തിരുത്ത്

മാന്യമഹാജനങ്ങളേ
ഇന്നലെ വരുത്തിയ
തിരുത്തുകളെല്ലാം
തിരുത്തേണ്ടതുണ്ടെന്ന്
കണ്ടെത്തിയതുകൊണ്ട്
എല്ലാം തിരുത്തി
മിനഞ്ഞാന്നത്തേതിനു
തുല്യമാക്കിയിട്ടുള്ളവിവരം
വ്യസനസമേതം
മനസിലാക്കുമല്ലോ

എന്ന് സസന്തോഷം
എന്റെ സ്വന്തം ഞാന്‍

ചീത്ത

പണ്ടു ഞങ്ങള്‍
കുറേ ഗുണ്ടു പിള്ളേര്‍
അണ്ടിയും പുന്നക്കായും
പെറുക്കാന്‍ പോകുമായിരുന്നു.

കോഴികൂവിയാലെണീറ്റ്
തലയിലൊരു തോര്‍ത്തും കെട്ടി
ചുണ്ടിലൊരു പാട്ടും ചുറ്റി
കുട്ടിപ്പട്ടാളം ഒത്തു കൂടും.

അയല്‍‌പക്കങ്ങളിലെ
തെങ്ങിന്‍‌തടങ്ങളില്‍
വവ്വാലാടിയിട്ട അണ്ടിയും
പുന്നയ്ക്കയുമാണ് ലക്ഷ്യം.

ഒറ്റയ്ക്കുപോകില്ല ഒരുത്തനും,
തോപ്പില്‍ ഊളന്‍ കാണുമോ
എന്നാണു പേടി.
ഒറ്റക്കില്ലാത്ത ധൈര്യം
ഒത്തുചേര്‍ന്നു വരുത്തി
തോപ്പിലേക്കൊരുമിച്ച്
മാര്‍ച്ചു ചെയ്യും ഞങ്ങള്‍.

എല്ലാത്തിനും ഉണ്ടാകും
ഓരോ വ്യവസ്ഥകള്‍.
ഓരോരുത്തര്‍ക്കും
പെറുക്കാന്‍ ഓരോ തടം.
ഒരു തടം തീര്‍ന്നാലേ
പാടുള്ളു അടുത്ത തടം.

വെളിച്ചം വീഴുമ്പോള്‍
ചുണ്ടിലെ പാട്ടുറയ്ക്കും
തോര്‍ത്തില്‍ നിറയും
അണ്ടിയും പുന്നയ്ക്കായും.
അണ്ടിവേട്ട തീര്‍ത്തും
സമ്പൂര്‍ണ്ണം സമാധാനപരം .

എങ്കിലുമുണ്ടെല്ലായിടത്തും
വ്യവസ്ഥ തെറ്റിക്കുന്ന
മൂരാച്ചികള്‍, തടം തെറ്റിച്ചു
കയറി അണ്ടി മോഷ്ടിക്കുന്ന
ചില ‘അണ്ടിക്കണ്ണന്മാര്‍'‍.

അതറിഞ്ഞാല്‍ വഴക്കാവും
വക്കാണമാവും
ഒന്നു പറയും
രണ്ടു പറയും
മൂന്നാമതണ്ടിക്കു പറയും
“നിന്റപ്പന്റണ്ടി”.
അണ്ടിക്കുമുന്നേ
“അപ്പന്റണ്ടി”
കാട്ടുതീപോലെ
വീട്ടിലുമെത്തും

തമ്പുരാനേ,
വെളിച്ചം വരുന്നതുവരെ
കണ്ണിനു കണിയും
കാതിനു ഗീതവുമായിരുന്ന
ഒരു പദം എങ്ങനെയാണിങ്ങനെ
വെളിച്ചം വീണപ്പോള്‍
ചീത്തയായതെന്ന്
അമ്മ ചുണ്ടില്‍ തേച്ചുതരുന്ന
കാന്താരിമരുന്ന് നീറുമ്പൊള്‍
ഏങ്ങിയേങ്ങിയാലോചിക്കും.

പാഠം 1

പശു പാല്‍ തരുന്നു
കോഴി മുട്ടതരുന്നു
തേനീച്ച തേന്‍ തരുന്നു
മുയല്‍ ഇറച്ചി തരുന്നു
കടല്‍ മത്സ്യം തരുന്നു
കാട് മരം തരുന്നു
നദി മണല്‍ തരുന്നു
കുന്ന് പാറ തരുന്നു
തരുന്നു തരുന്നു തരുന്നു
തരുന്നു തരുന്നു തരുന്നു

വിരസതക്ക് വിശക്കുമ്പോള്‍


ഇന്നലെ സംഭവിച്ചതു മാത്രമേ ഇന്നും സംഭവിക്കുകയുള്ളു എന്ന ബോധം ജീവിതത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ വര്‍ഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന വിലപിടിപ്പുള്ള വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി വെളുപ്പിച്ചുകളയുന്നു.ഇന്നലെയുടെ തനിയാവര്‍ത്തനമാണ് ഇന്നും എങ്കില്‍പ്പിന്നെ നമുക്ക് പ്രത്യേകിച്ച് ഒരു “ഇന്ന് “എന്തിനാണ് ?
നാളെ എന്ന ആവര്‍ത്തനത്തിന്റെ വിരസതാബോധം ഉളവാക്കുന്ന ശക്തവും നിഷേധാത്മകവുമായ പിടിവലിയെ ശാന്തമായി അതിജീവിച്ചുകൊണ്ട് നാം നാളെയിലേക്ക് കാത്തിരിക്കുന്നതെന്തിനാണ്?
"എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍” ‍
എന്ന ഒരു വരികൊണ്ട് ലാപുടയുടെ വിരസത എന്ന കവിത പ്രസക്തമായ ഇത്തരം ചോദ്യങ്ങളുടെ കൂര്‍ത്ത ഒരു പ്രതലത്തിലാണ് വായനക്കാരനെ എടുത്തുപൊക്കി നിര്‍ത്തുന്നത് .അരിയും ഉഴുന്നും ചേര്‍ത്ത് അരിദോശ എന്നു പറയുന്നതും ഉഴുന്നും അരിയും ചേര്‍ത്ത് ഉഴുന്നുദോശ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമല്ലാതെ,എഴുത്തച്ഛന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നപേരുമാറ്റംകൊണ്ട് എന്തുവ്യത്യാസമാണ് സംഭവിക്കുന്നത്?എഴുത്തച്ഛന്‍ മെമ്മോറിയലായാലും ഷേക്സ്പിയര്‍ മിഷന്‍ ആയാലും എന്താണു വ്യത്യാസം?ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഇരുട്ടായി തിലോത്തമയിലേക്ക് നുഴഞ്ഞുകയറുന്ന കുട്ടികള്‍ എന്തു മേന്മയാണ് തരുക?ചോദ്യങ്ങള്‍ നീളുന്നു
“എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍“
എന്ന വരിക്കു ശേഷം വരുന്ന പരസ്പരബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന
“തിലോത്തമ തിയേറ്ററിനകത്ത്
നൂണ്‍ ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം“
എന്ന വരി, ഇടഞ്ഞു നില്‍ക്കുന്ന വാളുകള്‍ സൃഷ്ടിക്കുന്ന സീല്‍ക്കാരം പോലെ സൌന്ദര്യത്തിന്റെ ശക്തമായ മിന്നല്‍ പിണരുകള്‍ ഉണര്‍ത്തുന്നുണ്ട്.അചലിതമായ ജീവിതം കവിയിലും ഒപ്പം കവിത വഴി വായനക്കാരനിലും ഉത്പാദിപ്പിക്കുന്ന നിരാശയെ പ്രതീകവല്‍ക്കരിക്കുകകൂടി ചെയ്യുന്നു ഇങ്ങനെ നട്ടുച്ചക്ക് നുഴഞ്ഞുകയറുന്ന ഈ ഇരുട്ട്.പരസ്പര വിരുദ്ധമായ രണ്ടുദൃശ്യഖണ്ഡങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍ ജനിപ്പിക്കുന്ന ചില വിഖ്യാത ചലച്ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അടുത്ത ദൃശ്യത്തിലേക്ക് കവി നമ്മെ കട്ടുചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. “താലൂക്കാപ്പീസില്‍
പി.പി.ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവച്ച മാത്രയില്‍”
എന്തുകൊണ്ടാണ് തീരുമാനമാകാന്‍ ഫയലുകള്‍ ഉച്ചഭക്ഷണസമയം വരെ കാത്തിരിക്കുന്നതും,തീരുമാനത്തിലേക്ക് എന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണ ഇടവേള എന്ന, ഒരുനിമിഷം പോലും മാറ്റിവയ്ക്കാനാവാത്ത അലിഖിതമായ‘പ്രൊസീജിയര്‍’ ലേക്ക് തുറന്ന് നിരാശയില്‍ അടയുകയും ചെയ്യുന്നത്?

