.ഈ പശ്ചാത്തലത്തിലാണ് നവാഗത സംവിധായകനായ രഞ്ജിത് ശങ്കറിന്റെ പാസഞ്ചർ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്, ശ്രദ്ധേയമാകുന്നത്.

അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചർ പറയുന്നത്.കരിമണൽ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉൻ‌മൂലനാശനം ചെയ്യാനുള്ള ഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന ഒരു പത്രലേഖികയുടെയും അഭിഭാഷകനായ ഭർത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെർനെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാൻ സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ
കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ
അന്ധമായി വിശ്വസിക്കുന്ന കൂർമ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ അതിശയോക്തി കലർന്ന സ്ഥിരം
ചേരുവകളുടെ ജനിതകവ്യതിയാനം വരുത്തിയ വിത്തുകളാണെന്ന് പറയാതെ വയ്യ.വർഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ് സ്ഫോടനം
കൊണ്ടും ഉള്ള ഒഴിപ്പിക്കൽ തന്ത്രങ്ങൾക്ക് മറ്റൊരു മാർഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ
യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ
ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.

എന്നാൽ പ്രമേയത്തെ മാറ്റി നിർത്തിയാൽ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കൽ‌പ്പിക്കാൻ കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചർ എന്ന സിനിമ പ്രേക്ഷകനെ അഭിമുഖീകരിക്കുന്നത്.അവതരണം,താരനിർണയം എന്നിവയിലുള്ള വിപ്ലവകരമായ മാറ്റം കൊണ്ടു മാത്രമല്ല നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയിൽ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുൻപ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ പതിവു വഴിയിൽ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങൾ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റിൽ ഊന്നി നിൽക്കാനുള്ള ആർജ്ജവം പാസഞ്ചർ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിൻബലമില്ലാതെയും ഒരു മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ മികവാണ്.

ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള
സിനിമയ്ക്ക് തീരാശാപമായ നായകസങ്കൽ‌പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
ഉണ്ടയുണ്ടാക്കുന്നത് മുതൽ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താൻ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന
നായകൻ‌മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കൽപ്പിക്കാനാവാത്ത ഒന്നാണ്
സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാൻ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകൻ‘.
പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ്
നന്ദൻ മേനോൻ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട്
പോകുന്നത്.ഇത് തീർച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാൻ പോകുന്ന
പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കിൽ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കൽ‌പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കർ.

ദിലീപ്,മംത,ശ്രീനിവാസൻ,ആനന്ദ് സാമി,ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം,ദൃശ്യങ്ങളെക്കാൾ സംഭാഷണത്തിനുള്ള പ്രാമുഖ്യം,പശ്ചാത്തല സംഗീതത്തിനുള്ള സ്ഥിരം ശൈലി,പിരിമുറുക്കമുള്ള സീനുകളിലും നർമ്മം കുത്തിത്തിരുകാനുള്ള വ്യഗ്രത എന്നിവയിൽ ഒരു ശരാശരി സിനിമയുടെ നിലവാരമാണ് പാസഞ്ചർ പുലർത്തുന്നത്
എങ്കിലും.സ്ഥിരം ഫോർമുലകളിൽ നിന്ന് വ്യതിചലിക്കാനുള്ള ആർജ്ജവം, സിനിമയെ അതിശയിപ്പിക്കാത്ത
രീതിയിലുള്ള കഥാപാത്രസൃഷ്ടി എന്നിവകൊണ്ട് പാസഞ്ചർ സമീപകാലത്ത് വന്ന നവസംവിധായകരുടെ
സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു.


എഴുത്ത് ഓൺ‌ലൈനിൽ വന്നത് ഓർമ്മയ്ക്കായി സൂക്ഷിക്കുന്നത്