ഇരുള്‍

ഇരുട്ടേ,
നീയാണ് കാഴ്ചയുടെ
അഖണ്ഡസം‌ഖ്യ.

വെളിച്ചം കൊണ്ട്
ഹരിക്കപ്പെടാത്തവന്‍;
ഗുണിക്കാന്‍ തുനിയുന്നവനെ
നിര്‍ഗ്ഗുണനാക്കുന്നവന്‍.

എത്ര യുഗങ്ങള്‍ കഴിഞ്ഞു!
എത്ര സൂര്യന്മാര്‍ കൊഴിഞ്ഞു!
നീതന്നെ നിത്യന്‍,
നിരാമയന്‍, നിര്‍മ്മമന്‍.

നീതന്നെ,
എല്ലാ ചിരികള്‍ക്കുമുള്ളിലെ
കരച്ചില്‍.
എല്ലാ ഉന്മാദത്തിനും ഉള്ളിലെ
പ്രശാന്തി.
എല്ലാ നെറികള്‍ക്കുമുള്ളിലെ
ചതിവ്.
എല്ലാ കളവുകള്‍ക്കുമുള്ളിലെ
സത്യം.

ഇരുട്ടേ,
നിന്നില്‍നിന്നല്ലേ ആര്യഭടന്‍
ശൂന്യത്തെ ഗ്രഹിച്ചത് !
“സ്ഥാനം സ്ഥാനം ദശഗുണം”
എന്നളന്നത് !
നീയില്ലായിരുന്നെങ്കില്‍
ഒന്നുകള്‍ വെറും ഒന്നുകള്‍
മാത്രമാകുമ്പോലെ
വെളിച്ചം വ്യര്‍ത്ഥമായേനെ.

തിരക്കഥ

ചോരയുടെ നൂറുവേരുകള്‍
ഒരു ഹൃദയം
ഓര്‍മ്മയുടെ പഴയ ഗോപുരം
ജീവിതം
പകലിന്റെ ഞാറ്റുകറ്റകള്‍
രാത്രിയുടെ വയല്‍
ഉറക്കം ഒരു കലപ്പ

ജനാല ഈ മുറിയുടെ
പാതിയടഞ്ഞ കണ്ണുകള്‍
‍വെളിയില്‍
മഞ്ഞുവീശുന്ന മരച്ചില്ല
ചില്ലയില്‍
ഒരു വിമാനത്തിന്റെരോദനം.
ഞാന്‍
ഒറ്റഷോട്ടുള്ളചലച്ചിത്രം

വെളിയില്‍
നിറയെ നിലാവുള്ള ചന്ദ്രന്‍
മഞ്ഞില്‍
കെട്ട പാലുപോലെ അതിന്റെ ഗന്ധം
പിന്നില്‍
ആരോ പാടുന്നസങ്കടം
ഉള്ളില്‍
ഒറ്റഷോട്ടുള്ളചലച്ചിത്രം.

ആഗ്രഹത്തിന്റെ നൂറുവിരലുകള്‍
ഒരു മനുഷ്യന്‍
നിഴലുകളുടെ വെറും കടലാസ്
വെളിച്ചം
പാതകളുടെ ആത്മകഥ
യാത്രകളുടെ ചരിത്രം.
സ്വപ്നം (ഒരു ഫെയ്ഡ് ഇന്‍)

ശാ‍കുന്തളം

ആരുടെ പിണമാണ്
ഈ കിടക്കുന്നതെന്ന്
ആത്മാവേ,ഒരു ദിവസം
ഒന്നുമറിയാത്തപോലെ
എന്റെ ശരീരത്തെ നോക്കി
നീ ചോദിക്കും.

ഇക്കണ്ട വഴികളിലൊക്കെ
ഉള്ളംകാല്‍ പൊള്ളും വണ്ണം
അതിനെ നടത്തി,
ഇക്കണ്ട ചെളിയിലൊക്കെ
നീ കൊതിച്ച
സൌഗന്ധികങ്ങള്‍ക്കായിറക്കി,
ഇക്കണ്ട പാതകങ്ങളൊക്കെ
അതിനെക്കൊണ്ട് ചെയ്യിച്ചിട്ടും
ഒട്ടുമോര്‍മ്മയില്ലാത്തപോലെ
നീ നടിക്കും.