എന്തുകൊണ്ടാണ് മോഷണക്കേസുകള്‍ മുതല്‍ കൊലപാതകക്കേസുകള്‍ വരെ ഇങ്ങനെ ഉച്ചഭക്ഷണ
ഇടവേളകളില്‍ അനുഷ്ഠാനം പോലെ നിരന്തരം തുറന്നടഞ്ഞുകൊണ്ട് തീരുമാനമാകാതെ നീളുന്നത്?
കഴിഞ്ഞ സര്‍ക്കാരുകള്‍ തുറന്നടച്ച ഫയലുകള്‍ എല്ലാം ഈ സര്‍ക്കാരും വരാന്‍ പോകുന്ന സര്‍ക്കാരുകളും ഉച്ചഭക്ഷണം എന്ന കോട്ടുവായയുടെ അകമ്പടിയോടെ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങള്‍...ഉത്തരമില്ലാത്ത നൂറു നൂറുചോദ്യങ്ങള്‍....
ചോദ്യങ്ങള്‍ക്ക് ഒരേയൊരു പ്രത്യേകതയേ ഉള്ളു
ഉത്തരമില്ലാതാകുമ്പോള്‍ മാത്രമാണ് അവ പ്രസക്തമാകുന്നത്.!

ലാപുട അവിടെയും നമ്മെ നിര്‍ത്തുന്നില്ല പൊടുന്നനെയുള്ള ഒരു കട്ടിങ്ങിലൂടെ നമ്മെ മുറിച്ചെടുത്ത്,
പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
(ഇതുവരെ പുറപ്പെടാത്ത)
ജെ.കെ ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡ് വിടണം എന്ന്
ഉച്ചഭാഷിണി
കര്‍ക്കശപ്പെടുന്ന ബസ്റ്റാന്‍ഡിലാണ് കൊണ്ടിടുന്നത്.അപ്പോള്‍ നാം സ്വാഭാവികമായും കാണുന്നത് നമുക്കുമുന്നില്‍ കാലം ചത്തുചീഞ്ഞുകിടക്കുന്നതായും സമൂഹ്യവവസ്ഥിതി എന്ന കൃമികള്‍ ആ ജഡശരീരത്തില്‍ മുങ്ങാംകുഴി കളിക്കുന്നതായുമാണ്. എഴുത്തച്ഛന്‍ മെമ്മോറിയല്‍ എന്ന സ്കൂള്‍ മലയാളം മീഡിയം ആവാം എന്ന സാധ്യതയെ,ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തിലോത്തമ തിയേറ്ററില്‍ തുണ്ടുപടം കാണിക്കാതിരിക്കാം എന്ന സാധ്യതയെ,പി.പി.ഹരിദാസിന്റെ അപേക്ഷയില്‍ ഒരു തീരുമാനം എടുത്തശേഷം ക്ലാരാ വര്‍ഗ്ഗീസിന് ഉച്ചഭക്ഷണത്തിനുപോകാം എന്ന സാധ്യതയെ,പന്ത്രണ്ട് അമ്പതിനുപുറപ്പെടേണ്ടിയിരുന്ന ബസ് കൃത്യസമയം പാലിക്കാം എന്ന സാധ്യതയെ നിര്‍ണ്ണായകമായ ഒരു അട്ടിമറിയിലൂടെ നിഷ്കരുണം വിരസതയുടെ അവസാനിക്കാത്ത വിശപ്പിന് മുന്നില്‍ എറിഞ്ഞുകൊടുക്കുന്ന ദുഖകരമായ സത്യം വായനക്കാരന്‍ കണ്ടറിയുന്നു.
നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി
എന്ന വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തെയും അതിന്റെ പ്രസക്തിയെയും അല്ല മറിച്ച് ചരിത്രപ്രസക്തി എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെയാണ്. ജുറാസിക് പാര്‍ക്കിലെ വിശന്നുവലഞ്ഞ് തലകുലുക്കി നില്‍ക്കുന്ന ദിനോസറിന് മുന്നില്‍ പെട്ടുപോയ കാഴ്ചക്കാരുടെ വാഹനം നിന്നിടത്തു നിന്ന് നീങ്ങുന്നില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന ഞെട്ടല്‍ പോലെ,എല്ലാ ദിവസവും എനിക്കു വിശപ്പടക്കാന്‍ നിങ്ങളില്‍ നിന്നും ഒരാള്‍ വന്നുകൊള്ളണം എന്ന് പ്രഖ്യാപിച്ച് കിടന്നുറങ്ങുന്ന പുരാണ കഥയിലെ രാക്ഷസന്‍ വിശപ്പുകൊണ്ട് ഉണരാന്‍ തുടങ്ങുമ്പോള്‍ ഇരയായ മനുഷ്യനുണ്ടാകുന്ന ഞെട്ടല്‍പോലെ ഭീകരമായ ഒരു ഞെട്ടല്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.


