21/12/09

ഒരു ഹിന്ദു അവർഗീയവാദിമുപ്പതുകൊല്ലം കൊണ്ട് ഒരു മുഴുവൻ കാളയെ തിന്ന എന്നെ
ഒരു കഴുത ഹിന്ദു എന്ന് വിളിച്ചു.
ഞാൻ അതിന്റെ മോന്തക്കിട്ട് ഒരു തൊഴികൊടുത്തു.
അതിന്റെ ഈർഷ്യകൊണ്ടാവാം
കഴുത എന്നെ ഹിന്ദു വർഗീയവാദി എന്ന് വിളിച്ചു!
നാറുന്ന വായകൊണ്ടുള്ള അതിന്റെ വിശേഷണം കേട്ട്
ഞാൻ ഞെട്ടിപ്പോയി.
എത്രവർഷം വേണം ഒരു മുഴുവൻ കഴുതയെ തിന്നാൻ
ഞാൻ ഒരു കടുവയാണെന്ന് തെളിയിക്കാൻ.!

18/12/09

ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടംതങ്ങളാണ് ഞാനെന്ന്
എന്റെ കൈവിരലുകൾ അഹങ്കരിക്കുന്നുണ്ട്
കാൽ വിരലുകളും ഒട്ടും പിന്നിലല്ല അക്കാര്യത്തിൽ.
ഞാൻ താനാണെന്ന് എന്റെ തലയ്ക്കുമുണ്ട് തോന്നൽ
കണ്ടില്ലേ തലയെടുപ്പ്!
എന്തിന് തലയെ കുറ്റം പറയണം,
ഞാനെന്ന് പറയുമ്പോൾ
നെഞ്ച് എത്രമാത്രം വിരിയുന്നു എന്ന് നോക്കൂ.
മുഷ്ടിക്കും
നട്ടെല്ലിനും
പൊഴിഞ്ഞുപോകുന്ന മുടിക്കും
മുറിച്ചെറിയുന്ന നഖങ്ങൾക്കും വരെ അതേ തോന്നലുണ്ട്,
ഞാൻ അവറ്റയാണെന്ന്.
എന്തൊരു തമാശയാണ്!
ബസ് സ്റ്റാൻഡിലെ ജനക്കൂട്ടം പോലെയുണ്ട്,
വാസ്തവത്തിൽ ഈ ഞാൻ.
ബസ് കാത്ത് നിൽക്കുകയാണ്.
ബസ് വരുന്നതുവരെ ഒരൊറ്റ ജനത
നിമിഷങ്ങൾക്കപ്പുറം
പലവഴികളിലേക്ക് പിരിഞ്ഞുപോകുന്ന ആൾക്കൂട്ടം..
എന്തൊരു ശൂന്യതയാണ് അൽ‌പ്പസമയത്തിനകം
വരാനിരിക്കുന്നത് അല്ലേ...

2/12/09

കണ്ണാടി കാണ്മോളവുംപാവം കണ്ണാടി.
അത് കരുതുന്നു,
എന്റെ നോട്ടങ്ങളെല്ലാം
അതിനെ കാണാനെന്ന്..
മിനിട്ടിന് മൂന്നു വെച്ച്
ഞാൻ നോക്കുന്നുണ്ടല്ലോ.

മുറിയിൽ ഞാൻ തനിച്ചല്ലേ!
അത് കരുതുന്നുണ്ടാകും,
പുരികം വളച്ചും
ചുണ്ട് കോടിച്ചും
ഞാൻ ചിരിക്കുന്നതെല്ലാം
അതിനോടെന്ന്.

അതിന്റെ മുഖത്തെ പൊടി
തൂത്തുകളയുമ്പോൾ
തലോടുകയാണെന്ന്
കരുതിക്കാണും.
പാവം കണ്ണാടി...

തന്നിലേക്ക് വരുന്ന വെളിച്ചമെല്ലാം
അത് തുരത്തിവിടുന്നു.
ഞാനോ...
എന്നിലേക്ക് വരുന്ന
വെളിച്ചമെല്ലാം കുടിച്ചുതീർക്കുന്നു.

പാവം കണ്ണാടി
അതിന് എന്നാണ്
സ്വന്തം മുഖമൊന്ന് കാണാൻ കഴിയുക..!

29/11/09

എത്ര ലളിതംഎത്ര നിസാരമായും ഒരു കൊലപാതകം നടത്താം.
പക്ഷേ നിനക്കതറിയില്ല.
പെരുവിരലും ചൂണ്ടുവിരലും ചേർത്തമർത്തി
ഞാൻ പുഴുക്കളെ കൊല്ലുന്നത് കണ്ട് നീ ഛർദ്ദിച്ചു.
പുഴു ചത്തതിലല്ല, എന്റെ വിരലിൽ
അതിന്റെ ചലം പുരണ്ടതിലായിരുന്നു നിനക്ക് പ്രശ്നം.
ഒരു കല്ലെടുത്ത് പുഴുവിന്റെ തലയിൽ
ഇടിച്ചാൽ മതിയായിരുന്നു.
നീ പറഞ്ഞു.
കഴുത്ത് കയർ പോലെ പിരിച്ച് ഞാൻ
ഒരു കോഴിയെ കൊന്നത് കണ്ടും നീ ചുറ്റി വീണു.
കോഴി ചത്തതിലല്ല അതിന്റെ ആ പിടപിടപ്പ്
ഞാൻ കണ്ടു നിന്നതിലാണ് നിനക്ക് പ്രശ്നം.
ദൂരെയെവിടെയെങ്കിലും കൊണ്ട്പോയി
കെട്ടിത്തൂക്കിയിട്ടു പോന്നാൽ മതിയായിരുന്നു
നീ പറഞ്ഞു.
പാറ്റകളെ, ചിലന്തികളെ, കരിച്ചകളെ ഞാൻ
നഗ്നപാദം കൊണ്ട് ചവുട്ടിക്കൊന്നാൽ
നീ നിലവിളിക്കും,
ഒരു ചൂലെടുത്ത് തല്ലിക്കൊല്ലൂ എന്ന്.
ഉറുമ്പുകളെ ചുവരോട് ചേർത്ത് കൈപ്പത്തികൊണ്ട് ഞെരിച്ചാൽ
നിനക്കിഷ്ടമാവില്ല.
എന്തായാലും അവറ്റകൾ ചാവുകയല്ലേ,
എന്തായാലും ഞാൻ കൊല്ലുകയല്ലേ,
പിന്നെ എന്താണൊരു വ്യത്യാസം...?
നിനക്ക് എല്ലാം സങ്കീർണമാക്കണം.
നിനക്കറിയില്ലല്ലോ,
എത്ര എളുപ്പത്തിൽ ഒരുകൊലപാതകം നടത്താമെന്ന്.
ഒരുനാൾ അത് നീ പഠിക്കും,
ഞാൻ നിന്നെയോ നീ എന്നെയോ കൊല്ലുമ്പോൾ.
ലളിതമായി എത്രയും ലളിതമായി....

