പിടുക്കന്‍

നന്ദി
നന്ദി
നന്ദിയെന്നു ചൊല്ലാന്‍
ടീച്ചറെന്നെ പഠിപ്പിച്ചു

നന്ദി
നന്ദി
നന്ദിയെന്നു ചൊല്ലാഞ്ഞാല്‍
അമ്മയെന്നെ അടിച്ചു

നന്ദി
നന്ദി
നന്ദിയെന്നു ഞാന്‍
എല്ലാരോടും ചൊല്ലി

നന്ദി
നന്ദി
നന്ദിയെന്നു ഞാന്‍
എല്ലാത്തിനും ചൊല്ലി

മിടുക്കന്‍
മിടുക്കന്‍ എന്നെന്നെ
എല്ലാരും പുകഴ്ത്തി

നന്ദി
നന്ദിയെന്നു ചൊല്ലിച്ചൊല്ലി
ദൈവാനുഗ്രഹവുമുണ്ടായി

നാലുകാലും
വാലും
ഭാരിച്ചൊരു പിടുക്കുമുള്ളൊരു*
ദൈവം പ്രത്യക്ഷനായി

നാഴികയ്ക്ക്‌
നാല്‍പ്പതുവട്ടം
എന്റെ പേര്‌ ജപിച്ചതിനാല്‍
അനുഗ്രഹിക്കുന്നു
എന്ന് വെളിപാടുണ്ടായി

അതിനു ശേഷമെല്ലാരുമെന്നെ
പിടുക്കന്‍
പിടുക്കന്‍
എന്നു വിളിച്ചുതുടങ്ങി.

*വൃഷണം

കുബ്ബൂസ്

ആഹാരത്തിന്റെ
രാഷ്ട്രീയം എന്ന
കാവ്യമീമാംസയില്‍
കുബ്ബൂസിനെക്കുറിച്ചും
കവിതയുണ്ട്‌

പപ്പടം മുതല്‍
പരിവട്ടം വരെയുള്ള
വിശപ്പിന്റെ എല്ലാ
വ്യാപ്തങ്ങളേയും
ഒരു റിയാലിന്റെ
ഒറ്റവട്ടം കൊണ്ട്‌
ഓര്‍മ്മിപ്പിക്കുന്നു
കുബ്ബൂസ്‌.

മഗല്ലനും
മലയാളിയും
കണ്ടെത്തിയ
വൃത്തപരിധികള്‍
കുബ്ബൂസിലൊന്നിക്കുന്നു
എന്നു തോന്നും.

റിയാദ്‌-തിരുവനന്തപുരം-
റിയാദ്‌ എന്ന
സ്വസ്ഥതക്കേടിന്റെ
ചുറ്റളവിലേക്ക്‌
ദഹിച്ചുചേരും മുന്‍പ്‌
പറയൂ കുബ്ബൂസേ

ഇനിയും
പരത്തിയിട്ടില്ലാത്ത
ഉരുളകളാണോ
നക്ഷത്രങ്ങള്‍ക്ക്‌ ചുറ്റും
കറങ്ങി നടക്കുന്നത്‌ ?


*അറബിനാട്ടിലെ റൊട്ടി

അച്ഛന്റെ ഉമ്മ

എത്ര ശ്രമിച്ചിട്ടും
അച്ഛന്‍ എന്നെ
ഏറ്റവും ഒടുവില്‍
ഉമ്മവച്ചതെന്നാണെന്ന്
ഓര്‍മ്മ കിട്ടുന്നില്ല.

ഒരുപക്ഷേ
എനിക്ക്‌ മീശരോമങ്ങള്‍
കിളിര്‍ത്തുതൂടങ്ങിയതില്‍ പിന്നെ
അദ്ദേഹം സാധാരണ
ചെയ്യാറുള്ള പോലെ,
ഞാന്‍ ഉറങ്ങിയെന്ന്
ഉറപ്പുവരുത്തിയശേഷമാവും
അത്‌ ചെയ്തിട്ടുണ്ടാവുക

