24/12/10

എന്നെപ്പോലൊരുവൻ

പെരുവിരലിന്റെ നീണ്ടുവളർന്ന നഖം,
വെട്ടിക്കളയുകയായിരുന്നു..

കൈവിരലുകൾ വിറച്ച്,
മൂർച്ചയുടെ സ്റ്റീൽപ്പാളി, പാളി.

ഉൾക്കിടിലത്തിന്റെ ഭൂഗർഭപാറകൾ
തമ്മിലുരസി,ഉയർന്നുപൊന്തിയ
ഹിമാലയത്തിൽ വലിഞ്ഞുകയറി
ഞാൻ താഴേക്കു നോക്കി..

ഒരു കൊടുങ്കാറ്റ്, തീവണ്ടിത്തലപോലെ മുരടിച്ച്
പശ്ചിമഘട്ടത്തിൽ വന്നിടിച്ചുനിൽക്കുന്നു.
ഒരു കാട്ടുപന്നിയുടെ മുരൾച്ച കാതുതുളച്ച്
അറബിക്കടലിൽ കുത്തിനിൽക്കുന്നു.
ഒട്ടും മുറിവേൽക്കാത്തപോലെ
ഒരു ഭാവം മുഖത്ത് മെഴുകി
റോഡപകടത്തിൽ ചിതറിയൊരു പകൽ ചിരിക്കുന്നു.
കാടുകത്തിച്ച് വലിച്ച് ഒരു കാട്ടാളൻ മേഘം
ഉച്ചിയിൽ ഉറഞ്ഞുനിൽക്കുന്നു.
ഭൂമിയുടെ മറുവശത്തുനിന്നും ചോനാനുറുമ്പുകൾ
അരിമണിതേടി അച്ചുതണ്ട് തുരക്കുന്നു.
മജീഷ്യന്റെ തൂവാലയിലെ ചിത്രം പോലെ എല്ലാം..
എല്ലാറ്റിനും ഒടുവിൽ,
ഏകാന്തതയുടെ കടൽ നടുവിൽ
കത്തുന്നൊരു കത്തിയും കയ്യിൽ പിടിച്ച്
കാൽ‌വിരലിൽ നിന്നെന്നെ മുറിച്ചെറിയാൻ തുടങ്ങുന്നു
എന്നെപ്പോലൊരുവൻ..

1/12/10

രക്ഷമാം

വേടന്റെ കൂട്ടിൽ നിന്ന് ചാടി
കടുവയുടെ മടയിൽ പെടുമ്പോലെയാണ്
രക്ഷപ്പെടലുകളെല്ലാം

അവൻ രക്ഷപ്പെട്ടു എന്ന് ഞാൻ
പറഞ്ഞപ്പോഴും
ഞാൻ രക്ഷപ്പെട്ടു എന്ന് അവൾ
പറഞ്ഞപ്പോഴും സംഭവിച്ചത് മറ്റൊന്നല്ല

രക്ഷപെട്ടു എന്നാൽ എന്താണ് സത്യത്തിൽ..!
റിട്ടയറാവുന്നതിന്റെ തലേന്ന് മരിച്ചുപോയ
ആളുടെ മകൻ എന്നാണോ ?
പ്രതീക്ഷിച്ച ട്രയിൻ കിട്ടാ‍തെ വന്നതിനാൽ
ഒളിച്ചോട്ടത്തിനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടിവന്ന
കാമുകീകാമുകന്മാരെന്നോ?

ആർക്കറിയാം..?
എന്തായാലും എനിക്കറിയില്ലതന്നെ..
ഞാൻ ഇനിയും രക്ഷപെടാനിരിക്കുന്നതേയുള്ളു
രക്ഷപെടലിൽ നിന്ന് രക്ഷപെട്ട് രക്ഷപെട്ട്
ഞാനിങ്ങനെ കാത്തിരിക്കുന്നു
ഒടുക്കത്തെ രക്ഷപെടലിനായി..

അതുവരെ
സ്വന്തം തുകലിൽ ചെണ്ടയുണ്ടാക്കി
കൊട്ടിപ്പാടുന്നവരുടെ ക്യൂവിൽ ഞാനുമുണ്ടാകും..

25/11/10

ഒരുമ രണം

ഓർമകൾ കൊണ്ട് ജീവിച്ചിരുന്ന കാലം കഴിഞ്ഞു
ഇനി നമുക്ക് മറവികൾ കൊണ്ട് ജീവിക്കണം
പിതാക്കൻ‌മാരേ പുരോഹിതന്മാരേ
മറവിയുടെ വേദപുസ്തകങ്ങൾ
ആരെങ്കിലും ഉടൻ എഴുതിത്തുടങ്ങണം
ഏറെ വൈകിപ്പോയിരിക്കുന്നു കാലം.

ഓരോ തവണ റീസ്റ്റാർട്ട് ചെയ്യുമ്പോഴും
പഴയ ബേസിക് ഓർമയിലേക്ക്
റീസ്റ്റോറു ചെയ്യുന്ന കഫേയിലെ കമ്പ്യൂട്ടർ പോലെ
ഓരോ രാത്രിയും ഉറങ്ങിയുണരുമ്പോൾ
അന്നന്നത്തെ ഓർമകൾ മായ്ഞ്ഞ് പോയിരിക്കണം
ഓരോ പകലും തനതു പകലുകൾ മാത്രാമാവണം
വഴികൾ പുതുത്,ജീവിതം പുതുത്,മരണം പുതുത്..
ഒരുറക്കം ഒരുമരണമായിരിക്കണം.

7/7/10

കറിക്കത്തിദാമ്പത്യം

ഉറങ്ങിയാൽ സ്വപ്നം കാണും,
സ്വപ്നത്തിലവളെ കാണും.
ഉറങ്ങാതിരുത്തണം..
ഭാര്യ നിശ്ചയിച്ചു.

ഉറങ്ങരുത്..
ഉറങ്ങിയാൽ തലയറുത്തെടുക്കും..
അവൾ കറിക്കത്തി തലയണയ്ക്കടിയിൽ പാകി..
കണ്ണടച്ചുറങ്ങാൻ കിടന്നു.

ഉറങ്ങിയാൽ തലപോകുമല്ലോ..
ഭർത്താവ് ഉറങ്ങാതിരുന്നു.

ഉറങ്ങില്ല..
ഉറങ്ങിയാലല്ലേ സ്വപ്നം കാണൂ..
സ്വപ്നത്തിലല്ലേയവളെക്കാണൂ..
ഭാര്യസുഖമായുറങ്ങി.

ഉറക്കത്തിൽ സ്വപ്നം കണ്ടു
സ്വപ്നത്തിലവനെക്കണ്ടു
കറിക്കത്തിമോഷ്ടിച്ചവൻ തന്റെ
തലയറുത്തെടുക്കുന്നു..

നിലവിളിച്ചുണർന്നു ഭാര്യ..
ഭയന്നു വിറച്ചു ഭർത്താവ്..
ഉറങ്ങാതിരിക്കുന്നിപ്പോൾ സസുഖം-
കറിക്കത്തിദാമ്പത്യം.

22/6/10

De-streaming a stream

I was there, in the midst of nowhere…
I was flowing, as always
not to anywhere,
not from anywhere,
but I was there as always…

All the memories of yesterdays,
all the moments of today,
all the hopes for tomorrows,
and armed dreams of days after,
remained there as ripples;
making the water weeds dance …

See, but I am not the river as you deem
Not the water in it, which makes a river
Not the wetness in it which makes water
Not the canal and neither the direction
Not the upside down images of trees on the sides
Not the sunrays splitting inside into blood and violet
Not the fishes and not the fisher men
I am just what I am, just a flow,
A flow, in it’s pure sense,
which can’t even flow away…..

Call me a floating flow, on the lap of all others
No in-depth current underneath and no curls on the top...