തിരഞ്ഞെടുക്കപ്പെട്ട വാക്കുകളുടെ പളുങ്കുകള്‍ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ കവിതകള്‍ സൃഷ്ടിക്കുന്ന ലാപുട തന്റെ പതിവുശൈലിയില്‍ നിന്നുവിട്ട് സമൂഹത്തിന്റെ കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം കൊണ്ട് വിരുന്നൊരുക്കിയിരിക്കുകയാണ് ഈ കവിതയില്‍.പതിവില്ലാത്ത വിരുന്നായതിനാല്‍ ദഹനക്കേട് തോന്നിയേക്കാമെങ്കിലും പളുങ്കുമാലയുടെ സൌന്ദര്യത്തില്‍ സ്വയം മറക്കുന്നതിനെക്കാള്‍ നല്ലത് ഈ ദഹനക്കേടില്‍ ഒരല്‍പ്പം ഓക്കാനിച്ച് ശുദ്ധമാകുന്നതായിരിക്കും എന്നെനിക്കു തോന്നുന്നു.

ശരിയോ

ശരികളൊന്നും
അത്ര ശരിയല്ല സുഹൃത്തേ
ഞാനോ ശരി
നീയോ ശരി
എന്ന തര്‍ക്കത്തിന്റെ
പേരില്‍ മാത്രമല്ലേ
നാം ഇത്രയും
തെറ്റുകള്‍ ചെയ്തു കൂട്ടിയത് !

ഭാവനാസമ്പന്നന്‍

സാധാരണമനുഷ്യന്‍
എന്നു കേള്‍ക്കുമ്പോള്‍,
തുന്നിച്ചേര്‍ത്ത ഉടുപ്പു
ധരിക്കാനില്ലാത്ത,
അടിവസ്ത്രങ്ങള്‍
കണ്ടിട്ടില്ലാത്ത,
ബ്രഷും പേസ്റ്റും കൊണ്ട്
പല്ലുതേക്കാനറിയാത്ത,
ഷേവിങ്ങ് ക്രീം പതച്ച്
താടി വടിച്ചിട്ടില്ലാത്ത,
സാനിട്ടറി നാപ്കിന്‍
എന്തിനുള്ളതെന്നറിയാത്ത,
കക്കൂസ് ഉപയോഗിക്കുന്നത്
എങ്ങനെ എന്നറിയാത്ത,
എണ്ണയോ ഷാമ്പുവോ
തേച്ച് കുളിക്കാത്ത,
സോപ്പിട്ടു നനക്കാത്ത,
ചെരുപ്പിട്ടു നടക്കാത്ത,
എല്ലെഴുന്ന ഒരു ഇരുകാലി
ജന്തുവിനെക്കുറിച്ചു ചിന്തവരുമോ
ഭാവനാസമ്പന്നനായ ഒരാള്‍ക്ക് ?

അവരും ഞങ്ങളും

“അവര്‍ വരാന്‍ പാടില്ല”
ഞങ്ങള്‍ പരസ്പരം പറഞ്ഞു.
“അവര്‍ വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല”
ഞങ്ങളുദ്ഘോഷിച്ചു.
അവരെ നേരിടാന്‍ ഞങ്ങളൊരുങ്ങി.
പഴകിയതും തുരുമ്പിച്ചതുമായ
ആയുധങ്ങള്‍ തേച്ചുമിനുക്കി
അങ്കത്തിന് തയ്യാറായി.
“അവര്‍ വരുമോ?”
ചിലര്‍ ആശങ്കയോടെ ചോദിച്ചു
“ഇല്ല അവര്‍ വരില്ല”
ഞങ്ങള്‍ ഉറപ്പു കൊടുത്തു.
“അവര്‍ വന്നാല്‍ നമുക്കു നേരിടാം”
എന്നു പരസ്പരം ധൈര്യപ്പെടുത്തി.
അവര്‍ വരാന്‍ സാധ്യതയുള്ള
എല്ലാ വഴികളും ഞങ്ങള്‍ അടച്ചു.
വാതിലുകളും ജനാലകളും
ചൂട്ടഴികളും പോലും ഭദ്രമാക്കി.
അവര്‍ വരുന്നതും കാത്ത്
ഞങ്ങള്‍ കാവലിരുന്നു.
ഞങ്ങള്‍ ജാഗരൂകരായി
പടിക്കു പുറത്തുതന്നെ ഉണ്ടായിരുന്നു.
വഴിയിലേക്കു മാത്രമായിരുന്നു
ഞങ്ങളുടെ കണ്ണുകള്‍.
ഞങ്ങള്‍ ഒച്ചവച്ചുകൊണ്ടിരുന്നു,
അവര്‍ വരുന്നതിനെക്കുറിച്ച്..
അവര്‍ വന്നാലുണ്ടാകുന്നതിനെക്കുറിച്ച്...
അവര്‍ വന്നപ്പോഴുണ്ടായതിനെക്കുറിച്ച്...
അവര്‍ വരുന്നതു ഞങ്ങള്‍ കണ്ടില്ല.
“ഏയ്...അവര്‍ വരില്ല” ഞങ്ങളില്‍ പലരും
വിരസമായി പിറുപിറുത്തു.
“അവര്‍ വന്നെന്നു തോന്നുന്നു”
പെട്ടെന്നൊരാള്‍ പറഞ്ഞു
“എന്ത് ?” ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി
“അവര്‍ വന്നു“ മറ്റൊരാള്‍ ഉറപ്പിച്ചു.
ഞങ്ങള്‍ വീണ്ടും ഞെട്ടി “എവിടെ ?”
“ദേ അവര്‍ അകത്തുണ്ട്”

എങ്ങനെ?
എങ്ങനെ അവര്‍ അകത്തെത്തി?
ഞങ്ങള്‍ ഉറങ്ങിയോ ?
ഇല്ല ഞങ്ങളുറങ്ങിയില്ലല്ലോ !
ഉറങ്ങാതിരിക്കാനല്ലേ ഞങ്ങള്‍
അവരെക്കുറിച്ച് ഒച്ചവച്ചുകൊണ്ടിരുന്നത് !
പിന്നെങ്ങനെ അവര്‍ വന്നു ?
ഞങ്ങള്‍ അന്ധാളിപ്പില്‍ പരസ്പരം നോക്കി.
പെട്ടെന്നൊരാള്‍ ഉത്സാഹമില്ലാതെ പറഞ്ഞു
“അതു പിന്നെ ആര്‍ക്കാണറിയാത്തത്
അവര്‍ വരുമായിരുന്നെന്ന്?”
ഞങ്ങളുടെ അന്ധാളിപ്പ് അസ്തമിച്ചു
“ശരിയാണല്ലോ” ഞങ്ങള്‍ ശമിച്ചു.
“അല്ലെങ്കിലും ആര്‍ക്കാണറിഞ്ഞുകൂടായിരുന്നത്
അവര്‍ വരുമായിരുന്നെന്ന് ”
ഞങ്ങള്‍ ആശ്വാസത്തോടെ ചിരിച്ചു.

