പെട്ടെന്ന് പെട്ടെന്ന്പെട്ടെന്ന് മരണം എന്നെ ഓർമിച്ചു
എന്റെ പേരുവിളിച്ചു
ഞാൻ മിണ്ടിയില്ല
അടുത്തിരിപ്പുണ്ടായിരുന്നവർ
നിന്നെയാണ് നിന്നെയാണ്എന്ന്
എന്നെ തോണ്ടി
പൊലയാടിമക്കളേ എന്ന്
പല്ലിറുമ്മി ഞാൻ കുനിഞ്ഞിരുന്നു
എന്റെ പേര് ഞാൻ മറന്നുപോയി
ഞാൻ എന്നോടുതന്നെ പറഞ്ഞു
മരണം അക്ഷമനായി
ആൾക്കൂട്ടത്തിനിടയിലേയ്ക്ക്
പാഞ്ഞുകയറാൻ തുടങ്ങി
പെട്ടെന്ന് മരണത്തിന്റെ മരണം
അതിന്റെ പേരു വിളിച്ചു
മണിമുഴങ്ങി, സമയം കഴിഞ്ഞു
ഞാൻ രക്ഷപെട്ടു
പോയപോക്കിൽ മരണം
അവനെ കൊണ്ടുപോയി/അവളെക്കൊണ്ടുപോയി
അങ്ങനെ അവൻ മരിച്ചു/അവൾ മരിച്ചു
നമ്മളെല്ലാം രക്ഷപെട്ടു
പെട്ടെന്ന് ജീവിതം പൊട്ടിച്ചിരിച്ചുകൊണ്ട്
അതിന്റെമുഖമ്മൂടി അഴിച്ചുമാറ്റി
പെട്ടെന്ന്
പെട്ടെന്ന് നമ്മളെല്ലാം
മരിച്ചവരായിമാമോദീസപ്പെട്ടു...

ഒരു സ്മരണകവിത


അവന്‍ മരിക്കാന്‍ കിടന്ന രാത്രിയെക്കുറിച്ച് ഓര്‍ക്കുകയാണ്..
അവന്‍ മരിക്കാന്‍ കിടന്ന-
ആശുപത്രി ഇടനാഴിപോലെ നീണ്ടുനേര്‍ത്ത രാത്രി..
മുറിച്ചുപങ്കുവെയ്ക്കാത്ത ഒരു മുഴുവന്‍ തണ്ണിമത്തന്‍ പോലെ
സമയം വളര്‍ന്നുവളര്‍ന്ന് മറ്റൊരു പ്രപഞ്ചഗോളമായി..
ഇടനാഴിയില്‍ ഞാന്‍ ഒറ്റയ്ക്ക്
അതിനെ അങ്ങറ്റം ഇങ്ങറ്റം ഉരുട്ടിക്കളിച്ചു..
ഉള്ളില്‍ അവന്‍ മരണത്തിന്റെ പൂര്‍ണഗര്‍ഭം..
സുഖമായി മരിക്കുമോ അതോ
ഒരിക്കലും ഉണരാത്ത ഒരു ചാപിള്ളയെ അവര്‍ കീറിയെടുക്കുമോ..
വേവലാതി എന്നെ പുണര്‍ന്ന് ശ്വാസം മുട്ടിച്ചു.
ചാറ്റുകളില്‍ അവന്റെ അപരനാമം പോപ്പപ്പ് ചെയ്ത്
ഉടഞ്ഞു വീണ വളച്ചില്ലുപോലുള്ള അടയാളങ്ങള്‍ തീര്‍ത്തു.
എന്റെ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍
ഒറ്റത്തടിവൃക്ഷം മഴയിലെന്നപോലെ
ഒരു പെണ്‍കരച്ചില്‍ ഉലഞ്ഞുകൊണ്ടിരുന്നു.
അവന്റെ അവസാനത്തെ കവിതയിലെ ഹമ്മര്‍
ചെവിതകര്‍ത്തുകൊണ്ട് എന്റെ ചുറ്റും മുരണ്ടുനടന്നു.
ഞാനെന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു,
അവന്‍ മരിക്കും ഒരു സുഖമരണം മരിക്കും..
എനിക്കങ്ങനെ പറയാമല്ലോ അവനെനിക്കാരുമല്ലല്ലോ..
എങ്കിലും അവന്റെ മരണ വാര്‍ത്ത,
എന്നെ തണുത്തകാറ്റുപോലെ വന്ന് തൊട്ടപ്പോള്‍
ഒരു വെള്ളച്ചാട്ടത്തിനടിയില്‍ അറിയാതെ
കാല്‍വഴുതിവീണുപോയപോലെ ഒരു കരച്ചില്‍
നേരെ നെഞ്ചിലേക്ക് ഇടിഞ്ഞുവീണു.
ഏറെ നേരം അതിനടിയില്‍ ഒരേ കിടപ്പു കിടന്നു
പിന്നെ ഒഴുക്കിനൊത്ത് വാര്‍ന്നുപോയി..