I have seen angry monsoon,
washing the tender roots of mighty trees…
I have seen unhealthy laundry women
washing costly linen of their wealthy masters…
I have seen sunsets in summer, in which birds
fly with their burning wings
I have seen winter, with mysteries of -
the frozen nights hanging out in the mornings…
I have seen beautiful dead women
On the glossy floor of water,
Travelling towards the sea…
I have seen, wild men fist fucking,
on the fleshy water in twilight….
I have seen the laughter of children,
flying in the fallen skies of evenings…
I have seen you several times,
I have seen them too…

I have seen everything.
I have seen everything else,
Except me…..

But I was there in the midst of the stream
not inside and not out
nobody called my name
and nobody touched me
nothing there to mark my being….
I may be alive or I may be dead;
who cares If I am there or if I am not…

20/6/10

നിമിഷങ്ങൾ | Instants

ജോർജ് ലൂയിസ് ബോർഹസിന്റെ Instants' എന്ന കവിതയുടെ ഏകദേശ പരിഭാഷ...

എനിക്കെന്റെ ജിവിതം വീണ്ടും ജീവിക്കാനാവുമെങ്കിൽ
അടുത്തതവണ ഞാൻ കൂടുതൽ തെറ്റുകൾ ചെയ്യാൻ ശ്രമിക്കും
അത്രയധികം പൂർണനായിരിക്കാൻ ബദ്ധപ്പെടാതെ
ഞാൻ കൂടുതൽ വിശ്രാന്തനാവും
ഇപ്പോഴുള്ള എന്നേക്കാൾ -
മുഴുവൻ ഞാനായിരിക്കും ഞാൻ.
കുറച്ചുമാത്രം കാര്യങ്ങളിൽ ഗൌരവിയാവും
കുറച്ചുമാത്രം വൃത്തിയുള്ളവനാവും
കൂടുതൽ എടുത്തുചാട്ടക്കാരനാവും
കൂടുതൽ യാത്രകൾ പോകും
കൂടുതൽ അസ്തമയസൂര്യന്മാരെ കാണും
കൂടുതൽ പർവതങ്ങൾ കയറും
കൂടുതൽ പുഴകളിൽ നീന്തും
ഇനിയും പോയിട്ടില്ലാത്ത
അനവധി സ്ഥലങ്ങളിൽ ഞാൻ പോകും
കുറച്ചുമാത്രം തലച്ചോറും
കൂടുതൽ ഐസ്ക്രീമുകളും തിന്നുതീർക്കും ഞാൻ
ഭാവനാസൃഷ്ടമായ കുഴപ്പങ്ങളേക്കാൾ
കൂടുതൽ യാഥാർത്ഥ്യപ്രശ്നങ്ങൾ എനിക്കുണ്ടാവും

ഓരൊ നിമിഷവും, സൂക്ഷ്മമായി ചിന്തിച്ചുറപ്പിച്ച് -
ജീവിതം നയിച്ചിരുന്നവരിൽ
ഒരാളായിരുന്നു ഞാൻ
തീർച്ചയായും എനിക്കുമുണ്ടായിരുന്നു
സന്തോഷമുള്ള നിമിഷങ്ങൾ
പക്ഷേ എനിക്കു തിരിച്ചുനടക്കാനായെങ്കിൽ
നല്ല നിമിഷങ്ങൾ മാത്രമുണ്ടാവാൻ ഞാൻ ശ്രമിക്കും

എന്തുകൊണ്ടുള്ളതാണ് ജീവിതമെന്നറിയുന്നില്ല നിങ്ങളെങ്കിൽ
‘ഇക്ഷണം’ നിങ്ങൾ നഷ്ടമാക്കരുത്.....

ഞാനും അവരിലൊരാളായിരുന്നു..
ഒരു തെർമോമീറ്റർ,
ഒരു കുപ്പി ചൂടുവെള്ളം,
ഒരു കുടയുടെ തണൽ,
ഒരു പാരച്ച്യൂട്ടിന്റെ സുരക്ഷ,
ഇവയില്ലാതെ എങ്ങും യാത്രപോകാത്തവരിലൊരാൾ

എനിക്കു വീണ്ടും ജീവിക്കാനായെങ്കിൽ
ഞാൻ വെറും കയ്യോടെ യാത്രചെയ്യും
എനിക്കും വീണ്ടും ജീവിക്കാനായെങ്കിൽ
വസന്താരംഭം മുതൽ
ശരത്കാലാന്തം വരെ
നഗ്നപാദനായി ഞാൻ മണ്ണിൽ ജോലിചെയ്യും
കൂടുതൽ കാളവണ്ടികൾ ഓടിക്കും
കൂടുതൽ സൂര്യോദയങ്ങൾ കാണും
കൂടുതൽ കുട്ടികൾക്കൊപ്പം കളിക്കും
പക്ഷേ....എനിക്ക് ജീവിക്കാൻ ജീവിതം
മിച്ചമുണ്ടായിരുന്നെങ്കിൽ....
എനിക്കിപ്പോൾ എൺപത്തഞ്ചായി..
എനിക്കറിയാം, ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്..

23/5/10

ചുരമിറങ്ങുന്ന ചാക്കുകെട്ടുകൾ

ചുരമിറങ്ങുന്ന ബസ്,
പാതിയുറക്കത്തിൽ
സ്വപ്നം കാണുകയായിരുന്നു.
ബസിനുള്ളിൽ, ഹൃദയമിടിപ്പുകളുടെ
ചാക്കു കെട്ടുകൾ അടുക്കിവെച്ചിരിക്കുന്നു.
ഹെയർ പിന്നുകളിലെ
കുത്തുവളവുകളിൽ, അവ പരസ്പരം
ഞെങ്ങിഞെരുങ്ങി ചേർന്നിരുന്നു.
അപ്പോഴുണ്ടായ അധിക സ്ഥലങ്ങളിൽ,
തണുത്ത മേഘങ്ങളുടെ നാടോടിക്കുഞ്ഞുങ്ങൾ
തിക്കിത്തിരക്കി കയറിയിരുന്നു.
ബസ്, ഉൾച്ചിറകുകളിലെ
പഞ്ഞിത്തൂവൽ പോലെ,
കറങ്ങി കറങ്ങി കറങ്ങി
അടിവാരത്ത് ഇറങ്ങി നിന്നു.
സമതലത്തിലെ ചുടുകാറ്റ് വന്ന് തള്ളിയപ്പോൾ
മേഘക്കുഞ്ഞുങ്ങൾ ആരവത്തോടെ
ഇറങ്ങിയോടി
അപ്പോഴും അതൊന്നുമറിയാതെ
ചാക്കുകെട്ടുകളിലെ ഹൃദയമിടിപ്പുകൾ
പരസ്പരം നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു.
ചുരമിറങ്ങിക്കഴിഞ്ഞപ്പോൾ
സ്വപ്നം വിട്ടുണർന്നു കഴിഞ്ഞ ബസ്
നീട്ടത്തിൽ കോട്ടുവായിട്ട്,
അടഞ്ഞ ചെവിയിൽ വിരലിട്ട് തുറന്ന്,
ഉച്ചത്തിൽ ഹോണടിച്ച് പാഞ്ഞു.
അതുകേട്ട് ചാക്കുകെട്ടുകൾ ഞെട്ടി,
അവരവരുടെ കമ്പോളങ്ങളെക്കുറിച്ച് ചിന്തിച്ച്,
തമ്മിൽ അറിയാത്തവരെപ്പോലെ വേർപെട്ടിരുന്നു...