ഒരിക്കല്‍പ്പോലും
നിന്നോടൊരു മുദ്രാമോതിരവും
ചോദിക്കാതെ,നിന്റെ
വേഴ്ചകള്‍ക്കെല്ലാം, തളര്‍ന്നിട്ടും
വഴങ്ങിക്കിടന്നവള്‍ക്കുമുന്നില്‍
തിരസ്കൃതപ്രേമത്തിന്റെ
ശാകുന്തളങ്ങള്‍
നീ ചമക്കും.

വെള്ളം

കുടത്തിലാണെങ്കില്‍
കുടത്തിന്റെയാകൃതി
കുളത്തിലാണെങ്കില്‍
കുളത്തിന്റെയാകൃതി.

പുഴയിലാണെങ്കില്‍
പുഴയുടെയാകൃതി
കടലിലാകുമ്പോള്‍
തിരയുടെയാകൃതി.

കൊടിപിടിക്കുമ്പോള്‍
കോലിന്റെയാകൃതി
മുഷ്ടിചുരുട്ടുമ്പോള്‍
മുദ്രാവാക്യമാകൃതി.

കസേരയിലിരിക്കുമ്പോള്‍
കസേരയുടെയാകൃതി
കട്ടിലില്‍ കിടന്നാലോ
കട്ടിലിന്റെയാകൃതി.

അഴുക്കുചാലില്‍
ഒഴുക്കിന്റെയാകൃതി
ഒഴുക്കുനീളുമ്പോള്‍
വഴുക്കിന്റെയാകൃതി.

വഴിനടക്കുമ്പോള്‍
വഴിയുടെയാകൃതി
കുഴിയിലാകുമ്പോള്‍
കുഴിയുടെയാകൃതി.

അല്ലാത്തതുകള്‍

ആദ്യാക്ഷരമേ
നിന്റെ ദുര്‍വ്വിധിയാണ്
ഇന്നെന്റെ വിഷയം.

നിന്നില്‍ തുടങ്ങുന്നതെല്ലാം
അല്ലാത്തതുകളാണെന്ന്
എനിക്കിതാ വെളിപ്പെട്ടിരിക്കുന്നു.

നോക്കൂ...

അരുത്
അല്ലാത്തത്
അശാന്തം = ശാന്തം അല്ലാത്തത്
അശുദ്ധം = ശുദ്ധം അല്ലാത്തത്
അവിശ്വാസം = വിശ്വാസം അല്ലാത്തത്
നിന്നില്‍ത്തുടങ്ങുന്നതെല്ലാം
അല്ലാത്തതുകളാണ്


അരുത്
അല്ലാത്തത്
അമ്മ = മ്മ അല്ലാത്തത്
അച്ഛന്‍ = ച്ഛന്‍ അല്ലാത്തത്
അനുജത്തി = നുജത്തി അല്ലാത്തത്
നിന്നില്‍ത്തുടങ്ങുന്നതെല്ലാം
അല്ലാത്തതുകളാണ്

ആദ്യാക്ഷരമേ
അല്ലാത്തതിനെ അല്ലാതെ
ആയതിനെ എന്തിനെയെങ്കിലും
നീ ശബ്ദിപ്പിക്കുന്നുണ്ടോ....!

ആദ്യാക്ഷരമേ
നിന്റെ കഴുത്തിലും ഒരു കരച്ചില്‍
ചീറിവന്ന് തറച്ചുനില്‍പ്പുണ്ടോ..!

ചുട്ടത്

ചുട്ടതെല്ലാം വെന്തതാകില്ല
വെന്തതെല്ലാം തിന്നാനുമല്ല
തിന്നതെല്ലാം ദഹിക്കയുമില്ല
ദഹിച്ചതെല്ലാമേ ഉണ്മയുമല്ല.