ഇടംകയ്യന്‍

കുട്ടിക്കാലത്തേ
കുട്ടപ്പന്‍ ചേട്ടനിടം-
കയ്യാണത്രേ വാക്ക്.

ഇടം കൈകൊണ്ടേ എടുക്കൂ
ഇടം കൈകൊണ്ടേ കൊടുക്കൂ
ഇടം കൈകൊണ്ടല്ലാതെ
തീറ്റയില്ല കുടിയില്ല.

ഇടതുവാക്കാണുറക്കം
ഇടതുവാക്കാണുണര്‍ച്ച
ഇടതുവാക്കല്ലാതൊന്ന്
നാവെടുത്താലോതില്ല.

കുട്ടപ്പന്‍ ചേട്ടന്റമ്മ
തോരാതെ കരഞ്ഞു
കുട്ടപ്പന്‍ ചേട്ടന്റച്ചന്‍
പുളിമാറിട്ടടിച്ചു
നാട്ടുകാരെല്ലാം ചേര്‍ന്ന്
‘പീച്ചി’ യെന്നു വിളിച്ചു
എന്നീട്ടുമുണ്ടായില്ല
ചേട്ടനൊരു മാറ്റം.

ഇച്ചിച്ചിക്കയ്യനായി
കുട്ടപ്പന്‍ വളര്‍ന്നു
പത്തുവീതിപ്പലകക്ക്
നെഞ്ചുമങ്ങ് വിരിഞ്ഞു
അയലത്തെ അമ്മിണിയില്‍
കണ്ണു ചെന്ന് പതിഞ്ഞു.

അമ്പലത്തിന്‍ വഴിയില്‍
പാത്തിരുന്നു ചേട്ടനൊരു
കത്തെഴുതി അമ്മിണിക്ക്
കാത്തിരുന്നു കൊടുത്തു.

കത്തുകിട്ടി ഏറെനാളു
കഴിഞ്ഞെങ്കിലും പെണ്ണ്
ഒരുവാക്കും പറയാതെ
ഒഴിഞ്ഞങ്ങു നടന്നു.

സഹികെട്ട ദിനമൊന്നില്‍
കുട്ടപ്പനിടഞ്ഞു, ആനപോലെ
വഴിയില്‍ അമ്മിണിയെ തടഞ്ഞു,
“എന്തെടീ അമ്മിണീ നീയൊന്നും
പറയാത്തെ” എന്നു കേട്ടു.

അമ്മിണിയോ ചിറികോട്ടി
മൊഴിഞ്ഞു: “കുട്ടപ്പേട്ടാ
ഇടം‌കൈയാലെഴുതിയ
കത്തെനിക്ക് ഇടനെഞ്ചില്‍
കൊണ്ടില്ല,വലം‌കയ്യാലൊന്ന്
എഴുതിത്തന്നാല്‍ നോക്കാം”

അതുകേട്ടു കുട്ടപ്പനോ
വിരണ്ടുപോയൊരു നൊടി
പിന്നെച്ചിരിച്ചുചൊല്ലീ: “പെണ്ണേ
ഇടംകൈകൊണ്ടായാലെന്താ
വലത്തോട്ടല്ലേ എഴുത്ത്?”


*വാക്കിന് സൌകര്യം എന്നൊരര്‍ത്ഥവും ഉണ്ട്.

രാജ്യം

ഇന്ത്യയല്ല,
പാകിസ്ഥാനല്ല
എന്റെ രാജ്യം.

ബ്രിട്ടനല്ല,
അമേരിക്കയല്ല
എന്റെ രാജ്യം

കിഴക്കെന്നും
പടിഞ്ഞാറെന്നും
എന്റെ രാജ്യത്തി-
നില്ല വേലികള്‍.

എന്റെ രാജ്യമേ
എന്നു വസുന്ധരേ
നിന്നെ നോക്കി
ഞാനിന്നു വിളിച്ചിടും.

നിന്റെ മാറു പിളര്‍ന്ന
കാലുഷ്യമെന്റെയല്ല
എന്നു വിധിച്ചിടും.

തുണ്ടു തുണ്ടായ്
നുറുക്കിയ
മാംസപിണ്ഡമായി
നീ ചിതറുമ്പൊഴും
നിന്റെയോരോ
കണത്തിലും
ചേതന ഒന്നുതന്നെ
എന്നറിയുന്നു ഞാന്‍.

സാധ്യത എന്ന ഇന്ത്യന്‍ പെണ്‍കുട്ടി

ആറുവശവും അടഞ്ഞ
ഒരു ഇരുമ്പുപെട്ടിയിലേക്ക്
എന്നപോലെയാണ്
ഞാന്‍ പിറന്നുവീണത്.

മുഴുവന്‍ കാണാപ്പാഠമായ
ഒരു പൈങ്കിളിക്കഥയുടെ
അനുഷ്ഠാന വായനപോലെ
എന്റെ ജീവിതം തുടങ്ങി.

അവ്യക്തതകളുടെ
സാധ്യതകളൊന്നും ബാക്കിവയ്ക്കാതെ
എല്ലാം സുവ്യക്തമായി നിങ്ങള്‍
നിര്‍വ്വചിച്ചിരുന്നു.
എന്റെ ജാതി,മതം,ഭാഷ
ദേശം,രാഷ്ട്രം,വര്‍ഗ്ഗം,സമ്പത്ത് എല്ലാം.

എങ്കിലും സങ്കല്‍പ്പങ്ങളുടെ
ചില അനന്ത സാധ്യതകള്‍
ഞാന്‍ എന്നിലും കണ്ടുപിടിച്ചു.

ഒന്ന്
എന്റെ മുലക്കണ്ണുകള്‍.
രണ്ടാമത്തേത്
എന്റെ വീട്ടിലും ഉള്ള
ഒരു പഴയ പണപ്പെട്ടി.

ഉറങ്ങാന്‍ കിടക്കുമ്പോള്‍,
ഇരുമ്പുവാഷറിട്ട് പലകയില്‍
അടിച്ചുനിര്‍ത്തിയ ആണിപോലെയുള്ള
എന്റെ മുലക്കണ്ണുകള്‍
ചുരന്നു നില്‍ക്കുന്ന മുലകളായി വളരുന്നതും,
അമ്പലച്ചുമരിലെ അപ്സരകന്യയെപ്പോലെ
ഞാന്‍ പൂത്തു നില്‍ക്കുന്നതും സ്വപ്നംകണ്ട്
പലപ്പോഴും ഇക്കിളികൊണ്ടു.