ഡെങ്കിയോട് പയറ്റാം പപ്പായത്തണ്ടുകൊണ്ട് !!


നാടുമുഴുവന്‍ ഡെങ്കിയാണ്. വെറും പനിവന്ന് ആളുകള്‍ കണ്ട് കണ്ടിരിക്കെ മരിച്ചുപോകുന്ന ഭീകരമായ അവസ്ഥ. പ്ലേറ്റ് ലറ്റ്സിന്റെ എണ്ണം വളരെവേഗം താഴുന്നതാണ് ഡെങ്കി മാരകമാകുന്നതിന് ഒരു കാരണം. രക്തലോമികകള്‍ തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടാകാതെ നോക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകളാണ്.സാധാരണയായി 1.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെ പ്ലേറ്റ് ലറ്റുകള്‍ വേണ്ടിടത്ത് ഡെങ്കി അത് വളരെ വേഗം അന്‍പതിനായിരത്തിലും താഴേക്ക് കൊണ്ടുപോകുന്നു. രക്തകോശങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മജ്ജയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നതും ഡെങ്കു വൈറസ് പ്ലേറ്റ്ലറ്റുകളെ നശിപ്പിക്കുന്നതുമാണ് കാരണം. പ്ലേറ്റ് ലറ്റുകളുടെ എണ്ണം ക്രമാതീതമായി താഴുന്നത് ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയും രോഗം മാരകമാക്കുകയും ചെയ്യും

രണ്ടുമൂന്നു മാസങ്ങള്‍ക്കു മുന്‍പ് എറണാകുളത്ത് നാടോടിമന്നന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് നടക്കുമ്പോള്‍. എനിക്ക് കടുത്ത പനി പിടിച്ചു. ആറു ദിവസത്തോളം പനിമാറാന്‍ കാത്തെങ്കിലും ഭേദമാകാത്തതുകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. അപ്പോഴാണ് ചിന്ത എന്ന എന്റെ സുഹൃത്ത് ഡെങ്കു ഭീഷണിയെക്കുറിച്ചും പ്ലേറ്റ് ലറ്റ് കുറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞത്. അവള്‍ക്ക് എവിടെനിന്നോ കിട്ടിയ ലൊടുക്കു വിദ്യ എനിക്കുപദേശിച്ചു തരാനും മറന്നില്ല. ഡെങ്കുവിനെ തോല്പിക്കാന്‍ പപ്പായ ഇലയുടെ ജ്യൂസ്. പപ്പായയുടെ ഇലകള്‍ നന്നായി കഴുകി മിക്സിയിലടിക്കുക്ക അരിച്ചെടുക്കുക രാവിലേയും വൈകുന്നേരവും കുടിക്കുക. അതായിരുന്നു ആ  മരുന്ന്. എനിക്ക് ഡെങ്കിയാണോ എന്ന് പരിശോധിച്ചുപോലുമില്ലെങ്കിലും. കയ്പാണ് കുടിക്കുമോ എന്നുള്ള പുരികം ചുളിക്കലുകളെ വെല്ലുവിളിക്കാനായി പാവയ്ക്കാ നീരിനെക്കാള്‍ കയ്പുള്ള ആ പാനീയം ഞാന്‍ രണ്ടുനാലു ഗ്ലാസ് കുടിച്ചിരുന്നു. അന്ന് പനിമാറി. അത് എന്തുകൊണ്ടാണെന്നറിയില്ല. പനിയ്ക്കുമില്ലേ ഒരു എക്സ്പയറി ഡേറ്റൊക്കെ. അങ്ങനെ പോയതാകും.

