30/12/11

കാക്കകളുടെ നിലവിളി

കാക്കകളാണ് കാറിയുണര്‍ത്തിയത്..
പാതി തുറന്നിട്ട ജനാലയിലൂടെ
ആറുമണി സമയം
ഉള്ളിലേക്ക് എത്തിനോക്കുന്നു,
എണീറ്റില്ലടാ ! എന്നു ചോദിക്കുന്നു..
വിറകുകൂനയ്ക്കുമുകളില്‍
ഉറങ്ങിയെണീറ്റ പൂച്ചയെപ്പോലെ വെളിച്ചം,
നഖം ഉള്ളിലേക്ക് വലിച്ചുവെച്ച്
മുഖം വൃത്തിയാക്കുന്നു..
മരക്കൊമ്പുകളില്‍ നിന്നുയരുന്നു
നെഞ്ചത്തലച്ച നിലവിളി.
അക്കരെനിന്നും
കറുത്ത പൊട്ടുകള്‍
ആകാശം തുഴഞ്ഞെത്തി
മരച്ചില്ലകളില്‍ നങ്കൂരമിടുന്നു.
ചില്ലകളിലുറങ്ങുന്ന കാറ്റുകള്‍
അലോസരത്തോടെ ഉണര്‍ന്ന്
മറ്റൊന്നിലേക്ക് മാറിയിരിക്കുന്നു.
കലുഷമാണല്ലോ പ്രഭാതമെന്നോര്‍ത്ത്
കണ്‍തിരുമ്മി ഞാനെണീറ്റു
കാക്കകളുടെ ഗ്രാമസഭയിലേക്ക് നടന്നു.
തെങ്ങിന്‍ ചുവട്ടിലെ
കറുത്തൊരു തൂവലിനെച്ചൊല്ലിയാണ്
ഇത്ര വലിയ മേളം
കാക്കത്തൂവലാണതെന്ന് ഉറപ്പൊന്നുമില്ല
കോഴിയുടേതാവാം
കുയിലേന്റേതാവാം
കറുത്ത മറ്റേതെങ്കിലും പക്ഷിയുടെതാവാം..
ഒരു തൂവലിനുചുറ്റും
ഒരു വെറും തൂവലിനു ചുറ്റും
കാക്കകളുടെ പട്ടാളം, പടയൊരുക്കം നടത്തുന്നു
ഇരതേടാന്‍ പോകുന്നവര്‍
ഇണതേടാന്‍ പോകുന്നവര്‍
ആകാശങ്ങള്‍ താണ്ടി
വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു..
ഒരു തൂവലിനെച്ചൊല്ലിയുള്ള
അമ്പരപ്പും അഭ്യൂഹങ്ങളും
കായെന്ന ഒറ്റയക്ഷരം കൊണ്ടും
ദിഗന്തം മുഴക്കുന്ന വര്‍ത്തമാനമാകുന്നു..
കാക്കകള്‍ മനുഷ്യരുടെ ആത്മാക്കള്‍ തന്നെ..

29/12/11

അടുപ്പില്‍ വേകുന്നത്

തോട്ടില്‍ ഒരോലമടല്‍ വീഴുന്നതുകണ്ട്
അതില്‍ ഒരു കവിതയുണ്ടല്ലോയെന്നോര്‍ത്ത്
ഞാന്‍ ചാരുകസേരയില്‍ ഒന്നാഞ്ഞിരിക്കുന്നു
തോട്ടില്‍ ഓലമടല്‍ ഓളങ്ങളുണ്ടാക്കുന്നു
ഒച്ചയുണ്ടാക്കുന്നു
മാനത്തുകണ്ണികളെ ഭയപ്പെടുത്തുന്നു
അമ്പരപ്പിക്കുന്നു
ഒന്നുരണ്ട് കൊറ്റികള്‍
പറന്നുയരുന്നു
അവയുടെ കൂര്‍ത്ത ചുണ്ടു തട്ടി
ആകാശം തകര്‍ന്ന് തോട്ടില്‍ വീഴുന്നു
ഓലയിതളുകളില്‍ വെള്ളം ഉമ്മവെയ്ക്കുന്നു
അവയില്‍ ഉന്മാദം ചിറകടിക്കുന്നു
വെള്ളം ഉയരുന്നു, താഴുന്നു..
നിശ്ചലമാകുന്നു..
തോട്ടില്‍ , ഓലമടലില്‍ , ഒച്ചയില്‍
അനക്കത്തില്‍
നിശ്ചലതയില്‍
തകര്‍ന്ന ആകാശം കിടന്നു തിളങ്ങുന്നു.

ഓലമടല്‍ വിഴുന്ന ശബ്ദം കേട്ട്
അയല്‍ വീട്ടില്‍ നിന്നൊരു കാറ്റുപുറപ്പെടുന്നു
അത് വാതില്‍ തള്ളിത്തുറന്ന്
തോട്ടിലേക്കാഞ്ഞു വീശുന്നു
ഒരു പെണ്ണുലയുന്നതിന്‍ മണം
വഴിയില്‍ വരയിടുന്നു
വെയിലില്‍ പരക്കുന്നു
തോട്ടില്‍ വീണ്ടും ഒച്ചയുണ്ടാവുന്നു
ഓലമടല്‍ വീണ്ടും മീനുകളെ
ഭയപ്പെടുത്തുന്നു
അമ്പരപ്പിക്കുന്നു
പച്ചോലത്തുമ്പിലിരുന്ന കൊറ്റികള്‍
ഉയര്‍ന്നു പറക്കുന്നു
അവയുടെ കൂര്‍ത്ത ചുണ്ടുകള്‍ നീട്ടി
ഉടഞ്ഞ ആകാശത്തിലൂടെ പുറത്തേക്ക് കടക്കുന്നു
എന്റെ കവിത
തോട്ടുവരമ്പേ ഇഴഞ്ഞ്
അയല്‍ വീട്ടിലെ അടുപ്പിലേക്കെത്തുന്നു
അതിന്റെ രരരരരരരരരരര
ശബ്ദത്തില്‍ എന്റെ കാതു മൂര്‍ച്ഛിക്കുന്നു
ഞാന്‍ കണ്ണടച്ചിരിക്കുന്നു
കാതുപൊത്തുന്നു
അടുപ്പില്‍ നിന്നുയരുന്നു
നനഞ്ഞ ഓല കത്തുന്നതിന്‍ മണം
മീന്‍ കരുവാടു വേവുന്നതിന്‍ മണം
പുകയില്‍ അവള്‍ വാടുന്നതിന്‍ മണം
എനിക്ക് നന്നായി വിശപ്പു തോന്നുന്നു.

28/12/11

ക്ഷമാപൂര്‍വം

കാത്തിരിപ്പിന്റെ കല ഞാന്‍ പഠിച്ചത്
വക്കീല്‍ക്കാലത്താണ്.
ഒരു മനുഷ്യന്‍
ഒരു കക്ഷിയും,
അയാളുടെ ജീവിതം
ഒരു കേസുകെട്ടും,
ഒരു കേസുകെട്ട്
ഒരുപാടുകാലത്തെ മാറ്റിവെയ്പ്പും ,
ഓരോ മാറ്റിവെയ്പ്പും
ക്ഷമാപൂര്‍വമുള്ള കാത്തിരുപ്പുമാണെന്ന്
ഞാന്‍ പഠിച്ചു..

കാത്തിരുപ്പിനൊടുവില്‍
ഒരു തീര്‍പ്പുവരും.
തീര്‍പ്പിനെത്തുടര്‍ന്ന്
തര്‍ക്കം വരും.
തര്‍ക്കത്തെത്തുടര്‍ന്ന്
വീണ്ടും കാത്തിരിപ്പുവരും.
കക്ഷി ഒരു നെടുവീര്‍പ്പിടും,
അയാള്‍
മരിച്ചുപോകും.
കാത്തിരുപ്പിനൊടുവില്‍
മനുഷ്യന്‍
മരിച്ചുപോകും..

മനുഷ്യന്‍ മരിച്ചുപോയാലും
കാത്തിരുപ്പ് മരിച്ചുപോകില്ല
കാത്തിരുപ്പ് ക്ഷമാപൂര്‍വം കാത്തിരിക്കും
കാത്തിരുപ്പിന്റെ കാത്തിരുപ്പാണ് സത്യം
സത്യമാണ് ശാശ്വതം
കാത്തിരുപ്പാണ് ശാശ്വതം

വക്കീല്‍ പണിവിട്ട്
ഞാനിറങ്ങിത്തിരിച്ചു.
ബോധിവൃക്ഷത്തണല്‍ വിട്ട
ബുദ്ധനെപ്പോലെ.
കാത്തിരുപ്പിന്റെ പാഠങ്ങള്‍
പലേടത്തും പ്രയോഗിച്ചു.
ചൂണ്ടലിടുമ്പോള്‍ മുതല്‍
തൂറാനിരിക്കുമ്പോള്‍ വരെ.
കാത്തിരുപ്പിന്റെ സുഖം
കാത്തിരുപ്പിന്റെ ശോധന.
കാത്തിരുപ്പുകൊണ്ട് ഞാന്‍
കാത്തിരുപ്പിനെ കൊത്തിയെടുത്തു.
ഞാന്‍ സ്വയം കാത്തിരുപ്പായി പരിണമിച്ചു..

കാത്തിരുപ്പിന്റെ മൂര്‍ത്തരൂപം ഞാന്‍,
ഒടുവിലൊരാശുപത്രിക്കട്ടിലിലെത്തി..
രോഗിയെന്ന് പേര് സ്വീകരിച്ചു..
ആശുപത്രിയാണെന്റെ നവലോകം,
ലോകമേ തറവാട്,
തറവാടിയാണ് ഞാന്‍..
കാത്തിരിക്കുന്നു ക്ഷമാപൂര്‍വം,
ഡോക്ടറെ,
നഴ്സിനെ,
അറ്റന്‍ഡറെ,
ചികിത്സയെ,
മരുന്നിനെ,
സിറിഞ്ചിനെ,
മരണത്തെ..

കാത്തിരുപ്പു തന്നെയാണ്
സത്യം.
സത്യമാണ് ശാശ്വതം.
കാത്തിരുപ്പ് ഒരത്യാഹിതവാര്‍ഡാണ്...
അല്ലല്ല, അതൊരു തീവ്രപരിചരണവിഭാഗമാണ്..
കാത്തുകിടപ്പാണ് ഞാനുള്ളില്‍ ,
കാത്തിരിക്കുന്നു-
ക്ഷമാപൂര്‍വം പുറത്തും;
ഞാന്‍ തന്നെ..

26/12/11

കാശിത്തുമ്പില്‍

മുറ്റത്തെ തുടുത്ത
കാശിത്തുമ്പകള്‍ക്ക്
എന്റെ പ്രായമുണ്ട്.
എനിക്ക് പ്രമേഹമുണ്ട്
ക്ഷീണമുണ്ട്
പുച്ഛം പുഞ്ചിരിയില്‍ പുരട്ടി
വിവേകിയാണെന്ന ഭാവവുമായി
വടക്കേപ്പുറത്തെ വേലിയിലെ
ചെരിഞ്ഞ മുരിങ്ങപോലെ
ഇന്നോ നാളെയോ എന്നമട്ടില്‍
പരാജയപ്പെട്ട്
മണ്ണിലേക്ക് ഉത്കണ്ഠപ്പെട്ട്
കായ്ച്ച്, കയ്ച്ച് മുറ്റി
കിടന്നപോലെ പടര്‍ന്നും
പടര്‍ന്നപോലെ കിടന്നും
ഇതാ ഇങ്ങനെ...

കാശിത്തുമ്പകള്‍ക്കറിയില്ല
വിത്തുകള്‍ പൊട്ടിച്ച് ഇവിടേയ്ക്ക്
കൊണ്ടുവന്നതും
മണ്ണുകുത്തിയിളക്കി
പാകി മുളപ്പിച്ച്
നനച്ച് വളര്‍ത്തിയതും
ഓര്‍മയില്‍ നിന്നും പൂക്കള്‍ക്ക്
ചുവന്ന നിറം കൊടുത്തതും
പൂക്കളില്‍ നിന്നും ഓര്‍മകളെ പറിച്ചെടുത്ത്
ഉള്ളം കയ്യില്‍ കശക്കി മണപ്പിച്ചതും
മണത്തില്‍
ചെറുതായി ചെറുതായി
വിത്തുപോലെ കടുകായി
കടുകിനുള്ളില്‍ കയറി
ഒരു നിമിഷത്തെ സുഖമായി
പൊട്ടിസ്ഖലിച്ചില്ലാതായതും..

തുടുത്ത തണ്ടുകളില്‍
മുപ്പതു മുപ്പത്തിരണ്ടുവര്‍ഷങ്ങളുടെ
തിളക്കം കണ്ട്,
അരമുള്ള ഇലകളില്‍
പരല്‍മീന്‍ പിടച്ചില്‍ കണ്ട്,
കണങ്കാലിലെ പുണ്ണില്‍
മീങ്കൊത്തലറിഞ്ഞ്,
കാലില്‍ ഉണങ്ങാത്ത മുറിവായി
മുറിവിലെ സുഖമുള്ള നീറ്റലായി,
കാശിത്തുമ്പകള്‍ക്കറിയാത്ത
അറിവായി മാറിയതും

വിത്തുകള്‍ വരുന്നുണ്ട്,
വിരല്‍ തൊടുമ്പോള്‍ പൊട്ടുന്ന
പെരുപ്പുകള്‍ ഉള്ളില്‍ വീര്‍പ്പുമുട്ടുന്നുണ്ട്
നിക്കറിട്ട ഒരു പയ്യന്‍ ഒക്കെയും
തൊട്ടു പൊട്ടിക്കുന്നുണ്ട്
അവന്റെ തൊടീലുകള്‍ പൊട്ടിമുളച്ച്
മുറ്റമാകെ തുടുത്ത തണ്ടുകളുള്ള
കാശിത്തുമ്പക്കാടുകള്‍
സ്വപ്നം കണ്ടു നില്‍ക്കുന്നുണ്ട്
അവയ്ക്കിടയില്‍ തുള്ളി നടക്കുന്ന
പച്ചത്തുള്ളനായി ഞാന്‍ മാറുന്നുണ്ട്

കാശിത്തുമ്പകള്‍ക്കറിയില്ല.
എന്റെ പ്രായമാണെങ്കിലും
അവ, എത്ര തവണ
ജനിച്ചു പുതുതായി..
പൂക്കള്‍ക്ക് ചുവപ്പ് ചുവപ്പായി..
ഇലകളില്‍ പച്ച പച്ചയായി ..
തണ്ടുകളില്‍ തുടുപ്പ് തുടുപ്പായി ..
അവ, മരിച്ച് പുതുതായി
ഒരുതവണപോലും മരിക്കാനവസരം കിട്ടാതെ
ഞാന്‍ മുതിര്‍ന്ന് പഴഞ്ചനായി
മുറ്റി മുതുക്കനായി
കണ്ടാല്‍ തിരിച്ചറിയാതെയായി.