21/5/10

ഏതുശബ്ദമാണ് ഏതുശബ്ദം

ഇര തന്നെ വേട്ടക്കാരനെ കൊണ്ടു നടന്നു
അവന് അമ്പുകൊരുത്തു,
മുനയിൽ മൂർച്ചകൊടുത്തു,
ചിരിയിൽ സമം ചാലിച്ച ചതി
മണത്തുപോലും നോക്കാതെ വിഴുങ്ങി,
പാതിജീവൻ സ്വയം ഒറ്റുകൊടുത്തു.
കാമറയിൽ ഉന്നം പിടിപ്പിച്ച്
കൃത്യം സമയമുറപ്പിച്ച്,
സ്വയമൊരു ഫോട്ടോയിൽ, ധൃതിയിൽ
ഓടിവന്നു പ്രതിഷ്ഠിതനാവുമ്പോലെ
വേട്ടക്കാരന്റെ ലക്ഷ്യത്തുമ്പ്
നെഞ്ചിൽ അടയാളപ്പെടുത്തി നിന്നു.
ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ഇരയുടെ ഇറച്ചി ഇപ്പോൾ
വേട്ടക്കാരന് സ്വന്തം
ഇരയുടെ കരച്ചിൽ
കാറ്റിൽ അനാഥം,
ഏതോ മൃഗത്തിന്റെ/പക്ഷിയുടെ ഏതോ ശബ്ദം....

ഏതു ശബ്ദമാണത്?
ചിരിയോ കരച്ചിലോ..?
പെണ്ണിനായി ജീവൻ ചൂതുപറഞ്ഞ്
കൊമ്പുകൾ പരസ്പരം കണ്ണിൽ കുത്തിയിറക്കുന്ന
മുട്ടൻ കാട്ടുപോത്തുകളുടെ ആൺപോർ വിളിയോ?
ഇണചേരലിന്റെ അന്ത്യപ്രഹരത്തിൽ
തെറിച്ചുവീഴുന്ന ശ്വാസത്തിന്റെ പാറത്തുണ്ടോ?
പേറ്റുനോവിന്റെ മലമുകളിൽ നിന്ന്
ഉരുൾപൊട്ടുന്ന കാട്ടുകുത്തൊഴുക്കോ?
നഷ്ടപ്രണയത്തിന്റെ വിഷം കുടിക്കുന്ന
ഇണമൃഗത്തിന്റെ നെഞ്ചുപൊട്ടുന്ന മുഴക്കമോ?
........................................................................
ഏത് ശബ്ദം...?
ശബ്ദത്തിൽ അടയാളപ്പെടുന്നുണ്ടോ
ഒരു ചരിത്രം?
ചരിത്രത്തിൽ ആരുടെ ശബ്ദമാണ് ആരുടെ ശബ്ദം!

ഇരയുടെ ഇറച്ചിയുമായി മലകയറുന്നു
വേട്ടക്കാരൻ
ഇരയിപ്പോൾ ഒരു തോളിലൊരു വേതാളം
മറുതോളിൽ ആയുധങ്ങൾ.
അവന്റെ വില്ലിൽ വളഞ്ഞുനിൽക്കുന്നത്
അടങ്ങാത്ത തൃഷ്ണയുടെ ആവേഗം.
ആവനാഴിയിൽ അലസമായി കിടക്കുന്നത്
അടുത്ത ലക്ഷ്യത്തിലേക്കുള്ള കൃത്യപ്രവേഗം.

ഇറച്ചിയുടെ മണം കേട്ടെത്തുന്നു
മാംസഭുക്കായ ഒരു ചോദ്യം
അവന്റെ കണ്ണിൽ എഴുതിയ കാഴ്ച
ഇറച്ചിതിന്നു കൊഴുത്ത ഇറച്ചി
അവന്റെ കാതിൽ മുഴങ്ങുന്നു
ചോരകുതറുന്ന കാട്ടുചോലകൾ
അവന്റെ കൈപ്പാദങ്ങളിലൊളിച്ചിരിക്കുന്നു
ആഴത്തിലുള്ള മുറിവുകളുടെ ശില്പവിദ്യ
അവൻ സ്വയം മുറുകിവളഞ്ഞുനിൽക്കുന്ന കുതി
അവൻ സ്വയം ചടുലമൊരായുധവിദ്യ
അവനുമുന്നിൽ, പെട്ടെന്ന് പൊട്ടിത്തുറിച്ച
വെളിച്ചത്തിന്റെ തൂണിൽ ഇടിച്ചുവീണ
രാത്രിജീവിപോലെ വേട്ടക്കാരൻ...
ഇരയുമായൊരിര....
ഇറച്ചിയുമായൊരിറച്ചി....
വില്ലെടുക്കാനായും മുൻപ്
അമ്പെടുക്കാനാവും മുൻപ്
ചോദ്യം ഒരൊറ്റ എയ്ത്ത്
ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍
ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ഏത് ശബ്ദമാണത്....
ഏത് ശബ്ദം...?

ശബ്ദത്തിൽ അടയാളപ്പെടുന്നുണ്ടോ
ഒരു ചരിത്രം?
ചരിത്രത്തിൽ ആരുടെ ശബ്ദമാണ് ആരുടെ ശബ്ദം!

5/5/10

വിത്തും പുറന്തോടും

ഒരാൾ മറ്റേയാളെ തൊട്ടു
അയാൾ പൊട്ടിപ്പിളർന്ന്
ഉള്ളിൽനിന്നും
വിത്തുകളുടെ പക്ഷികൾ
ചിറകടിച്ചുയർന്നു.
ഒന്നാമൻ പക്ഷികളെ പിന്തുടർന്ന് പാഞ്ഞു
രണ്ടായ് പിളർന്ന പുറന്തോടായി
ഉപേക്ഷിക്കപ്പെട്ടു മറ്റേയാൾ.

26/4/10

മഴമുറിച്ചുകടക്കുന്നവരെക്കുറിച്ച്

നൂറ് സിസിയുടെ ഒരു പഴഞ്ചൻ ബൈക്കിൽ
ആയിരം സിസിയുടെ ഒരു പടുകൂറ്റൻ വേനൽമഴ-
മുറിച്ചുകടക്കുകയായിരുന്നു അവർ.
അപായരഹിതമെന്ന് ഉറപ്പിച്ച
സുഭിക്ഷമായ ഇടത്താവളം ഉപേക്ഷിച്ച്
ഉണ്ടോ എന്നുതന്നെ ഉറപ്പില്ലാത്ത
ഏതോ വൻ‌കര തേടി
കെട്ടുവള്ളത്തിൽ കടൽ കടക്കാൻ തുനിയുന്നപോലെ
സാഹസികമായ ഒരു കടത്ത്.
ആകാശം പിളർന്ന്പായുന്ന കൊള്ളിയാൻവേഗത്തിൽ
അവർ മഴതുഴഞ്ഞ അതേ നിമിഷങ്ങളെ
ക്ലോക്കുകൾ ചരിത്രമായി പണിതുയർത്തുന്ന
ടിക് ടിക് ശബ്ദത്തിൽ,
അവരുടെ ധമനികൾ മിടിച്ചുകൊണ്ടിരുന്നു.
അവരുടെ പാതയിൽ മരണം,
ദാക്ഷിണ്യമില്ലാത്ത ട്രാഫിക് പോലീസുകാരനെപ്പോലെ
ഏതുനിമിഷവും കൈകാണിച്ചു നിർത്താം എന്നമട്ടിൽ
മുട്ടിനുമുട്ടിനു കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ മഴവെള്ളം,
പഴയ ചോരക്കറകൾ കഴുകി വെടിപ്പാക്കുകയും
അടുത്ത പന്തിക്ക് ഇല വിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ ജീവിതം,
ഒരു വേനൽക്കാലം വിഴുങ്ങിയുണങ്ങിയ
വിത്തുകൾപോലെ കുതിരുകയും, ഉണരുകയും,
മണ്ണിലേക്ക് തുളച്ചിറങ്ങാൻ വേരു രാകി-
കുതറുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ ജനത, നനഞ്ഞുജനിക്കുകയും
നനഞ്ഞുമരിച്ചവർ പുനർജനിക്കാൻ
കൊതിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
മരണത്തിന്റേയും ജീവിതത്തിന്റേയും സാധ്യതയിലൂടെ
മഴമുറിച്ചുള്ള അവരുടെ സഞ്ചാരം
മിഴിച്ചകണ്ണുകളോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു,
പാതയോരത്തെ അറുപഴഞ്ചൻ നഗരം.
മഴക്കാലത്തെ വിളഞ്ഞുപഴുത്ത ചെറിപ്പഴങ്ങളേക്കാൾ
തുടുത്ത വിരലുകൾ കൊണ്ട് പ്രണയമവരെ തൊട്ടുനോക്കി-
തന്റെ തോട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നതുകണ്ട്,
നൂറ്റാണ്ടുകൾ മാറ്റമില്ലാതെ നിൽക്കുകയായിരുന്ന
വയസൻ ജീവിതത്തിന്റെ വിളംബരസ്തൂപങ്ങൾ
അവർക്ക് പിന്നിൽ ഇടിഞ്ഞ് വീഴുകയും
പേരറിയാത്ത ചെടികളായി മുളച്ചു പൂക്കുകയും ചെയ്തു....