27/11/09

നീണാൾ വാഴട്ടെ മൌനം

പതിവുപോലെ ചീവിടുകളുടെ
പാതിരാ കവി സമ്മേളനം കേട്ടു കൊണ്ട്
പാതിയഴിഞ്ഞ മനസും മുറുക്കിയുടുത്ത്
വീട്ടിലേക്ക് ആന്തിയാന്തി നടക്കുക യായിരുന്നു ഞാന്‍.
ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കാവാന്‍ പറ്റാത്തവണ്ണം
എനിക്ക് ചുറ്റും ഞാന്‍ നടന്ന്
ആലവട്ടം വീശുന്നു ണ്ടായിരുന്നു.
തത്സമയം ഒരു കഥയോ കവിതയോ
പെയ്തേക്കാം എന്ന മട്ടില്‍
വാക്കുകളുടെ തേനീച്ച ക്കൂട്ടില്‍ നിന്നും
ഒരു മൂളക്കം കേള്‍ക്കുന്നു ണ്ടായിരുന്നു.
എനിക്കു മുന്‍പേ നടന്നവരുടെ കാല്പാടുകളില്‍
ആരൊക്കെയോ കഴുകി മുത്തിയതിന്റെ നനവ്
വഴിയില്‍ ഉണങ്ങാന്‍ ബാക്കിയു ണ്ടായിരുന്നു.
പെട്ടെന്നാണു ഞാനതു കണ്ടത്
മലര്‍ന്ന് വീണു പോയ ആമയെ പ്പോലെ
വഴിയില്‍ ഒരു മൌനത്തിന്റെ കുഞ്ഞ്.

വളര്‍ന്നു വലുതായ മഹാ മൌനങ്ങളെ
ദിനവും കണ്ട് പരിചയിച്ചതിനാല്‍
ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി.
ഞാന്‍ ഒന്ന് താണു തല കുമ്പിട്ടു.
വളര്‍ന്നു കഴിഞ്ഞാല്‍ തീയിലും മഞ്ഞിലും
ഒരുമിച്ചു മേയുന്ന ജന്തു
എന്റെ മുന്നില്‍
പാതി വളര്‍ച്ചയില്‍ പൊട്ടിപ്പോയ പാമ്പിന്‍‌ മുട്ട പോലെ,
തല തളര്‍ത്തി കിടക്കുന്നു.
‘മൌനം വിദ്വാനു ഭൂഷണം‘
ഞാന്‍ പാവനമായ മൌനത്തിന്റെ കുഞ്ഞിനെ
ഒക്കത്തെടുത്തു നടന്നു.

വന്ന നേരം മുതല്‍ ഇരട്ട നാവുള്ള വായ തുറന്ന്
മൌനം ‘ഭക്ഷണ ത്തിന്നപേ ക്ഷിച്ചു‘ കൊണ്ടിരുന്നു.
ഇതിന്റെ ആഹാരം എന്തായിരിക്കും !
പട്ടികള്‍ക്കുള്ള ബിസ്കറ്റ്,
കുട്ടികള്‍ക്കുള്ള പാല്,
പാല്‍‌പ്പൊടി, പഞ്ചസാര, ബൂസ്റ്റ്, ടുത് പേസ്റ്റ്...
ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാം പരീക്ഷിച്ചു
മൌനത്തിന്റെ കുഞ്ഞ് മണത്തു പോലും നോക്കിയില്ല.
ആഹാര മറിയാതെ ഒന്നിനേയും
വളര്‍ത്താ നാവില്ലല്ലോ
തുലയട്ടെ ശവം എന്ന് മനസില്‍ ശപിച്ച്
പിന്‍വാങ്ങു ന്നതിനു മുന്‍പ് ഞാന്‍ ചോദിച്ചു
“എന്തു നല്‍കട്ടെ ഞാനിനി കുഞ്ഞേ !“
വിശന്നു വലഞ്ഞ സിംഹം
മാന്‍ കുഞ്ഞിനെ ക്കണ്ടെന്ന പോലെ,
മൌനം കുടഞ്ഞെണീറ്റു.
ഒറ്റ നക്കിന് എന്റെ
ഒരു വരി ചോദ്യം അതു തിന്നു തീര്‍ത്തു.
ആര്‍ത്തിയോടെ വീണ്ടും എന്റെ നാവിലേക്ക് ഉറ്റു നോക്കി.
“യുറേക്ക...”
മൌനത്തിന്റെ ആഹാരം ഞാന്‍ കണ്ടെത്തി.
അത് “യുറേക്ക” യും വിഴുങ്ങി.

കുഞ്ഞു കുഞ്ഞു വാക്കുകള്‍ തിന്നു തിന്ന്
മൌനം വളര്‍ന്ന് വലുതായി
ഭീമന്‍ മൌനത്തെ പോറ്റാന്‍ എന്റെ വാക്കുകള്‍
തികയാ തെയായി.
ചിന്തകളില്‍ നിന്നു തന്നെ വാക്കുകളെ
അത് നക്കി യെടുക്കാന്‍ തുടങ്ങി.
നാവ്, കറവ വറ്റിയ പശുവിന്‍ മുല പോലെ
വാക്കൊഴിഞ്ഞ് ഞാന്ന് കിടന്നു.
ദിനവും കെട്ടു കണക്കിനു വാക്കുകളെ
കൊയ്തു കൊണ്ടു വന്ന് മൌനത്തെ തീറ്റി പ്പോറ്റേണ്ടി വന്നു.
മൌനം കാണെക്കാണെ വളര്‍ന്നു കൊണ്ടിരുന്നു.
വിശപ്പടങ്ങാതെ അത് വീടു വിട്ടിറങ്ങി മേയാന്‍ തുടങ്ങി.
നാക്കുകളില്‍ നിന്നും പുറത്തു വരും മുന്‍പ്
ഓരോ വാക്കും അതു തിന്നു തീര്‍ത്തു.
നാട്ടിലിപ്പോള്‍ എല്ലാവരും വിദ്വാന്മാരായി.
വാക്കുകള്‍ക്ക് ക്ഷാമമുള്ളതു കൊണ്ട് മൌനമിപ്പോള്‍
നാക്കുകളേയും കൂടി തിന്ന് തുടങ്ങിയിട്ടുണ്ട്.

ഈ പത്രത്തിൽ
Photograph:Will Simpson

26/11/09

സ്വസ്ഥൻ
അപ്പുറത്തേക്ക് നോക്കിയാൽ
ഒരു വീടിന്റെ ജനാലയാണ് കാണുന്നത്.
അതിലൂടെ ഒരാൾ ഇപ്പുറത്തേക്ക് നോക്കുന്നുണ്ട്.
അയാളുടെ കണ്ണിൽ ഒരു ജനാല,
അതിനുള്ളിൽ ഒരാൾ,
അയാളും ഇപ്പുറത്തേക്ക് നോക്കുന്നുണ്ട്.
അസ്വസ്ഥനാണയാൾ.
അയാളുടെ നോട്ടത്തിൽ ഇപ്പുറം അപ്പുറമായിരിക്കുമല്ലോ!
അപ്പോൾ അപ്പുറത്ത് ഒരാൾ,
കണ്ണിൽ മറ്റൊരാൾ,
അയാൾ ആരെയും നോക്കുന്നില്ല.
സ്വസ്ഥനാണയാൾ...!!!

23/11/09

ഇതേ ആനന്ദം

ഈ ഭൂമിയിൽ,
ഞാൻ ചവുട്ടി നിൽക്കുന്ന ഈ ഭൂമിയിൽ
അതിൽ തന്നെയാണല്ലോ നീയും ചവുട്ടി നിൽക്കുന്നത്
എന്നോർക്കുമ്പോൾ

ഈ വായുവിൽ,
ഞാൻ ഉച്ഛ്വസിക്കുന്ന ഇതേ വായുവിൽ
അതിൽ തന്നെയാണ് നീയും നിശ്വസിക്കുന്നത്
എന്നോർക്കുമ്പോൾ

ഈ കാലത്തിൽ,
ഞാനെന്നെ എഴുതി വെയ്ക്കുന്ന ഇതേ കാലത്തിൽ
അതിൽ തന്നെയാണല്ലോ നീയും നിന്നെ എഴുതുന്നത്
എന്നോർക്കുമ്പോൾ

ഇതേ അളവിൽ
എനിക്കുണ്ടാകുന്ന അതേ അളവിൽ
നിനക്കും ഉണ്ടാകുന്ന ആനന്ദമല്ലേ പ്രണയം.