ഉണരും മുന്‍പ് ചില പ്രഭാതങ്ങളില്‍,
ഞങ്ങളുടെ അയല്‍ക്കാരനെപ്പോലെ
എന്റെ അച്ഛനും ധനികനാകുന്നതും
ഇല്ലായ്മയില്‍ കറുവല്‍‌പിടിച്ച പണപ്പെട്ടി
പണം കൊണ്ടുനിറയുന്നതും,
ഞങ്ങളുടെ മോഹങ്ങള്‍ക്കൊന്നിനും
പണം ഒരു തടസമാകാതിരിക്കുന്നതും
സ്വപ്നം കണ്ട് പൊട്ടിച്ചിരിച്ചു.

രണ്ടും
സ്വപ്നങ്ങള്‍ കൊണ്ട് എഴുതിവച്ച
സാധ്യതകളുടെ ഭരണഘടനപോലെ
ബാധ്യതകളുടെ അദ്ധ്യായമായിരിക്കുമ്പോഴും
ആറുവശവും അടഞ്ഞ ഈ പെട്ടിയെ
ശബ്ദമുഖരിതമാക്കുന്നുണ്ട് ഇപ്പൊഴും.

“ഹിന്ദു മുസ്ലീം ഭായി ഭായി ”

ഞാന്‍ ഒരു ഹിന്ദുവാണ്
അതുകൊണ്ടുതന്നെ ഒരു മുസ്ലീമല്ല.
മുസ്ലീമല്ലാത്തതുകൊണ്ടാണ്
ഞാന്‍ ഹിന്ദുവായതെന്നായിരുന്നു
പണ്ടൊക്കെ എന്റെ വിശ്വാസം.
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്നായിരുന്നു പാഠപുസ്തകത്തില്‍!

എന്റെ സ്കൂളിലോ നാട്ടിലോ മുസ്ലീമായി
ഒരാള്‍പോലും ഉണ്ടായിരുന്നില്ല.
പള്ളിയില്‍ പോകുന്നവരുണ്ടായിരുന്നു.
‘കോവിലില്‍’ പോകുന്നവരും.
പാര്‍ട്ടിയാപ്പീസില്‍ പോകുന്ന
കമ്യൂണിസ്റ്റുകുട്ടപ്പന്‍സാറിന്റെ മോനുമുണ്ടായിരുന്നു.
“പള്ളീക്കാര് കോവിലിക്കാര് ”
എന്ന് കളിക്കളത്തില്‍ തീപ്പെട്ടിക്കൂടിലെ
ഉണ്ണിയേശുവിനെയും
ഓടക്കുഴലിനെയും ഞങ്ങള്‍
മത്സരിച്ച് കീറിയെറിഞ്ഞിരുന്നു
ചുവപ്പുകണ്ടാല്‍ കാളയെപ്പോലെ വിരണ്ടിരുന്നു.
പാഠപുസ്തകത്തില്‍ അപ്പൊഴും
“ഹിന്ദു മുസ്ലീം ഭായി ഭായി!”


ക്രിസ്ത്യന്‍ കോളേജില്‍
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്.
ഒരു മുസ്ലീമിനെ
നേരിട്ടു കാണുന്നത്
നന്നായി പാടുന്ന,
താടിവെയ്ക്കാത്ത,
സിനിമകളില്‍ കാണുമ്പോലെ
തൊപ്പിവെയ്ക്കാത്ത മുസ്ലിം.
പാട്ടുകേട്ട് ലഹരിപിടിച്ച്
ഞാനവനെ ആരാധനയോടെ
നോക്കിത്തുടങ്ങിയെങ്കിലും
അവന്‍ ഒരു മുസ്ലീമാണെന്ന്
എനിക്കറിയില്ലായിരുന്നു.
മാപ്പിളപ്പാട്ടുകളൊന്നും
അവന്‍ പാടിയിരുന്നില്ല.

അവന്‍ മുസ്ലീമാണെന്നറിഞ്ഞപ്പോള്‍
ഉള്ളംകാലില്‍ നിന്നും
ഉച്ചന്തലയിലേക്ക് ഒരു പെരുപ്പുകയറി.
അവനെ അഭിനന്ദിക്കണം,
കൈപിടിച്ചുകുലുക്കി മനസ്സുതുറന്ന്
പുഞ്ചിരിക്കണം,കഴിയുമെങ്കില്‍
ഒന്ന് കെട്ടിപ്പിടിക്കണം....

ഒരുദിവസം അവന്റെ മുന്നില്‍ചെന്നു,
കൈ മുറുകെപ്പിടിച്ചുകുലുക്കി,
അഭിമാനം സ്ഫുരിക്കുന്ന
വിടര്‍ന്ന മുഖത്തോടെ പറഞ്ഞു.
“ഹിന്ദു മുസ്ലിം ഭായി ഭായി...!”
എന്തുകൊണ്ടാണെന്നറിയില്ല.
അവന്റെ മുഖത്തുവന്ന പുഞ്ചിരി
പൊടുന്നനെ മാഞ്ഞുപോയി
അവന്‍, കറുത്തൊരു മൌനമായി
തിരിഞ്ഞ് നടന്നുപോയി...!

ഷെയിം

സത്യമായിട്ടും
മുപ്പത് വയസ്സുകഴിഞ്ഞു
എന്ന് പറയാന്‍
എനിക്ക് ലജ്ജയുണ്ട്
ഞാനിതുവരെ
ഒരു കഠാര
കൈകൊണ്ട് തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്
നേരിട്ടു കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിന്
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാത്സം‌ഗം
ചെയ്യുന്നതിനെപ്പറ്റി
ഗൌരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാന്‍
അവസരം കിട്ടിയിട്ടുമില്ല.

എന്തിനേറെ പറയുന്നു
മറിഞ്ഞുപോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു മാര്‍ക്കറ്റിലോ
സന്നിഹിതനായിരിക്കാന്‍ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത് !
അനുഭവ ശൂന്യം....
ഷെയിം.....

മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

നിങ്ങള്‍ക്കറിയാമോ,
ഏറെക്കാലം മുന്‍പ്
എനിക്കറിയാമായിരുന്ന
ഒരേയൊരു വാക്ക്
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
മാത്രമായിരുന്നു.

നിങ്ങള്‍ ശബ്ദതാരാവലി
നോക്കരുത്
കാണുന്നുണ്ടാവില്ല
കണ്ടില്ലെന്നു വച്ച്
എന്നെ നോക്കി
ചിരിക്കുകയും അരുത്.

കാരണം എനിക്ക്
അറിയാമായിരുന്നതില്‍
ഏറ്റവും അര്‍ത്ഥപൂര്‍ണമായ വാക്കായിരുന്നു,
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ ഒറ്റവാക്കുകൊണ്ടുമാത്രം
ഞാന്‍ എണ്ണമറ്റ അര്‍ഥങ്ങളുടെ
അനന്തകോടി വികാരങ്ങള്‍
വിനിമയം ചെയ്തിരുന്നു.