പതിവുപോലെ
രാത്രിവൈകി
പുകയില മണമുള്ള ചുണ്ടുകള്‍
എന്റെ കവിളിലും നെറ്റിയിലും
പുരളുന്നതും
കുരുടന്‍ നഖമുള്ള
മുരട്ടു വിരലുകള്‍
എന്റെ മുടിയിഴ വകയുന്നതും കാത്ത്‌
ഉറക്കം നടിച്ച്‌
ശ്വാസം പിടിച്ച്‌ കിടന്നിരുന്ന ഞാന്‍
അപ്രതീക്ഷിതമായി
ഏതോ നശിച്ച ഉറക്കത്തിന്റെ
നീലച്ചുഴിയിലേക്ക്‌
പിരിഞ്ഞ്‌ പോയിട്ടുണ്ടാകാം

പിന്നീട് ഞാന്‍
വെണ്ടക്കപോലെ മുറ്റി
വിത്തിനും കൊള്ളാതാവുകയും
വയസ്സന്‍ കാഞ്ഞിരം പോലെ അദ്ദേഹം
വിറകിനും കൊള്ളാതാവുകയും ചെയ്തു.

അതുകൊണ്ടാവാം
ചരിത്രത്തില്‍ രേഖപ്പെടുത്താത്ത
വമ്പിച്ച പ്രളയങ്ങള്‍പോലെ
മുങ്ങിയ കൊട്ടാരങ്ങളെക്കുറിച്ചുള്ള
കെട്ടുകഥകളും
ഒലിച്ചുപോയ അടുക്കളപ്പാത്രങ്ങളുടെ
അഭ്യൂഹങ്ങളും മാത്രമായി
ഞാന്‍ അച്ഛന്റെ ഒടുവിലത്തെ
ഉമ്മയെ ഭാവന ചെയ്യുന്നത്‌.

പുഴകുളി

ഇരുട്ടുള്ള രാത്രിയില്‍
പുഴയില്‍ കുളിക്കുന്നത്‌
ശീലമായിരുന്നു.
ഇരുട്ടു കനത്താല്‍
ഈരിഴയന്‍ തോര്‍ത്തും ചുറ്റി
പുഴയിലേക്ക്‌ നടക്കും.

പുഴയിലേക്കുള്ള വഴിയില്‍
പകലുപോലെ ചില
പട്ടിണികള്‍
കക്കാനിറങ്ങുന്നുണ്ടാവും
പലവുരു പാടിയിട്ടും
തീരാത്ത പ്രണയം
ചില കാമുകന്മാര്‍
പതിയെപ്പാടുന്നുണ്ടാവും
കൂമനും കാട്ടുകോഴിയുമത്‌
മൂളിമുഴുമിപ്പിക്കുന്നുണ്ടാവും.
മിന്നാമ്മിന്നികള്‍ക്കൊപ്പം
ബീഡിവെളിച്ചങ്ങളും
പാറിനടക്കുന്നുണ്ടാവും
മുഖം കാണാത്ത പുഞ്ചിരികള്‍
കുശലം ചോദിക്കുന്നുണ്ടാവും
പുഴയിലേക്കുള്ളവഴിയില്‍
വെട്ടത്തിന്റെ പാല്‍പ്പാടയുണ്ടാവും.

പുഴക്കരയിലെത്തിയാല്‍
ചെരുപ്പുമുതല്‍
അടിയുടുപ്പുവരെ
മുഷിഞ്ഞുനാറുന്ന നഗ്നതകള്‍
ഊരിവച്ച്‌ വെള്ളത്തിലോട്ട്‌
ബ്ലും എന്നുചാടും
തമിഴത്തിപ്പെണ്ണുങ്ങള്‍
ചേലചുറ്റുന്നപോലെ
പുഴയെ കരയോട്‌ കരപിടിച്ച്‌
കുടഞ്ഞ്‌ ഞൊറിഞ്ഞുടുക്കും
തണുപ്പിന്റെ വരാലുകള്‍
ഉരുമ്മി നീന്താന്‍ തുടങ്ങും

പുഴയുടുത്തും കൊണ്ട്‌
വെളുക്കുവോളം
ഇരുട്ടില്‍ത്തന്നെ
നിന്നാലെന്തെന്ന് തോന്നും
വരാലുകള്‍ കൊത്തിപ്പറിക്കുമ്പൊള്‍
കരകയറി നടക്കും.