29/11/11

ഓറഞ്ചു തിന്നാൻ പോകുന്നു

ഉറക്കത്തിന്റെ നഗരം
ഒരു സ്വപ്നത്തിന്റെ തിരയടിച്ചുണർന്നു..
മഴനനഞ്ഞ വെയിൽ
ഉച്ചമരക്കൊമ്പിൽ തൂവലുണക്കുന്ന ഒരുപകലിൽ
ഞാൻ നിന്നെ പ്രളയിക്കുന്നു എന്ന
പീരങ്കിവെടി ശബ്ദത്തിൽ
പച്ചനിറമുള്ള ഒരാഴം
പശിമരാശി മണ്ണിനെ ബലാൽസംഗം ചെയ്യുന്നു.
പെരിയാറേ എന്ന കൂട്ടനിലവിളി
റോഡുകളും പാലങ്ങളും
വീടുകളും കെട്ടിപ്പിടിച്ച്
അറബിക്കടലിലേക്ക് ഓടിപ്പോകുന്നു
പിന്നാലെ ഒരു രാക്ഷസൻ തണ്ണിമത്തനുരുളുന്നു..
മണ്ണടരുകൾക്കുള്ളിൽ
ചരിത്രവിദ്യാർത്ഥികൾക്കായി
മനുഷ്യരുടേയും മൃഗങ്ങളുടേയും
നഗരങ്ങളുടേയും ഫോസിലുകൾ
രൂപം കൊള്ളുന്നു
സർവം ശാന്തമാകുന്നു..
പുഴകളെ ബോൺസായിയാക്കി
അടുക്കളത്തോട്ടത്തിൽ
വളർത്തുന്നവരുടെ
രാജ്യം വരേണമേ എന്ന്
ഒരു ശവമഞ്ചം പാട്ടുപാടുന്നു..
നൂറ്റാണ്ടുകാലം വെള്ളത്തിൽ മുങ്ങിനിന്ന
കൂറ്റൻ മരങ്ങളുടെ ശവശരീരങ്ങൾ
ആകാശത്തേക്ക് കൈകളുയർത്തി മരിച്ച
രൂപത്തിൽ വെളിപ്പെടുന്നു..
സ്വപ്നം കഴിഞ്ഞു..
അല്ല ഉറക്കം കഴിഞ്ഞു..
ഞാൻ ഒരു ഡാം പൊളിക്കാൻ പോകുന്നു
ഓറഞ്ചിന്റെ അല്ലികൾ പൊളിക്കുന്നതുപോലെ
കല്ലുകൾ ഓരോന്നോരോന്നായിളക്കി
കടവായിൽ വെച്ച് നുണഞ്ഞ് നീരിറക്കി
ചണ്ടി, ത്ഫൂ എന്ന് തുപ്പണം..

25/11/11

ശബ്ദപ്രതിസന്ധി

ഒരു വലിയ പ്രതിസന്ധിയെ
പ്രസവിച്ചു
ഒരു പ്രഭാതം

പട്ടികള്‍ നിര്‍ത്താതെ
കുരയ്ക്കുന്നതുകേട്ടു
ഞെട്ടിയുണര്‍ന്നു..
ഒരു പട്ടിയുള്ള
വീട്ടിലെങ്ങനെ
ഒരു കൂട്ടക്കുര!

നോക്കുമ്പോള്‍ കൂട്ടില്‍ ,
തേങ്ങാവിഴുങ്ങിയപോലെ
മിഴിച്ചിരിക്കുന്നു
ടൈഗറെന്ന് പേരായ
നാടന്‍ പട്ടി.

കൂട്ടക്കുരയുടെ
പാതയൂടെ നടന്നെത്തി
കോഴിക്കൂട്ടില്‍ .
എന്തതിശയമേ
കോഴികളാണ് പട്ടികളെപ്പോലെ
കുരയ്ക്കുന്നത്
യേശുവേ!!

പെട്ടെന്നതാ വീട്ടിനുള്ളില്‍ നിന്നും
കൂവുന്നു ഒരു പൂവന്‍ കോഴി
വീട്ടിനുള്ളിലെവിടുന്നാണ്
പൂവന്‍ കോഴി
കൂട്ടിനുള്ളിലുണ്ടല്ലോ
എല്ലാ കോഴികളും
അല്ല, പട്ടികളും..

ജിജ്ഞാസ അടുക്കളവാതിലൂടെ
ഉള്ളിലേക്കോടി
എന്തതിശയമേ
അടുപ്പിന്‍ ചുവട്ടിലുറങ്ങിയുണര്‍ന്ന
ചിണ്ടന്‍ പൂച്ച
മൂരി നിവര്‍ത്തുന്നു
കൂവുന്നൂ
ഒന്നാന്തരമൊരു
കോഴിക്കൂവല്‍ ...

തൊഴുത്തില്‍ നിന്നുടനൊരു
പൂച്ചക്കരച്ചില്‍ കേട്ടാല്‍
ദൈവമേ!
പട്ടിക്കൂട്ടില്‍ നിന്നും
പശുവിന്നമറല്‍ കേട്ടാല്‍ ...

എന്റെ ദൈവമേ!
എന്റെ ശബ്ദം
ഏതെങ്കിലും പന്നികൊണ്ടു പോയാല്‍ ,
എന്റെ തൊണ്ടയില്‍ നിന്നും
ഒരു പന്നിമുക്ര വന്നാല്‍
അയ്യോ...

പട്ടി പട്ടിയും
പശു പശുവുമാണെന്ന്
കറവക്കാരനോട് ഞാനെങ്ങനെ
പറയും...

23/11/11

ഒരു വിഷജന്തു

പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ കൂട്ടിയിട്ട
തകര്‍ന്ന ഇരുചക്രവാഹനങ്ങളെപ്പോലെ
പിടിക്കപ്പെട്ടതും ഇടിച്ചുതകര്‍ന്നതും
തുരുമ്പെടുത്ത് ദ്രവിച്ചതുമായ
പഴയ ഓര്‍മകള്‍ക്കിടയില്‍
ഒരു പാമ്പ്!
അതിന്റെ പത്തിയിലെ
‘ഞാന്‍’ അടയാളം കണ്ട് ഓടിക്കൂടി,
മീന്‍ചന്തയിലേക്കും
വിശപ്പിലേക്കും
മൂത്രപ്പുരയിലേക്കും
സിനിമാപ്പരസ്യത്തിലേക്കും
മെഡിക്കല്‍ സ്റ്റോറിലേക്കും
പെട്രോള്‍ വിലയിലേക്കുമൊക്കെ
പാഞ്ഞുനടക്കുകയായിരുന്ന ചിന്തകള്‍ .
പാമ്പ് പാമ്പെന്ന നിലവിളി
ട്രാഫിക് ബ്ലോക്കിലെ വാഹനങ്ങളുടെ
ഹോണുകള്‍ പോലെ
സിംഫണി തുടങ്ങി..
തലയിലെ‘ഞാന്‍’ അടയാളം കണ്ട്
പാമ്പ്, പാമ്പ്തന്നെയെന്നുറപ്പിച്ചു
തലമുതിര്‍ന്ന ചിന്തകള്‍ ..
ആള്‍ക്കൂട്ടം കണ്ടിട്ടും കൂസലില്ലാതെ
പോക്കുവെയില്‍ കാഞ്ഞുകിടന്ന
വിഷജന്തുവിനെ കൊല്ലണോ
ജീവനോടെ പിടികൂടി
പത്രത്തിലേക്ക് വിടണോ എന്ന്
തര്‍ക്കമുണ്ടായി ..
കൊല്ലണമെന്ന് ചിലര്‍
കൊന്നാല്‍ സര്‍പ്പശാപമെന്ന് ചിലര്‍
കൊന്നില്ലെങ്കില്‍ സര്‍വനാശമെന്ന് ചിലര്‍
ജീവനോടെ പിടികൂടി പത്രത്തില്‍ വിട്ടാല്‍
കൊന്നതിനൊപ്പമെന്ന് മറ്റുചിലര്‍ ...
തര്‍ക്കം മുറുകവേ പോക്കുവെയില്‍ പോയി.
ഓര്‍മകള്‍ക്കിടയിലേക്ക് പാമ്പും പോയി.
ട്രാഫിക് ബ്ലോക്കഴിയുമ്പോള്‍ ഹോണുകള്‍ പോലെ,
ചിന്തകള്‍ നേര്‍ത്തുനേര്‍ത്തില്ലാതായി.
പഴയ ഓര്‍മകള്‍ ലേലം ചെയ്തുവില്‍ക്കണമെന്ന
പുതിയൊരു ചിന്തയെ പ്രസവിച്ചു
അടുത്തുള്ളൊരാശുപത്രി..

11/11/11

നൊസ്റ്റാൾജിയ

സ്വച്ഛസുന്ദരമായ രാത്രി..
തണുത്ത നിലാവിൽ
ഇരുട്ടിൻ തടാകം..
കരയിൽ, കാറ്റുമുത്തിയ
കരിയിലപോലെ ഞാൻ..

അക്കരെ നിന്നും
നീന്തിവരുന്നു
കെട്ട പന്തം പോലെ
ആരുടേയോ ചീത്തവിളി,
മുളച്ച കടലപോലെ
ഒരു കുതിർന്ന നിലവിളി,
തെറിച്ചു വീണ പാൽക്കുപ്പിപോലെ
ഒരു വെളുവെളുത്ത കരച്ചിൽ...

ശബ്ദങ്ങൾ
തളർന്നും തകർന്നും
പുഴയിൽ എച്ചിലിലത്തുമ്പായി
ദിക്കുതെറ്റിയലയുന്നു..

സ്വച്ഛസുന്ദരമായ രാത്രി
അക്കരെ ആരോ
ആരെയോ മരിക്കുന്നു
കത്തിതൻ മൂർച്ച മിന്നലാവുന്നു..
അവ്യക്തമായെത്തുന്നു,
റേഡിയോ ഗാനം പോലെ
പ്രാണന്റെ പതറിച്ച..

വല്ലാതെ ഗൃഹാതുരനാകുന്നു ഞാൻ
അക്കരെ നിന്നുള്ള അവ്യക്ത സംഗീതത്താൽ..

9/11/11

അരുംകൊല

ഭാര്യയെ വെട്ടിക്കൊന്ന്
ചോരക്കറ ആറ്റിൽക്കളഞ്ഞ്
പോലീസ് സ്റ്റേഷനിലേക്ക് പോയി
ഭർത്താവ്.
'ഞാനെന്റെ ഭാര്യയെക്കൊന്നു'
അയാൾ പറഞ്ഞു.

കാരണമില്ലാതൊരാൾ
ഭാര്യയെക്കൊല്ലുമോ?
ഭാര്യയെക്കൊന്നാൽ
പോലീസ് സ്റ്റേഷനിൽ പോകുമോ?
പോലീസ് സ്റ്റേഷനിൽ പോയാൽ
കുറ്റമേറ്റു പറയുമോ!

പോലീസുകാരിലെ ഭർത്താക്കന്മാർ
അന്തംവിട്ട് നിന്നു.
അവരോടൊപ്പം അന്തംവിട്ടു
പോലീസുകാരികളായ ഭാര്യമാരും.

ഭർത്താവിന്റെ വെട്ടേറ്റുമരിച്ചവൾക്ക്
അടുക്കളപ്പിന്നാമ്പുറത്ത്
അടക്കം നടന്നു.
നാട്ടിലെ ഭർത്താക്കന്മാരും
അവരുടെ ഭാര്യമാരും
എല്ലാം പങ്കെടുത്തു...

അയാളെന്തിനവളെക്കൊന്നു?

അവൾക്ക് കാണും ജാരൻ..
അയാളതറിഞ്ഞും കാണും..
ആരായാലും ചെയ്യാതിരിക്കുമോ?
നാട്ടിലെ ഭർത്താക്കന്മാർ
പരസ്പരം പറഞ്ഞു..

അവരുടെ ഭാര്യമാർ അതു
ശരിവച്ചു.

അവൻ ആളുകൊള്ളാമല്ലോ
ആരാണവൻ!
ആണുങ്ങൾ പരസ്പരം
കണ്ണിറുക്കിച്ചിരിച്ചു

ഇവൾ ആളു കൊള്ളാമല്ലോ
ആരാണവൻ!
പെണ്ണുങ്ങൾ പരസ്പരം
കുശുകുശുത്തു

ശേഷം,
വിവാഹമോചനങ്ങളെക്കുറിച്ചുള്ള
ചാനല്‍ ചര്‍ച്ചകാണാന്‍
അവരെല്ലാം വീടുകളിൽ പോയി..
മരിച്ചവള്‍ മണ്ണില്‍ അടങ്ങിക്കിടപ്പായി..

17/10/11

"കൊഴപ്പമില്ല"

സദാചാരപരമായ ഒരു ജീവിതം
സമാധാനപരമായി ജീവിക്കുന്ന ഒരാൾ..
നാട്ടുകാരുടെ കണ്ണിൽ അയാളൊരു പുണ്യാളൻ,
വീട്ടുകാരുടെ കണ്ണിൽ സാക്ഷാൽ ദൈവം തന്നെ..
അയാളെക്കണ്ടാൽ എല്ലാവരേയുമ്പോലെ ഇരിക്കും,
അയാൾ എല്ലാവരോടും ചിരിക്കും.
പരന്ന വായനയും
ആഴത്തിലുള്ള അറിവും
ഉയരത്തിൽ വിവേകവുമുള്ളവൻ....
സൗമ്യനാണയാൾ
വിനയാന്വിതൻ...
സത്യവാൻ
സദ്ഗുണസമ്പന്നൻ...
ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും
കുറ്റം പറയില്ല, അതാണയാളുടെ നയം...
അയാൾ ഒരു സിനിമ കാണാൻ പോയി എന്നിരിക്കട്ടെ..
എങ്ങനെയുണ്ട് സിനിമ എന്ന് നമ്മൾ ചോദിച്ചാൽ
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു പുസ്തകം വായിച്ചെന്നിരിക്കട്ടെ
എങ്ങനെയുണ്ട് പുസ്തകമെന്ന് ചോദിച്ചാൽ
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു സാധനം വാങ്ങിച്ചെന്നിരിക്കട്ടെ
നമ്മൾ ചോദിക്കും, എങ്ങനെയുണ്ട് സാധനം?
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു സദ്യയുണ്ടുവരുന്നു
എങ്ങനെയുണ്ട് സദ്യ
"കൊഴപ്പമില്ല"
അയാൾ ഒരു തെരെഞ്ഞെടുപ്പിലാണ്
എങ്ങനെയുണ്ട് ചേട്ടാ സ്ഥാനാർത്ഥികൾ?
ഉയർന്ന പൗരബോധത്തിന്റെ മഷിവിരലുയർത്തി
അയാൾ പറയും..
"കൊഴപ്പമില്ല"
അയാൾക്ക് ഒന്നിലും ഒരു കൊഴപ്പവുമില്ല
അയാളെക്കൊണ്ടും ഒന്നിനും/ആർക്കും ഒരു കൊഴപ്പവുമില്ല..
നാട്ടുകാരുടെ കണ്ണിലുണ്ണിയാണയാൾ
വീട്ടുകാർക്ക് ദൈവവും

16/10/11

അനങ്ങാപ്പൈതങ്ങൾ

കന്നിവെറിയാണ്
കടലുവറ്റുമെന്നാണ് ചൊല്ല്ല്,
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..
പകൽ കുടിച്ചു പാത്രം കഴുകാൻ
കടലിൽ പോകുന്നു സൂര്യൻ.
ഇരതേടിപ്പോയിരുന്ന ഇരുട്ടുകൾ
ചേക്കേറാൻ മടങ്ങിയെത്തുന്നു.
ഇരുട്ടിന്റെ കലപില നോക്കിയിരിക്കുമ്പോൾ
നിലാവിൽ മരങ്ങളെക്കാണാം.
ഇരിക്കാനോ നടുനിവർത്താനോ
കഴിയാതെയിപ്പൊഴും,
അതേ നിൽപ്പാണു പാവങ്ങൾ.
മരങ്ങളേ, അനങ്ങാപ്പൈതങ്ങളേ
ഏതു ഹെഡ്മാഷാണ്
നിങ്ങളെയിങ്ങനെ ശിക്ഷിച്ചത്?
ഇതിനുംമാത്രം
എന്തു കുസൃതിയൊപ്പിച്ചുനിങ്ങൾ?