വിശക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
വയറു നിറയെ പാല്‍ തന്നു.
വേദനിക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
കരുണയുള്ള സ്പര്‍ശങ്ങള്‍ തന്നു.
പേടി തോന്നുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
നെഞ്ചോടണച്ചുള്ള സാന്ത്വനം തന്നു.
ഉറക്കം വരുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
മതിയാവോളം താരാട്ടു തന്നു.

മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തില്‍
എന്റെ ഉള്ളിലുരുവമാകുമായിരുന്ന
ഓരോ തോന്നലുകളേയും ഞാന്‍
എന്റെ ചുറ്റിലേക്കും സംവേദിപ്പിച്ചിരുന്നു
വൃദ്ധര്‍,യുവാക്കള്‍,യുവതികള്‍
ആരുമാകട്ടെ അവര്‍
ഞാന്‍ പറയുന്നത്
അതേപടി തിരിച്ചറിഞ്ഞു.
മ്മ്‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാക്കുകൊണ്ട്
ഞാന്‍ തീര്‍ത്തിരുന്ന
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തിലൂടെ.

ഇപ്പോള്‍ എനിക്ക്
എത്ര വാക്കുകള്‍ അറിയാമെന്ന്
എനിക്കുപോലുമറിയില്ല.
എത്ര വാചകങ്ങള്‍
എത്ര ഈണങ്ങള്‍
എത്ര ഇമ്പങ്ങള്‍...!

ഇപ്പോള്‍ എനിക്ക്
നാല് ഭാഷകള്‍ തന്നെയറിയാം
അഞ്ചാമതൊന്ന് എന്നിലേക്ക്
കടന്നു വന്നുകൊണ്ടിരിക്കുന്നു.
പക്ഷേ ഇപ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കിന്റെ അര്‍ത്ഥം
എനിക്കറിയില്ല
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുകൊണ്ട്
എങ്ങനെയാണ് അര്‍ത്ഥമുള്ള
വാക്യങ്ങള്‍ തീര്‍ക്കുന്നതെന്ന്
എനിക്കോര്‍മ്മയില്ല

പൊളിഞ്ഞുപോയ ഒരു
ഫാക്ടറിക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട
യന്ത്രഭാഗങ്ങളെപ്പോലെ,
പഴകും‌തോറും കാലം
ദുരൂഹമാക്കിക്കൊണ്ടിരിക്കുന്ന
എന്റെ ഉള്‍വശം.
ഓരോശ്വാസത്തിലും
ഞാന്‍ അനുഭവിക്കുന്ന ഓര്‍മ്മകളുടെ
ചലം തികട്ടിവരുന്ന മണം.
ഞാന്‍ എന്ന വാക്കുകൊണ്ട്
എനിക്കു വരച്ചുതരാന്‍ കഴിയാത്ത
ഞാന്‍ എന്ന ഞാന്‍...
പെരുമ്പാമ്പുകളുടെ പുറത്തെ
വലിയ വട്ടങ്ങള്‍പോലെ
വിഴുവിഴുപ്പോടെ എന്നിലൂടെ
ഇഴഞ്ഞസ്തമിക്കുന്ന ചിന്തകള്‍...

എനിക്കറിയാവുന്ന
കോടാനു കോടി വാക്കുകള്‍ കൊണ്ട്
എന്റെ ഉള്ളിലുള്ളതെന്തെന്ന്
പകര്‍ത്തിത്തരാന്‍ എനിക്കാവുന്നില്ല.
ഞാന്‍ എന്റെ സങ്കടങ്ങള്‍
പറയുമ്പോള്‍, ഹാസ്യമാണതെന്ന്
നിങ്ങള്‍ ചിരിക്കുന്നു.
എന്റെ സന്തോഷങ്ങള്‍
പറയുമ്പോള്‍,ഹാ കഷ്ടം
എന്നു നിങ്ങള്‍ ദുഃഖിക്കുന്നു
എന്റെ രോഷം പറഞ്ഞാല്‍
എന്തുനല്ല ഈണമെന്ന്
നിങ്ങള്‍ പാടി രസിക്കുന്നു.

ഞാനിതാ,
അസ്തമിച്ചുപോയ
ഒരു സാമ്രാജ്യത്തില്‍ നിന്നും
പില്‍ക്കാ‍ലത്ത് കുഴിച്ചെടുക്കപ്പെട്ട
നാണയവും ഉയര്‍ത്തിപ്പിടിച്ചെന്നപോലെ
നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുമായി.
വിനിമയം ചെയ്യാനാവാത്ത
ചിന്തകളുമായി.....

ശംഖനാദം

ജീവിതകാലം മുഴുവന്‍
ഞാന്‍ മൌനവ്രതത്തിലായിരുന്നു.
ശബ്ദത്തിന്റെ കമ്പളം
മൌനത്തിന്റെ സൂചികൊണ്ട്
നെയ്തെടുക്കുകയായിരുന്നു ഞാന്‍.

ഒരു മണല്‍ത്തരി പോലും
എന്റെ പാദസ്പര്‍ശം കൊണ്ട്
വേദനിച്ചിട്ടില്ലെന്ന്
എനിക്കുറപ്പുപറയാനാകും.
അത്രയ്ക്ക് മൃദുലമായിരുന്നു
എന്റെ ചലനങ്ങള്‍.

സമാധാനമായിരുന്നു
എന്റെ ധ്യാനം.
ഉറഞ്ഞുതുള്ളുന്ന കടലില്‍,
ഉപ്പുവിളയുന്ന അതിന്റെ തിരകളില്‍
ഞാന്‍ സത്യാഗ്രഹം ചെയ്തു.
അങ്ങനെയാണ് എനിക്കീ
വെളുത്ത പുറംതോട് കിട്ടിയത്.
മരിച്ചിട്ടും ഞാന്‍ ബാക്കിവച്ചുപോയ
എന്റെ മുദ്രാവാക്യം.
അനശ്വരതയിലേക്ക് ഞാന്‍
അതിവര്‍ത്തനം ചെയ്ത
എന്റെ തപസ്സ്.

ഇപ്പോള്‍ കേള്‍ക്കുന്നു
ജീവിച്ചിരുന്നപ്പോള്‍
എനിക്കുണ്ടാക്കാന്‍ കഴിയാതിരുന്ന
ആയിരം ശബ്ദങ്ങള്‍,
നിങ്ങള്‍ അതിലൂടെ ഉണ്ടാക്കുന്നത്.
യുദ്ധങ്ങള്‍ക്ക് മുന്‍പ്
ദിഗന്തം നടുങ്ങുമാറ്
അതിനെ മുഴക്കി
ഭീതിയുണര്‍ത്തുന്നത്.
എനിക്കുണ്ടാക്കാന്‍ കഴിയുന്ന
ഏറ്റവും ഉദാത്തമായ ശബ്ദമായി
അതിനെ വാഴ്ത്തുന്നത്.......