ഒരുനാള്‍ അബദ്ധത്തില്‍
പുഴയെ ഉടുത്ത്
പെരുവഴിയേ നടന്നു
ഏതോ വേട്ടക്കാരന്റെ
വെളിച്ചത്തിനു മുന്നില്‍പെട്ടു
എന്തുകൊണ്ടോ അവനെന്നെ
കൊല്ലാതെ വിട്ടു.

അവന്റെ കയ്യില്‍
തോക്കും നോക്കും ഉണ്ടായിരുന്നു
എനിക്കോ നാക്കില്ലാത്തൊരു
വാക്കുമാത്രവും.

പറവകളുടെ ആകാശം,മീനുകളുടെ കടല്‍

പറക്കുന്നവയുടെ
ആകാശവും
പറക്കാനാകാത്തവയുടെ
ആകാശവും വേറിട്ടതാണ്
പറവകള്‍ക്ക് ആകാശം
സഞ്ചാരത്തിനുള്ള
ഉപാധിയാകുമ്പോള്‍
പറക്കാത്തവ
ആകാശത്തെ നോക്കി
മഴപെയ്യുമോ,മഞ്ഞുരുകുമോ
എന്നൊക്കെ പ്രവചിക്കുന്നു

മീനുകളുടെ കടലും
മുക്കുവന്റെ കടലും
വേറിട്ടതാണ്
മീനുകള്‍ക്ക് കടല്‍
ജീവിതം തന്നെയാകുമ്പോള്‍
മുക്കുവന് കടല്‍ ഉപജീവനമാകുന്നു.

കുപ്പത്തൊട്ടി

കുപ്പത്തൊട്ടീ
ലോകത്തെ മുഴുവന്‍
വെടിപ്പാക്കാമെന്നു നീ
വാ പൊളിച്ചിരിക്കുന്നില്ലയോ
നിന്റെ വായിലേക്ക്‌
തള്ളുന്നതൊക്കെയും
നീ വിഴുങ്ങുന്നില്ലയോ
വാടിയ പൂ
ചൂടിയ പൂ
ചൂടാറുംമുന്‍പ്‌ ആറാടിയപൂ
ചുട്ടതും
ചുടാത്തതും
കെട്ടതും കെടാത്തതും
കെട്ടുപൊട്ടിപ്പൊലിഞ്ഞതും
പെറ്റതും,പെറാത്തതും
പെറാതിരിക്കാനണിഞ്ഞതും
പൊറാട്ടുനാടകങ്ങളും
കുപ്പത്തൊട്ടീ
നീ വിഴുങ്ങുന്നില്ലയോ
കെട്ട നാറ്റം നീ പുഴുങ്ങുന്നില്ലയോ
തള്ളട്ടയോ ഞാനെന്നെ
കുപ്പത്തൊട്ടീ നിന്റെ
നിത്യ നിതാന്തമാം
വിശപ്പിനുള്ളില്‍,
കണ്ണില്ലാത്തവനേ
കാതില്ലാത്തവളേ
മൂക്കില്ല്ലാത്തവനേ
നാക്കില്ലാത്തവളേ
കയ്യില്ലാത്തവനേ
കാലില്ലാത്തവളേ
തവളേ
തവളേ

ചോരയുടെ അവസ്ഥകള്‍

ചോര എന്ന ദ്രവ്യത്തിന്
മൂന്നവസ്ഥകളുണ്ട്
ഖരം
ദ്രാവകം
വാതകം

വാതവകാവസ്ഥയിലെ ചോരക്ക്
രൂപവും രുചിയും മണവും
ഉണ്ടായിരിക്കില്ല.
ചോര
വാതകാവസ്ഥയില്‍
വ്യാപരിക്കുമ്പോഴാണ്
അപരിചിതരായ
ആരുടെയെങ്കിലും
വിരല്‍ മുറിയുന്നത് കണ്ടാലും
ബലൂണ്‍ പോലെ ചിലര്‍
അബോധത്തിലേക്ക്
പറന്നുപോകുന്നത്.