22/4/10

ശവം+ശവം=ശവംകുഴിച്ചുകുഴിച്ചു പുറത്തെടുക്കുക
ഒരു ശവത്തിൽ നിന്നും
മറ്റേ ശവത്തെ..
മൂക്കും മുലയും മുറിഞ്ഞ
ഹാരപ്പൻ ശില്പങ്ങൾ പോലെ
അണിനിരത്തുക
ഓരോന്നിലും അടക്കം ചെയ്ത
മറ്റോരോന്നുകളെ..

കണ്ടെടുക്കുക,
ഒരു ശവത്തിന്റെ സ്വപ്നക്കൊടുമ്പിരി
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരുശവത്തിന്റെ വിശപ്പുകല്ല്
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരു ശവത്തിന്റെ കാമക്കഴപ്പ്
മറ്റേ ശവത്തിന്റേതിൽ നിന്ന്....

അങ്ങനെയങ്ങനെ-
കുഴിച്ചുകുഴിച്ചു പുറത്തെടുക്കുക,
പരസ്പരം വിഴുങ്ങിമരിച്ച
രണ്ടു കാളശവങ്ങളുടെ പൂതലിച്ച ജീവിതം,
ഒരു ശവം മറ്റേ ശവത്തെ ആർത്തിയോടെ
വിഴുങ്ങുന്നതിന്റെ ആവർത്തനചക്രം....
അപ്പോൾ തിരിച്ചറിയാം...
ഒരുശവം മറ്റേ ശവം തന്നെയല്ലേ
എന്ന് തോന്നിപ്പിക്കും വിധം ശവം!

17/4/10

ഒരു വൈകുന്നേരക്കാഴ്ച ...

ജലം ജലത്തോടെന്ന പോലെ,
കാറ്റ് കാറ്റിനോടെന്നപോലെ
പരസ്യമായെങ്കിലും
രഹസ്യമായി സന്ധിച്ചു,
രണ്ടു ജൈവപരാഗങ്ങൾ....
മരങ്ങളും,
വൈകുന്നേരവും കൂട്ടിപ്പിടിച്ച്
വൈദ്യുതിക്കമ്പികൾ കൊണ്ട് വലകെട്ടിയ
ബഹുനില നഗരം അവരെ കണ്ടില്ല...
ബസുകളിലും സ്കൂട്ടറുകളിലുമായി
വീടുകളിലേക്ക് തിരിച്ചുപോകുന്ന
തളർന്ന ഗ്രാമങ്ങൾ അവരെ കണ്ടില്ല....
ഇരുട്ടിൽ മിന്നാമ്മിന്നികൾ പോലെ,
ആൾത്തിരക്കിലൂടെ
അജ്ഞാതമായ ഊർജ്ജം
പ്രകാശിപ്പിച്ചുകൊണ്ട്
ആരും കാണാതെ
കൈകോർത്ത് അവർ നടന്നു.
മുറ്റി നിറഞ്ഞ ഒരുറവപോലെ
ഒറ്റക്കുത്തിന് പുറത്തുചാടാൻ പാകത്തിന്
അവർക്കുള്ളിൽ ആനന്ദം നിറഞ്ഞിട്ടുണ്ടായിരുന്നു.
പരസ്പരം നോക്കുമ്പോഴൊക്കെ
ഒരു ചിരിയുടെ കാറ്റിൽ അവർ ഉലയുന്നുണ്ടായിരുന്നു.
ജലം ജലത്തോടെന്നപോലെ
കാറ്റ് കാറ്റിനോടെന്നപോലെ
അത്ര സ്വാഭാവികമായി
അവർ പരസ്പരം അലിയുന്നുണ്ടായിരുന്നു.

പൊഴി*ഒരു മൊബൈൽ വീഡിയോ കവിത :)
എന്റെ കാർബൺ കെ550 ഉപയോഗിച്ചു പിടിച്ചത്..
അഭിനേതാക്കൾ കടൽ,പുഴ,തിരമാല, ഭാര്യ,മക്കൾ പിന്നെ കുറേ വായിനോക്കികൾ :)

14/4/10

ഒരുവിലാപം

താഴ്ചയേറെയുള്ളൊരാറ്റുവക്കത്തൂടെ
നടക്കുന്നു ഞാൻ.
ആകാശം കനം തൂങ്ങിനിൽക്കു-
മൊരാഴത്തുള്ളിയായ് മുകളിൽ.
കാറ്റിൽ മേഘങ്ങൾ പരസ്പരം
ഉരിയാടിയൊന്നായലിഞ്ഞും
പിഞ്ഞിപ്പിരിഞ്ഞുപലതായ്
പറിഞ്ഞും ,
അലയുന്നു.....
മിന്നൽ വാറ്റിയെടുത്തൊരു കുളിരു,
ചേമ്പിലക്കുമ്പിളിൽ
ലഹരിയുടെ മുത്തം പകരുന്നു.
ശാന്തമെന്നെ മുഖം നോക്കാൻ
ക്ഷണിക്കുന്നു,
നീ;
ആഴജലം...
ഞാൻ;
ദാഹം കുമിഞ്ഞ്
ഭ്രാന്തായ് ചമഞ്ഞ മാൻ‌കുട്ടി..

നിന്നിലെന്നെക്കണ്ടു ഭയന്നലറി
ചിതറിഞാനോടി
നീയോ, നിന്നെ തളച്ചൊരാഴം-
പിഴുതെന്റെ പിന്നാലെ..
നാം,ദാഹവും ശമനവും
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
വെയിൽ പാളികൾക്കിടയിൽ
ഓട്ടത്തിന്റെ ഒരു ഫോസിലായി
ഉറഞ്ഞു.
നമുക്കുമുകളിൽ,
കാലഘട്ടങ്ങളിടിഞ്ഞുവീണുനാമടിഞ്ഞു..
ആരോ കുഴിച്ചെടുക്കുംവരെ
ഉറങ്ങിപ്പോകുന്നു പിൽക്കാല ജീവിതം..

മഴയിൽ മാമ്പൂക്കൾ പോലെ
ചരിത്രം ചാപിള്ളയായി
പെറ്റുവീഴുന്നു.
ഹാ!
നമ്മൾ, നമ്മളെന്നൊരു വിലാപം
പെയ്തുതോരുന്നു...

3/4/10

കടൽമഴ

കടലേ...
കരിമ്പാറക്കെട്ടിന്റെ നെഞ്ചിൽ
തലയറഞ്ഞലറിക്കരയുന്ന
കാട്ടുകടലേ...
നിന്റെ,
വ്യഥകളറിഞ്ഞ്
മേഘങ്ങൾ കെട്ടിയ
പായ്ക്കപ്പലോടിച്ചുവരുകയാണൊരുമഴ..