ചുട്ടെടുക്കിലും വെന്തുകിട്ടാത്ത
വെന്തിരിക്കിലും തിന്നരുതാത്ത
തിന്നുവെങ്കിലുമൊട്ടുംദഹിക്കാ-
ത്തൊരുണ്മയല്ലോ മനുഷ്യമനസ്സ്.

ഫോസില്‍

പറയാതിരുന്നാല്‍
ചില വാക്കുകള്‍,
ഉള്ളില്‍ കിടന്ന് മുളയ്ക്കും.
വലിച്ചുനീട്ടിയാല്‍
വന്‍‌കരകളെ പോലും
കൂട്ടിക്കെട്ടാവുന്ന
ചെറുകുടല്‍,വന്‍‌കുടല്‍
ഒക്കെക്കടന്ന്
അതിന്റെ വേരുകള്‍
മലദ്വാരം വഴി
പുറത്തുചാടും.
നമ്മളറിയാതെ
ഇരിക്കുന്നിടത്ത്
വേരുറയ്ക്കും.

പറയാതിരുന്നാല്‍
ചിലവാക്കുകള്‍
ഉള്ളില്‍ കിടന്ന് മുളയ്ക്കും.
ഊതിവീര്‍പ്പിച്ചാല്‍
ആകാശത്തോളം പെരുകുന്ന
ഭാവനയുടെ
വായുമണ്ഡലം ഭേദിച്ച്
അതിന്റെ തലപ്പ്
വായിലൂടെയും കാതിലൂടെയും
പുറത്തു ചാടും
നമുക്ക് എന്തെങ്കിലും
ചെയ്യാനാകും മുന്‍പേ
ഇലകളും പൂക്കളും
കായ്കളുമില്ലാത്ത,
ഇത്തിള്‍പിടിച്ചു പഴകിയ
ശിഖരങ്ങള്‍ വിരുത്തി
നമ്മെ ജുറാസിക് യുഗത്തിലെ
ഫോസില്‍ മരങ്ങളായി
പകര്‍ത്തിയെഴുതും.

പറയാനും കേള്‍ക്കാനും
അനങ്ങാനും
കഴിയാത്തവരായി
നാമെത്രനാള്‍,
ഒരേ നില്‍പ്പിലിങ്ങനെ....
പ്രാഗ്‌രൂപങ്ങളായി.....
ഹൊ.....!

വ്യവസ്ഥ

ഞാനിരിക്കുന്ന
പാറപ്പുറത്തുതാന്‍
നീയുമിരിക്കണം

എന്റെ മൂലത്തിലെ
പാറത്തഴമ്പു നിനക്കു-
മുണ്ടായിരിക്കണം

ഞാന്‍ വിളിക്കുമ്പോലെ
കുംഭ നിറഞ്ഞാല്‍
‍ഓരി വിളിക്കണം

ഓരോ സ്വരത്തിലും
പാറച്ച ജീവിതം
കോരിയൊഴിക്കണം

ചന്ദ്രോദയത്തില്‍
കുരക്കണം സൂര്യനെ-
ക്കണ്ടാലൊളിക്കണം.

പാറയോ പൃഷ്ഠമോ
എന്നൊരാശങ്കയില്‍
പാറയും കൂടിക്കുഴങ്ങണം.

അതിരാത്രം

ചിലരാത്രികളില്‍
ചില മരങ്ങള്‍
മരിച്ചുപോയ
ചിലമനുഷ്യരുടെ
പ്രതിരൂപമാകാറുണ്ട്.

ഉറക്കത്തില്‍നിന്നും
മൂത്രം‌മുട്ടിയെണീറ്റ്
ആടിയാടിയങ്ങനെ
ഒഴിച്ചുകൊണ്ടു
നില്‍ക്കുമ്പോള്‍ കാണാം
ഒരു കറുത്തരൂപം
നമ്മളെനോക്കി
കൈവീശുകയോ
തലകുലുക്കിയും
ഉടലിളക്കിയും
ചിരിക്കുകയോചെയ്യും.
പിന്നെ ഉറക്കം പേടിച്ചോടും..