12/10/11

അൽക്ക - പത്തുവർഷങ്ങൾ - ഞാൻ

അൽക്കാ...
നിന്നെയെനിക്ക് മറക്കാനാവില്ല
നിന്റെ തടിച്ചുബലിഷ്ടമായ ശരീരം
ഇപ്പോഴും ഉള്ളം കയ്യിൽ തുടിക്കുന്നപോലെ..
നിന്റെ ഉറച്ച് ദൃഢമായ ശബ്ദം
ഇപ്പോഴും കാതിൽ മുഴങ്ങുന്നപോലെ...
കാലമേറെ കഴിഞ്ഞുപോയി..
അല്ല, പത്തുവർഷങ്ങൾ കഴിഞ്ഞുപോയി..
ഞാൻ വേഗം വൃദ്ധനാകാൻ തുടങ്ങുന്നുവെന്ന്
ഉപേക്ഷിച്ചുപോയ കാമുകിമാർ,
ഉറക്കം,
സ്വസ്ഥത,
സ്വപ്നങ്ങൾ,
വിശ്വാസങ്ങൾ,
ജീവിതം...ഒക്കെ പറയുന്നു..
പത്തുവർഷങ്ങൾകൊണ്ട് ഒരുമനുഷ്യൻ
ഇങ്ങനെയൊക്കെയാവുമെന്ന് ഞാൻ പഠിച്ചിരിക്കുന്നു...
(അടുത്ത പത്തുവർഷങ്ങൾ എന്തായിരിക്കുമെന്ന്
എനിക്കൂഹിക്കാനാവുന്നില്ല
അത്രയ്ക്ക് വേഗത്തിലാണ് എന്റെ കുഞ്ഞുങ്ങൾ വളരുന്നത്)
പക്ഷേ അൽക്കാ
ക്ഷമിക്കണം, അൽക്കാടെൽ..
നിന്നെ എനിക്ക് മറക്കാനാവില്ല
നീയായിരുന്നല്ലോ എന്റെ ആദ്യത്തെ സെൽഫോൺ..
ഒന്നാമത്തെ ഉടമസ്ഥൻ ഭോഗിച്ച് വശംകെടുത്തിയ നിന്നെ,
ആയിരത്തിയഞ്ഞൂറു രൂപയ്ക്ക്
ഔദാര്യമ്പോലെ സ്വീകരിക്കുകയായിരുന്നല്ലോ ഞാൻ..
എന്തൊരാവേശമായിരുന്നു നിന്നെക്കിട്ടിയ നാളെനിക്ക്
രാത്രിമുഴുവൻ നിന്നെ അറിയുകയായിരുന്നു..
അൽക്കാ നീയെന്നോട് പിണങ്ങിയദിവസവും
ഇന്നലെയെന്നപോലെ എനിക്കോർമയുണ്ട്..
ഒരു മൺസൂൺകാലം,
എത്ര നിർബന്ധിച്ചിട്ടും സംസാരിക്കാൻ കൂട്ടാക്കാത്ത നിന്നെ
ഞാൻ കുറേ തല്ലി, നിലത്തേക്ക് വലിച്ചെറിഞ്ഞു..
ധീരുഭായിയുടെ കാരുണ്യം കൊണ്ട്
മൺസൂൺ സമ്മാനമായി അദ്ദേഹം നീട്ടിയ
ഒരു രൂപ ഫോൺ കൊണ്ട്
നിന്റെ നഷ്ടം ഞാനറിഞ്ഞില്ല..
പിന്നീട് എത്രപേർ വന്നു
നിന്നെക്കാൾ സുന്ദരികൾ
നിന്നെക്കാൾ സാമർത്ഥ്യമുള്ളവർ
കുലമഹിമയും തലയെടുപ്പുമുള്ളവർ..
അൽക്കാ, നിന്നെഞാൻ എത്രപെട്ടെന്ന് മറന്നു..
പക്ഷേ എന്തിനെന്നറിയില്ല..
ഇതാ ഇപ്പോൾ രണ്ട് ഹൃദയങ്ങളുള്ള എന്റെ
കുഞ്ഞുയന്ത്രത്തിൽ സംതൃപ്തനായിരിക്കുമ്പോഴും
നിന്നെക്കുറിച്ചോർത്തുപോയി.
വെറുതെ ഇന്റർനെറ്റിൽ തിരഞ്ഞു നോക്കുമ്പോഴതാ
അൽക്ക..
നീ സുന്ദരിയായിരിക്കുന്നു...
ഞാൻ ഒരിളം വൃദ്ധനും..

4/10/11

ചൊറിയൻ

പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്ത
തവളക്കുഞ്ഞിനെപ്പോലെ
വാലും ചിറകും ജലശരീരവും കണ്ട്,
മീനാണുഞാനെന്ന് കരുതി,
കടൽ നീന്താൻ കച്ചകെട്ടിയിറങ്ങി...
കടലിലേക്കുള്ള യാത്രാമധ്യേ
കാൽ മുളയ്ക്കാൻ തുടങ്ങി..
വാലും കാലും വലിയവായും കണ്ട്,
മുതലായാവുകയാണോ ഞാനെന്ന് ശങ്കിച്ച്,
കടൽ‌യാത്ര പാതിയിൽ നിർത്തി
കായൽ വക്കിലെ അത്തിച്ചോട്ടിൽ തങ്ങി...
അത്തിപ്പഴം തിന്നുതിന്നാവാമെന്റെ
ചിറക് ചുരുങ്ങാൻ തുടങ്ങി..
കരയും മരവും
മരക്കൊമ്പിലെ ഹൃദയവും
പുതിയവ്യാമോഹമായി..
കാലും വാലും കുരങ്ങിനോടുള്ള
പ്രണയവും കണ്ട്
കുരങ്ങിന്റെ വംശമോ ഞാനെന്ന്
ശങ്കയുണ്ടായി, തീരത്തിലേക്ക് കയറി..
കാറ്റും വെയിലും കൊണ്ടാണോയെന്തോ
എന്റെ വാലും ചുരുങ്ങിയില്ലാതായി.
ഇപ്പോൾ മരക്കൊമ്പിലെ ആകാശ-
മെന്നെ കൊതിപ്പിക്കുന്നു,
മേഘങ്ങളിൽ ചിത്രം വരയ്ക്കുന്ന പക്ഷികളും...
പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്തതിനാൽ
ഒരു ചൊറിയൻ തവളമാത്രമാണ്
ഞാനെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...

11/9/11

ആരുടെ മരണമാണിത്?

അയൽ പക്കത്തെ ചേച്ചിയുടെ മകൾ മരിച്ചു.എട്ടാം ക്ളാസിലായിരുന്നു അവൾ.വിട്ടുമാറാത്ത പനിയ്ക്ക് ചികിത്സ തേടി ഒരാഴ്ചയോളമായി അവളെയും കൊണ്ട് നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ കയറിയിറങ്ങുകയായിരുന്നു അമ്മ. പനിയ്ക്കുള്ള മരുന്നുകളുമായി ഓരോതവണയും ഡോക്ടർമാർ അവളെ തിരിച്ചയച്ചുവത്രേ.ഇന്നു രാവിലേയും പോയിരുന്നത്രേ.മകൾക്ക് ഒട്ടും സുഖമില്ലെന്നും കിടത്തി ചികിൽസിക്കണമെന്നും പറഞ്ഞുവത്രേ.ഡോക്ടർ “കുഴലുവെച്ചു നോക്കി” കിടത്തിചികിൽസിക്കാനുള്ള രോഗമില്ലെന്ന് തിരിച്ചയച്ചു.വീട്ടിലെത്തിയ കുട്ടി കുഴഞ്ഞുവീണു ചോരഛർദ്ദിച്ചു..വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പോലീസുകാർ വന്ന് പരാതിയില്ലെന്ന് എഴുതിവാങ്ങിപ്പോയി.മൃതദേഹം കീറി മുറിക്കാതെ അമ്മയ്ക്കു വിട്ടുകിട്ടി.ഉച്ചയോടെ വാതിലിനു പാളികളില്ലാത്ത ഒറ്റമുറി വീടിന്റെ മുറ്റത്ത് മെഴുകുതിരികൾ കത്തുന്ന ഒരു കല്ലറയായി അവൾ.ഇപ്പോൾ തനിക്ക് പരാതിയുണ്ടെന്ന് അവൾ മണ്ണിനടിയിൽകിടന്ന് പുഴുകുന്നുണ്ടാവും.ശരിക്കും ആരുടെ മരണമാണിത്? രോഗിയുടെയോ... അതോ രോഗനിർണയത്തിന് ആയിരമായിരം നൂതന മാർഗങ്ങളുള്ള ഇക്കാലത്തും കഴുത്തിൽ തൂക്കുന്ന അഭിമാനക്കുഴലിനെ മാത്രം ആശ്രയിക്കുന്ന ഡോക്ടറുടേയോ?...ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അശ്ലീലമാണ്‌ ഡോക്ടർമാരുടെ കഴുത്തിൽ തൂങ്ങുന്ന കുഴൽ എന്നെനിക്ക് തോന്നുന്നു...

9/8/11

കുയിൽക്കുഞ്ഞിന്റെ സംശയം

കാക്കക്കൂട്ടിൽ മുട്ടയിട്ട കുയിലമ്മോ
തീറ്റിപ്പോറ്റി വളർത്തിയ കാക്കമ്മോ
കൂക്കൽ കൊണ്ടു കാടിളക്കും കുയിലച്ഛോ
കാടു കൊണ്ടു കൂടൊരുക്കും കാക്കച്ചോ
കാ കാ പാടി പഠിച്ചിട്ടും കൂ കൂവായ്
പാട്ടു കൂർന്നു പോവുന്നതിൻ പൊരുളെന്ത്?*അങ്ങനേയിരുന്നപ്പോൾ കൈലാസനൊരു പൂതി.ഒരു കടലാസും പേനയുമെടുത്തു വന്നു. “അച്ഛേ... എനിക്കൊരു കവിതയെഴുതിത്താ അച്ഛേ...“ എനിക്ക് പറ്റുന്നതല്ലേ എനിക്ക് പറ്റൂ.. എഴുതിയപ്പോൾ കുട്ടിത്തം പോയി :(

സർക്കാർ കേമം..പ്രതിപക്ഷം കെങ്കേമം

കഴിഞ്ഞ ഒരാഴ്ച ചെന്നൈയിലായിരുന്നു..തപസ്...പത്രമില്ല..ടി.വിയില്ല..വാർത്തകളില്ല.. മിനഞ്ഞാന്ന് ബസിൽ കയറി കുറച്ചു കറങ്ങി.. മിനിമം ചാർജ്ജ് 2 രൂപ..!!! കേരളത്തിൽ മിനിമം നാലു രൂപ... നെയ്യാറ്റിൻ‌കരമുതൽ തിരുവനന്തപുരം വരെ യാത്രചെയ്യാൻ പതിനൊന്ന് രൂപ..ചെന്നൈയിൽ ഏതാണ്ട് അത്രയും ദൂരം യാത്രചെയ്യാൻ 3 - 4 രൂപ.. !!! വല്ലാത്ത നിരാശ തോന്നി....ഇതെന്താ ഇങ്ങനെ..? ഇന്ന് രാവിലെ തമ്പാനൂരിൽ വന്നിറങ്ങി.. തമിൾനാട് ട്രാൻസ്പോർട്ടിന്റെ ഒരു ഫാസ്റ്റ് പാസഞ്ചറിൽ കയറി... പതിവുപോലെ 12 രൂപ കൊടുത്തു..
ഒരു നെയ്യാറ്റിൻ‌കര...
പതിനാറു രൂപ സാർ...
അതെങ്ങനെ... ഇത് സൂപ്പർഫാസ്റ്റൊന്നുമല്ലല്ലോ?
കേരളാവില് ബസ് ചാർജ്ജ് കൂട്ടിയിറുക്ക് സാർ..

ശരിക്കും ഇരുട്ടടി... 12ൽ നിന്ന് 16.. നെയ്യാറ്റിൻ‌കരയിൽ നിന്നും പെരുങ്കടവിളയിലേക്ക് ലോക്കൽ ബസിൽ 8 രൂപ!!! 5 ൽ നിന്നും 8.. !!!. ഇന്നത്തെ പത്രം പറയുന്നു... ബസുടമകൾ ചോദിച്ചത് 55 പൈസയിൽ നിന്നും 65 പൈസയിലേക്ക് വർദ്ധനവ്..സർക്കാർ കൊടുത്തത് 80 പൈസ.. കൊള്ളാം സർക്കാറേ കൊള്ളാം...

ഈ ഇരുട്ടടിക്കെതിരെ പ്രക്ഷോഭങ്ങളൊന്നുമില്ലേ...? പട്ടികുരച്ചാലും പൂച്ചകരഞ്ഞാലും ഹർത്താലും ബന്ദും നടക്കുന്ന കേരളം തന്നെയല്ലേ ഇത്... ...ഇത്രയും കൊടിയ അനീതി നടന്നിട്ടും കയ്യാലപ്പുറത്തെ തേങ്ങപോലത്തെ ഒരു സർക്കാരിനെതിരേ പ്രതിപക്ഷം മിണ്ടാത്തതെന്ത്?.. പത്രം പരതി... ഉത്തരവും കിട്ടി.