20/11/09

മഴപെയ്യുംവരെ

ഏറെക്കാലങ്ങൾക്ക് ശേഷം
ഇന്നു പെയ്തമഴ
ഒരു ദിവസത്തേക്കുമാത്രമായി
ഈ പെരുവഴിയെ
ഒരു നദിയാക്കിമാറ്റി.
കുന്നിന്റെ ഉച്ചിയിൽ നിന്നും ജലം
തുള്ളിയോട് തുള്ളി ചേർന്ന്
പെരുവെള്ളമായി താഴേക്ക്
ആർത്തലച്ചൊഴുകി.
ഇക്കാലമത്രയും
കുന്നിൻ‌മുകളിലെ കൃഷിയിടങ്ങളിലേക്ക്,
വീടുകളിലേക്ക്,
ആകാശത്തിലേക്ക്
കയറിപ്പോയ എല്ലാ കാൽ‌പ്പാടുകളേയും
അത് കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോയി.
മഴകഴിഞ്ഞു.
ഒരു ദിവസമെങ്കിലും ആയുസുള്ള നദിയാവാൻ
കാത്തിരുന്നപോലെ
വഴി, ആഗ്രഹപൂർത്തിയിൽ അസ്തമിച്ചു.
ഇപ്പോളത്
കഴുകിവെടിപ്പായ ഉടഞ്ഞ മണ്ണ് ,
ഈർപ്പമുള്ള മണ്ണ്.
ഇന്നതിൽ ആദ്യം പതിയുന്ന കാൽ‌പ്പാട്
ഒരു പുതിയ ലക്ഷ്യം കുറിക്കും.
വീണ്ടും കുന്നിന്മുകളിലെ
കൃഷിയിടങ്ങളിലേക്ക്,
വീടുകളിലേക്ക്,
ആകാശത്തിലേക്ക്
കാലടയാളങ്ങളുടെ ഒരു വഴി രൂപം കൊള്ളും.
കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു മഴപെയ്യും.

18/11/09

പാവങ്ങൾ

ഞാനും എന്റെ കാമുകിയും..
എന്റെ കാമുകിയും അവളുടെ കാമുകനും..
അവളുടെ കാമുകനും അവന്റെ കാമുകിയും..
അവന്റെ കാമുകിയും അവളുടെ കാമുകനും..
എനിക്ക് ചിരിവരുന്നു.
രണ്ടുപേർ എത്രപേരാണ്?
അഥവാ എത്രപേരാണ് വെറും രണ്ടുപേർ!
അവർക്കിടയിലാണ് ഒരു ജീവിതം
വെറും ഒരേയൊരു ജീവിതം..
ഒരേയൊരു വെറും ജീവിതം...
പാവങ്ങൾ...

16/11/09

പരോളിനു പുരസ്കാ‍രം
ടെലിവിഷൻ ആർട്ടിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും സംഘടനയായ കോണ്ടാക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന വീഡിയോ ഫെസ്റ്റിവലിൽ (കോണ്ടാക്ട് വീഡിയോ ഫെസ്റ്റിവൽ 2009 ) പരോൾ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം നേടി. മത്സരത്തിനുണ്ടായിരുന്ന മുപ്പത്തിയഞ്ച് ടെലിഫിലിമുകളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് പരോളിന്റെ കാമറ കൈകാര്യം ചെയ്ത രെജിപ്രസാദിനാണ്. ഈ ചെറിയ സന്തോഷം പങ്കുവച്ചുകൊള്ളുന്നു.

11/11/09

ചരിത്രകാരൻഅവർ ചരിത്രം എഴുതുകയായിരുന്നു.
നാരായം കൊണ്ടല്ല,
പേനകൊണ്ടും പെൻസിൽകൊണ്ടുമല്ല.
താളിയോലയിലോ കടലാസിലോ,
ഗുഹാഭിത്തികളിലോ അല്ല.
അക്ഷരങ്ങൾകൊണ്ടോ ചിഹ്നങ്ങൾ കൊണ്ടോ,
ചിത്രങ്ങൾ കൊണ്ടോ
അവർക്ക് എഴുതാനറിയില്ല.
അവരുടെ കാതുകളിൽ ഈയം...
അവരുടെ കണ്ണിൽ കണ്ണീരുണങ്ങിയ കുന്തിരിക്കം...
വിത്ത് വിതയ്ക്കുമ്പോൾ അവർ പാടിയിരുന്നത്
കവിതകളല്ല.
അവരുടെ നാവുകൾ കടുത്ത മണ്ണ് ഉഴുത് മറിച്ച്
തളർന്ന് പോയിരുന്നു..

അവർ എഴുതിയ ചരിത്രം
തെങ്ങുകളായി നാടുമുഴുവൻ കുത്തനെ നിൽക്കുന്നു.
അവർ എഴുതിയ ചരിത്രം വയലുകളായി
വരമ്പിന് ഇരുവശവും വിരിഞ്ഞു കിടക്കുന്നു.
അവർ എഴുതിയ ചരിത്രം മലപിളർന്ന്
തോട്ടുവെള്ളമായി കലങ്ങി ഒഴുകുന്നു.
അവർ എഴുതിയ ചരിത്രം റോഡുകൾ, പാലങ്ങൾ,
റോഡിനിരുവശവും തണൽമരങ്ങൾ.
അവർ എഴുതിയ ചരിത്രം കാറ്റ്, വെയിൽ, മഴ,
തട്ടുതട്ടായ മലനിരകൾ.
ഇന്നിതാ ഞാനും എഴുതി അതിൽ ഒരു വാക്ക്...
നനഞ്ഞ മണ്ണിൽ കുഴിച്ചിട്ട വിത്ത്..
പുഴുക്കളേ, കിളികളേ, മേഘങ്ങളേ
ഇനിയിതിൻ ബാക്കി നിങ്ങൾ പൂരിപ്പിച്ചുകൊള്ളുക..

8/11/09

ഒന്നുമുതൽ ഒന്നേന്ന്

മഴപെയ്യുന്നു
ഓർമകൾ മണ്ണിരകളെപ്പോലെ വീടുവിട്ടിറങ്ങുന്നു
അത്താഴത്തിന് ഒരുപിടി മണ്ണുവാരിത്തിന്നുന്നു.
ചിരട്ടകൾക്കുള്ളിൽ വെന്തുപൊടിഞ്ഞത്,
മാന്തണൽ മണക്കുന്നത്,
ഉപ്പു രുചിക്കുന്നത്...

മഴയിൽ മുറ്റത്ത് നട്ട വഴുക്കലിന്റെ വിത്ത്
മുളച്ച് വളർന്നിരിക്കുന്നു,
ചില്ലകളായിരമുള്ള വഴിമരമായി പടർന്നിരിക്കുന്നു.
നടന്നതും മറന്നതും മാഞ്ഞുപോയതും
മുന്നിൽ മുറിഞ്ഞ് വീഴുന്നു,
വഴിമുടക്കുന്നു.