നിലാവിന്റെ നേർത്ത ജനൽശീല
രാത്രിക്കുമീതേ വലിച്ചിട്ട്
അവനിന്നു നിന്റെമേൽ പെയ്യും
നീലമാംനിന്റെ ജലശയ്യയിൽ
നൂറു നൂറായിരം ചുളിവുകൾ തീർക്കും..

1/4/10

നമോവാകം

കത്തുന്ന പ്രേമത്തിൽ
എന്നെ
കുത്തിച്ചുട്ടവൾക്ക്

അവൾക്കായി മൊട്ടിട്ട
ചുംബനങ്ങൾ
പൊഴിഞ്ഞു നിൽക്കുന്ന
കടന്നൽ മരത്തിന്

ഉരിഞ്ഞുപോയ എന്റെ
പുറന്തോലിന്നുമേൽ
നീറ്റിയുരുമ്മുന്ന കാറ്റിന്

നമോവാകം..
നമോവാകം...

31/3/10

മഞ്ഞുപോലെ മാഞ്ഞും തെളിഞ്ഞും....

കൊടും കുന്നുകളിൽ നിന്നും
മഞ്ഞിറങ്ങിവരുമ്പോലെയാണ്
നിന്നെക്കുറിച്ചുള്ള ലഹരിവരുന്നത്
ഒരുനിമിഷം കൊണ്ട്
തെളിഞ്ഞതാഴ്വരയെ അത്
കാഴ്ചയിൽ നിന്നും മറയ്ക്കും.
എല്ലാ വെളിച്ചങ്ങളും നിറഞ്ഞുനിൽക്കുമ്പോഴും
എവിടെയാണ്
എപ്പോഴാണ്
എന്താണ്
എന്നൊന്നുമറിയാത്തതിന്റെ ഒരാധി
ഇരുട്ടുപോലെ
കൃഷ്ണമണിയിലേക്ക് അലിഞ്ഞുകയറും.
സ്വർഗത്തിലോ നരകത്തിലോ എന്ന് സംശയിക്കുന്ന
ഒരു നൊടിയിട
ഭൂമിയിൽ സൃഷ്ടിക്കപ്പെടും.
നെഞ്ചിലൂടെ തിരശ്ചീനമായി ഒരു കിണർ
ആരോ തുരക്കുന്നതായും
അതിലൂടെ മറ്റാരോ തീവണ്ടിപ്പാളങ്ങൾ
പണിയുന്നതായും അനുഭവപ്പെടും
ഞാൻ ലഹരി കഴിച്ചിട്ടില്ല എന്ന്
സ്വന്തം ശ്വാസം പലതവണ
ഉള്ളം കയ്യിലേക്ക് ഊതി ഉറപ്പുവരുത്തുമ്പോഴേക്കും
കാറ്റുവരും
മഞ്ഞുമാറും
കുന്നുകളെച്ചുറ്റി ആകാശത്തിലേക്ക് വലിഞ്ഞുകയറുന്ന
ഒറ്റയടിപ്പാതയിലൂടെ
ഒറ്റയ്ക്ക് നടക്കുന്ന ഞാൻ തെളിഞ്ഞുവരും.

30/3/10

അപ്പോള്‍ ആ മരം....

നൂറ്റാണ്ടുകള്‍ക്കു ശേഷം,
ഒരു കിഴവന്‍ മരം
പൂത്തു തുടങ്ങുന്നു എന്ന്
സങ്കല്‍പ്പിക്കുക..

തളിരിലേ കൊഴിഞ്ഞുപോയ
ഇലകളെക്കുറിച്ചും,
മലടായിപ്പൊഴിഞ്ഞുപോയ
വസന്തങ്ങളെക്കുറിച്ചും,
വരാതെപോയ കിളികളെക്കുറിച്ചും,
അത് മറന്നുപോകും.
മൊട്ടിട്ടുതുടങ്ങുന്ന,
പുതിയ പൂക്കാലത്തെമാത്രം ധ്യാനിക്കും.

കിഴക്കുനിന്നും പ്രകാശത്തിന്റെ
ഇളംവിരൽ നീളുന്നതും കാത്ത്-
സ്വപ്നം നിറഞ്ഞ രാത്രികളും,
പടിഞ്ഞാറുനിന്നും വെയിൽ
പഴുത്തുവീഴുന്നതിന്റെ മണം കാത്ത്-
ഉഷ്ണിച്ച പകലുകളും അത് കടക്കും..

സന്ധ്യകളിൽ മഞ്ഞുവന്ന് തഴുകുമ്പോൾ
അതിന്റെ വയസൻ പുറന്തോട്
കുതിർന്നിളന്താളിക്കും.
പെട്ടെന്ന്,
ഏകാന്തത മൂർച്ഛിച്ച്,
അത് സ്ഖലിക്കും...

അപ്പോൾ...
പൂക്കളേ പൂക്കളേ എന്ന്,
കാണാക്കരങ്ങൾകൊണ്ട്,
തളർന്ന മേലാസകലം-
അത് തൊട്ടുനോക്കും..

അപ്പോഴാണ്...
ഒരു വെള്ളിടി വെട്ടി...
അത് പട്ടുപോകുന്നതെങ്കിലോ...?

29/3/10

പ്രണയങ്ങളുടെ ദൈവമേ, ചെകുത്താനേ..

അവൾക്കെന്നെ മുഴുവനായും വേണം;
എന്റെ പ്രിയഭാര്യയ്ക്ക്.

അവളുടെ അവകാശമാണു ഞാൻ.
മുടിമുതൽ കാൽനഖം വരെ,
അവൾക്കുള്ളത്.
പുഞ്ചിരിയും,
ചിരിക്കുമ്പോൾ ഇറുങ്ങുന്ന കണ്ണുകളും,
അവൾക്കുള്ളത്.
എന്റെ സങ്കടക്കുന്ന് അവൾക്കുള്ളത്
സ്വപ്നങ്ങളുടെ പായൽക്കുളം അവൾക്കുള്ളത്
ചുംബനങ്ങളുടെ കാട്ടുമുയൽ അവൾക്കുള്ളത്
അവളുടെ കയ്യിലാണെന്റെ താക്കോൽ

അവൾക്ക് മാത്രം തുറന്നുവായിക്കാനുള്ള പുസ്തകം ഞാൻ
അവൾക്ക് മാത്രം പൂട്ടിയിടാനും തുറന്നുവിടാനും അധികാരമുള്ള
ചിറകുവെട്ടിയ പക്ഷി ഞാൻ
അവൾക്ക് മാത്രം സ്വന്തം
എന്റെ എല്ലാം അവളുടെ അവകാശം
(അവൾ എനിക്കും സ്വന്തം
അവളുടെ എല്ലാം എന്റേയും അവകാശം.
ഞങ്ങൾ പരസ്പരം താക്കോൽ കൈമാറിയവർ)

അവൾ കലഹിക്കുന്നു
എന്റെ പ്രിയഭാര്യ കലഹിക്കുന്നു
എന്റെ പ്രിയ കാമുകിമാരെക്കുറിച്ച്,
തെന്നിനടക്കുന്ന പൂമ്പാറ്റയുടെപോലെ
അടഞ്ഞും തുറന്നുമുള്ള എന്റെ പുഷ്പസഞ്ചാരങ്ങളെക്കുറിച്ച്...
അവൾക്കെന്നെ മുഴുവനായും കിട്ടുന്നില്ലത്രേ

ചെകുത്താനേ
പ്രണയങ്ങളുടെ ദൈവമേ
എന്റെ പാതിയെങ്കിലും നീ എനിക്ക് വിട്ടുതരിക
അതിന്റെ പാതിയെങ്കിലും ഞാനവൾക്ക് കൊടുത്തോട്ടെ..

28/3/10

പുറമ്പൂച്ച്

ആദ്യപ്രണയത്തിന്റെ പരാജയത്തെത്തുടർന്ന്
ആത്മഹത്യക്ക് തീരുമാനിച്ചപ്പോൾ
മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച്
ചില ആശങ്കകൾ പൊന്തിവന്നു.