പാമോലിൻ കേസിൽ സി.ബി.ഐയുടെ റിപ്പോർട്ട് കോടതി തള്ളിയതിനെത്തുടർന്ന് ഉമ്മൻ‌ചാണ്ടി രാജിക്കൊരുങ്ങി....
രാജി വേണ്ടെന്ന് യു.ഡി.എഫ്..
രാജിയല്ലാതെ മറ്റു പോം‌വഴിയില്ലെന്ന് അച്യുതാനന്ദൻ...
ഉമ്മൻ‌ചാണ്ടി വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് കൊടിയേരി... !!!!
കൊള്ളാം...
സർക്കാറും കൊള്ളാം... പ്രതിപക്ഷവും കൊള്ളാം...
എത്ര ജനവിരുദ്ധമായ ഭരണതീരുമാനങ്ങളുണ്ടായാലും പ്രതിപക്ഷം ഇങ്ങനെതന്നെയായിരിക്കുമോ...!(അച്യുതാനന്ദൻ ജീവിച്ചിരിക്കുന്നേടത്തോളം)

15/7/11

അല്ലെങ്കിലും കവിതകൊണ്ട് ആർക്കെന്തു പ്രയോജനം !!

ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പുരുഷൻ ഏലൂരിന്റെ ഒരു ലേഖനം... അതിനുള്ളിൽ അഗസ്ത്യകൂടം മുങ്ങുന്നത് സുഗതകുമാരി അറിയുന്നുണ്ടോ എന്നൊരു മുഴങ്ങുന്ന ചോദ്യം... പേപ്പാറ ഡാമിന്റെ ഉയരം കൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ ഉയരം കൂട്ടലിനെ അനുകൂലിച്ച് സുഗതകുമാരിടീച്ചർ സംസാരിച്ചു എന്നതിന്റെ ഞെട്ടൽ... പേപ്പാറ ഡാമിന്റെ ഉയരം കൂട്ടിയാൽ കുറച്ച് കുറ്റിക്കാടു മാത്രമേ മുങ്ങിച്ചാവൂ എന്ന് ടീച്ചർ പറഞ്ഞത്രെ...ആണോ ടീച്ചറെ...സത്യമാണോ... ടീച്ചറങ്ങനെ പറഞ്ഞോ ?

എന്തായാലും ലേഖനത്തിന്റെ തൊട്ടടുത്ത പുറത്ത് സുഗതകുമാരി ടീച്ചറുടെ തന്നെ കവിത. പേടിപ്പെടുത്തുന്ന കൊടും കാടും മരുക്കാറ്റും കടന്ന് വീട്ടുമുറ്റത്തെ കൊന്നച്ചോട്ടിലെത്തിയ വിരുന്നു കാരിപ്പക്ഷിയെപ്പറ്റി...‘ശ്രുതിശുദ്ധമായ‘ ക-വി-ത... പ്രകൃതിസ്നേഹം/സഹജീവിസ്നേഹം നിറയുന്ന കവിത വായിച്ചാൽ പേപ്പാറ ഡാം അറിയാതെ നിറഞ്ഞു തുളുമ്പിപ്പോകും.. ഇങ്ങനെതന്നെ വേണം കവിത...ഭേഷ്...

8/7/11

വർഗീസ് ചേട്ടൻ

ജനപ്രിയൻ എന്ന സിനിമയിൽ കൃഷ്ണാ പൂജപ്പുര ജയസൂര്യയുടെ കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്ന ഒരു ഡയലോഗുണ്ട്. അത് ഏതാണ്ടിങ്ങനെയാണ് “വർഗീസ് ചേട്ടന്റെ കടയിൽ റബറ് വിൽക്കാൻ പോകുമ്പോൾ ത്രാസിന്റെ സൂചിയില് പോലും ഞാൻ നോക്ക്കേലായിരുന്നു...അങ്ങനെ നോക്കിയാ അതിന്റെ അർത്ഥം വർഗീസ് ചേട്ടനെ എനിക്ക് വിശ്വാസമില്ലെന്നല്ലേ..?”. ജനപ്രിയനിലെ ജയസൂര്യക്കഥാപാത്രത്തെപ്പോലെ പുണ്യവാളനല്ലാതിരുന്നിട്ടും ഏറെ വർഗീസ് ചേട്ടന്മാരാൽ പലതവണ പറ്റിക്കപ്പെട്ടിട്ടുണ്ടായിരുന്നിട്ടും ജനപ്രിയന്മാർ പലർക്കും ഇപ്പോഴും ത്രാസിന്റെ സൂചിയിൽ കണ്ണുറപ്പിച്ചു നിർത്താൻ പറ്റാറില്ല...വഞ്ചിക്കപ്പെട്ടു എന്ന് പിന്നീട് മനസിലായിക്കഴിയുമ്പോൾ വർഗീസ് ചേട്ടന്മാരെയല്ല ത്രാസിന്റെ സൂചിയിൽ ഒരുനിമിഷം കണ്ണുതുറന്ന് നോക്കാതെ പോയ തങ്ങളെത്തന്നെ ശപിച്ചുകൊണ്ട് ഉറക്കം വരാതെ നേരം വെളുപ്പിക്കുകയാവും അവർ ചെയ്യുക..അല്ലെങ്കിൽ തന്നെ വർഗീസ് ചേട്ടന്മാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല... കണ്ണടച്ച് വിശ്വസിക്കുക എന്ന കൊടിയ കുറ്റം ചെയ്യുന്ന ജനപ്രിയന്മാരെ ക്രിമിനൽക്കുറ്റത്തിന് ജയിലിലടയ്ക്കണം... അല്ലെങ്കിൽ കല്ലെറിഞ്ഞ് കൊല്ലണം...വർഗീസ് ചേട്ടൻ വിലപ്പെട്ട ഒരു പ്രപഞ്ച നിയമമാണ് .... പരിണാമസിദ്ധാന്തത്തിലെ അതിജീവിക്കുന്ന കണ്ണി...ലോകം വർഗീസ് ചേട്ടന്മാരെക്കൊണ്ട് നിറയട്ടെ... വർഗീസ് ചേട്ടന്മാരെന്തായാലും പരസ്പരം ത്രാസിന്റെ സൂചികൾ നോക്കാതിരിക്കില്ലല്ലോ...

6/7/11

ശാരിയുടെ ചികിത്സയ്ക്ക് ധനസമാഹരണം നടത്തുന്ന സുമനസുകളുടെ ശ്രദ്ധയ്ക്ക്..

ഇന്നേക്ക് വെറും പതിനാറ് ദിവസങ്ങൾക്ക് മുൻപായിരുന്നു ആർ.സി.സിയിൽ ചികിത്സയിലിരുന്ന ശാരിയെക്കുറിച്ച്, ഭാര്യയെ ചികിത്സിക്കാൻ പണമില്ലാതെ വിധിയുടെ മുന്നിൽ നിസഹായനായി വാപൊളിച്ച് നിൽക്കുന്ന അനിൽ എന്ന സുഹൃത്തിനെക്കുറിച്ച് ഞാനിവിടെ പോസ്റ്റിടുന്നത്. അടുപ്പമുള്ള ഒരു മനുഷ്യന്റെ ഹൃദയം നോവുന്നത് ഒന്നും ചെയ്യാനാവാതെ നോക്കിനിൽക്കേണ്ടിവന്നതിന്റെ വേദനകൊണ്ട് എഴുതിപ്പോയതാണത്.... ഒരു നിലവിളി ഏതൊരു മനുഷ്യനിലും ഉണ്ടാക്കുന്ന ഒരു റിഫ്ലക്സുപോലെ നിമിഷങ്ങൾകൊണ്ട് ഇന്റർനെറ്റ് മലയാളം മുഴുവൻ ആ പോസ്റ്റ് ശ്രദ്ധിച്ചു.. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനിലിന്റെ അക്കൌണ്ടിലേക്ക് ലക്ഷങ്ങൾ സഹായധനമായി വന്നു..പിന്നീട് നടന്നതൊക്കെ അത്ഭുതങ്ങൾ... ഇന്നിപ്പോൾ പതിനഞ്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു... അനിലിന്റെ അക്കൌണ്ടിൽ ഇപ്പോൾ ഏഴുലക്ഷത്തിലധികം രൂപ വന്നു കഴിഞ്ഞു.. പണമില്ലാതെ പകച്ചു നിന്നിരുന്ന അവസ്ഥയിലല്ല അയാൾ ഇന്ന്.. തനിക്ക് ശാരിയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്ന് അനിലിപ്പോൾ ആത്മവിശ്വാസത്തോടെ പറയുന്നു.

പണം മാത്രമല്ല ഇന്റർനെറ്റിലൂടെ വന്നത്. ചങ്ങനാശേരിയിലുള്ള ഡോക്ടർ.സി.പി മാത്യുവിന്റെ അടുക്കലേക്ക് ശാരി എത്തിയതിനും ഇന്റർ നെറ്റ് തന്നെ കാരണം. ബ്ലോഗിലും ബസിലും ഒക്കെ നടക്കുന്ന ചാരിറ്റി പ്രവർത്തനത്തെക്കുറിച്ച് ഹിന്ദുവിൽ എസ്.ആനന്ദൻ എഴുതിയ വാർത്ത കണ്ടാണ് ഡോക്ടർ.സി.പി.മാത്യു, തനിക്ക് ശാരിയുടെ അസുഖം ചികിത്സിച്ചു മാറ്റാൻ കഴിയും എന്ന് പ്രത്യാശ നൽകിക്കൊണ്ട് മുന്നോട്ട് വരുന്നത്. അനിലും ഞാനും കിഷോറും ബൈജു എന്ന സുഹൃത്തും ചേർന്ന് അദ്ദേഹത്തെ പോയി കാണുകയും ശാരി അദ്ദേഹം നൽകിയ മരുന്നു കഴിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ രക്ത പരിശോധനയിൽ ശാരിയുടെ ബ്ലഡ് കൌണ്ടും പ്ലേറ്റ്‌ലെറ്റ് കൌണ്ടുകളും നോർമലായി വരുന്നതായി കാണുന്നു എന്ന് അനിൽ പറയുകയും ചെയ്തു.ഡോക്ടർ മാത്യുവിന്റെ ചികിത്സ ഫലിക്കുമെന്ന വിശ്വാസത്തിലാണ് അനിലും ശാരിയും ഇപ്പോൾ.. ഡോക്ടർ മാത്യുവിന്റെ മരുന്നുകൊണ്ട് ശാരിയുടെ അസുഖം മാറുന്നില്ല എങ്കിൽ ആർ.സി.സി.യിലെ മജ്ജമാറ്റിവെയ്ക്കൽ ചികിത്സയുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം..

ഇതിനിടെ, മജ്ജമാറ്റിവെയ്ക്കൽ ആവശ്യമാണെങ്കിൽ ചികിത്സയുടെ മുഴുവൻ ചെലവുകളും വഹിക്കാൻ കഴിയുന്ന ഒരു ഏജൻസിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ടായിരുന്നു..ഇക്കാര്യം പറഞ്ഞുകൊണ്ട് അനിലിനെ രാവിലെ വിളിച്ചിരുന്നു..അങ്ങനെ ഒരു ഏജൻസി മുന്നോട്ട് വന്നാൽ നമ്മൾ നടത്തുന്ന ധനസമാഹരണം ആവശ്യമില്ലല്ലോ എന്ന് പറഞ്ഞു. താൻ ഒരു യാത്രയിലാണെന്നും തിരികെ വിളിക്കാമെന്നും അനിൽ പറഞ്ഞു.

കുറച്ചു കഴിഞ്ഞ് അനിൽ വിളിച്ചു... ശാരിയുടെ ചികിത്സ നടത്താനുള്ള മുഴുവൻ തുകയും ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്ന് അനിൽ പറഞ്ഞു.. ശാരിയുടെ ചികിത്സയുമായി ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ തനിക്ക് ഇപ്പോൾ കഴിയുമെന്നും ഇന്റർനെറ്റ് മുഖേനയുള്ള ധനസമാഹരണം ഇനി തുടരേണ്ടതില്ലെന്നും അനിൽ പറഞ്ഞു... തന്റെ നിസഹായാവസ്ഥയിൽ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു..

ഒരു ദിവസത്തെ മരുന്നിനു പോലും പണം കയ്യിലില്ലായിരുന്ന ഒരവസ്ഥയിൽ നിന്നും ശാരിയുടെ ചികിത്സയുമായി ഇനി ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ കഴിയും എന്ന മനോബലത്തിലേക്ക് അനിൽ എത്തിച്ചേർന്നതിൽ സന്തോഷം.. ഇ-മെയിലിലൂടെയും മറ്റും വിവരങ്ങൾ അറിഞ്ഞ് അനിലിന്റെ അക്കൌണ്ടിലേക്ക് ഇപ്പോഴും ആളുകൾ പണമയച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ വിവരങ്ങൾ ഇവിടെ എഴുതുന്നത്... ശാരിയുടെ കാര്യത്തിൽ ഇനി പ്രാർത്ഥനകൾ മാത്രം... ശാരിയെപ്പോലെ വിധിയുടെ വെല്ലുവിളിയെ നേരിടാമെന്ന ധൈര്യം നേടാൻ മറ്റൊരാളെ സഹായിക്കാൻ നമുക്ക് കഴിയട്ടെ...

ശാരിയുടെ അസുഖം പൂർണമായും ഭേദപ്പെടട്ടെ എന്ന ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ....

1/7/11

രക്താർബുദത്തിന് അത്ഭുതമരുന്നോ!!

ഇന്നലെ ശതമാനക്കണക്കുകൾ നിരാശപ്പെടുത്തിയ ദിവസമായിരുന്നു. 30 ശതമാനം എന്ന കുറഞ്ഞ സാധ്യതാ പ്രവചനം ശ്രവിച്ചുകൊണ്ട് ഒരു വലിയ യുദ്ധം വിജയിക്കുക എന്ന സ്വപ്നം കാണുന്നത് ഇത്തിരി കടുപ്പം തന്നെ. ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ വർഷം മാത്രമാണ് ആർ.സി.സിയിൽ തുടങ്ങിയത്. അതുകൊണ്ട് ആർ.സി.സിയിലെ അതിന്റെ വിജയ സാധ്യതയെക്കുറിച്ച് കൃത്യമായ കണക്കെടുപ്പ് അസാധ്യം. പക്ഷേ നിരാശയുടെ എത്രവലിയ ആഴക്കയത്തിലും മനുഷ്യൻ പ്രതീക്ഷയോടെ അന്ത്യശ്വാസം വരെ കൈകാലിട്ടടിക്കും. കിട്ടുന്നത് എത്രദുർബലമായ പിടിവള്ളിയാണെങ്കിലും അള്ളിപ്പിടിക്കുകയും ചെയ്യും.30 ശതമാനം സാധ്യതയൊന്നുമില്ലെങ്കിലും ഒരു ശതമാനമെങ്കിലും സാധ്യത അതിലും കാണില്ലേ എന്ന ഒരു വ്യാമോഹം കൊണ്ടുമാത്രം.അത്തരം ഒരു പിടിവള്ളി ഇന്നലത്തെ രാത്രിയെ പ്രകാശമുള്ളതാക്കി.