ദ്രാവകാവസ്ഥയിലെ ചോര
എപ്പോഴും തിളച്ചുകൊണ്ടേയിരിക്കും
പ്രതികാരാഗ്നിയിലോ
പ്രതിഷേധാഗ്നിയിലോ
പ്രണയാഗ്നിയിലോ
ആകാം അത്.
രുചിയും മണവുമുണ്ടാകും
പക്ഷേ രൂപമുണ്ടാകില്ല.
തിളച്ച് മറിഞ്ഞ്
കുന്തിപ്പുഴപോലെ
കുത്തിയൊഴുകുന്ന
ചോരയിലാണ്
ചരിത്രത്തില്‍ ചക്രവര്‍ത്തിമാര്‍
അഭിഷിക്തരായിരുന്നതും
മഹാകവികളാകേണ്ടിയിരുന്നവര്‍
മുങ്ങിമരിച്ചതും.

ഖരാവസ്ഥയിലെ ചോരക്കാണ്
ഏറ്റവും സൌന്ദര്യം.
രൂപവും മണവും
രുചിയുമുണ്ടാകും.
ഭാവനാപൂര്‍ണ്ണമായി
അലങ്കരിച്ച
പുഡ്ഡിം‌ഗ് പോലെ
നാവില്‍ വെള്ളമൂറിക്കുന്ന
കാഴ്ചയാണത്.
തലമുറിഞ്ഞുപോയ
കഴുത്തിന് മുകളില്‍ നിന്ന്
നമുക്കതിനെ നക്കിയെടുക്കാന്‍ തോന്നും.

നിശബ്ദം

ഒരു പുസ്തകം പോലെ
ഞാന്‍ നിശബ്ദനായിപ്പോയി.

മണ്ണിരയും മനുഷ്യനും

മണ്ണിരയ്ക്കും
മനുഷ്യനും തമ്മില്‍
എന്തു വ്യത്യാസം...
രണ്ടറ്റവും തുറന്ന
ഒരു കുഴല്‍!

ചുറ്റുമുള്ള ചെളി
തിന്നുവേണം
നമുക്കും നമ്മുടെ
വഴിതെളിക്കാന്‍.

മണ്ണിരയ്ക്കില്ലാത്തതായി
മനുഷ്യനുള്ളതൊക്കെ
ഒരു കഴുതക്കുമുണ്ട്.
അതില്‍ കൂടുതലും.

ഒരു മനുഷ്യനും
കഴുതയ്ക്കും തമ്മില്‍
എന്തു വ്യത്യാസം.
ജീവനുള്ള ഒരു
ചുമടുതാങ്ങി!

ആരുടെയൊക്കെയോ
ഭാരം ചുമന്നുവേണം
നമുക്കും നമ്മുടെ
വഴിനടക്കാന്‍.

കുളിമുറിയിലെ നഗ്നസത്യം

കുളിമുറിയിലെ
പുലര്‍മഴയില്‍
നഗ്നമാകുന്ന
സത്യമാകുന്നു ഞാന്‍

വെയിലുവീഴാത്ത
വയലുപോലെ
വിളറി വാച്ച
വിരൂപദേഹം

പൂപ്പലോടിയ
ചുണ്ടുകള്‍
ചുംബനങ്ങള്‍
മറന്നിരിക്കുന്നു

കണ്ണുകള്‍ സിഗ്നല്‍
ബള്‍ബുകള്‍പോലെ
മിന്നിമിന്നിച്ചുവന്ന്
നില്‍ക്കുന്നു

കാതിലൂടെ മുളച്ച
പുകക്കുഴല്‍
കൊമ്പുകളായ്
വളര്‍ന്നിരിക്കുന്നു

മൂക്കിലൂടെ
ഓക്സിജന്റെ
നീളമുള്ള
വേരു പൊട്ടുന്നു

കാലുകള്‍ വീ‍ലു
വെച്ചപോലെ
വേഗതകള്‍
പഠിച്ചിരിക്കുന്നു

കൈവിരലുകള്‍
അക്ഷരങ്ങളില്‍
കുത്തിനിര്‍ത്തിയ
പോലെയാകുന്നു

സമയമായെന്ന്
തൊണ്ടയില്‍ നിന്നു
മൊരു സയറണു-
യര്‍ന്നുകേള്‍ക്കുന്നു.

നീറി നില്‍ക്കുന്ന
നെഞ്ചിനെ
വയര്‍ ഒറ്റവീര്‍പ്പിന്
തിന്നു തീര്‍ക്കുന്നു

കുളിമുറിയിലെ
നഗ്നസത്യം
റോഡിലൂടെ
കുതിച്ചുപായുന്നു.