ഈയിടെയായി ഡെങ്കി വന്ന കുറേ ആളുകളെ കാണാനിടയായി. അവരോടൊക്കെ ഞാനിതു പറഞ്ഞു. ആരും ചെവിതന്നില്ല. ഓ. മെഡിക്കല്‍ കോളേജിലെ പ്രഫസറന്മാരും ആരോഗ്യമന്ത്രിയുമൊക്കെ തലകുത്തി നിന്നിട്ട് നടക്കാത്ത കാര്യമാണ് പപ്പായ നീരുകൊണ്ട് തീര്‍ക്കാന്‍ വരുന്നത് എന്ന മട്ടായിരുന്നു അവര്‍ക്കെല്ലാം. കഴിഞ്ഞ ആഴ്ച എന്റെ ഒരടുത്ത ബന്ധുവിനും പിടിച്ചു ഡെങ്കി. പ്ലേറ്റ് ലെറ്റ് കൌണ്ട് ഒരുലക്ഷത്തിനു താഴെയാണെന്ന് അറിഞ്ഞ ദിവസം തന്നെ പപ്പായ വിദ്യ പറഞ്ഞു നോക്കി. ആരും അത് ശ്രദ്ധിച്ചുപോലുമില്ല. ആളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഡ്രിപ്പായി ഇഞ്ചക്ഷനായി.. ചികിത്സ തകൃതിയായി നടന്നു.. പ്ലേറ്റ് ലറ്റ് കൌണ്ട് താഴേക്കുതന്നെ വന്നുകൊണ്ടിരുന്നു. ഒടുവില്‍ 49000 ആയപ്പോള്‍ ഞാന്‍ തന്നെ രണ്ടും കല്പിച്ച് പപ്പായ ജ്യൂസുണ്ടാക്കി. പെപ്സിക്കുപ്പിയിലടച്ചുകൊണ്ടുപോയി കുടിപ്പിച്ചു. പിറ്റേ ദിവസത്തെ ബ്ലഡ് ടെസ്റ്റില്‍ കൌണ്ട് 68000. ആളുകള്‍ക്ക് വിശ്വാസമായി പിന്നെ പപ്പായ നീര് പലേടത്തു നിന്നും വന്നു. കാഞ്ഞിരം പോലെ കയ്ക്കുന്ന നീര് നാലഞ്ചുതവണ വിഴുങ്ങി. രണ്ടു ദിവസത്തിനകം അവള്‍ വീട്ടിലെത്തി. ഇപ്പോള്‍ സുഖമായിരിക്കുന്നു.

ഇതിന്റെ ശാസ്ത്രീയ വശം ഒന്നറിയാന്‍ എന്തുവഴി എന്നു നോക്കി നെറ്റില്‍ തപ്പിയിറങ്ങിയതാണ്. അതാ കിടക്കുന്നു ലിങ്കസമാജം. ശാസ്ത്രീയ വശമല്ല. അനുഭവങ്ങള്‍. എന്നിട്ടെന്തേ എവിടെത്തിരിഞ്ഞു നോക്കിയാലും പപ്പായച്ചെടികള്‍ കാണാന്‍ കഴിയുന്ന, ഡെങ്കി കൊണ്ട് കിടുകിടുങ്ങുന്ന നമ്മുടെ നാട്ടില്‍ ചര്‍ച്ചയാവുന്നില്ല!!! ആരുമെന്തേ ഇതിന്റെ ശാസ്ത്രീയത പഠിക്കുന്നില്ല!!!