മരിച്ചുപോയവര്‍ക്ക്
ശരീരങ്ങളില്ലാത്തതു കൊണ്ടാവാം
അവര്‍ ഇങ്ങനെ മരങ്ങളില്‍
‍ആവേശിക്കുന്നത്.

മറ്റുചിലരാത്രികളില്‍
മരിച്ചുകൊണ്ടിരിക്കുന്ന
ചിലമനുഷ്യര്‍,
ജീവിച്ചുകൊണ്ടിരിക്കുന്ന
ചില ദൈവങ്ങളുടെ
പ്രതിരൂപമാകാറുമുണ്ട്.
ദൈവത്തിന്റെ ഭയങ്ങളുടെയും
വേവുകളുടെയും
തീവെട്ടികളെഴുന്നളിച്ച്
ഉറക്കത്തിന്റെ അതിരാത്രപ്പുരയില്‍
തീപിടിപ്പിച്ച്, അത്
രാത്രിയെഹോമിച്ചുകളയും.

അപരന്റെ നോവുകളും
സമ്മര്‍ദ്ദങ്ങളുമെല്ലാം,
അണപൊട്ടിയ വെള്ളം
വയലുകളെ മുക്കിക്കളയുന്ന പോലെ
ചിന്തകളെ ശ്വാസം‌മുട്ടിച്ചുകളയും..

ജീവിച്ചുകൊണ്ടിരിക്കുന്ന
ദൈവങ്ങള്‍ക്ക്
ശരീരങ്ങളുണ്ടായിട്ടും
അതില്‍ താങ്ങാവുന്നതിലേറെ
നിറയുന്നതിനാലായിരിക്കും
അവയങ്ങനെ
പ്രകാശവര്‍ഷങ്ങള്‍കടന്ന്
മറ്റുശരീരങ്ങളില്‍ ‍ആവേശിക്കുന്നത്.

ഉറങ്ങുന്നവരോട്

ഉറങ്ങാത്തവരുടെ സൂര്യനും,
ഉദിക്കുകയും അസ്തമിക്കുകയും
ചെയ്യുമെങ്കിലും
ഇന്നലെകളെ ഇന്നും
ഇന്നുകളെ നാളെയുമാക്കുന്ന
മാസ്മരവിദ്യ അതിനറിയില്ല.

ഉറങ്ങാത്തവര്‍ക്കുമുന്‍പില്‍ കാലം,
നിവര്‍ത്തിവിരിച്ച തഴപ്പായപോലെ
ഉപയോഗശൂന്യമാണ്.

സംസ്കരിച്ച വാക്കുകള്‍ മാത്രം
മുറുക്കിത്തുപ്പുന്ന
പതിഞ്ഞ വായകളില്‍ നിന്നും
പതഞ്ഞു ചാടുന്ന ചാളുവപ്പുഴകളും
അലറിയെത്തുന്ന കൂര്‍ക്കം വിളികളും
വളികളും കേട്ടുകേട്ട്
ഉറങ്ങുന്നവര്‍ക്ക് മുന്‍പില്‍
ഉണര്‍ന്നിരിക്കുന്നതിന്റെ
ക്രൂരമായ അസഹ്യത
അനുഭവിക്കുന്നവര്‍ക്കു മാത്രമേ
ഒരു സൂര്യന്‍ വെറും സൂര്യന്‍
മാത്രമാണെന്നും അതിന്,
ചത്തുകിടക്കുന്ന കാലത്തിനുമേല്‍
ഒന്നും ചെയ്യാനില്ലാ എന്നും
മനസിലാവുകയുള്ളു.

അതുകൊണ്ടാണ്
പൊടുന്നനെ ഉണര്‍ന്നുവരുന്നവര്‍
വരൂ പ്രഭാതമായി
എന്നു വിളിച്ചുപറഞ്ഞാലും
മഞ്ഞില്‍ മരവിച്ച മരം‌പോലെ
അവര്‍ വികാരങ്ങളില്ലാതെ
നോക്കി നില്‍ക്കുന്നത്.