ശാരിക്കുവേണ്ടി ഇന്റർനെറ്റിൽ നടക്കുന്ന ധനസമാഹരണത്തെക്കുറിച്ച് ഹിന്ദുവിൽ എസ്.ആനന്ദൻ എഴുതിയ വാർത്ത വായിച്ച് ചങ്ങനാശേരിയിലെ ഡോ.സി.പി.മാത്യു ആനന്ദന് ഒരു കത്തയച്ചിരുന്നു. ശാരിയുടേതിന് സമാനമായ ഒരു കേസ് താൻ ചികിത്സിച്ച് മാറ്റിയിട്ടുണ്ടെന്നും ശാരിയുടെ അസുഖം പൂർണമായും ചികിത്സിച്ചുമാറ്റാൻ തനിക്കാവുമെന്നുമായിരുന്നുകത്ത്. കത്തിൽ അദ്ദേഹം ചികിത്സിച്ചു ഭേദമാക്കി എന്നവകാശപ്പെടുന്ന പെൺ‌കുട്ടിയുടെ പേരും ഫോൺ നമ്പരും ആർ.സി.സിയിലെ ഇൻ‌പേഷ്യന്റ് നമ്പരും വെച്ചിട്ടുണ്ടായിരുന്നു. അന്നു തന്നെ ആനന്ദൻ എനിക്ക് ആ കത്തിന്റെ വിവരങ്ങൾ അയച്ചു തന്നു. വള്ളിക്കുന്നം സ്വദേശിയായ റജീനയായിരുന്നു AML-Progressive Disease എന്ന് രോഗ നിർണയം നടത്തപ്പെട്ട് 23/3/2011 മുതൽ 28/3/2011 വരെ ആർ.സി.സിയിൽ ചികിത്സയിലിരുന്ന പെൺ‌കുട്ടി. ചികിത്സയില്ല എന്നതുകൊണ്ട് പാലിയേറ്റീവ് കെയർ വാർഡിലേക്ക് മാറ്റിയതിനു ശേഷം ആർ.സി.സിയിൽ നിന്നും അവരെ തിരിച്ചയയ്ക്കുകയായിരുന്നു എന്നും തന്റെ ചികിത്സകൊണ്ട് ആ പെൺ‌കുട്ടിയുടെ അസുഖം പൂർണമായും മാറി എന്നുമാണ് ഡോക്ടർ സി.പി.മാത്യു അവകാശപ്പെട്ടത്. ഞാൻ ആദ്യം റജീനയുടെ നമ്പരിൽ വിളിച്ചു. റജീനയുടെ മാമൻ ആണ് ഫോണെടുത്തത്. ഡോ.സി.പി.മാത്യു പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. റജീനയെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ആംബുലൻസിലായിരുന്നു എന്നും ഡോക്ടർ മാത്യുവിന്റെ ചികിത്സകൊണ്ട് ഒരാഴ്ചകൊണ്ട് റജീനയ്ക്ക് എണീറ്റ് നടക്കാൻ കഴിയുന്ന അവസ്ഥയുണ്ടായി എന്നും പറഞ്ഞു. കൌണ്ടും പ്ലേറ്റ്ലെറ്റുമൊക്കെ വളരെ പെട്ടെന്ന് തന്നെ നോർമലായി മാറി എന്നും ഇപ്പോൾ റജീന കമ്പ്യൂട്ടർ ക്ലാസിനു പോകാൻ തയാറെടുക്കുകയാണെന്നുംപറഞ്ഞു. തുള്ളിമരുന്നുകൊണ്ടാണ് ചികിത്സയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ലാടവൈദ്യൻ എന്ന് വിധിയെഴുതി. പക്ഷേ പിന്നീടാലോചിച്ചപ്പോൾ ലാടവൈദ്യനായാലെന്ത്, മരണമാണ് അന്തിമചികിത്സ എന്ന് തിരികെ അയച്ച ഒരു രോഗിയെ ചികിത്സിച്ചു ഭേദമാക്കുന്നു എങ്കിൽ ആരായാലെന്ത് എന്ന് ചിന്തിച്ചു. പക്ഷേ റജീനയുടെ മാമൻ പറഞ്ഞതൊക്കെയും പൂർണമായും വിശ്വസിക്കാൻ മനസനുവദിച്ചില്ല. ഒരു പക്ഷേ ലാട വൈദ്യൻ തന്റെ ഏജന്റിനെ തനിക്കലുകൂലമായി സംസാരിക്കാൻ പഠിപ്പിച്ചു വിട്ടിട്ടുള്ളതാണെങ്കിലോ... വള്ളിക്കുന്നംസ്വദേശിയായ എന്റെ ക്ലാസ്‌മേറ്റ് അഡ്വ.രാജേഷിനെ വിളിച്ച് രജീനയുടെ കഥ ശരിയാണോ എന്നന്വേഷിക്കാൻ ആവശ്യപ്പെട്ടു. രാജേഷ് വള്ളിക്കുന്നത്ത് അന്വേഷിച്ച് റജീനയുടെ കഥ ശരിവെച്ചു. സംശയം കൌതുകത്തിലേക്ക് പകർന്നാട്ടം തുടങ്ങി..അന്വേഷണം വീണ്ടും തുടർന്നു. ആനന്ദൻ തന്ന നമ്പരിൽ ഡോക്ടർ മാത്യുവിനെ വിളിച്ചു. അദ്ദേഹം വളരെ സരളമായി സംസാരിച്ചു. രോഗവിവരങ്ങൾ പൂർണമായും ചോദിച്ചു മനസിലാക്കി. തനിക്ക് ശാരിയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാനാവുമെന്ന് ഡോക്ടർ അപ്പോഴും പറഞ്ഞു. എന്ത് മരുന്നാണ് സർ ഉപയോഗിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. സിദ്ധ ശാഖയിലുള്ള ഒരു മെഡിസിനാണെന്നും ആദ്യകാലങ്ങളിൽ അത് അലോപ്പതിക് മെഡിസിൻ ഉപയോഗിച്ചിരുന്നതാണെന്നും നേരിട്ടു വന്നാൽ വിശദമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് പോയി നോക്കിയാലോ എന്ന് മനസിൽ തോന്നിയെങ്കിലും എടുത്തു ചാടണ്ട എന്ന് മനസു പറഞ്ഞു. വിഷയം വൈദ്യമായതുകൊണ്ട് ബ്ലോഗിലൂടെ അത്യാവശ്യം പരിചയമുള്ള ഡോക്ടർ സൂരജിനെ വിളിച്ചു. സൂരജ് നേരത്തേ തന്നെ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷന്റെ കാര്യത്തിൽ താണ വിജയ ശതമാനത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. സൂരജിനോട് ഡോക്ടർ സി.പി.മാത്യുവിന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം 99 % അത് ഫെയ്ക്ക് ആയിരിക്കും എന്ന് പറഞ്ഞു. ഞാൻ തർക്കിച്ചു അയാൾ ജെന്യൂൻ ആയിരിക്കാൻ 1 % സാധ്യതയുണ്ടെങ്കിൽ നമുക്കത് പ്രയോജനപ്പെടില്ലേ എന്ന് ചോദിച്ചു. എന്താണ് മരുന്ന് എന്ന് സൂരജ്... തുള്ളിമരുന്നാണെന്ന് പറഞ്ഞപ്പോൾ ഡോക്ടർ സൂരജ് ഒറ്റമൂലിപ്രയോഗത്തിലൊന്നും തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞു പിൻ‌വലിഞ്ഞു. ഞാൻ പറഞ്ഞു നമുക്ക് അന്വേഷിച്ചു നോക്കാം ഒരു പക്ഷേ അതിൽ വല്ല സത്യവുമുണ്ടെങ്കിലോ.. ഡോക്ടർ സി.പി.മാത്യു, എന്തായാലും റിട്ടയേഡ് പ്രൊഫസർ ഓഫ് ഓങ്കോളജി ആണ്.ഒരുപക്ഷേ അനുപമമായ ഒരു ജീവൻ രക്ഷാ മരുന്ന് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടെങ്കിൽ അത് അന്വേഷിക്കാത്തതുകൊണ്ട് കണ്ടെത്താതെ പോകണ്ടല്ലോ ഒന്നന്വേഷിക്കാമോ എന്ന് ചോദിച്ചു. നോക്കാം എന്ന് സൂരജ്. ഞാൻ ഡോക്ടർ സി.പി മാത്യുവിന്റെ നമ്പർ അയച്ചു കൊടുത്തു.

അന്ന് രാത്രിയിൽ അനിലിനെ ചങ്ങനാശേരി എസ്.ബി.കോളേജിലെ ലക്ചറർ ഡി.ജെ.തോമസ് വിളിച്ച് സംസാരിച്ചിരുന്നു. തന്റെ സഹോദരന് കാൻസർ ഉണ്ടായിരുന്നു എന്നും പലേടത്തും ചികിത്സിച്ചിട്ടും സുഖപ്പെടാതിരുന്ന രോഗം ഡോക്ടർ സി.പി.മാത്യു ചികിത്സിച്ച് ഭേദമാക്കി എന്നും പറഞ്ഞു.ഡോക്ടർ സി.പി.മാത്യുവിനെ കാണുന്നതാവും ശാരിക്കും നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു.ചങ്ങനാശേരിക്ക് വന്നാൽ ഡോക്ടറുടെ അടുത്തേക്ക് താൻ കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ ഡോക്ടർ സൂരജ് അദ്ദേഹത്തെ വിളിച്ച ശേഷം എനിക്ക് ഒരു മെസേജ് അയച്ചു. ഞാൻ അദ്ദേഹവുമായി സംസാരിച്ചു.വൈകുന്നേരം വിളിക്കാം എന്നായിരുന്നു അത്. ഞാനിന്നലെ ശാരിയുടെ മജ്ജമാറ്റിവെയ്ക്കലിന്റെ സാധ്യതകളെക്കുറിച്ചന്വേഷിക്കാൻ ഡോക്ടർ ശ്രുതിയെ കണ്ട് സംസാരിച്ച കൂട്ടത്തിൽ ഡോക്ടർ സി.പി മാത്യുവിന്റെ കാര്യവും പറഞ്ഞു. ഡോക്ടർ ശ്രുതി വളരെ തുറന്ന മനസോടെയായിരുന്നു കാര്യങ്ങളെ സമീപിച്ചത്. അലോപ്പതിയിൽ ഈ രോഗത്തിന് പൂർണമായ ചികിത്സ ഇല്ല എന്നും ആയുർവേദത്തിലും സിദ്ധയിലും മറ്റും മരുന്നുണ്ടെന്ന് പറഞ്ഞ് രോഗികൾ തങ്ങളെ സമീപിക്കാറുണ്ടെന്നും അവർ പറഞ്ഞു. ഒരു ബ്ലൈൻഡ് എൻഡിൽ നിൽക്കുന്നതുകൊണ്ട് ഒരു വഴികളെയും നിരാശപ്പെടുത്താറില്ല എന്ന് അവർ പറഞ്ഞു. ശാരിയെ ഇന്നലെ ഡിസ്‌ചാർജ്ജ് ചെയ്തതുകൊണ്ട് അടുത്ത തവണ ആർ.സി.സിയിൽ വരുന്നതു വരെയുള്ള ഇടവേളയിൽ ഡോക്ടർ സി.പി.മാത്യുവിനെ കണ്ട് മരുന്നു കഴിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ഞാൻ ചോദിച്ചു. ബോൺ മാരോ ചെയ്യുന്നില്ലെങ്കിൽ ചെയ്യാം എന്ന് ഡോക്ടർ... ബോൺ മാരോ ചെയ്യുക എന്ന സാധ്യത നിലനിർത്തിക്കൊണ്ട് ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ...എന്തായാലും ബോൺ മാരോ ചെയ്യാൻ 3 മാസത്തോളമുണ്ടല്ലോ ഡോക്ടർ മാത്യുവിന്റെ ചികിത്സ ഫലിക്കുന്നില്ലെങ്കിൽ ബോൺ‌മാരോ എന്ന പ്രതിവിധി നോക്കാമല്ലോ എന്ന് ഞാൻ.. കുഴപ്പമില്ല നോക്കിക്കോളൂ എന്ന് ഡോക്ടർ പറഞ്ഞു..

പുറത്തിറങ്ങി ഞാനും അനിലും ഡോക്ടർ സി.പി.മാത്യുവിനെ വിളിച്ചു. ശാരിയെ ഡിസ്‌ചാർജ് ചെയ്തു എന്ന് പറഞ്ഞു. എന്നാൽ ഇങ്ങോട്ട് തിരിച്ചോളൂ എന്ന് അദ്ദേഹം. ശാരിക്ക് ചങ്ങനാശേരിവരെയുള്ള യാത്ര ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞപ്പോൾ എല്ലാ റിപ്പോർട്ടുകളുമായി നിങ്ങൾ വന്നാൽ മതി എന്നദ്ദേഹം പറഞ്ഞു.ശരി എന്ന് ഫോൺ വെച്ചു. സമയം ഏതാണ്ട് രണ്ടര കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തുനിന്ന് ചങ്ങനാശേരിവരെ പോയി തിരിച്ചുവരുമ്പോൾ ഒരുപാട് വൈകും എന്നതിനാൽ യാത്ര ഇന്ന് രാവിലേ ആക്കാം എന്ന് ഞങ്ങൾ തീരുമാനിച്ച് ഡോക്ടറെ തിരികെ വിളിച്ചു. ഇന്ന് തന്നെ വരണം എന്ന് ഡോക്ടർ കടും‌പിടുത്തം പിടിച്ചു. ഞാൻ എന്റെ സുഹൃത്തായ കിഷോറിനെ വിളിച്ച് ഒരു കാർ അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു. തന്റെ വണ്ടിയിൽ തന്നെ പോകാമെന്ന് കിഷോർ പറഞ്ഞു.അങ്ങനെ സന്ധ്യയോടെ ഞങ്ങൾ ചങ്ങനാശേരിക്ക് തിരിച്ചു.അനിൽ,കിഷോർ,ബൈജു, ഞാൻ..മൂന്ന് വക്കീലന്മാരും ഒരു എക്സ് വക്കീലും..:) .