കൂടുതല്‍ വായനയ്ക്ക്
ലിങ്കുകള്‍ ഇതാ
http://www.sundayobserver.lk/2010/07/25/fea02.asp
http://www.subconsciousascension.com/userfiles/file/DengueFeverRemedy.pdf
http://message.snopes.com/showthread.php?t=48383
http://shine.yahoo.com/healthy-living/papaya-leaf-juice-remedy-for-dengue-fever-252188.html
http://bert-firebert.blogspot.in/2011/09/dengue-fever-remedy-papaya-leaves.html
http://www.knowledgebase-script.com/demo/article-938.html
http://maxloh-something2share.blogspot.in/2009/02/dengue-fever-papaya-leaf-juice.html
http://atifkamal.blogspot.in/2011/09/dengue-fever-papaya-leaf-juice.html
http://www.earthclinic.com/CURES/dengue.html
http://www.mail-archive.com/better_personality@googlegroups.com/msg01796.html

വിരലിനോടും രോമങ്ങളൊടും ഇരുട്ടിനോടും

ഇരുട്ടില്‍ മുഖം തലോടുമ്പോള്‍
രോമങ്ങളോട് വല്ലാതെ വാത്സല്യം തോന്നി
കാലപ്പഴക്കം വന്ന കല്‍പ്രതിമയുടെ
അടര്‍ന്നു വീണ ശിരസിലേതുപോലെ
മാഞ്ഞു പോയ കണ്ണുകളുടെ സ്ഥാനം അടയാളമിടുന്ന
പൊളിഞ്ഞ വേലി,  പുരികരോമങ്ങള്‍ ..
ചുണ്ടുകളിലുണങ്ങിയ ചുംബനപ്പാടുകളിലുരുമ്മി നില്‍ക്കുന്ന
വളര്‍ത്തു പൂച്ചകള്‍ , മീശരോമങ്ങള്‍ ..
ഇരുട്ടില്‍ ഇഴജന്തുക്കള്‍ ഇരതേടുമ്പോലെ
വിരലുകള്‍ അരിച്ചരിച്ച് താടിരോമങ്ങളിലേക്ക് കയറുമ്പോള്‍
ഉള്ളില്‍ ഉള്ളിന്റെയുള്ളില്‍ നിന്നെന്നെ പിടികിട്ടിയതിന്റെ
പിടപ്പുടഞ്ഞു, ഒരു കരച്ചിലിന്റെ വഴുവഴുപ്പുണര്‍ന്നു..
വിരലിനോടും രോമങ്ങളോടും
ഇരുട്ടിനോടും വാത്സല്യം തോന്നി..
ഞാനെന്റെ മുഖം നെഞ്ചോടുചേര്‍ത്തു കിടന്നു.

ഇരുട്ടിനെ പേടിക്കാനുള്ള കാരണങ്ങൾ...