നിര്‍വ്വചനം

ചോരപുരളും വരെ
ഓരോ കത്തിയും
അനുഭവിക്കുന്ന
അസ്വസ്ഥതയാണ്
അസം‌തൃപ്തി.

ഒരു കഴുത്ത്
വന്നുചേരും വരെ
ക്ഷമയോടെയുള്ള
കൊലക്കയറിന്റെ
കാത്തിരുപ്പാണ്
പ്രതീക്ഷ.

മറുപക്ഷത്തുള്ളതില്‍
അവസാനത്തെ യുവാവും
വെടിയേറ്റുവീഴുന്ന
നിമിഷമാകുന്നു
വിജയം.

വിജയത്തിനു വേണ്ടിയുള്ള
പ്രതീക്ഷാ നിര്‍ഭരമായ
അസം‌തൃപ്തിയെയാണ്
മനുഷ്യന്‍
ജീവിതമെന്നു
നിര്‍വ്വചിച്ചിരിക്കുന്നത്.

“ണ്ണ” പ്രാസം

പെണ്ണും
മണ്ണും
ഒരുപോലെയെന്ന്
കവികള്‍ പാടി.

പെണ്ണും
മണ്ണും
ഒന്നുതന്നെയെന്ന്
കവയത്തികളേറ്റുപാടി.

മണ്ണിലും
പെണ്ണിലും
ഒരുപോലെയുള്ളതെന്താണ്
“ണ്ണ” യോ!

പെണ്ണേ
നീ പെണ്ണോ
മണ്ണോ അതോ
പിണ്ണാക്കോ?

“ണ്ണ” പ്രാസത്തില്‍
പെണ്ണും
പിണ്ണാക്കും
ഒരുപോലെയെന്നു
പാടാനെന്തു രസം !

ഓര്‍മ്മക്കുളിര്‍

കിണറുകള്‍,
മണ്ണുകൊണ്ട് ഉള്ളിലോട്ട്
കൊത്തിയെടുത്ത
കുത്തബ്മീനാറുകള്‍.
തൊടിതൊടിയായി
കണ്ണിനെ പടികയറ്റുന്ന
നിമ്നശില്‍പ്പം.
കുത്തബ്മീനാറിനില്ലാത്ത
ഒരു കുളിരുണ്ടതിനു്.
ഇടിഞ്ഞുപോയ
കൈവരിയില്‍ത്താങ്ങി
താഴോട്ടുനോക്കിയാല്‍
വാത്സല്യത്തിന്റെ
ഓളങ്ങള്‍ ഇളകും.

മുറ്റങ്ങള്‍,
വെയിലിലുണങ്ങാന്‍
വിരിച്ചിട്ട ഛായാചിത്രങ്ങള്‍.
മരങ്ങള്‍, പക്ഷികള്‍,
വീടിന്റെ മേല്‍ക്കൂര,
കുട്ടികള്‍ കോറിയ
വട്ടുകോളങ്ങള്‍,
കാറ്റ്, കരിയില,
പൂമ്പാറ്റച്ചിറക്,
കുഴിയാനക്കെണി
ഒക്കെയുള്ള
ഒരുവമ്പന്‍ കാന്‍‌വാസ്

വയലുകള്‍
ഉത്സവപ്പറമ്പുകള്‍...
കൊയ്ത്തുകഴിഞ്ഞാല്‍
കുട്ടികള്‍ മുളച്ച് പൂക്കുന്ന
പട്ടങ്ങളുടെ വേനല്‍കൃഷി.
അറുത്തുവിട്ട
ഞാറിന്‍ തണ്ടുകൊണ്ട്
നാഗസ്വരക്കച്ചേരി.
പോക്കാച്ചിക്ക്
പലിശക്ക് വെള്ളം
കൊടുക്കുന്ന
ഞണ്ടമ്മാവന്റെ
കച്ചവടം‍.

ഓര്‍മ്മകളില്‍
ആകെ
ഒരു കുളിര്‍കാലമാണ്.
ഓര്‍ത്തോര്‍ത്തിരുന്നാല്‍
വൃശ്ചികത്തില്‍
പുലര്‍ച്ചെയുണര്‍ന്ന്,
“കാക്കുടുക്കയില്‍
കയ്യും ചൊരുവി”
കൂമ്പിക്കിടക്കുന്ന സുഖം..
എണീക്കാനേ തോന്നില്ല.
എണീല്‍ക്കരുത്
ഇനിയീ ഓര്‍മകളും
വെയില്‍ തിന്നു പോകും വരെ.

[അരിക്ക് വിലകൂടുന്നു.വെള്ളത്തിന് വിലകൂടുന്നു.എന്റെ നാട്ടില്‍ നിറയെ വയലുകളുണ്ടായിരുന്നു പത്തിരുപതുവര്‍ഷത്തെ അശ്രാന്തപരിശ്രമം കൊണ്ട് എന്റെ നാട്ടുകാര്‍ അതിനെയൊക്കെ കൊന്ന് തെങ്ങുംതോപ്പുകളില്‍ കുഴിച്ചിട്ടു.കിണറുകളെ കൊന്ന് കുഴല്‍ക്കിണറുകളോ പുഴവെള്ളത്തില്‍ ബ്ലീച്ചിം‌ഗ് പൊടികലക്കിയ കുഴല്‍‌വെള്ളമോ ആക്കി.മരങ്ങളെ വെട്ടിമാറ്റി സിമന്റിട്ടുമിനുക്കി മുറ്റങ്ങളെക്കൊന്നു.ഒരുപക്ഷേ അവര്‍ ഇപ്പോള്‍ കരുതുന്നുണ്ടാവാം ഒരു തിരിച്ചുപോക്ക് അസാധ്യമെന്ന്.അല്ലെന്ന് .. അല്ലായിരുന്നെങ്കിലെന്ന് ഒരു കൊതി...എന്തുചെയ്യാന്‍ കഴിയും? ]

പൊട്ടന്‍സ്കൂളിന്റെ മതിലില്‍
‘ലൌ‘ ചിഹ്നം കണ്ടാല്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും
ചിരിയോടു ചിരി.

കാര്യമറിയില്ലെങ്കിലും
കൂട്ടത്തില്‍ ചിരിക്കാത്തവനെ
ചിരിക്കുന്നവരുടെ കൂടെയാകയാല്‍
ഞാനും ചിരിച്ചുപോന്നു
അര്‍ത്ഥമില്ലാത്ത ചിരി.

ജിജ്ഞാസയുടെ
കെട്ടുപൊട്ടിയ ഒരുദിവസം
കൂട്ടുകാരനോട് ചോദിച്ചു,
ചിരിയുടെ രഹസ്യം.