പ്രഹസനങ്ങളുടെ
പ്രകാശഗോപുരമായ
സൂര്യനെക്കാള്‍ അവര്‍
തുമ്പുകെട്ടിയിട്ട നിരോധുകളുടെ
നിരാശക്കൂമ്പാരമായ ഭൂമിയെ
പ്രണയിക്കുന്നതും അതുകൊണ്ടുതന്നെ.

ആരുടേതും അല്ലാത്തത്

ആരുടേതും അല്ലാത്ത എന്തെങ്കിലുമുണ്ടോയെന്ന്
നോക്കി നടക്കുകയായിരുന്നു ഏറെക്കാലം.
സ്കൂള്‍ വളപ്പില്‍ ഒരു നെല്ലി കായ്ക്കുമായിരുന്നു
ശിഖരങ്ങള്‍ പുറത്തു കാണാന്‍ കഴിയാത്തവണ്ണം.....
എങ്കിലും ആരുടെതുമല്ലാത്ത ഒരു നെല്ലിക്ക
അതിലൊരിക്കലുംഉണ്ടായിരുന്നില്ല

ക്ലാസ് റൂമില്‍ നിറയെ ബഞ്ചുകളായിരുന്നു
ഒഴിവുസമയവും ഓടിക്കളിക്കാന്‍ കഴിയാത്തവണ്ണം....
എങ്കിലും ആരുടേതുമല്ലാത്ത ഒരു സ്ഥലം
അതിലൊന്നിലും ഉണ്ടായിരുന്നില്ല.

വീട്ടില്‍ മനുഷ്യരേക്കാള്‍ മൃഗങ്ങളുണ്ടായിരുന്നു
എങ്കിലും ആരുടേതുമല്ലാത്ത ഒന്നുമുണ്ടായിരുന്നില്ല
പൂച്ച അമ്മൂമ്മയുടേത്,ആട് അമ്മയുടേത്
പശു അച്ഛന്റേത്,പട്ടി അനുജത്തിയുടേത്.....

ഓരോ മുറിയും ആരുടേയെങ്കിലും....
ഓരോ സമയവും ആരുടേയെങ്കിലും...

അഞ്ചര അനുജത്തിക്കായിരുന്നു,പൂമൊട്ടുകള്‍* കാണാന്‍.
ആറുമണി അമ്മക്ക്,ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍.
ഏഴര അച്ഛനായിരുന്നു,വാര്‍ത്തകള്‍ കാണാന്‍.
പിന്നെയുള്ളതൊക്കെ ട്യൂഷന്‍ സാറിനും,
എന്റെ കക്ഷക്കുഴിയിലെ തൊലി പൊളിക്കാന്‍....

കോളേജില്‍ നിറയെ പെണ്‍കുട്ടികളായിരുന്നു.
എങ്കിലും ആരുടേതുമല്ലാത്ത ഒരുത്തിയുമുണ്ടായിരുന്നില്ല...
എല്ലാവളും ആരുടേതെങ്കിലും ആയിരുന്നു
ഓരോ മരച്ചുവടുകളും ഓരോരുത്തരുടേത്
ഓരോ കോവണിപ്പടവുകളും ഓരോരുത്തരുടേത്
‍ഓരോ ഊടുവഴികളും ഓരോരുത്തരുടേത്.....

കോടതിയില്‍ എണ്ണമറ്റ കേസുകളായിരുന്നു
എങ്കിലും ആരുടെതുമല്ലാത്ത ഒരു വഴക്ക്....
ആരുടെതുമല്ലാത്ത ഒരു വക്കാലത്ത്....
ആരുടേതുമല്ലാത്ത ഒരു കൊലപ്പുള്ളി....
ഇല്ല, ഈ ലോകത്ത് ആരുടേതുമല്ലാത്ത ഒന്നും!
ഉണ്ടാകും മുന്‍പേ ആരുടേതെങ്കിലും ആയിത്തീരുകയാണ് എല്ലാം....