ചങ്ങനാശേരിയിലെത്തി ഡി.ജെ.തോമസിനെ കാത്ത് നിൽക്കുമ്പോൾ ഡോക്ടർ സൂരജിന്റെ കാൾ വന്നു. ഡോക്ടർ സി.പി.മാത്യുവിനെ വിളിച്ചിരുന്നു , അദ്ദേഹം ഉപയോഗിക്കുന്നത് ആർസെനിക്ക് എന്ന മരുന്നാണ് എന്ന് പറഞ്ഞു. ആർസെനിക്ക് പണ്ടുകാലം മുതൽ അലോപ്പതിക് ചികിത്സയിൽ ഉപയോഗിച്ചു വന്നിരുന്നതാണെന്നും സിഫിലിസിനായിരുന്നു സാധാരണ ഉപയോഗിച്ചിരുന്നതെന്നും ലുക്കീമിയക്കും ആർസെനിക് ഉപയോഗിച്ചിരുന്നതായി ഇന്റർനെറ്റിൽ തപ്പിയപ്പോൾ കാണുന്നു എന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഇപ്പോൾ ആർസെനിക് ഉപയോഗിക്കാത്തതെന്ന് അറിയില്ല എന്നും സി.പി.മാത്യുവിനോട് സംസാരിച്ചതിൽ വെച്ച് ആൾ എന്തായാലും ഒരു ഫ്രോഡാവാനുള്ള സാധ്യത താൻ കാണുന്നില്ലെന്നും ഡോക്ടർ സൂരജ് പറഞ്ഞു. മറ്റു പോംവഴികളൊന്നും അലോപ്പതിക്ക് നിർദ്ദേശിക്കാനില്ലാത്ത സ്ഥിതിക്ക് ഡോക്ടർ സി.പി.മാത്യുവിന്റെ മരുന്ന് കഴിച്ചു നോക്കുന്നതിൽ തെറ്റില്ലെന്നും സൂരജ് പറഞ്ഞപ്പോൾ ബലം ഒന്നുകൂടി.. ഡി.ജെ തോമസ് ഞങ്ങൾ വഴികാട്ടാനെത്തി മെയിൻ‌റോഡിൽ നിന്ന് ഊടുവഴികളിലൂടെ ഡോക്ടർ സി.പി.മാത്യുവിന്റെ ഒറ്റപ്പെട്ട വീട്ടിലേക്ക്..സമയം രാത്രി ഒൻപതര. പഴുക്കെ നരച്ച് എൺപത് എൺപത്തഞ്ചുള്ള വെളുത്തു കൊലുന്ന ഒരു വൃദ്ധൻ ഇറങ്ങി വന്നു. ലാടവൈദ്യന്മാർക്ക് ചേരാത്ത രൂപം :)

അനിൽ എ മുതൽ ഇസഡ് വരെ വള്ളിപുള്ളി തെറ്റാതെ ശാരിയുടെ രോഗവിവരങ്ങൾ പറഞ്ഞു. ഡോക്ടർ എല്ലാം വിശദമായി കേട്ടു. ഇത്രയും കുഴഞ്ഞുമറിഞ്ഞ രീതിയിലുള്ള ഒരു കേസ് താൻ ആദ്യമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒരു പക്ഷേ ഇത്തരം കോമ്പ്ലിക്കേറ്റഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് തന്നെ സംശയമാണെന്ന് പറഞ്ഞു. ശാരിയുടെ വലതു വശത്തെ ഒരു ഓവറി എടുത്തു കളഞ്ഞിരുന്നു. അതു പറഞ്ഞപ്പോൾ ഡോക്ടർ ചോദിച്ച ചോദ്യം ചികിത്സകന് ചികിത്സയെക്കുറിച്ചുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് എനിക്ക് തോന്നി. “നിങ്ങൾക്ക് കുട്ടികളുണ്ടോ?“.

ഏതാണ്ട് രണ്ടുമണിക്കൂർ ഞങ്ങൾ സംസാരിച്ചു. ആർസെനിക് എന്ന മരുന്നാണ് താൻ ചികിത്സക്കായി ഉപയോഗിക്കുന്നതെന്നും അലോപ്പതി ഒരു കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു. താൻ 25 വർഷമായി ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തുന്നുണ്ടെന്നും വളരെ വേഗം മരുന്ന് റെസ്പോണ്ട് ചെയ്യുന്നതായി കാണുന്നു എന്നും പറഞ്ഞു.സ്വാഭാവികമായി ഉണ്ടാകുന്ന സംശയങ്ങൾ ഞാൻ ചോദിച്ചു. 25 വർഷമായി കാൻസറിന് ഒരു മരുന്നുപയോഗിച്ച് സുഖപ്പെടുത്തുന്നു എങ്കിൽ എന്തുകൊണ്ട് അത് ഇതുവരെ പുറം ലോകം അറിഞ്ഞില്ല. പാലിയേറ്റീവ് കെയർ കൊടുത്ത് തിരിച്ചയക്കുന്ന രോഗികൾക്ക് ആർ.സി.സിയിലെ ഡോക്ടർമാർ എന്തുകൊണ്ട് ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ നൽകുന്നില്ല? അതിന്റെ പിന്നിലുള്ള കളികളൊന്നും തനിക്കറിയില്ലെന്ന് അദ്ദേഹം പറയുന്നു. താൻ ധാരാളം അലോപ്പതിക് ഡോക്ടർമാരൊട് സിദ്ധവൈദ്യത്തിൽ കാൻസറിന് മരുന്ന് ഉള്ളവിവരവും ഈ മരുന്നിന്റെ പ്രവർത്തനക്ഷമതയെപ്പറ്റിയും പറഞ്ഞിട്ടും എഴുതിയിട്ടും ഒന്നും ആരും ചെവിക്കൊള്ളുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആർ.സി.സിയിൽ നിന്ന് തിരിച്ചയച്ച റജീനയുടെ കേസിൽ താൻ അസുഖം പൂർണമായും ചികിത്സിച്ചു ഭേദമാക്കിയ വിവരം കാണിച്ച് ആർ.സി.സി.ഡയറക്ടർക്ക് എഴുതിയ കത്തിന്റെ കോപ്പി എന്നെ കാണിച്ചു. അതിന്റെ പൂർണ രൂപം ഇങ്ങനെയാണ് *.

Dr.C.P.Mathew MS,DMR Ph:0481-2320224
(Retd.Prof.of Oncology) (M)9447397321
Chirackadavil Website:www.drmathewscancercure.org
Thuruthy P.O Emai:drmathewscancercure@gmail.com
Changanachery-686535

To
The Director
Regional Cancer Centre
Trivandrum

Sir,
Sub:Dumping pts to palliative ward reg.
Ref:Pt Rejeena - aged 18 Cr. No.112046
DOA-24-2-2011
DOD-28-3-2011

Above pt is under my treatment from 6-4-2011. She was diagnosed as AML progressive disease and discharged from palliative ward of your institution on 28-03-11 in a moribund condition. She consulted me on 6-4-11. I started her on some simple drugs in the alternative system. Now she has recovered almost completely.Her blood count has become normal.Her haemogram report is attached.

This is not the 1st time I have had such experience. I have salvaged many many patients declared incurable by allopathic system, by using simple drugs in the alternative system. Please note that allopathy is not the last word in healing. When allopathy fails why not try other systems? Declaring a pt incurable and dumping him or her in to palliative ward is sheer cruelty. If you are interested I am prepared to share with you my experience in the field of alternative medicine in the treatment of cancer.

Yours faithfully


Copy to
1.Head, Medical oncology Dept.RCC
2.Editor, The Hindu With C/L

*സ്കാൻ ചെയ്തിടാനുള്ള സൌകര്യമില്ലാത്തതുകൊണ്ടാണ് ഇത് ടൈപ്പ് ചെയ്തിട്ടത്.

താൻ റിട്ടയർ ചെയ്യുന്നതിനും നാലുവർഷം മുൻപാണ് സിദ്ധവൈദ്യത്തിലെ കാൻസർ ചികിത്സാവിധിയെക്കുറിച്ച് പഠിക്കാനിടയാകുന്നതെന്നും അതിനുശേഷം മൂവായിരത്തോളം കാൻസർ രോഗികളെ താൻ ചികിത്സിച്ചിട്ടുണ്ടെന്നും ഡോക്ടർ സി.പി.മാത്യു പറയുന്നു. കാൻസർ ചികിത്സയിൽ അലോപ്പതിയുടെ മനം‌മടുപ്പിക്കുന്ന പരാജയം കണ്ട് സഹികെട്ടാണ് മറ്റേതെങ്കിലും ചികിത്സാവിധിയിൽ കാൻസർ പൂർണമായും സുഖപ്പെടുത്തുന്നുണ്ടോ എന്ന് അന്വേഷിച്ചത്. ഒരു ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ഇരിക്കുമ്പോൾ ഒരു രോഗി വന്ന് കാൻസർ ചികിത്സിച്ച് സുഖപ്പെടുത്തുന്ന ഒരു വൈദ്യനെക്കുറിച്ച് പറഞ്ഞപ്പോൾ അയാളെയും കാറിൽ കയറ്റി വൈദ്യനെ അന്വേഷിച്ചു പോകുകയായിരുന്നത്രെ. വൈദ്യനെ കണ്ടെത്തുകയും രോഗി പറഞ്ഞത് സത്യമാണെന്ന് മനസിലാവുകയും ചെയ്തെങ്കിലും മരുന്ന് ഏതാണെന്ന് വെളിപ്പെടുത്താൻ വൈദ്യൻ വിസമ്മതിക്കുകയായിരുന്നത്രേ.. ഏറെ നാൾ പിന്നാലെ നടന്നുള്ള ചോദ്യത്തിനുശേഷം വൈദ്യൻ മൺ പാത്രത്തിൽ ഉരച്ചു നൽകുന്ന ഉരമരുന്ന് കാണിച്ചുകൊടുത്തു. പക്ഷേ എന്തൊക്കെയാണ് അതിലെന്നറിയാനുള്ള ശ്രമങ്ങൾ ഏറെ നാൾ പിന്നെയും പരാജയപ്പെട്ടു. ഒടുവിൽ വൈദ്യൻ ഉരച്ചു നൽകിയ പാത്രത്തിൽ പറ്റിയിരിപ്പുള്ള സാമഗ്രി നവപാഷാണമാണെന്ന് ഒരു സിദ്ധവൈദ്യൻ പറഞ്ഞുകൊടുക്കുകയായിരുന്നത്രേ. ആർസെനിക്കും മെർക്കുറിയുമാണ് നവപാഷാണത്തിലെ പ്രധാന ഘടകങ്ങൾ. അങ്ങനെയാണ് അർസെനിക് എന്ന ഘനലോഹം കാൻസർ ചികിത്സയിൽ ഫലപ്രദമാണെന്ന് തിരിച്ചറിയുന്നതും അതുപയോഗിച്ചുള്ള ചികിത്സ താൻ നടത്തിപ്പോരുന്നതും എന്ന് ഡോക്ടർ സി.പി.മാത്യു പറയുന്നു. ആർസെനിക് ഉപയോഗിച്ചുള്ള ചികിത്സ നാലാം ദിവസം മുതൽ ഫലം കണ്ടു തുടങ്ങുമെന്ന് ഡോക്ടർ അവകാശപ്പെടുന്നു.

ശാരിക്ക് ഒരു ബോട്ടിൽ മരുന്ന് അദ്ദേഹം അനിലിനെ എല്പിച്ചു.ഏതാനും ആയുർവേദ മരുന്നുകൾ എഴുതി നൽകുകയും ചെയ്തു. കാശ് വാങ്ങിയല്ല താൻ ചികിത്സ നടത്തുന്നത് എന്നതുകൊണ്ട് മൂന്നു രൂപ വിലയുള്ള ഈ മരുന്ന് സൌജന്യമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു നേരം അഞ്ചു തുള്ളി വീതം വെള്ളത്തിൽ ഒഴിച്ച് കഴിക്കണം നാലു ദിവസത്തിനു ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ കൌണ്ടും പ്ലേറ്റ്ലെറ്റും ചെക്ക് ചെയ്യണമെന്നും രോഗം മാറുന്നതിന്റെ ലക്ഷണങ്ങൾ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ രാത്രി പതിനൊന്നരക്ക് ഡോക്ടർ സി.പി.മാത്യുവിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ നല്ല മഴ. ഡോക്ടറുടെ സംസാരമുണ്ടാക്കിയ ശുഭപ്രതീക്ഷയിൽ മനസിന് ഒരു സന്തോഷമൊക്കെ തോന്നുന്നുണ്ടായിരുന്നു.രോഗം മാറും .. ഡോക്ടർ ഉറപ്പ് പറയുന്നു.. വെളുപ്പിന് അഞ്ചരക്ക് തിരികെ വീട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് ആർ.സി.സിയിലെ ഡോക്ടർ ശ്രുതിയുമായി സംസാരിച്ച വിവരങ്ങൾ കിരണിന്റെ ബസിലും സ്പ്രെഡ് ഷീറ്റിലും അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു. ഉറങ്ങി എണീറ്റപ്പോൾ ഡോക്ടർ സൂരജിനെ വിളിച്ചു. സൂരജ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നു. ആർസെനിക് എന്ന മരുന്ന് സിദ്ധവൈദ്യത്തിന്റെ കണ്ടുപിടിത്തമല്ലെന്ന് സൂരജ്..ആരുടെ കണ്ടുപിടുത്തമായാലും രോഗം മാറ്റിയാൽ മതിയെന്ന് ഞാൻ :) കാൻസർ ചികിത്സയിൽ ആർസെനിക് പ്രയോജനപ്രദമാണെന്ന് സൂചിപ്പിക്കുന്ന ധാരാളം ഗവേഷണപ്രബന്ധങ്ങൾ ഇന്റെർനെറ്റിലുണ്ടെന്നും ഡോ.സൂരജ് പറഞ്ഞു.പിന്നെന്തുകൊണ്ട് ആർ.സി.സിയിലെ ഡോക്ടർമാർ ഇതൊന്നു കാണുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

നെറ്റിൽ തപ്പിക്കിട്ടിയ ചിലത്:
ലിങ്ക് -1
ലിങ്ക്-൨
ലിങ്ക്-3

അനുബന്ധങ്ങൾ
൧. കാളിയമ്പിയുടെ ബസ്
൨.ഡോക്ടർ സി.പി.മാത്യുവിനെക്കുറിച്ചുള്ള അമ്പിയുടെ ഒരു കുറിപ്പ്
൩.ഡോക്ടർ സി.പി.മാത്യുവിന്റെ വെബ് സൈറ്റ്
4.യാത്രാമൊഴിയുടെ പോസ്റ്റ്

30/6/11

അന്ധ - വിശ്വാസം

പുരോഹിതന്മാർ ദൈവത്തിലുള്ള അന്ധവിശ്വാസം വളർത്തുന്നു
മന്ത്രവാദികൾ മന്ത്രതന്ത്രങ്ങളിൽ അന്ധവിശ്വാസം വളർത്തുന്നു
രാഷ്ട്രീയക്കാർ രാഷ്ട്രത്തിൽ അന്ധവിശ്വാസം വളർത്തുന്നു
ശാസ്ത്രജ്ഞന്മാർ ശാസ്ത്രത്തിൽ അന്ധവിശ്വാസം വളർത്തുന്നു
വക്കീലന്മാർ കോടതിയിലുള്ള അന്ധവിശ്വാസം വളർത്തുന്നു
വൈദ്യന്മാർ താന്താങ്ങൾ ഉപജീവിക്കുന്ന ചികിത്സാപദ്ധതിയിൽ
അന്ധവിശ്വാസം വളർത്തുന്നു
അന്ധവിശ്വാസം ആരുടെയെങ്കിലും കുത്തകയാകുന്നതെങ്ങിനെ.