അടക്കും മുൻപ് കുളിപ്പിക്കുമ്പോൾ
ഞാൻ മാത്രം കണ്ടിട്ടുള്ള ഗുഹ്യഭാഗങ്ങൾ
നാട്ടുകാർ കാണുമല്ലോ എന്നതായിരുന്നു ഒന്ന്.
അലക്കിവെടിപ്പാക്കിയ ഉടുപ്പുകൾ മാറ്റുമ്പോൾ
ഉള്ളിൽ പിഞ്ഞിക്കീറിയ അണ്ടർവെയർ കണ്ട്
നാണക്കേടാകുമല്ലോ എന്നത് മറ്റൊന്ന്.

പോംവഴികണ്ടെത്തി,
ഡിസക്ഷൻ ബോക്സിലെ കത്രികകൊണ്ട്
ഗുഹ്യരോമങ്ങൾ ഭംഗിയായി കത്രിച്ചൊതുക്കി.
വിലകൂടിയ ഒരു ജട്ടിയും ബനിയനും വാങ്ങി.
മരണത്തെ ജപിച്ചുകൊണ്ട്
ചിന്താകുലമായ ഒരു രാത്രി കടന്നുപോയി.
അരദിവസം മുഴുവൻ മരണത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ
വിരഹം മറന്നുപോയി.
തീരുമാനം മാറി.

ഇപ്പോൾ
ഒരു ദശാബ്ദം കഴിഞ്ഞുപോയി
നൂറുപ്രണയങ്ങളും നൂറുപരാജയങ്ങളും വന്നുപോയി
എത്ര വിവസ്ത്രമാക്കിയാലും
നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
ശരീരമെന്ന തിരിച്ചറിവുമുണ്ടായി.

18/3/10

തെരുവിൽ...ചവറുകൂനയിൽ

അവൾക്കെന്നെ ഒട്ടും അറിയില്ലായിരുന്നു
അവൾ എന്നെ പ്രണയിച്ചു.

അവളെന്നെ പൂർണമായി അറിഞ്ഞു
അവൾ എന്നെ ഉപേക്ഷിച്ചു.

കുട്ടികളുടെ കളിപ്പാട്ടം പോലെ ഞാൻ
എല്ലാം വലിച്ചു പൊളിച്ച് കേടാക്കപ്പെട്ട നിലയിൽ
എന്നിൽ കൌതുകം തോന്നുന്ന ആരെയോ കാത്തുകിടന്നു,
തെരുവിൽ....ചവറുകൂനയിൽ.

16/3/10

ഇരപിടുത്തം

പച്ചപ്പാടത്തിനു നടുവിലൂടെ,
ചക്രവാളത്തിലേക്ക്
ഒരു നെടുനീളൻ മുറിവ്.
അതിലൂടെ,
പുറംതിരിഞ്ഞ് നടന്നുപോകുന്ന പെൺ‌കുട്ടി.
അവളുടെ നെറുകയിൽ സൂര്യപ്പഴം.
അവളുടെ പാദം തുഴയുന്നു ചോരപ്പുഴ.
ഇരുവശവും അവളുടേതല്ലാത്ത വയൽ.

കണ്ണുകൾക്ക് നടുവിൽ
കൊക്ക്, ഉയരമുള്ള ഒരു മുറിവ്.
ചിറകുകൾക്കു നടുവിൽ
ഉടൽ, ഉയർന്നുതാഴുന്ന മുറിവ്.
ഞാൻ, വായുവിൽ ലംബമായി ഒരു മുറിവ്.
എന്റെ കാഴ്ചയിൽ നിരാലംബയായി ആ പെൺകുട്ടി.
ഞാൻ, അവളിലേക്ക് കൂപ്പുകുത്തുന്ന
മാംസഭുക്കായ പക്ഷി.

ചുണ്ടുകൾക്കിടയിലിപ്പോൾ
അവൾ, പിടയുന്നൊരു മുറിവ്.
ആഴക്കിണർപോലെ
അന്നനാളം, വിശപ്പിന്റെ മുറിവ്.
ഉൾക്കടൽ പോലെ ഹൃദയം,
ഏറ്റവും ഏകാന്തമായ മുറിവ്.
അവളെ ഞാൻ ഒറ്റയിറക്കിനു വിഴുങ്ങി.
തെങ്ങുകളുടെ കാട്ടിൽ ഒളിച്ചിരുന്ന രാത്രി,
സൂര്യപ്പഴം വിഴുങ്ങി.
പാടങ്ങളിൽ ഒളിച്ചിരുന്ന ഇരുട്ട്,
ഭൂമിയെ പച്ചയ്ക്ക് വിഴുങ്ങി.
മുറിവുകൾക്ക് നിദ്ര ഒരു ചെറിയ ശാന്തി...
ഞാൻ നിദ്രയിലേക്ക് പറന്നു...

14/3/10

മരിച്ചെങ്ങോട്ടു പോകും....

ഏതാണ്ടിങ്ങനെ തന്നെയാണ്
അവർ ജീവിച്ചിരുന്നത്,
എന്റെ അപ്പൂപ്പന്മാർ..
തിന്നും കുടിച്ചും
മദിച്ചും...

അവർ ബീഡിയും സിഗരറ്റും വലിച്ചുകാണും
പൊയില മുറുക്കാൻ ചവച്ചുകാണും
പനങ്കള്ളും പട്ടച്ചാരായവും കുടിച്ചുകാണും
ആണല്ലേ....
പെണ്ണുപിടിച്ചും കാണും
മിന്തി കെട്ടി പുറത്തിറങ്ങും മുൻപ്
കൂടെ കിടന്നവളെ
“പൊലയാടിച്ചി”
എന്ന് വിളിച്ചും കാണും

അവരെവിടെപ്പോയി...?
മരിച്ചുപോയി.

മരിച്ചെങ്ങോട്ടുപോയി?
..........

ഏതാണ്ടതുപോലെതന്നെയാണ്
ഞാനും ജീവിക്കുന്നത്
തിന്നും കുടിച്ചും
മദിച്ചും....
പട്ടച്ചാരായവും പനങ്കള്ളും കൊതിച്ചും
പൊയില ചവച്ചും
ബീഡിയും കഞ്ചാവും വലിച്ചും
പെണ്ണുപിടിച്ചും
പിടിവിട്ടാലുടൻ തേവിടിച്ചീന്ന് വിളിച്ചും..
ആണല്ലേ...

അവരെപ്പോലെ ഞാനും
മരിച്ചുപോകും
മരിച്ചെങ്ങോട്ടുപോകും...?
...................

ഉണരുമ്പോൾ മാത്രം ഉള്ളതെന്ന് തോന്നുന്ന
ഉപസ്ഥമേ പറ
നമ്മൾ മരിച്ചെങ്ങോട്ടുപോകും...!

7/3/10

തകർച്ചയുടെ ഗോപുരം

നല്ല ഉറപ്പുള്ള ഒരു തകർച്ചയുടെ മുകളിൽ
ആഴത്തിൽ വാനം തോണ്ടി
തകർച്ചകൾ ഉടച്ചൊരുക്കി
അസ്ഥിവാരമിട്ടു.
ചെറുതും വലുതുമായ അനേകം
തകർച്ചകൾക്കിടയിൽ നിന്നും
വീതിയേറിയ ഒന്നിനെ ചെത്തിച്ചെതുക്കി
മുകളിൽ പ്രതിഷ്ഠിച്ചു.
അതിനുമുകളിൽ ഒന്ന്,
അതിനും മുകളിൽ മറ്റൊന്ന്..
അങ്ങനെയങ്ങനെ..