ഏതുചില്ലയിലാണ് വീടെന്നറിയാത്ത-
അണ്ണാൻ കുഞ്ഞിന് വഴിവരക്കുന്നു,
ഇരട്ടകളെ തിരിച്ചറിയുന്നു,
കുത്തുകൾ കൂട്ടിയോജിപ്പിച്ച്
കണ്ടെടുക്കുന്നു സ്വയം...

ഓർമകളിൽ എന്നെ കുടഞ്ഞിട്ട്
എണ്ണിനോക്കുന്നു
ഒന്നുമുതൽ ഒന്നേന്ന്...
ഹോ!

29/10/09

ഔട്ട് ഓഫ് റെയ്ഞ്ച്

ഉച്ചവെയിൽ കത്തുന്ന പച്ചിലക്കാട്ടിലൂടെ
ഒച്ചയില്ലാതെ നടക്കുന്നുണ്ടൊരു കാറ്റ്.
ചിറകു ചിമ്മിത്തുറന്ന് പൂമ്പാറ്റകൾ
ഒറ്റവാക്കും തിരിയാത്ത
കവിതയെഴുതുന്നുണ്ട് കാറ്റിൽ.
ഇന്നലത്തെ ചാറ്റലിൽ മുളച്ചപോലെ
ആകാശം മുട്ടി വളർന്നു നിൽക്കുന്നു
പച്ചിലക്കാട്ടിൽ ഒരസ്ഥിപഞ്ജരം,
ടെലഫോൺ ടവർ.
ശലഭങ്ങൾ കാറ്റിലെഴുതിയ കവിതകൾ
വായിച്ചെടുക്കാൻ ശ്രമിക്കയാണയാൾ
ഔട്ട് ഓഫ് റെയ്ഞ്ചിലാണെങ്കിലും.....
കേൾക്കുന്നില്ലേ തത്സമയ സം‌പ്രേഷണം,
വിമർശനാത്മക നിരൂപണം?
അമ്പമ്പോ ഭീകരം....

20/10/09

മരങ്ങൾ ഇണചേരുമോ !രാത്രി വൈകി,
തോപ്പിനും തോടിനും നടുവിലൂടെ
വീടിലേക്കിഴഞ്ഞ് പോകുന്ന വഴിയേ നിശബ്ദം,
കവിത തിരഞ്ഞ് നടക്കുകയായിരുന്നു ഞാൻ.
നിലാവിന്റെ ഇരുൾ വെളിച്ചത്തിൽ
ഇരു വശവും മരങ്ങളുടെ ചലനങ്ങൾ
എന്നെ സംശയാലുവാക്കി.
ഇലകൾ പൊഴിച്ച് നഗ്നമായ മേനി
പരസ്പരം കാട്ടിയും
തൊട്ടുനോക്കിയും
ഉരുമ്മിയുമ്മവച്ചും
അവ തങ്ങളിൽ തങ്ങളിൽ പങ്കുവെയ്ക്കുന്നു.
പറിഞ്ഞുപോരുമോ എന്ന് തോന്നിക്കുമാറ്
വലിഞ്ഞ് മുറുകിയ വേരുകൾ മീട്ടി
ഗാഢമായൊരു തന്ത്രിവാദ്യമാകുന്നു.
ജലത്തിൽ വീഴുന്ന നിഴലുകൾ നാഗരൂപികളായി
പിണഞ്ഞ് ചുംബിക്കുന്നു.
മരങ്ങൾ ഇണചേരുമോ !
എന്റെ സംശയം വായ് പിളർന്നു.
എല്ലാ ചലനങ്ങളും ഒരു നിമിഷത്തേക്ക് നിലച്ചു
പെട്ടെന്നേതോ ഇളമരം
ഒച്ചകളെല്ലാം ഉള്ളടക്കം ചെയ്ത ഒരു നിശ്വാസം
കാറ്റെന്ന് കള്ളം പറഞ്ഞ്
ആകാശത്തിലേക്ക് ഊതിവിട്ടു
മേഘങ്ങളുടെ തടുപ്പില്ലാതെ മുനിഞ്ഞു നിന്നിരുന്ന
നക്ഷത്രങ്ങളും അമ്പിളിക്കണ്ണും
തിരിതീർന്ന മണ്ണെണ്ണ വിളക്കുകൾ പോലെ
ഒറ്റമാത്രയിൽ കെട്ടുപോയി.
പ്രണയപാരവശ്യങ്ങളുടെ ശീൽക്കാരം മാത്രം പിന്നീട് കേട്ടു...

19/10/09

.............................

വാക്കുകൾ പൊടുന്നനെ എന്നെ ഉപേക്ഷിച്ചുപോയി
പറവ പൊടുന്നനെ ഉരഗമായതുപോലെ
ആകാശത്ത് നിന്നും ഞാൻ ഭൂമിയിലേക്ക് വീണു
എന്റെ മുള്ളുകൾ എന്റെ ചോരയിൽ തറഞ്ഞുകയറി