26/6/11

ആകാശവലയിൽ നിന്നിറങ്ങി...

ശാരിയുടെ ചികിത്സയ്ക്ക് ഇന്റർനെറ്റിൽ നടക്കുന്ന ധനസമാഹരണം അത്ഭുതത്തോടെയേ കാണാൻ കഴിയൂ. നേരിൽ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ഒരു മനുഷ്യ ജീവിക്കുവേണ്ടി തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണത്തിൽ ഒരു നല്ല പങ്ക് മാറ്റിവെയ്ക്കാൻ ആളുകൾ മുന്നോട്ടുവരുന്നു എന്നത് നമ്മുടെ ഇന്നത്തെ സമൂഹത്തെക്കുറിച്ചും ഈ തലമുറയെക്കുറിച്ചുമൊക്കെയുള്ള പൊതു സിദ്ധാന്തത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മനസാക്ഷിയില്ലാത്തവരും സ്വാർത്ഥന്മാരുമാണ് പുതുതലമുറയും ഇന്നത്തെ സമൂഹവും എന്നൊക്കെയുള്ള കിഴവൻമുറവിളികൾ എത്രമാത്രം അർത്ഥശൂന്യമാണ് എന്നതിന് തെളിവാണ് ഇന്റർനെറ്റിൽ നടക്കുന്ന ഈ മൂവ്മെന്റ്.ശാരി ആയിരങ്ങളിൽ ഒരുവൾ മാത്രമാണെന്നും ശാരിയെക്കാൾ ദയനീയമായ കേസുകൾ എത്രയോ കാണുമെന്നും നമുക്കറിയാം.പക്ഷേ സത്യസന്ധമായ ഒരു നിലവിളി തങ്ങളുടെ മുന്നിലേക്ക് വന്നാൽ ഒന്നു കാതോർത്തുപോകാത്തവരല്ല ഇന്നത്തെ സമൂഹമെന്നതിന്റെ തെളിവുമാത്രമാണ് ശാരിയുടെ കാര്യത്തിലുള്ള ഈ പ്രതികരണം.

ഇന്റർനെറ്റിലുണ്ടായ ഈ ചലനം മറ്റു മാധ്യമങ്ങൾ വഴി പൊതുജനവും അറിഞ്ഞുതുടങ്ങുന്നു. ദി ഹിന്ദുവും ന്യൂ ഇന്ത്യൻ എക്സ്പ്രസും ഇന്ന് ഈ വിഷയം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിന്ദുവിന്റെ സ്റ്റേറ്റ് പേജിൽ ശാരിയുടെ ചിത്രമുൾപ്പെടെ മൂന്നു കോളം വാർത്ത. ഹെഡിംഗ് Noble Gesture - "Online community mobilises fund to save life". എക്സ്പ്രസിന്റെ തിരുവനന്തപുരം എഡിഷനിൽ ഫ്രണ്ട് പേജ് വാർത്ത MASSIVE CHARITY MOVEMENT - " Blog Post Brings Ray of Hope to Leukaemia-hit Girl". ഈ റിപ്പോർട്ടുകൾ തീർച്ചയായും ലക്ഷ്യം എളുപ്പമാക്കുമെന്ന് വിശ്വസിക്കുന്നു.

ഹിന്ദുവിനും എക്സ്പ്രസിനും നന്ദി.

ഹിന്ദുവിലെ റിപ്പോർട്ട്
--------------------------------------------------
എക്സ്പ്രെസിലെ റിപ്പോർട്ട്

--------------------------------------------രണ്ടു പത്രങ്ങളിലും വന്ന റിപ്പോർട്ടിൽ ഒരു വൈരുദ്ധ്യമുള്ളത് ചികിത്സയ്ക്ക് ആവശ്യമായ തുകയെ സംബന്ധിച്ചാണ്. എക്സ്പ്രെസ് 15 ലക്ഷം എന്ന് പറയുമ്പോൾ ഹിന്ദു ഏതാണ്ട് 20 ലക്ഷം എന്നാണ് പറയുന്നത്. പോസ്റ്റിലും ബസിലും ചില കമെന്റുകളിലും വന്നിട്ടുള്ള ചർച്ചയിൽ നിന്നാവാം ഇത് . ശാരിയ്ക്ക് മജ്ജമാറ്റിവെയ്ക്കലിന് മുൻ‌പ് നടക്കുന്ന കീമോയ്ക്ക് (Salvage chemo therapy ) ചെലവ് 5 ലക്ഷം എന്നാണ് ഡോക്ടർ എഴുതിക്കൊടുത്തിട്ടുള്ളത്. എക്സ്പെൻഡിചർ സെർട്ടിഫിക്കറ്റിൽ ആറുമാസത്തേക്കുള്ള ചികിത്സയ്ക്ക് എന്നാണ് എഴുതിയിട്ടുള്ളതും. മജ്ജ മാറ്റിവെയ്ക്കലിന് ഏതാണ്ട് പതിനഞ്ച് ലക്ഷം വേണം എന്നും പറഞ്ഞിട്ടുണ്ട്. രണ്ടും ചേർത്താവും 20 ലക്ഷം എന്ന് ഹിന്ദു എഴുതിയിട്ടുള്ളത്. പക്ഷേ ആറുമാസത്തിനു മുൻപ് മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നതുകൊണ്ട് ഈ സർറ്റിഫിക്കറ്റിൽ ഒരു വൈരുദ്ധ്യമുണ്ട്. മജ്ജമാറ്റിവെയ്ക്കലിന്റെ എക്സ്പെൻഡിചർ സെർട്ടിഫിക്കറ്റ് എഴുതി വാങ്ങേണ്ടതുണ്ട്.

21/6/11

ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ

21/6/2011 നാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.. ഇന്ന് 6/7/2011....ഇക്കഴിഞ്ഞ രണ്ടാഴ്ചകൾ കൊണ്ട് സംഭവിച്ചതൊക്കെ അത്ഭുതങ്ങളായിരുന്നു. ഈ പോസ്റ്റ് എത്രയധികം ഷെയർ ചെയ്യപ്പെട്ടു എന്നറിയില്ല..മലയാളികളുള്ളിടത്തെല്ലാം ഈ സഹായാഭ്യർത്ഥന കടന്നു ചെന്നിരിക്കണം.. ഇത്രയും ദിവസങ്ങൾക്കുള്ളിൽ ഏഴുലക്ഷം രൂപയോളം അനിലിന്റെ അക്കൌണ്ടിൽ വന്നു..ഇന്നിപ്പോൾ ശാരിയുടെ ചികിത്സയുടെ കാര്യത്തിൽ ആശങ്കകളില്ല.... ഇന്ന് (6/7/2011) അനിലിനെ വിളിച്ചിരുന്നു... ഇപ്പോഴത്തെ സാഹചര്യത്തിൽ ആർ.സി.സിയിൽ ശാരിയുടെ ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നടത്താൻ അവശ്യം വേണ്ട ഫണ്ട് തന്റെ പക്കൽ ഉണ്ട് എന്ന് അനിൽ പറഞ്ഞു.ഒരു പ്രതിസന്ധിഘട്ടത്തിൽ തന്നെക്കുറിച്ചോ ശാരിയെക്കുറിച്ചോ ഒന്നും അറിയാതെ തങ്ങളെ സഹായിച്ച എല്ലാപേരോടും നന്ദിയുണ്ടെന്ന് അനിൽ പറഞ്ഞു... ചികിത്സയ്ക്കുള്ള പണം സമാഹരിക്കപ്പെട്ട സാഹചര്യത്തിൽ അനിലിന്റെ അക്കൌണ്ട് ഡീറ്റെയിത്സ് മാറ്റുകയാണ്...നന്ദി
മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !

ഇന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പോയി അനിൽ എന്ന പഴയൊരു സഹപാഠിയെ കണ്ടു. ഗവൺ‌മെന്റ് ലോ കോളേജിൽ നിന്നും പലവഴിക്ക് പിരിഞ്ഞ ശേഷം ഞങ്ങളങ്ങനെ കാണാറില്ലായിരുന്നു. ഞാൻ സിനിമ എന്ന സ്വപ്നത്തിന്റെ പിറകേയും അവൻ അഭിഭാഷകവൃത്തി എന്ന തൊഴിലിന്റെ പിറകേയും പോയതുകൊണ്ട് കണ്ടുമുട്ടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു.ഇടയ്ക്ക് കണ്ടപ്പോൾ പച്ചപിടിച്ചു വരുന്ന തന്റെ തൊഴിലിനെക്കുറിച്ചും സന്തോഷം നിറഞ്ഞ കുടുംബജീവിതത്തെക്കുറിച്ചും കുസൃതിക്കുടുക്കയായ മകളെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു ..കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തുവഴി അറിഞ്ഞു അനിലിന്റെ ഭാര്യ (ശാരി) യെ ആർ.സി.സിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. കാൻസറാണ്.. രോഗം ഗുരുതരമാണ്...കുറേ നാളുകൾക്ക് ശേഷം ഏറെ പണം ചെലവാക്കി മരണത്തിന്റെ വായിൽ നിന്നും അനിൽ ശാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നറിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞ കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും ശാരിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ച് അനിൽ പറഞ്ഞു. എങ്കിലും എല്ലാം പിടിവിട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ തന്നല്ലോ ദൈവം എന്ന് അവൻ ആശ്വസിച്ചു.

കഴിഞ്ഞ മാസം ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോൾ ശ്യാം മോഹൻ എന്ന ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. ശാരിയെ വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അനിലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പൂർണമായും തകർത്തുകളഞ്ഞ ശേഷം പിൻ‌വലിഞ്ഞ ആ മഹാരോഗം ഇത്തവണ തിരിച്ചുവന്നത് കൂടുതൽ ശക്തിയോടെ രക്താർബുദത്തിന്റെ രൂപത്തിലാണ്. ഒരു തവണത്തെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള തുകപോലും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അനിൽ. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്തവണ ഡോക്ടർ പറഞ്ഞ പ്രതിവിധി. ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ചെലവുവരും. ലോ കോളേജിലെ പഴയ സഹപാഠികളെല്ലാം ചേർന്ന് കുറച്ച് പണം സമാഹരിച്ചു നൽകണം എന്ന് പറയാനാണ് ശ്യാം എന്നെ വിളിച്ചത്. ഓരോരുത്തർക്കും പതിനായിരം രൂപവീതമെങ്കിലും കൊടുക്കാനാകുമെങ്കിൽ അത് ഒരു നല്ല സഹായമാകുമെന്ന് അവൻ പറഞ്ഞു. ജൂൺ ആദ്യവാരമെങ്കിലും കഴിയുന്നത്ര തുക അനിലിന്റെ അക്കൌണ്ടിൽ ഇടാൻ ശ്രമിക്കണം എന്ന് പറഞ്ഞ് അവൻ അനിലിന്റെ ബാങ്ക് അക്കൌണ്ട് അയച്ചുതന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തികം കിട്ടിയില്ല. ജൂൺ ആദ്യവാരവും രണ്ടാം വാരവും കടന്നുപോയി. എനിക്ക് ഒരു രൂപ പോലും ഇടാനായില്ല.അതുകൊണ്ടുതന്നെ ശ്യാമിനേയോ അനിലിനേയോ വിളിക്കാൻ എനിക്കൊരു ചമ്മലുണ്ടായി.

മറ്റു പണികളൊന്നുമില്ലാതെ നാട്ടിൽ നിന്നിട്ടും അനിലിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാത്തത് തെറ്റാണെന്ന് രണ്ടുമൂന്നുദിവസമായി മനസാക്ഷി കുത്തിത്തുടങ്ങി. അങ്ങനെ ഇന്ന് ഞാനും ഒരു സുഹൃത്തുമായി ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. അവൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് നടന്നു വന്നു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ നാട്ടിലെ സന്നദ്ധസംഘടനകൾ വരെ എല്ലാ വാതിലുകളും മുട്ടി മൂന്ന് മാസത്തെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കാം എന്നുമാത്രമേ അവനു വിശ്വാസമുള്ളു.മൂന്നു മാസത്തിനു ശേഷം ശാരിയെ മരണം കൊണ്ടുപോകും.അമ്മയെ കാണാതെ മകൾ കരയുന്നു എന്ന് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നനവില്ല..മജ്ജമാറ്റിവെച്ച് ഈ മഹാരോഗത്തെ പരാജയപ്പെടുത്തി ജീവിതം തിരികെപ്പിടിക്കാമെന്ന് വിശ്വസിച്ച് ശാരി സന്തോഷവതിയായിരിക്കുകയാണെന്ന് പറയുമ്പോഴും അവന്റെ മുഖത്ത് സങ്കടമില്ല. ആദ്യം തന്നെ ഈ രോഗം അതിന്റെ യഥാർത്ഥരൂപത്തിൽ വന്നിരുന്നു എങ്കിൽ മജ്ജമാറ്റിവെയ്ക്കാനുള്ള പണം സംഘടിപ്പിക്കാമായിരുന്നു എന്നവൻ പറഞ്ഞു. ഏറെ ചാടിയിട്ടും വള്ളത്തിനുള്ളിൽ തന്നെ വീണുപോയ കടൽമീനിന്റെ പരാജയ സമ്മതമായിരുന്നു അവന്റെ ഭാവം. ഇനി എനിക്ക് വയ്യ.വിധി ഇതാണ് എന്ന് കീഴടങ്ങിക്കൊടുക്കുന്ന ഒരു മനുഷ്യന്റെ ദയനീയമായ അവസ്ഥ.

എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു തളരരുതെടാ..പണമുണ്ടാക്കാം..നമുക്ക് ആളുകളോട് ചോദിക്കാം...നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം..എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...പണം സംഘടിപ്പിക്കാൻ നമുക്ക് കഴിയും..ഒന്നും അസാധ്യമല്ല... അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ...

എന്തായാലും അവന്റെ കയ്യിൽ നിന്ന് കുടുംബഫോട്ടോയും ചികിത്സാരേഖകളും സ്കാൻ ചെയ്തെടുത്തുകൊണ്ടാണ് ഞാൻ തിരികെപ്പോന്നത്. അപ്പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും മടങ്ങിപ്പോരുമ്പോൾ ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. പണം എങ്ങനെ ഉണ്ടാക്കാം...പതിനഞ്ചുലക്ഷത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലേ... ബൂലോക കാരുണ്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് സിമിക്ക് (സിമി നസ്രേത്ത്) ഒരു മെയിലയച്ചു. ഈ ലോകത്ത് ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലല്ലോ (ഒളിയാക്രമണം നടത്തി ഒരു അനിലിനേയും ശാരിയേയും പരാജയപ്പെടുത്തുന്ന വിധിയ്ക്കുമറിയില്ലായിരിക്കും) അതുകൊണ്ട് ഞാൻ ഇതിവിടെ എഴുതുന്നു. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യാം..

ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം... അനിലിന്റെയും ശാരിയുടേയും ഒരു കുടുംബചിത്രവും ശാരിയുടെ ചില ചികിത്സാരേഖകളും ഇവിടെ ഇടുന്നു. അനിലിന്റെ ഫോൺ നമ്പരും...

Patient's Name: Shari

Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010

Phone Number :+91-7293607979


From
ഇന്നലെ (21/6/2011) രാത്രി ഈ പോസ്റ്റ് ഇവിടെ ഇട്ട ശേഷം ഇന്റർ നെറ്റിലെ സുമനസുകൾ ഒരായിരം സഹായ ഹസ്തങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്.പ്രതീക്ഷയുടെ ഊർജ്ജസ്വലമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇന്ന് (22/6/2011) വീണ്ടും ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു..അവൻ ഒറ്റയ്ക്കല്ലെന്നും നൂറുകണക്കിനാളുകളുടെ പിന്തുണയുണ്ടെന്നും എന്തായാലും നമ്മൾ ശാരിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും പറഞ്ഞു.

ശാരിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവനനൽകുന്നവരുടെ പേരു വിവരങ്ങളും സമാഹരിച്ച തുകയും രേഖപ്പെടുത്തി ഇന്റർനെറ്റ് സുഹൃത്തുക്കൾ ഒരു ഗൂഗിൾ സ്പ്രെഡ് ഷീറ്റ് തുറന്നിട്ടുണ്ട്. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുന്നു.IFS CODE, SWIFT CODE എന്നിവ അക്കൌണ്ടിന്റെ കൂടെ പുതുതായി ചേർത്തു.

https://spreadsheets.google.com/spreadsheet/ccc?key=0AsE_HDg0B4ZndExTN05uTE5NM3ZsUTRlQkdfRERWOXc&hl=en_US#gid=0

യാത്രക്കാരനിൽ ഒരു കാഴ്ചക്കാരന്റെ ശതമാനം

അഞ്ചുമണി വൈകുന്നേരം
വാഹനങ്ങളുടെ അമറലുകൾ -
കുത്തിയൊലിക്കുന്ന എൻ.ഏച്ച്.47
ഇതാ ഇപ്പോ പൊട്ടിച്ചോടിവരുമെന്ന്
ചുരമാന്തി മുക്രയിടുന്ന മഴക്കൂറ്റൻ
60% ബ്രേക്കും 40 % ലക്കുമില്ലാത്ത
എന്റെ ബജാജ് സി.റ്റി.100
മഴവീണാൽ തളം കെട്ടുന്ന തമ്പാനൂരിൽ നിന്നും
നിന്നുപെയ്താൽ ഒലിച്ചുപോകുന്ന വീട്ടിലേക്ക്
60-65 ൽ ആക്സിലേറ്റർ പിടിക്കുന്ന ഞാൻ

പറയൂ കാഴ്ചക്കാരാ
എത്രശതമാനം സാധ്യതയാണ് വീടെത്താൻ
എനിക്കുള്ളത്?
നിറയെ പുഴമണൽ തിന്നുവരുന്ന
പല്ലിളിച്ച പാണ്ടിലോറി
എന്നെ ഉമ്മവെയ്ക്കാനുള്ള
സാധ്യത എത്ര ശതമാനം?

റോഡിലേക്ക് ഉരുണ്ടുവീണ ആപ്പിൾ
ലക്ഷ്യമാക്കി ഓടുന്ന
പഴക്കച്ചവടക്കാരൻ കിഴവനെ
എന്റെ ബൈക്ക് തച്ചുടയ്ക്കാൻ
സാധ്യത എത്ര ശതമാനം?

ഹെൽമറ്റിൽ നിന്നും ഊരിത്തെറിക്കുന്ന
എന്റെ തലയിൽ വി.എസ്.എസ്.സി ബസിന്റെ
കൂറ്റൻ ചക്രങ്ങൾ കയറിനിരങ്ങാൻ
എത്രശതമാനം സാധ്യത?

മഴപെയ്യാനുള്ള സാധ്യത എത്രശതമാനം?
പെയ്യാതിരിക്കാനുള്ള സാധ്യത എത്രശതമാനം?
മഴപേടിച്ച് ഒടിഞ്ഞുവീഴുന്ന മരക്കൊമ്പുകൾക്കടിയിൽ
ഞാൻ ചോരകൊണ്ട് ഒപ്പുവെയ്ക്കാൻ
സാധ്യത എത്ര ശതമാനം?

കാഴ്ചക്കാരാ,
ശതമാനക്കണക്കുകൾ അളന്ന്
നിങ്ങൾ ഒരു കട്ടൻ ചായകുടിച്ച് നിൽക്കുക
ഞാൻ പോയ്‌വരാം
ചിലപ്പോൾ വരാതെ പോകാം
സാധ്യത എത്ര ശതമാനം?
ആർക്കറിയാം?
ആർക്കറിയണം?
എന്തായാലും
തട്ടുകടയിൽ ചായകുടിച്ച്
സാധ്യതകളളന്ന്
നൂറുശതമാനം നിങ്ങളിവിടെ ഉണ്ടാകുമല്ലോ..!
Published on 6/21/2011

12/6/11

തിരിച്ചറിവുകൾ

കലാസൃഷ്ടികളുടെ മൂല്യം വിപണിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് എനിക്ക് ഈ അടുത്ത ദിവസങ്ങളിലാണ് മനസിലായത്. വളരെ ലളിതമാണ് ആ തത്വം. നമ്മുടെ പറമ്പിൽ നാം ഒരു മാവ് നടുന്നു. കന്നുകാലികൾ കടിക്കാതെയും വേനലിൽ ഉണങ്ങാതെയും നാമതിനെ വർഷങ്ങൾ സംരക്ഷിക്കുന്നു.ഒടുവിൽ അത് പൂത്തു കായ്ക്കുന്നു.അപ്പോഴും നാം അതിനെ മൂത്ത് പാകമാകുന്നതുവരെ സംരംക്ഷിക്കുന്നു. ഈ മാങ്ങയെ നമുക്ക് സൃഷ്ടിയുമായി ഉപമിക്കാം. ഇനി അതിന്റെ മൂല്യത്തിന്റെ കാര്യത്തിൽ വിപണിയുടെ സ്വാധീനം എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

കൃത്യസമയത്ത് അതിനെ പറിച്ചെടുത്ത് ഏത് വിപണിയിൽ കൊണ്ട് ചെന്നാലാണ് അതിന് ശരിക്കുള്ള ആവശ്യക്കാർ ഉള്ളതെന്ന് മനസിലാക്കി ആ വിപണിയിൽ അതിനെ കൊണ്ടുപോയി വില്പനയ്ക്ക് വെച്ച് കരുതലോടെയുള്ള വിലപേശലുകൾ നടത്തി അതിനെ വിൽക്കുന്നു എന്നു വെയ്ക്കുക. നിങ്ങളുടെ സൃഷ്ടിക്ക് ഒരു നിശ്ചിത വില കിട്ടും. വില കൊടുത്തു വാങ്ങുന്നവൻ വീട്ടിൽ കൊണ്ടുപോയി നന്നായി കഴുകി വൃത്തിയായി മുറിച്ച് ഓരോ കഷണവും ആസ്വദിച്ച് തിന്നും. നിങ്ങളുടെ സൃഷ്ടിക്ക് ഇപ്പോൾ ഒരു വിലയുണ്ട്.

ഇനി സംഭവിക്കുന്നത് മറിച്ചാണെന്ന് വെയ്ക്കുക. നിങ്ങളുടെ മാവ് കായ്ക്കുന്നതോടെ നിങ്ങൾ ആത്മസംതൃപ്തി എന്ന കള്ള സന്യാസത്തിൽ മുഴുകി വീട്ടിൽ കയറിയിരുന്ന് കഞ്ചാവു വലിച്ചവനെപ്പോലെ സ്വയം മന്ദഹസിച്ചുകൊണ്ട് ആത്മരതിയിലാറാടുന്നു.ഒന്നുകിൽ നിങ്ങളുടെ മാവിലെ മാങ്ങ മൂത്ത് പഴുത്ത് നിലത്ത് വീണ് ചീഞ്ഞുപോകും അല്ലെങ്കിൽ എലിയോ കിളികളോ തിന്ന് കാഷ്ടിക്കും.ഇനി ഇതൊന്നും അല്ലെങ്കിൽ ഏതെങ്കിലും വിവരം കെട്ട പിള്ളേർ അതിനെ എറിഞ്ഞു തള്ളിയിടും വെറുതേ കിട്ടിയതല്ലേ എന്ന ലാഘവത്തോടെ ഒന്നോ രണ്ടോ കടി കടിച്ച് അഴുക്കുചാലിൽ വലിച്ചെറിഞ്ഞു പോകും. ഇതിൽ ഏത് തന്നെ സംഭവിച്ചാലും നിങ്ങളുടെ സൃഷ്ടിക്ക് പുല്ലുവിലപോലുമില്ല.

ഒരു സൃഷ്ടിയെ വില്പനയ്ക്ക് കൊണ്ടുനടക്കുന്നതിലും പ്രതിഫലം ചോദിക്കുന്നതിലും വിലപേശുന്നതിലും ഒക്കെയുള്ള എന്റെ എല്ലാ ചമ്മലുകളും ഇപ്പോൾ പമ്പ കടന്നിരിക്കുന്നു. എന്റെ എഴുത്തിനും എന്റെ കഴുത്തിനും ഒരേ വിലയാണ് സഹോദരാ എന്ന് പറയാൻ ഞാൻ ഉറച്ചിരിക്കുന്നു.

4/5/11

ഞാനും കിളികളും

ഈ മുറിക്കുള്ളിൽ നിറയെ മരങ്ങളാണ്
മേശ,കസേര,കട്ടിൽ..
മുറിക്കു പുറത്തും നിറയെ മരങ്ങളാണ്
മാവ്,പ്ലാവ്,പേര..
ഉള്ളിലെ മരങ്ങളിൽ ഞാൻ..
പുറത്തെ മരങ്ങളിൽ കിളികൾ..
ഉള്ളിൽ മരിച്ചുപോയവ..
വെളിയിൽ ജീവനുള്ളവ..
ഞാനും കിളികളും തമ്മിലും
അതാണ് വ്യത്യാസം.

22/4/11

ആർദ്രവീണയ്ക്കുവേണ്ടി എഴുതിയത് :(

ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം
മിഴിതോരാതെ കേഴുന്ന താരകം
അതുനീയല്ലീയെൻ ജീവനാളമേ
കരയല്ലേ കരയല്ലേ
കരയിൽ ഞാൻ കാത്തിരിപ്പില്ലേ...

ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം

അകലങ്ങളേതോ സ്വരം
ആഴങ്ങളേതോ സ്വരം
സ്വരശോകരാഗം സാഗരം (2)

തീരം തല്ലും തിരമാലയായ്
നീ തേടും തേടലാണു ഞാൻ..
വരുനീ വരുനീ
മമ ജീവനേവന്നു തൊടുനീ


മോഹങ്ങളേതോ നിറം
ദാഹങ്ങളേതോ നിറം
ഘനമൂകശ്യാമം ജീവിതം (2)

നിറം കെടും ഇരുൾ മാത്രമായ്
ഞാൻ തേടും നിലാവാണു നീ
മിഴിനീർ മിഴിനീർ
മഴ തീരാത്തൊരീ രാത്രിയിൽ..

ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം
മിഴിതോരാതെ കേഴുന്ന താരകം
അതുനീയല്ലീയെൻ ജീവനാളമേ
കരയല്ലേ കരയല്ലേ
കരയിൽ ഞാൻ കാത്തിരിപ്പില്ലേ...


* M3db.com എന്നൊരു കിടിലൻ സംഗതിയെക്കുറിച്ച് ഈയിടെയാണറിഞ്ഞത്. അതിലെ ട്യൂൺ കേൾക്കൂ പാട്ടെഴുതൂ മത്സരത്തെക്കുറിച്ചും. ത്രില്ലടിച്ചുപോയി. നിശികാന്ത് ചിട്ടപ്പെടുത്തിയിരിക്കുന്ന ആർദ്രവീണ എന്ന ആദ്യത്തെ എപ്പിസോഡിന്റെ ട്യൂൺ കേട്ടപാതി കേൾക്കാത്ത പാതി എഴുതിയ പൊട്ടപ്പാട്ടാണിത്. എഴുതിക്കഴിഞ്ഞിട്ടാണ് പേജ് മുഴുവൻ വായിച്ചുനോക്കുന്നത്. മത്സരത്തിന്റെ അവസാന ദിവസം കഴിഞ്ഞിട്ട് ഒരാഴ്ചയും കഴിഞ്ഞിരിക്കുന്നു :).കൊതിക്കെറുവിന് ഇവിടെക്കൊണ്ടിടുന്നു. എം.3ഡിബിക്ക് എല്ലാവിധ ആശംസകളും പിന്തുണയും.

17/4/11

മൌനം കൊണ്ട് എനിക്കുചുറ്റും ഞാൻ കെട്ടിപ്പൊക്കുന്ന കോട്ടയുടെ വലുപ്പം എന്നെ ഭയപ്പെടുത്തുന്നു.ശത്രുക്കളിൽ നിന്നും മിത്രങ്ങളിൽ നിന്നുമൊക്കെ സുരക്ഷിതനായിക്കഴിഞ്ഞപ്പോൾ എന്നിൽ നിന്നും ഞാൻ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ഞാനറിഞ്ഞു തുടങ്ങുന്നു. ചതിയിൽ എന്നെ ഒറ്റപ്പെടുത്തിക്കൊണ്ടുപോയി വേട്ടയാടുകയായിരുന്നോ എന്റെ ലക്ഷ്യം? ഒറ്റയ്ക്കുതിന്നുതീർക്കാവുന്നതിൽ അധികം ജീവിതം ഇപ്പോൾത്തന്നെ എന്റെ കയ്യിൽ മിച്ചമുണ്ടല്ലോ!ഏതു വളവിൽ നിന്നാവും ഞാൻ എന്റെമേൽ ചാടിവീഴുക? ഇപ്പോൾ തനിയേ വളരുന്ന ഈ ഭീമൻ കോട്ടയുടെ ഏത് മൂലയിലാണ് ഞാൻ കുടുങ്ങിപ്പോയിട്ടുള്ളത്? ഏതു വാതിലിലേക്കുള്ള വഴിയാണ് ഞാൻ എന്നേയ്ക്കുമായി മറന്നുപോയിട്ടുള്ളത്... !

23/1/11

ദോശ-ഇഡ്ഡലി

പരത്തിപ്പരത്തി എഴുതിയെഴുതിയൊരു ദോശ
ഒട്ടും പരത്താതെ എഴുതിയൊരിഡ്ഡലി
പഴുത്ത കല്ലിൽ വെന്തതൊന്ന്
പുഴുങ്ങുന്ന ആവിയിൽ വെന്തതൊന്ന്
രണ്ടും തിന്നാൻ രണ്ടുതരം കൊതി
രണ്ടും തിന്നാൽ രണ്ടുതരം രുചി
:)