ഇങ്ങനെയിങ്ങനെ
രാവും പകലും പണിയെടുത്ത്
ആകാശത്തോളം ഉയരത്തിൽ
തകർച്ചയ്ക്കുമുകളിൽ തകർച്ചകളെ
അടുക്കി
ഈ ഗോപുരം പണിതെടുക്കും.
അത്ഭുതകരമായ ഒരു വാസ്തുശില്പമായി
അത് നിലകൊള്ളും
സൂര്യൻ എവിടെ ഉദിച്ചാലും
ഇതിനകത്തേക്ക് വെളിച്ചം വരില്ല
കാറ്റ് എത്ര ശക്തിയിൽ വീശിയാലും
ഉള്ളിൽ ജീവശ്വാസമില്ല
എവിടെ നിന്ന് എങ്ങോട്ട് നോക്കിയാലും
എവിടെനിന്ന് എങ്ങോട്ട് നോക്കുന്നയാളെയല്ലാതെ
കാണാൻ കഴിയില്ല
മഴപെയ്താലും മഞ്ഞുപെയ്താലും അറിയില്ല
എന്നിങ്ങനെ അപാരമായ ഒരു നിർമിതിയായി
കാലം ഇതിനെ വാഴ്ത്തും.

വേഗമാകട്ടെ
വേഗമാകട്ടെ
തകർച്ചകളുടെ ഈ മഹാഗോപുരം
പണിതീർത്തിട്ടുവേണം
ഇതിനുമുകളിൽ കയറി നിന്ന്
“തകർക്കാമെങ്കിൽ തകർത്തോടാ”
എന്നെനിക്ക് വെല്ലുവിളിക്കാൻ..

4/3/10

കൊതി

അവളോടുള്ള കൊതി
ഒളിപ്പിച്ചുവെച്ച്
അവൻ നടക്കുന്നു,
നോക്കരുത്
കൊതിക്കരുത്
സ്പർശിക്കരുതെന്ന്
ഒരു തടിച്ച നിയമപുസ്തകവും ചുമന്ന്,
സ്കൂളിലേക്ക്
കോളേജിലേക്ക്
ഓഫീസിലേക്ക്
ആശുപത്രിയിലേക്ക്
കോടതിയിലേക്ക്
ജയിലിലേക്ക്;
കൂനിപ്പിടിച്ച്.

അവൾ വരുന്നു
കാറ്റടിക്കുന്നു
അവൾ പൂത്തുലഞ്ഞിതൾപൊഴിക്കുന്നു,
കൊതി അവന്റെ കണ്ണുകളിലൂടെ
എത്തിനോക്കുന്നു.

അവളുടെ ശബ്ദം,
കണ്ണിലെ ജലം,
കണങ്കാലിലെ രോമം,
പച്ചക്കറിവെട്ടിയപ്പോൾ കത്തികൊണ്ട് മുറിവേറ്റ വിരൽ,
അവൻ ചകിതനാകുന്നു...
പുറത്തുചാടിക്കുതിക്കുന്ന കൊതിയെ
ഒറ്റപ്പിടുത്തത്തിനു വിഴുങ്ങി അവൻ നടക്കുന്നു.
അല്ല
ഓടുന്നു.

നോക്കിയില്ലല്ലോ
കൊതിച്ചില്ലല്ലോ
സ്പർശിച്ചില്ലല്ലോ എന്ന്
അവൻ വീട്ടിലെത്തുന്നു
കുളിക്കുന്നു
ഊണുകഴിക്കുന്നു
ഉറങ്ങാൻ കിടക്കുന്നു
കൊതി അപ്പോഴും കൊതിച്ചുകൊണ്ടേയിരിക്കുന്നു.

മകൾ,ഭാര്യ,അനുജത്തി,അമ്മ,അമ്മൂമ്മ...
അതൊന്നുമല്ല അവൾ...
അവൾ,
ഇതുവരെ രുചിച്ചിട്ടില്ലാത്ത രുചി
ഇതുവരെ മണത്തിട്ടില്ലാത്ത മണം
ഇതുവരെ സ്പർശിച്ചിട്ടില്ലാത്ത സ്പർശം
കൊതി അവനെ ഉറക്കുന്നില്ല
ഭാര്യയിൽ നിന്ന്
എങ്ങനെ ഒളിപ്പിക്കും ഈ കൊതിയെ എന്ന്
ബദ്ധശ്രദ്ധനായി അവൻ ഉറങ്ങുന്നു.
ഉറക്കത്തിൽ കൊതി പുറത്തിറങ്ങിനടക്കാതിരിക്കാൻ
പാറാവുകാരനായി കൂർക്കംവലിയെ നിയോഗിക്കുന്നു.

1/3/10

വീട്

മണലിൽ വെച്ച വീട് കൊടുങ്കാറ്റ് കൊണ്ടുപോയി
അവൻ പാറപ്പുറത്ത് വീട് വെയ്ക്കാൻ പോയി
പാറപ്പുറത്ത് വീട് വെച്ചവനെ കൊടുങ്കാറ്റ് കൊണ്ടുപോയി
അവന്റെ വീട് അനാഥമായി

25/2/10

ഓരി

ഇടയ്ക്കിടെ ഓരിയിട്ടില്ലെങ്കിൽ
അവനെ മറന്നുപോയെങ്കിലോ എന്ന്
വളർത്തുനായ കരുതുന്നു
അതുകൊണ്ട്
കെട്ടിൽക്കിടന്ന് മുറുകിയ തൊണ്ടയിൽ നിന്ന്
ഒരക്ഷരം വലിച്ചുനീട്ടി അവൻ
ഒരു നീളൻ ഒച്ചയുണ്ടാക്കുന്നു.
ഞങ്ങൾ പക്ഷേ,
അവന്റെ നിലവിളിവള്ളി
പടർന്നുകയറിയ രാത്രികളിൽ
ഓർത്തിരുന്നത്
കാലനെയാണെന്ന് മാത്രം.

16/2/10

സ്മാരകം

ഇത് ഒരു സ്മാരകമാണ്.പരസ്യമായി ചോദിക്കപ്പെട്ടു എന്ന കുറ്റത്തിന് ജീവനോടെ കുഴിച്ചുമൂടിയചോദ്യത്തിന്റെ. കുഴിക്കുള്ളിൽ കിടന്നും മുക്രയിട്ടതുകൊണ്ട് മണ്ണ് മാന്തി പുറത്തിട്ടത്. എന്നിട്ടും സഹിക്കാതെ വീണ്ടും കുഴിച്ചുമൂടിയത്.ആ ചോദ്യം ചത്തു..ചീഞ്ഞു..അതിന് എന്റെ വക ഒരു സ്മാരകം.ഇങ്ങനെ ഒന്നുണ്ടായി എന്ന് എന്നെങ്കിലും ആരെങ്കിലും ഓർക്കാതെ പോകണ്ട. ചില കാക്കകൾക്ക് ഇച്ചിയിടാനെങ്കിലും ഭാവിയിൽ ഇത് ഉപകരിക്കും

11/2/10

ഉത്തരങ്ങളെ സ്വപ്നം കാണുന്നവർ

ഉത്തരം ചോദിച്ചതിന്റെ പേരിൽ
പുറത്താക്കപ്പെട്ടവർ സംഘടിച്ചു.
ചോദ്യം മുദ്രാവാക്യവും
ഉത്തരം ലക്ഷ്യവുമാക്കി അവർ
തെരുവിലൂടെ മാർച്ചുചെയ്തു.
ചോദ്യത്തിന്റെ കട്ടൌട്ടുകൾ
ഉയർത്തി ജനത അവരെ സ്വീകരിച്ചു.
ചോദ്യം പ്രതിഷ്ഠയായി ക്ഷേത്രങ്ങൾ ഉയർന്നു.

ചോദിക്കുന്നവരുടെ സംഘടന വളർന്നു,
ഉത്തരത്തെക്കുറിച്ച് അത് മറന്നു.
ആരോ അതേക്കുറിച്ച്
ഓർമ്മിപ്പിച്ചപ്പോൾ
ചോദ്യം തന്നെ ചോദ്യവും
ചോദ്യം തന്നെ ഉത്തരവും എന്ന
ലളിതമായ സിദ്ധാന്തമുണ്ടായിവന്നു.