ഇപ്പോള്‍ ചിലതെല്ലാം എനിക്കുസ്വന്തമായുണ്ട്...
എന്റെ ഭാര്യയുടെകയ്യില്‍ നിന്നും തട്ടിയെടുത്ത എന്റെ ഭാര്യ
എന്റെ മകന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത എന്റെ മകന്‍
എന്റെ കൂടെയുള്ളവരില്‍ നിന്നും തട്ടിയെടുത്ത എന്റെ കൂടെയുള്ളവര്‍...
എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത ഞാന്‍...

ഇപ്പോള്‍ പലതും എനിക്കു സ്വന്തമായുണ്ട്....
എല്ലാം ആരുടേയോ ആയിരുന്നു.....
ഇപ്പോള്‍,ആരുടേയും അല്ലാത്ത ഒന്നുകൂടി
എന്റേതായുണ്ട്....
ഭയം.....
ആരോ തക്കം പാര്‍ത്തിരിപ്പാണ്.....
എന്റെ കയ്യില്‍ നിന്നും എല്ലാം തട്ടിയെടുക്കാന്‍.



*പൂമൊട്ടുകള്‍:ദൂരദര്‍ശനില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്ള പരിപാടിയായിരുന്നു.

ആമ്പ്ലേറ്റ്

തോട് പൊട്ടിച്ചപ്പോള്‍
ഒരു വഴുവഴുപ്പ്
ശപിച്ചുകൊണ്ടിടിഞ്ഞു ചാടി
തിന്നെടാ വയറാ നീ തിന്ന്...

ചട്ടി ചൂടായപ്പോഴും
കേട്ടു ആവിയായി
തീര്‍ന്നൊരു ജീവന്റെ
അകന്നു പോകുന്ന വിലാപം
തിന്നെടാ വയറാ നീ തിന്ന്
അധികം വേവിക്കാതെ തിന്ന്...

തീയിലിരിക്കുമ്പോഴേ
വായിലൂടെ എത്തിനോക്കി
വയര്‍ പറഞ്ഞു
മതിയെടാ വേവിച്ചത്
വിളമ്പു വേഗം....

വയറിനെ
കുടിച്ചിറക്കിക്കൊണ്ടു
വായ പറഞ്ഞു
പൊരിയെട്ടെടാ ഒന്നുകൂടി
അടങ്ങൊരല്‍പ്പം....

വിളമ്പിവച്ചപ്പോള്‍
ഉരുണ്ട ഭൂമിയുടെ
ബഹിരാകാശ ചിത്രം പൊലെ
പരന്ന വേദന ചോദിച്ചു
തിന്നുന്നതിനു മുന്‍പിങ്ങനെ
വേവിക്കുന്നതെന്തിനെടാ
പെരുവയറാ വേവിക്കുന്നതെന്തിന്...

ഒരു പാരമ്പര്യകവിയുടെ അന്ത്യം

അഞ്ജലി ഓള്‍ഡ് ലിപി
കൊണ്ടാണോ ഇപ്പൊഴും
കവിത ടൈപ്പുചെയ്യുന്നത് ?
നിരൂപകന്‍ ചോദിച്ചു
അയ്യോ കുഴപ്പമായോ !
കവി ശങ്കിച്ചു

കാലം മാറിയില്ലേ
കോലവും മാറണ്ടേ
വെറുതെയല്ല
നിങ്ങളുടെ കവിതകള്‍
ഓള്‍ഡായിപ്പോകുന്നത്
നിങ്ങളെ ഞാന്‍
പാരമ്പര്യ കവി എന്നു വിളിക്കും
നിരൂപിച്ചൂ പകന്‍

കവി വിനയത്തോടെ
ചത്തുകിടന്നു
കവിത ഒരു കീ ബോര്‍ഡായി
ചമഞ്ഞുകിടന്നു
ത റ ട പ
ട്ട ണ്ട ണ്ണ....
വായനക്കാര്‍ വായ്ക്കരിയിട്ടു.