കുട്ടിക്കാലത്ത് രാത്രികളെ ഭയാനകമാക്കിയിരുന്നത്
ഊളന്മാരുടെ ഓരിയിടലുകളായിരുന്നു.
ഊളനെ നേരിട്ട് കാണാത്തതുകൊണ്ട്
ലോകത്തെ മുഴുവൻ കളിയാക്കുന്നതുപോലെയുള്ള
അതിന്റെ കൂക്കുവിളികൾ ഭീതിജനിപ്പിച്ചിരുന്നു.
നിശ്ചിത സമയത്ത് ഊണുകഴിപ്പിക്കാനും,
ഉറങ്ങാൻ കിടത്താനുമൊക്കെ
അമ്മ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു
കാണാത്ത ആ ജന്തുവിന്റെ നിലവിളികൾ.
ഊളൻ വരും പിടിച്ചോണ്ടു പോവും എന്നു കേട്ടാൽ
വിശന്നില്ലെങ്കിലും തിന്നും ഉറക്കം വന്നില്ലെങ്കിലും ഉറങ്ങും.
പിന്നെ പലപ്പോഴായി നായ്ക്കളെക്കാൾ വലുപ്പം കുറഞ്ഞ,
തളർത്തിയിട്ട വാലുള്ള,
കാക്കയുടെ നോട്ടമുള്ള ആ പാവം ജീവിയെ
വയൽ വരമ്പുകളിൽ കണ്ടതോടെ പേടി മാറിത്തുടങ്ങി.
പഞ്ചതന്ത്രം കഥകളിലൂടെ കൗശലക്കാരനായ
ആ കുറിയ ജീവി പൊട്ടിച്ചിരിപ്പിച്ചപ്പോൾ
അമ്മയുടെ ആയുധത്തിനു മൂർച്ച കുറഞ്ഞു തുടങ്ങി.
അമ്മ അടവുമാറ്റി ചവുട്ടാൻ തുടങ്ങി.
കൂക്കുവിളികൾ ഊളന്റെയല്ലെന്നും
കള്ളന്മാരുടേതാണെന്നും പറഞ്ഞ് പേടിപ്പിച്ചു.
നേരിട്ട് കാണാത്തതുകൊണ്ട്,
കള്ളന്മാർ കാരണം രാത്രിയോടുള്ള പേടി ഏറെക്കാലം നിന്നു.
രാത്രികളിൽ കാറ്റിൽ ഇലവീഴുന്ന ഒച്ചകൾ വരെ പേടിപ്പിച്ചിരുന്നു.
മൂത്രമൊഴിക്കാൻ പുറത്തിറങ്ങുമ്പോൾ
മരങ്ങളും പൂച്ചക്കണ്ണുകളും മൂങ്ങയുടെ മൂളലുകളും ഒക്കെച്ചേർന്ന്
കള്ളൻ എന്ന അമൂർത്തരൂപം ഇരുട്ടിൽ വരച്ചുവെയ്ക്കുമായിരുന്നു.
കള്ളൻ കള്ളൻ എന്ന പേടിപ്പെടുത്തൽ മീശമുളയ്ക്കും വരേയും നിന്നു.
ഒട്ടും നിലാവില്ലാത്ത ഒരു രാത്രിയിൽ
ഒരു കള്ളനെ ആൾക്കൂട്ടം ഓടിച്ചിട്ടു പിടിച്ചു കെട്ടി.
ഊളനെക്കാൾ ദയനീയമായ മുഖമുള്ള,
തളർത്തിയിട്ട തലയുള്ള, മെല്ലിച്ച ശരീരമുള്ള ഒരു ജീവി.
തല്ലല്ലേ എന്ന യാചന അതിന്റെ ഓരോ നോട്ടത്തിലും ഉണ്ടായിരുന്നു.
പേടികൊണ്ട് അത് വിറയ്ക്കുന്നുണ്ടായിരുന്നു.
ആൾക്കൂട്ടം ആവേശത്തോടെ അതിനെ തല്ലിരസിച്ചു.
ഞാൻ സൂക്ഷിച്ചു നോക്കി
കള്ളനെ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും
എനിക്ക് ആ ജന്തുവിൽ കണ്ടെത്താനായില്ല.
ആൾക്കൂട്ടത്തിലെ ഓരോരുത്തർക്കും അതിനോട് നല്ല സാമ്യം തോന്നി.
കള്ളനാണതെന്ന് എങ്ങനെയാണ് തിരിച്ചറിഞ്ഞത്?
ഞാനാരോടോ ചോദിച്ചു...
ഇരുട്ടിൽ ഒറ്റയ്ക്ക് പോവുന്നത് കണ്ടു എന്നതായിരുന്നു മറുപടി.
കണ്ണാടിയിൽ നോക്കിയപ്പോൾ ഞാനും ഒരു കള്ളനാണല്ലോ എന്ന് തോന്നി.
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ പേടിയുള്ള ഒരു കള്ളൻ.
അതോടെ ഇരുട്ടിനെ പേടിക്കാൻ മറ്റു കാരണങ്ങൾ വേണ്ടാതായി.
ഇരുട്ടിനെ പേടിക്കാതിരുന്നാൽ ഞാൻ...!!!

ഭൂമിയെഴുതിയ കവിതകള്‍


വെളിച്ചത്തോടുള്ള പ്രണയം
പൊറുതിമുട്ടിച്ചപ്പോള്‍
ഏകാന്തമായ ഏതോ രാത്രിയില്‍
ഭൂമി
അറിയാതെ എഴുതിപ്പോയ കവിതകളാണ്
മരങ്ങള്‍ ..