4/10/09

കണ്ടു കണ്ടിരിക്കുന്നോരെന്ന്-3

കണ്ടുകണ്ടിരിക്കുന്നവരെ പൊടുന്നനെ കാണാതാവുന്ന അവസ്ഥ എന്ങ്ങനെ തരണം ചെയ്യണമെന്ന് മനുഷ്യൻ ഇനിയും കണ്ടെത്തിയിട്ടില്ല.. അടിയന്തിരമായി ചെയ്യേണ്ട ഒന്നാണതെന്ന്ൻ തോന്നുന്നു. ഇന്നലെ വ്വരെ കൂടെയുണ്ടായിരുന്ന ഒരാൾ, ഒരു വലിയ വലയിലെ ഒരു ചെറിയ കണ്ണിയായ എന്നെ വിരൽ കൊണ്ട് കോർത്തുകൊണ്ട് ഈ വലയെ തന്ന്നെ നെയ്തു നിവർത്തുന്നതിൽ കൂടെനിന്നിരുന്ന ഒരാൾ പൊടുന്നനെ ഇനിയില്ല എന്നവണ്ണം അപ്രത്യക്ക്ഷനാവുക എന്നത് താദാത്മ്യപ്പെടാൻ പറ്റുന്ന ഒന്നല്ല. ജ്യോനവൻ എന്റെ ആരുമല്ല. എനിക്ക് അവനില്ലെങ്കിലും ജീവിതം സാധ്യമാണ്.അവൻ മരിച്ചുപോയി എന്നതിൽ എനിക്ക് എന്തു തോന്നുന്നു എന്ന് ഇപ്പോൾ പറയാനാവുന്നില്ല.ഞാനൊരുപക്ഷേ പൊള്ളിയ കൈ കൊണ്ട് വീണ്ടും തീയിൽ തൊടുമ്പോലെയാണ് അവന്റെ മരണവാർത്ത കേട്ടത്..മരവിപ്പല്ല. ഒന്നും അറിയാൻ കഴിയാത്ത അവസ്ഥ. എങ്കിലും ചിലപ്പോഴൊക്കെ അവനെക്കുറിച്ച് ആലോചിക്കുമ്പോൾ ഞ്ഞാൻ കുഴഞ്ഞ മണ്ണുപോലെ ചവുട്ടിയാൽ പുതയുന്ന ഒറാത്മാവായി മാറുന്നത് എനിക്കറിയാം
ലാപുടയുടെ പുസ്തക പ്രകാശനത്തിന്റെ അന്ന് ഞാൻ അവനെ ക്കണ്ടു.അവൻ എന്റെ അടുത്തുവന്നു. ചിരപരിചിതനെപ്പോലെ എന്റെ കയ്യിൽ കറ്റന്നുപിടിച്ചു. ഞാൻ കാസർകൊടു നിന്ന് വന്നത് നിങ്ങളെ കാണാനാണ് അറിയുമോ എന്ന് ചോദിച്ചു.എനിക്കറിയീല്ലായിരുന്നു. അവൻ പറഞ്ഞു.ഞാനാണ് ജ്യോനവൻ എന്ന പേരിൽ.. ഞാൻ അവനോട് ചിരിക്കുകയും വർത്തമാനം പറയുകയും മാത്രമേ ചെയ്തുള്ളു. എന്തിന് അവൻ അങ്ങനെ പറഞ്ഞു എന്നെനിക്കരിയില്ല.ഒരുപക്ഷേ അവൻ എല്ലാവരോടും അതുതന്നെ പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതി. എനിക്കവ്വനെ കെട്ടിപ്പീറ്റിക്കണമെന്നോ എന്നെ കാണാൻ ഇത്ര ദൂരം വന്നതിന്റെ ആഹ്ലാദം പങ്കുവയ്ക്കണമെന്നോ തോന്നിയില്ല. എന്തുകൊണ്ടാണെന്നറിയില്ല. അവൻ എനിക്ക് എന്റെ നമ്പർ തരുകയൂം എന്റെ നമ്പർ വാങ്ങുകയും ചെയ്തു .പിന്നീട് പിരിയുമ്പോൾ കാണുകയോ കവിതയെകുറിച്ച് സംസാരിക്കുകയോ ചെയ്തില്ല.പരസ്പരം പുകഴ്ത്തിയില്ല. അവൻ എന്നെയോ ഞാൻ അവനെയോ ഒരിക്കലും വിളിച്ചിട്ടില്ല. ഒടുവിൽ ഞാൻ അവനെ വിളിക്കുന്നത് .അവൻ മിടിക്കുന്ന്ന ഒരു ഹൃദയം മാത്രമായി ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോഴാവണം. നാട്ടിൽ വന്നപ്പോൾ എടുത്ത നമ്പർ ആയതിനാലാവും .09496452967 എന്ന നമ്പർ ഇപ്പോൾ നിലവിലില്ല എന്ന മറുപടിയാണ് കേട്ടത്. അവൻ മരിച്ചുപോയി എന്ന് എന്നോടെല്ലാവരും പറയുന്നു. അവൻ മരിച്ചു എന്ന് ഞാൻ കണ്ടില്ല.എന്നാലും അവൻ മരിച്ചുകാണും.അതിലൊന്നുമല്ല എനിക്ക് വിഷമം.അവൻ എറണാകുളത്ത് വരാ‍ാതിരുന്നെങ്കിൽ..എന്റെ കൈപിടിച്ച് അങ്ങനെ പറയാതിരുന്നെങ്കിൽ.ഒരിക്കലും അവന്റെ മരണം എന്നെ തൊടില്ലായിരുന്നു. അവൻ മരിക്കുമ്പോൾ എന്നെയും കൂടി വേദനിപ്പിക്കാനാണ് അവൻ അവിടെ വന്നതെന്ന് ആറിഞ്ഞിരുന്നെങ്കിൽ ഞാനവനെ കണാതെ ഒളിച്ചേനെ.

30/9/09

കണ്ടുകണ്ടിരിക്കുന്നൊരെന്നെ - 2

കിടന്ന കിടപ്പിൽ മേലോട്ടു വിക്ഷേപിച്ച തുപ്പ്
കീഴ്പോട്ടുവരാതെ മേലോട്ട് മേലോട്ട്
പോയ്പോയ്പോയിരുന്നു
അത് ആകാശത്തിന്റെ വാതിൽ തുറന്ന്
ദൈവത്തിന്റെ കാലിൽ ചെന്നടിച്ചു
അന്തരീക്ഷത്തിൽ അശരീരിയുണ്ടായി.
“തുപ്പരുതപ്പാ അത് തപ്പ്” ..

കിടകിടന്ന് കിടകിടന്ന് ഞാൻ മരച്ചുപോയിരുന്നു
മുതുക് പലകപോലെ,
മരം പോലെ കൈകാലുകൾ,
ഗോലിപോലെ കണ്ണുകൾ,
അടുപ്പുപോലെ മൂക്ക്,
വാ....വാ പോലെ തന്നെ, തുറന്ന്...
ചത്തുപോയൊരൊച്ചുപോലെ എന്റെ....
(വേണ്ട നിങ്ങൾ അതിഷ്ടപ്പെടില്ല
അതു പുറത്തിനി വരാതെ ഉൾവലിഞ്ഞു.)
എന്നെക്കിട്ടിയതിന്റെ ആവേശം അന്തരീക്ഷത്തിൽ മുഴങ്ങി
എനിക്കുചുറ്റും ആൾക്കൂട്ടത്തിന്റെ ഒരു ആൽമരം വളർന്നു
നിലത്തുമുട്ടാത്ത ആയിരം വേരുകൾ കൊണ്ട്
അത് എന്നെ വരിഞ്ഞു
ഞാൻ ഉയർത്തപ്പെട്ടു..
തിരഞ്ഞുവന്നവരുടെ തിരയാൽ നയിക്കപ്പെട്ടു,
തിരയിൽ നിന്നും തിരയിലേക്ക്....
എങ്ങോട്ടു കൊണ്ടുപോകുന്നു എന്നെ?
ഞാൻ ചോദിച്ചു.
ആരും ഒന്നും പറഞ്ഞില്ല
എന്തിനു കൊള്ളാം എന്നെ ?
ഞാൻ ചിന്തിച്ചു
ആരും അതു കേട്ടില്ല
നിങ്ങൾ എന്നെ തിന്നുമോ?
ചൂണ്ടയിൽ വീണ മീനിനെപോലെ
ചിതമ്പലുകൾ ചെത്തി,
വെടിയേറ്റു വീണ കൊറ്റിയെപ്പോലെ
ചിറകുകൾ വെട്ടി,
കെണിയിൽ വീണ മാനിനെപ്പോലെ
കൊമ്പുകൾ പുഴക്കി
നിങ്ങളെന്നെ പൊരിച്ചു തിന്നുമോ?
ചില്ലകൾ വെട്ടിയ മരത്തെപ്പോലെ
അറുത്തുകീറി,
ഉടച്ചൊരുക്കിയ പാറപോലെ
കൊത്തിമിനുക്കി,
നനച്ചുകുഴച്ച മണ്ണുപോലെ
ചെത്തിച്ചെതുക്കി,
നിങ്ങളെന്നെ പ്രതിഷ്ഠചെയ്യുമോ?
ഞാനുറക്കെ ചോദിച്ചു....
ആരും ഒന്നും കേട്ടില്ല.
എനിക്ക് കരച്ചിൽ വന്നു.
കാതുപൊട്ടന്മാർ ഇവരെന്നെ കേൾക്കുന്നില്ലല്ലോ!
എനിക്കുമുള്ളതുപോലെ നിങ്ങൾക്കുമില്ലേ
ജീവിതങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സങ്കടങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സംശയങ്ങൾ?
പറയിനെടാ നായിന്റെ മക്കളേ
ഞാനാക്രോശിച്ചു.
അതുകേട്ട് ഒരു നായിന്റെ മോൻ എനിക്ക് മുകളിലിരുന്ന്
നേരേ താഴേക്ക് ഒരൂക്കൻ തുപ്പു തുപ്പി
ഹൊ!
അത് ആകാശത്തിന്റെ അരിപ്പകടന്ന്
കാറ്റുകളുടെ കടലുതുഴഞ്ഞ്
ഉച്ചവെയിലിന്റെ പുതപ്പു പറത്തി
എന്റെ മുഖം കഴുകി.
എന്റെ എല്ലാ സംശയങ്ങളും നിലച്ചു...