പിന്നീട് ആരെങ്കിലും ഉത്തരം ചോദിച്ചാൽ
“ചോദിക്കാൻ ഇവനാരെടാ ?”
എന്ന കത്തി കൊണ്ട്
അവർ അയാളുടെ കഴുത്തരിഞ്ഞു.
ചോദ്യങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന ശ്മശാനത്തിലാണ്
ഞങ്ങളിപ്പോൾ ഉത്തരങ്ങളെ സ്വപ്നം കാണുന്നത്.

8/2/10

അരിയുടെ വിലയിന്നെത്തറയാ

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുന്നു
തോട്ടുവരമ്പിന്നപ്പുറമോ
വെയിലുവിളഞ്ഞൊരുവയലാണ്
തോട്ടുവരമ്പിന്നിപ്പുറമോ
കണ്ണുകലങ്ങിയ തോടാണ്

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുമ്പോൾ
വയലിൽ നിന്നൊരു വിളിപൊങ്ങി
നടുവെയിലിൽ കുത്തനെ നിൽക്കുന്നു
നടുവെയിലും കുന്നനെ നിൽക്കുന്നു

വയലിൽ കേട്ടതു കേട്ടോ എന്ന്
കൊക്കുകളോടും ചോദിച്ചു
വയലിൽ കേട്ടതു കേട്ടോ എന്ന്
കാക്കകളോടും ചോദിച്ചു
കാക്കളാട്ടെ കൊക്കുകളാട്ടെ
ബൊമ്മകൾ പോലെ നിൽക്കുന്നു
വയലോ പെറ്റുതളർന്നൊരു വയറു
കിടക്കണ പോലെ കിടക്കുന്നു.

തോട്ടിൽ നിന്നൊരു മീൻ‌കൊത്തി
മീൻ‌കൊത്തിയുയർന്നുപറക്കുന്നു.
ഉച്ചയ്ക്കൂണിന് അരിയുംവാങ്ങി
പോവുകയാണ് മറക്കണ്ട
തോട്ടുവരമ്പേ രമ്പേ അമ്പേ
വീട്ടിനു നേരേ പായുന്നു, ഞാൻ
വീട്ടിനു നേരേ പായുന്നു.

കൈതക്കൂടൽ കഴിയും മുൻപേ
വയലിൽ വീണ്ടും വിളിപൊങ്ങി
തോട്ടുവരമ്പതുകേട്ടുവിറച്ചു
കാക്കകൾ,കൊക്കുകൾ
ഞെട്ടിയുയർന്നു
കൈതക്കൂടൽ കാറ്റിലുലഞ്ഞു
വിറകുകണക്ക് വരണ്ടൂ ഞാൻ
വയലിൽ കണ്ണുവിതയ്ക്കുമ്പോൾ
പെറ്റുതളർന്നൊരു വയലിലതാ
ഒരു കലപ്പനാവു തിളങ്ങുന്നു
‘പറയെട ചെക്കാ പറയെട പറയ്
അരിയുടെ വിലയിന്നെത്തറയാ...“

15/1/10

അയൽ‌വീട്ടിലേക്കുള്ള വഴികൾ

എല്ലാവഴികളും ഉള്ളിലേക്ക് വലിച്ചു ചുരുട്ടി
ഞങ്ങൾ വാതിലടച്ചു.
ഇനിയിങ്ങോട്ടാരും വരണ്ട
ഞങ്ങളെങ്ങോട്ടും പോകുന്നുമില്ല.
ഉള്ളിലിപ്പോൾ ഞങ്ങൾ,
ഞാനും എന്റെ ഭാര്യയും
ഞങ്ങളുടെ മക്കളും
ഓരോരുത്തരുടെ വഴികളും മാത്രമായി.
കടലിൽനിന്ന് മടങ്ങിവന്ന വള്ളത്തിലെന്നപോലെ
ഒരു വീട് നിറയെ വഴികൾ
ചുറ്റിപ്പിണഞ്ഞ് കുരുക്കുവലപോലെ കിടക്കുന്നു.
ഒരൊറ്റ വാതിലിലൂടെ
ഇത്രയധികം വഴികൾ വലനെയ്തതോർത്ത്
കണ്ണ് തുറിച്ച് നോക്കുമ്പോഴുണ്ട്
കണ്ണികളിൽ പറ്റിപ്പിടിച്ചിരിക്കുന്നു
അയൽവീടുകൾ,
പിടയ്ക്കുന്നു ജനാലകളിൽ വെട്ടം.
എന്തതിശയമേ!
ഉള്ളിലേക്ക് നോക്കുമ്പോഴതാ അവരും
വഴികൾ കുടഞ്ഞ് പെറുക്കുകയാണ്
അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു ഞങ്ങളുടെയും വീട്.

11/1/10

മുറ്റം വൃത്തിയായി

വീടിനു പിന്നാമ്പുറത്ത് ചാരം കൊണ്ട് പാത്രം കഴുകിയിരുന്ന മുത്തശ്ശി
ചുവരിൽ ചില്ലിട്ട ചിരിയായി.
പിന്നാമ്പുറത്തെ ചാരം കലങ്ങിയ വെള്ളം വറ്റി,
മുറ്റം വൃത്തിയായി.
കരിവെള്ളത്തിലേക്ക് വേരുവിരുത്തി
മക്കളും ചെറുമക്കളുമായി കുലയൊഴിയാതെനിന്ന പടത്തിവാഴ പട്ടു,
വാഴച്ചോട്ടിൽ മുളച്ചുപൊന്തുന്ന മണ്ണിരക്കുരുപ്പും പട്ടു.
എച്ചിൽ വറ്റിലേക്ക് കണ്ണ് കുറുക്കി,
വാഴക്കൈമേൽ തലചെരിച്ചിരുന്ന മുതുമുത്തശി
കർക്കിടകവാവിവിന് ചോറുവിളമ്പി കൊട്ടിവിളിച്ചാൽ പോലും വരാതായി.
കാലം മാറി
കുട്ടികൾ ഞങ്ങൾ മുതിർന്നുപോയി
മുറ്റം വൃത്തിയായി.
മുറ്റം വൃത്തിയായി.

8/1/10

നങ്കൂരം

നിശബ്ദതകൊണ്ട് തുഴഞ്ഞ്
കരയിലൂടെ കപ്പലോടിക്കുകയാണ് ഞാൻ
മുന്നിൽ വെയിലുതട്ടിത്തിളങ്ങുന്നു
പഴയ തകർച്ചയുടെ സ്മാരകങ്ങൾ.

മണൽ വഞ്ചിയിൽ ഊറിനിറയുന്ന കലക്കവെള്ളം പോലെ
ശൂന്യതകളിൽ വന്നുനിറയുന്ന ശബ്ദങ്ങളെ
ഊറ്റിക്കളഞ്ഞ്
കപ്പലോടിക്കുകയാണ് ഞാൻ
മുറ്റത്തൂടെ
മുറികൾക്കുള്ളിലൂടെ
അടുക്കളയിലൂടെ
അടുപ്പുകല്ലുകൾക്കിടയിലൂടെ

ചില്ലകളിൽ നിന്നും കാറ്റ് പോയ വഴിയേ ഇലകൾ
ദുർബലമായി കണ്ണെറിയുമ്പോലെ എന്റെ പായ്മരം
താറാവുകളെന്ന് തടാകത്തെ പറ്റിക്കുന്ന
തൂവലുകൾപോലെ എന്റെയമരം.
കപ്പലോടിക്കുകയാണ് സ്റ്റേജിൽ
ഒരിടത്തും നീങ്ങാതെ
ഉലഞ്ഞുലഞ്ഞ്
കപ്പലായി നടിക്കുന്ന നങ്കൂരം.