“പൊട്ടാ”അവന്‍ പറഞ്ഞു,
“ഒന്ന് പെണ്ണിന്റെ സാതനം
മറ്റത് ആണിന്റെ സാതനം”

പേര് പൊട്ടനെന്നായെങ്കിലും
ഞാനും തുടങ്ങി അര്‍ത്ഥംവച്ച ചിരി.

കാലം കടന്നപ്പോള്‍
മനസ്സിന്റെ ചുവരിലൊക്കെ
ചിലര്‍ ലൌ ചിഹ്നങ്ങള്‍
കുത്തിവരക്കാന്‍ തുടങ്ങി.

അപ്പോഴാണറിയുന്നത്
വരകളില്‍ തെളിയുന്നത്
ഒരു ഹൃദയവും അതില്‍
തറച്ച കൂരമ്പുമാണെന്ന്.

അമ്പുതറച്ച ഹൃദയം
തലയണകൊണ്ടമര്‍ത്തി
ഞരങ്ങി ഞരങ്ങി
ഉറങ്ങാതെയെത്ര രാത്രികള്‍..

പിന്നീടെവിടെയതുകണ്ടാലും
ചിരിവന്നിട്ടില്ല.
പകരം, അറിയാതെ
നെഞ്ചിലേക്കൊരു കൈ പോകും.

പൊട്ടനല്ലാത്തതുകൊണ്ട്
ഇനിയും അമ്പുതറച്ചിട്ടില്ലാത്ത
കൂട്ടുകാരനിപ്പോഴും തുടരുന്നുണ്ടാകും
അര്‍ത്ഥംവച്ച ചിരികള്‍.

കുഞ്ഞിപ്പെണ്ണ് പാടുന്നില്ല

കുഞ്ഞിപ്പെണ്ണേ നിനക്ക്
കാതു കുത്താത്തോണ്ട്
മൂക്കുത്തീം മുലക്കച്ചേമില്ലാത്തോണ്ട്
കണ്ണെഴുതി പൊട്ടും തൊട്ട് പട്ടും ചുറ്റി
പാടവരമ്പത്തൂടെ നടത്താത്തോണ്ട്
നീയിനിമേല്‍ പാടൂല്ലേ?
നീ പാടാത്തോണ്ട്
ഇനിമേലാരുമുറങ്ങൂല്ലേ?
ഇനിമേലാരുമുറങ്ങാത്തോണ്ട്
കോഴികളൊന്നും കൂവൂല്ലേ?
കോഴികളൊന്നും കൂവാത്തോണ്ട്
ഇനിമേല്‍ സൂര്യനുദിക്കൂല്ലേ?

കുഞ്ഞിപ്പെണ്ണേ ചതിക്കല്ലേ.

കഴുമരം

കഴുമരത്തിന്
എത്ര ഭൂമിശാസ്ത്രം
സസ്യ വിജ്ഞാന കോശം,
ആവാസ വ്യവസ്ഥകള്‍!

കഴുമരത്തിന്
എത്ര കിളരം
എത്ര കവരം
എത്രയെത്ര
തണലും തണുപ്പും !

കഴുമരത്തില്‍ ‍
കൂടുകൂട്ടിയതെത്ര
കാക്കകള്‍ , ‍
കൂട്ടില്‍ മുട്ടയിട്ടു
കൂകിവിരിഞ്ഞതെത്ര
കുയിലുകള്‍ !

കഴുമരത്തിന്‍
ചുവട്ടിലുറങ്ങി-
ത്തോറ്റതെത്ര ‍
മുയലുകള്‍, ‍
ഇഴഞ്ഞിഴഞ്ഞും
ജയിച്ചു കയറിയതെത്ര
ഉരഗങ്ങള്‍ !

കഴുമരത്തിന്‍‌കായ -
വീണ് ചത്തതെത്ര
സിംഹങ്ങള്‍ ,
കൊമ്പിലൂഞ്ഞാലില്‍ ‍
തൂങ്ങിയാടിയതെത്ര
പൊന്നോണം !

കഴുമരത്തിന്റെ
കഥ പാടിയെന്നെ
ഉറക്കിക്കിടത്തിയതെത്ര
കഴുവര്‍ടമക്കള്‍ ,
അവന്റെയൊക്കെ
അട്ടഹാസത്തില്‍
കഴുവേറി മരിച്ചതെത്ര
സ്വപ്നങ്ങള്‍ !

നാട്ടിലെപ്പൊഴും മഴയാണ്

നന നനനന
നനനന നനയെന്ന്
ഓലപ്പുരയില്‍ വന്നു വിളിക്കും.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

മീശക്കൊമ്പിലച്ഛന്‍ കെട്ടിയ
കയറു പൊട്ടിക്കും
അമ്മയുടെ കണ്ണിലെ
കനലു വെട്ടിക്കും
ഒറ്റക്കുതിപ്പില്‍ ഞാനെത്തും
മുറ്റത്തെ പൂക്കളോടൊപ്പം
നന നനനന
നനനന നനയെന്ന്
ബാല്യത്തില്‍ നനയും.

കല കലപില
കലപില കലയെന്ന്
മേച്ചിലോടില്‍ താളംതല്ലി
സ്കൂളിലും വന്നു വിളിക്കും.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

പുസ്തകക്കെട്ട് നനയാതുടുപ്പില്‍ ‍
‘പത്തര‘മായി പൊതിയും
വീടെത്തുവോളം
മാമരം പെയ്യുന്ന
വഴിലെമ്പാടും
കല കലപില
കലപില കലയെന്ന്
കൂട്ടുകാരൊപ്പം നനയും.

കുടകൊട് കുടകൊട്
കുടകൊട് കുടയെന്ന്
തോളിലൂടാകെയൊലിച്ച്
കളിവാക്കു ചൊല്ലിച്ചിരിക്കും
എങ്ങനെ ഞാന്‍ നനയാതിരിക്കും!

രണ്ടുപേര്‍ക്കിടമില്ല
നനയേണ്ട നീയെന്ന്
കുടയവള്‍ക്കേകി, അവളുടെ
ഹോസ്റ്റലിന്‍ പടിവരെ
നട നടനട
നടനട നടയെന്ന്
പ്രണയത്തിലും നനയും.

നന നനനന
നനനന നനയെന്നിതാ
ഇപ്പോഴീ ഫോണിലും
വന്നു വിളിക്കുന്നു.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

നാട്ടിലെപ്പൊഴും മഴയെന്ന്,
ചൊല്ലിയാല്‍ കേള്‍ക്കാതെ
‘സന്തതി‘യെപ്പൊഴും
മുറ്റത്തുതന്നെന്നവള്‍
പരിഭവം ചൊല്ലിവയ്ക്കുന്നു
നന നനനന
നനനന നനയെന്നു ഞാന്‍
വിരഹത്തിലും നനയുന്നു.