സുന്ദരീ നിന്നെ കണ്ടുഞാനിരിക്കുന്നു

നീയിപ്പോള്‍ ഉറങ്ങുകയാവും
ഉറക്കം മുറുക്കിയ നിന്റെ കണ്‍ പോളകള്‍
സ്വപ്നങ്ങള്‍ക്കുമേല്‍ മേഞ്ഞു നടക്കുന്ന
കൃഷ്ണമണികളില്‍ ഒട്ടിക്കിടക്കുന്നു.

ദുഃഖത്തെക്കുറിച്ചൊരു പൊങ്ങച്ചം!

ദുഃഖത്തെക്കുറിച്ച് പ്രത്യേകിച്ചെന്തെങ്കിലും
പറയേണ്ടതുണ്ടോ?
മരണവീട്ടില്‍ പോയിട്ടുള്ളതല്ലേ
നിലവിളികളുടെ തിക്കിത്തിരക്കില്‍ ചവിട്ടുകൊണ്ടു ചതഞ്ഞ
ഒരു പതിഞ്ഞ തേങ്ങലെങ്കിലും കേട്ടിട്ടുണ്ടാകില്ലേ

സംവാദം


ഒരാളും അയാളുടെ നിഴലും ഒരു സദ്യയുണ്ട് വരികയായിരുന്നു.
ആള്‍ നിഴലിനോട്: അഹഹ എന്താ ആ പായസത്തിന്റെ സ്വാദ്!
നിഴല്‍ : ഓ എനിക്കിഷ്ടപ്പെട്ടില്ല...ഒരുവക പായസം അത്രതന്നെ.

തെളിവുജീവിതം

ലോകമേ എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്റെകാര്യമോര്‍ത്തല്ല
എന്റെ കാര്യമൊട്ടുമോര്‍ക്കാത്ത നിന്റെകാര്യമോര്‍ത്ത്
'നിന്നെക്കുറിച്ചോര്‍ക്കാന്‍ നീയാര്'
എന്നൊരു ചിരി നിന്റെ ചുണ്ടിന്റെ ചുവരില്‍
വരച്ചുപിടിപ്പിക്കുന്നവനെ ഇപ്പോള്‍ ഞാന്‍ കാണുന്നുണ്ട്

അവള്‍ക്ക്

എന്റെ മരണത്തിന് ഉത്തരവാദിയായവൻ ഇതാ..
എന്നെന്നെച്ചൂണ്ടി,
ഒരുവളിപ്പോഴും ജീവിച്ചിരിക്കുന്നു.
അവളുടെ ചൂണ്ടുവിരലിലെ എന്റെ ചുംബനം
കഴുകന്‍ തിന്നുന്നു

ഫ്രിഡ്ജിനുള്ളിലെ ഇറച്ചി

.
നിശബ്ദതയുടെ ഒരു വിത്ത്
ഞാന്‍ വീട്ടുമുറ്റത്തു നട്ടു
ഊമകളായ കിളിന്തു വേരുകളെ
വീടിനുള്ളിലേക്ക് ഉന്നം വെച്ച്
വിത്തു മുളച്ചു

ശാരി മരിച്ചുപോയി

കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ശാരി മരിച്ചുപോയി. ഇന്നുച്ചയ്ക്ക് തിരുവനന്തപുരം RCC യിലായിരുന്നു അന്ത്യം. ശവദാഹം ഇന്നു തന്നെ നടക്കുമെന്ന് അറിയുന്നു. ക്രോസ് മാച്ചിംഗ് നടക്കാതെ വന്നതുകൊണ്ട് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്താന്‍ കഴിയാതെ വരികയും ആശുപത്രിയില്‍ ചികിത്സ തുടരുകയുമായിരുന്നു.മറ്റുവിവരങ്ങള്‍ വിശദമായി അറിയുന്ന മുറയ്ക്ക് എഴുതാം.
http://www.sanathanan.blogspot.com/2011/06/blog-post_21.html