29/9/09

കണ്ടുകണ്ടിരിക്കുന്നൊരെന്നെ...


കണ്ടു കണ്ടിരിക്കെ
എന്നെ കാണാതായി..
നാട്ടുകാരും വീട്ടുകാരും
തിരക്കി നടക്കാൻ തുടങ്ങി.
കണ്ടവരോടൊക്കെ അവർ ചോദിച്ചു
അവനെ കണ്ടോ ആ പു...?
തിരയുന്നവർ തിരതിരയായി
വന്നുകൊണ്ടിരുന്നു.
അവർ ചോദിച്ചു അവനെ കണ്ടോ ആ പൂ‍.....?
എനിക്ക് ചിരിവന്നു.
കണ്ണുപൊട്ടന്മാർ,
ഇവരൊന്നും എന്നെ കാണണ്ടെന്ന്
കല്ലുപോലെയിരുന്നു.
കല്ലിൽ തട്ടി ആളുകൾ വീണ് മൂക്ക് മുറിഞ്ഞു.
എന്നിട്ടും ആരും എന്നെ കാണുന്നില്ലല്ലോയെന്ന്
അതിശയിച്ച് ഞാൻ സ്വയമൊന്നു നോക്കി.
നടുങ്ങിപ്പോയി
എന്നെ കാണുന്നില്ല...!
എവിടെപോയതാവും എന്ന്
അന്തമില്ലാതെ ചിന്തിച്ചു ഞാനിരുന്നു.
എവിടെപോവാൻ,
എവിടെപ്പോയാലും പട്ടിയെപ്പോലെ വരും
എന്ന് കരുതി കാത്തിരുന്നു.
നേരം വെളുത്തു, നേരം പഴുത്തു, നേരം കറുത്തു....
എവിടെപോയി കിടക്കുന്നു,
ഈ എന്തിരവൻ...?
എനിക്ക് ദേഷ്യം വന്നു.
ഞാൻ
ഇരുന്നിടത്തുനിന്നെണീറ്റു.
തിരയുന്നവരുടെ കൂടെ ചേർന്നു.
കാണുന്നിടവും കാണാത്തിടവും
അരിച്ചുനോക്കി.
എതിരേ വരുകയായിരുന്ന
ഒരു മൈരൻ എന്നോടു ചോദിച്ചു.
കണ്ടോ ആ താ...?
ഞാൻ അതു കേട്ടില്ലെന്ന് നടിച്ച്
പോയി തുലയെട കൂ...എന്ന്
മനസിൽ പറഞ്ഞു കൊണ്ടു നടന്നു.
ഒരുവൾ എന്റെ എതിരേ വരുന്നതുകണ്ടു
അവളുടെ വേഗത എന്റെ ശരീരം കടന്ന് നടന്നുപോയി
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
എന്റെമണം അവളുടെ കയ്യിൽ കണ്ടു.
എന്റെ മണമല്ലല്ലോ ഞാൻ ....!
മണമില്ലാത്ത എന്നെ കിട്ടിയാലും മതി...
ഞാൻ നടന്നു.
നടന്നു നടന്നു പോകുമ്പോൾ
ഈ നടപ്പല്ലെങ്കിലോ ഞാൻ എന്നു കരുതി
നിന്നു....
കണ്ടില്ല
നിന്നു നിന്നു തളർന്നപ്പോൾ
ഈ നിൽ‌പ്പല്ലെങ്കിലോ ഞാൻ എന്ന് കരുതി
ഇരുന്നു....
കണ്ടില്ല
ഇരുന്നിരുന്നു തളർന്നപ്പോൾ
ഈ ഇരിപ്പല്ലെങ്കിലോ ഞാൻ എന്ന് കരുതി
കിടന്നു....
ഹ!
എന്തൊരു കിടപ്പാണത്....!
ആ കിടപ്പിൽ കിടന്ന് മേലോട്ട് ഒരൂക്കൻ തുപ്പ് തുപ്പി.
അപ്പോൾ കാണായി എന്നെ.....

Photograph: Will Simpson

27/9/09

ജനാലയിൽ നിന്നും താഴോട്ട്

നഗരമേ,
നിന്റെ സമുദ്രനിരപ്പിൽ നിന്നും
മേൽക്കുമേലടുങ്ങിയ
എത്രാമത്തെ ജനാലയുടെ
താഴോട്ടു നോട്ടമാണ് ഇപ്പോൾ ഇവൻ!
നഗരമേ
നഗ്ന നഗരമേ
താഴെ,
എനിക്കു കാണാം
നിന്റെ പാവാട കീറിയുണ്ടാക്കിയ
കൊടികൾ കൊണ്ട്
അലങ്കരിച്ചിരിക്കുന്ന വിളക്കുകാലുകൾ,
തിരക്കൊഴിഞ്ഞിട്ട് ചുരുട്ടിവെക്കാമെന്ന്
നീ നിവർത്തിയിട്ടിരിക്കുന്ന
കറുത്ത ജീവിതം,
തെരുവുപട്ടികൾ,
സൈക്കിൾ റിക്ഷകളിൽ
കറുത്ത കണങ്കാലുകൾ,
മനുഷ്യരെപ്പോലെ തോന്നിക്കാത്ത
മനുഷ്യർ,
ആർക്കും പരിചയമില്ലാത്ത ആരുടെയോ അച്ഛൻ,
ആരെയും പരിചയമില്ലാത്ത ആരുടെയോ മകൾ,
ഒഴുക്ക് നിലക്കാത്ത കാളിന്ദിയുടെ
കരയ്ക്കടിഞ്ഞവർ...
ചെളി...
നഗരമേ
നിന്റെ ചെളി..
നിലത്തിറങ്ങി നടക്കാൻ വയ്യ
അവർ എന്റെ നേരേ കൈകൾ നീട്ടുന്നു
പോക്കറ്റടിക്കുമോ എന്ന് ഞാൻ ഭയക്കുന്നു
വേശ്യകൾ എന്നെ തൊട്ട് എയ്ഡ്സ് വരുത്തുമോ
ശവങ്ങൾ
കൊന്നുകളയണം
നിന്റെ വീഥികൾ
തൂത്ത് വൃത്തിയാക്കി
വെളുത്ത ചായം പൂശണം
നഗരമേ....

26/9/09

ഒച്ച്‌തുറുങ്കിലേക്കു കൊണ്ടുപോകും വഴി
ചാടി രക്ഷപെട്ടവനെപ്പോലെ,
ഒളിവിൽ ജീവിക്കുകയാണു ഞാൻ.
എന്റെ പിന്നാലെ പായുന്നതെന്തിന്‌
ഞാൻ സ്വയം തടവിലാണല്ലോ....?