ഒറ്റയ്ക്ക്

ഒറ്റയ്ക്കെന്നാല്‍
ആരും കൂടെയില്ല എന്നല്ല
കൂടെയുള്ളവര്‍ക്കൊപ്പം
ഞാനില്ല എന്നാണ്.

കൂടെയുള്ളവരുടെയൊരു
നിഴല്‍ക്കാടാണ് ചുറ്റിലും.
മരിച്ചുപോയിട്ടും
ജീവിച്ചിരിക്കുന്നവര്‍,
ജീവിച്ചിരിക്കുമ്പൊഴും
മരിച്ചുപോയവര്‍,
ജനിക്കാത്തവര്‍,
ജനിക്കും മുന്‍പു
ഞാന്‍ മരിപ്പിച്ചവര്‍‍,
മരക്കൊമ്പില്‍
കഴുത്തിനെ കണക്റ്റ് ചെയ്ത്
വൈദ്യുതി കണ്ടെത്തിയവര്‍,
നെഞ്ചില്‍
കത്തികൊണ്ട് ചും‌ബിച്ച്
പട്ടുറോസാപ്പൂക്കളുടെ
ഉദ്യാനം നനച്ചവര്‍,
പാളത്തില്‍
കാതു ചേര്‍ത്തു വച്ച്
കുതിച്ചോടുന്ന ജീവിതത്തിന്റെ
ചടുല ഭൂപാളം കേട്ടവര്‍......

ചിലര്‍ക്കെല്ലാം വിരലുകളുണ്ട്
ആരെയും തൊടാനല്ല
അവര്‍ സിഗരറ്റ് വലിക്കുകയോ
താളം പിടിക്കുകയോ ആവും.

എനിക്കുമുണ്ട് വിരലുകള്‍
‍ഞാനും ആരെയും തൊടുന്നില്ല
സിഗരറ്റു വലിക്കുന്നില്ല
താളം പിടിക്കുന്നില്ല
വിരലുകള്‍ കൊണ്ട്
എനിക്കൊന്നും നേടാനില്ല.

ചിലര്‍ക്കെല്ലാം ചുണ്ടുകളുണ്ട്
ആരേയും ചും‌ബിക്കാനല്ല
അവര്‍ മുലകുടിക്കുകയോ
പഴയപാട്ടുകള്‍
ചൂളംകുത്തുകയോ ആവും.

എനിക്കുമുണ്ട് ചുണ്ടുകള്‍
‍ഞാനുമാരേയും ചും‌ബിക്കുന്നില്ല
പഴയ പാട്ടുകള്‍
ചൂളംകുത്താറില്ല
മുലകുടിക്കുന്നില്ല
ചുണ്ടുകള്‍ കൊണ്ട്
എനിക്കൊന്നും നേടാനില്ല.

ചിലര്‍ക്കെല്ലാം കാലുകളുണ്ട്
നാട്ടുവെളിച്ചത്തില്‍
വീട്ടിലേക്ക് നടക്കാനല്ല
അവര്‍ നൃത്തം ചെയ്യുകയോ
കാലുകള്‍ക്കു മുകളില്‍
‍ചില്ലകളും ഇലകളും വിടര്‍ത്തി
കാറ്റിനൊപ്പമാടുകയോ ആവും.

എനിക്കുമുണ്ട് കാലുകള്‍
‍ഞാനും നാട്ടുവെളിച്ചത്തില്‍
വീട്ടിലേക്ക് നടക്കുന്നില്ല
നൃത്തം ചെയ്യാറില്ല
കാലുകള്‍ക്കു മുകളില്‍
ചില്ലകളും ഇലകളും വിടര്‍ത്തി
കാറ്റിനൊപ്പമാടാനുമാവുന്നില്ല
കാലുകള്‍ കൊണ്ടും
എനിക്കൊന്നും നേടാനില്ല.

ഒറ്റയ്ക്കെന്നാല്‍
ആരും കൂടെയില്ല എന്നല്ല
കൂടെയുള്ളവര്‍ക്കൊപ്പം
ഞാനില്ല എന്നാണ്.