നിങ്ങളുടെ ഉത്തരവ്‌
അക്ഷരം പ്രതി പാലിക്കുന്നതിന്‌,
എനിക്കു ചുറ്റും ഒരു ജയിൽ
കൊണ്ടു നടക്കുന്നുണ്ട്‌ ഞാൻ,
അഴിയും അറയും
ഞാൻ തന്നെയായ
അതിന്റെ ഭിത്തികളിൽ
മറന്നുപോകാതെ എഴുതിവെച്ചിട്ടുണ്ട്‌
നിങ്ങളുടെ നിയമങ്ങൾ.
കാണരുത്‌,
പറയരുത്‌,
തൊടരുത്‌...

Photograph: Will Simpson

22/9/09

ആലിംഗനം

ഒരു പെണ്ണായി പിറന്നിരുന്നെങ്കിൽ ഞാൻ
എന്നിലേക്കു വരുന്ന ഓരോ പുരുഷനോടും പറഞ്ഞേനെ,
ഹേ പുരുഷാ, നിന്റെ ചലിക്കുന്ന ശരീരാവയവങ്ങളിൽ
ഏറ്റവും ചെറുതായ ലിംഗം കൊണ്ട്‌ എന്നെ തൊടരുത്‌,
നിന്റെ ദീർഘമായ കൈകളും,
ബലിഷ്ഠമായ കാലുകളും,
താമരപോലെ ആയിരം ഇതളുകൾ വിടർന്ന
മുഖപേശികളും കൊണ്ട്‌
എന്നെ പുണർന്നും മുകർന്നും ശ്വാസം മുട്ടിക്കൂ...
നിന്റെ ഹൃദയത്തിന്റെ ഉറവകൾ
വിയർപ്പുചാലുകളായി എന്റെ ശരീരത്തിലൂടെ ഒഴുകട്ടെ ....

വിധിവശാൽ ഞാൻ ഒരു ആണായി പിറന്നു
പുരുഷനായി വളർന്നു
പെണ്ണായിപിറന്നിരുന്നെങ്കിൽ പറയാൻ കരുതിയതൊന്നും
ആണായപ്പോൾ ഒരു പെണ്ണും എന്നോട് പറഞ്ഞില്ല.
ഞാൻ വലുതായി
വലുതായി വലുതായി
ഒരു ലിംഗത്തോളം ചെറുതായി
ആഗ്രഹത്തോടെ നോക്കുന്ന ഓരോ പെണ്ണിനേയും
ചലിക്കുന്ന ശരീരാവയവങ്ങളിൽ ഏറ്റവും ചെറുതായ
ലിംഗം കൊണ്ടു തൊടാൻ കൊതിച്ചു,
സുദീർഘങ്ങളായ കരങ്ങളേയും, ബലിഷ്ഠങ്ങളായ കാലുകളേയും
കടൽത്തിരപോലെ ചലനാത്മകമായ
മുഖപേശികളേയും കുറിച്ച്‌ ഓർക്കുകപോലും ചെയ്യാതെ...

16/9/09

സദാനന്ദന്റെ സമയം...

സമയം കിട്ടിയില്ല
സമയം കിട്ടിയില്ല

പറഞ്ഞും കേട്ടും മടുത്തുപോയതുകൊണ്ടാണ്
സമയലാഭത്തിനുള്ള യന്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയത്.
ബസ് കാത്തു നിൽക്കുന്ന സമയം ലാഭിക്കാൻ,
ബൈക്ക് വാങ്ങി.
പത്രവായനക്കുള്ള സമയം
ടി.വികൊണ്ട് ലാഭിക്കുന്നു.
ലാൻഡ് ഫോണിലേക്കെത്താനുള്ള സമയം
മൊബൈൽ ഫോൺ കൊണ്ട്,
വെള്ളം കോരാനുള്ള സമയം
പമ്പ് സെറ്റ് കൊണ്ട്,
അലക്കിനുള്ള സമയം
വാഷിങ്ങ് മെഷീൻ കൊണ്ട്,
എന്നുമെന്നും പാകം ചെയ്യുന്ന സമയം
ഫ്രിഡ്ജ് വാങ്ങി ലാഭിച്ചു....
അടുക്കളയിലാണ് സമയലാഭത്തിനുള്ള
ഉപകരണങ്ങൾ അധികവും;
അടുപ്പുമുതൽ ആട്ടുകല്ലുവരെ,
തുടുപ്പുമുതൽ തോരനരിയാനുള്ളതു വരെ.....
എല്ലാത്തിനും കൂടിയിപ്പോൾ
ഒരൊറ്റ സ്വിച്ചിടുന്ന സമയമേ നഷ്ടമാകുന്നുള്ളു.

പക്ഷേ എന്തൊക്കെ ചെയ്തിട്ടും
ഇപ്പൊഴും ഒന്നിനും,
സമയം തികയുന്നില്ല.
സ്വപ്നം കാണാൻ,
പ്രേമിക്കാൻ,
കാമിക്കാൻ,
ജീവിക്കാൻ....
.......................................
സമയം കിട്ടുന്നില്ല
സമയം കിട്ടുന്നില്ല
എന്ന് പരിതപിച്ചുകൊണ്ട് തന്നെ
ആളുകൾ മരിച്ചുപോകുന്നു...........

എവിടെപ്പോകുന്നു,
യന്ത്രങ്ങൾകൊണ്ട് നമ്മൾ മിച്ചം പിടിക്കുന്ന
ഈ സമയം മുഴുവൻ...!
നമുക്ക് കിട്ടുന്നില്ലെങ്കിൽ
എന്തിനീ
സമയ ലാഭത്തിന്റെ യന്ത്രശേഖരം.. !
ഒരുനാൾ ഇതെല്ലാം കൂടി
തല്ലിയുടച്ചു കത്തിക്കണം.
അന്നേരം, പ്ലാസ്റ്റിക് കത്തുമ്പോൾ
മുകളിലേക്ക് ഗുമുക്കനെ കുതിക്കുന്ന
കറുത്ത നദിപോലെ,
ലാഭിച്ചുകിട്ടിയ സമയമെല്ലാംകൂടി
ഒറ്റയടിക്ക് പൊട്ടിച്ചാടുമായിരിക്കും
ലോകം അതിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുമായിരിക്കും.

14/9/09

എനിക്കറിയില്ല നിന്നെ...

ഇതു ഞാൻ തന്നെയോ എന്നെനിക്കറിയില്ല...
എന്നെപ്പോലെ ആരോ ഒരാൾ മാത്രം.
ഈ വെയിൽ, വെയിൽ തന്നെയോ എന്നുറപ്പില്ല,
വെയിൽപോലെ എന്തോ ഒന്ന്
അത്രമാത്രം.
ഈ പകൽ എത്ര ലളിതമാകുന്നു,
ഒരു പകൽ പോലെ അല്ലെങ്കിൽ
ആയിരം പകലുകൾ പോലെ...

വെളിയിൽ,
പൂക്കൾ പൂത്തു നിൽക്കുന്നു,
പക്ഷികൾ ഇണചേരുന്നു,
കാറ്റിൽ പായുന്ന മേഘങ്ങളിൽ,
ഒളിച്ചുകളിക്കുന്നു സൂര്യൻ.
മഴയിൽ കണ്ണടച്ചുകിടക്കുന്നു,
വെളിച്ചം.

പടികടന്നാരോ വരുന്നുണ്ട്...
എന്നെപ്പോലെ മറ്റൊരാൾ ...
കയ്യിൽ ആരോ കൊടുത്തയച്ച വിരൽ...
അതുകൊണ്ടയാളെന്നെ തൊട്ടേക്കാം
പക്ഷേ ഇതു ഞാൻ തന്നെയോ എന്നുറപ്പില്ലല്ലോ....
എല്ലാം നിശ്ചയിക്കപ്പെട്ടപോലെ നടക്കുന്നു
എന്റെ ദുരാത്മാവേ നിന്റെ ജീവിതം ഒഴികെ...

13/9/09

ഒരു മരത്തിന്റെ ജീവിതം

ഈ മരത്തിന്റെ ജീവിതമാണ് ജീവിതം.
എത്ര നിസഹായമാണത്!
ഇവിടെ മുളയ്ക്കണമെന്നോ
ഇവിടെ വളരണമെന്നോ അത് കരുതിയതല്ല്ല
ഇവിടെ ആരോ അതിനെ കാഷ്ടിച്ചുപോയി
അതിനാൽ ഇവിടെ.....

തനിക്കുവേണ്ടിയല്ലാതെ പെയ്ത മഴയിൽ
അത് മുളപൊട്ടി
താന്മൂലമല്ലാതെ ചീഞ്ഞുപോയവയിൽ
വേരുപടർത്തി
നദികൾ വഴിമാറിയൊഴുകാത്തതുകൊണ്ട്
അത് ഒലിച്ചുപോയില്ല.
ഇലകൾ കയ്പ്പായതുകൊണ്ട്
ഒന്നും കടിച്ചുപോയില്ല.

കാലങ്ങളായി
അത് ഇവിടെ നിൽക്കുന്നു
ഇതാ ഈ പാറപോലെ,
ഇലകളും പൂക്കളും ഉള്ള ഒരു പാറ.
അത് സ്വപ്നം കാണുന്നുണ്ടാവുമോ
പക്ഷികൾക്കൊപ്പം പറക്കുന്ന കാലം!

11/9/09

പാചകം

പ്രണയത്തിന്റെ പാചകപ്പുരയിൽ
അവനെയും അവളെയും നുറുക്കിവെച്ചിട്ടുണ്ട്
ഉപ്പുചേർത്തിട്ടുണ്ട്
മുളകുചേർത്തിട്ടുണ്ട്
പാചകത്തിനു പാകമായിട്ടുണ്ട്..

അടുപ്പുകത്തുന്നുണ്ട്
എണ്ണതിളയ്ക്കുന്നുണ്ട്
ഫ്ലേവർ ലോക്ക് പൊട്ടിച്ച്
മസാലമണങ്ങൾ
അന്തരീക്ഷത്തിലേക്ക് ഒളിച്ചോടിയിട്ടുണ്ട്...

തിക്കിത്തിരക്കുന്നുണ്ട്
രുചിയുടെ ഉത്പ്രേക്ഷകൾ
ഊട്ടുപുരയിൽ

പാചകക്കാരാ
പാചകക്കാരാ
നീ എവിടെപ്പോയിക്കിടക്കുന്നു
ബീഡിവലിക്കാനോ
പട്ടയടിക്കാനോ
അതോ കാമുകിയുടെ മിസ്കോളുവന്നോ?

10/9/09

ഇന്നലെ മുഴുവൻ
നീ
ഇന്നലെ തൊടുത്ത അമ്പ്
എന്റെ ഹൃദയത്തിൽ തറച്ചു.
ഞാൻ അതുമായി ഇന്നലെ മുഴുവൻ
പറക്കുകയായിരുന്നു.
കടലുപോലെ തോന്നിക്കുന്ന
ഒരു നദി കടന്നു.
കണ്ണീർച്ചാലുപോലെ
മെലിഞ്ഞുപോയ ഒരു കടലും.
മേഘങ്ങൾ ഒഴിഞ്ഞുപോയ ആകാശത്ത്
ഞാൻ പ്രണയത്തിന്റെ സിംബലായി..
എന്നെ നോക്കി ഭൂമിയിലെ കുട്ടികൾ
കൂക്കിവിളിച്ചു.
എനിക്ക് സമാന്തരമായി
വേദനയുടെ ചൂളംവിളി മുഴക്കി
ഒരുതീവണ്ടി കടന്നുപോയി.
അതിന്റെ ജാലകസീറ്റുകളിലിരുന്ന്
ഉറങ്ങുകയായിരുന്ന ആണുങ്ങളും പെണ്ണുങ്ങളും
എന്നെ നോക്കി പരിഹാസച്ചിരിമുഴക്കി.
എനിക്കറിയാം, നീ എയ്തുവിട്ട അമ്പുമായി
ഞാൻ പറന്നു തളരുമ്പോൾ
താഴെ വീഴുന്നതും പ്രതീക്ഷിച്ച്
നീ
എന്റെ പിന്നാലെ ഓടുന്നുണ്ടായിരുന്നിരിക്കും,
താഴെ ഭൂമിയിലൂടെ മരങ്ങൾക്ക് മറവിൽ
പൂക്കളുടേയും ഇലകളുടേയും തണലിൽ.
ആകാശത്തിൽ ഞാൻ
പറന്നുകൊണ്ടേയിരുന്നു,
എനിക്ക് മുകളിൽ
ഏകാകിയായ സൂര്യന്റെ കീഴെ
നഗ്നമായ ഒരു പ്രണയ ചിഹ്നം.
ഇന്നലെ മുഴുവൻ..
ഇന്നലെ മുഴുവൻ..

8/9/09

അനുസാരികൾ

എന്റെ മകൻ അനുസരണയുള്ളവനാണ്
അങ്ങനെയല്ലേ വരൂ
അവൻ എന്റെ മകനല്ലേ
ഞാൻ അച്ഛനെ അനുസരിച്ചാണ് വളർന്നത്
അച്ഛൻ അപ്പൂപ്പനെ
അപ്പൂപ്പൻ വല്യപ്പൂപ്പനെ
വല്യപ്പൂപ്പൻ
വല്യവല്യപ്പൂപ്പനെ...
ഞങ്ങൾ കുടുംബത്തോടെ
അനുസരണയുള്ളവരാണ്.
എന്റെ ഭാര്യയും അനുസരണയുള്ളവളാണ്
അവൾ എന്നെ അനുസരിച്ചാണ് ജീവിക്കുന്നത്
അതങ്ങനെയല്ലേ വരൂ
അവളുടെ അമ്മയും അങ്ങനെയാണ്
അവളുടെ അച്ഛനെ അനുസരിച്ചാണ് ജീവിക്കുന്നത്
അവളുടെ അമ്മൂമ്മയും അങ്ങനെതന്നെയായിരുന്നു
അവളുടെ അപ്പൂപ്പനെ അനുസരിച്ചായിരുന്നു
ജീവിച്ചിരുന്നത്.
അവരൊക്കെ കുടുംബത്തോടെ
അനുസരണയുള്ളവരാണ്.
അതുകൊണ്ടാണല്ലോ ഞങ്ങൾതമ്മിൽ ചാർച്ചയുണ്ടായത്
അച്ഛൻ എന്നോട് പറഞ്ഞു
നല്ല അനുസരണയുള്ളവൾ
ഇവളെക്കെട്ടിക്കോ
ഞാൻ അനുസരിച്ചു
അപ്പൂപ്പൻ അച്ഛനോട് പറഞ്ഞു
അനുസരണമുള്ളവൾ
ഇവളെക്കെട്ടിക്കോ
അച്ഛൻ അമ്മയെക്കെട്ടി
മുതുമുത്തച്ഛൻ പറഞ്ഞു
അനുസരണമുള്ളവൾ
ഇവളെക്കെട്ടിക്കോ
അപ്പൂപ്പൻ അമ്മൂമ്മയെക്കെട്ടി
എന്തിനധികം പറയണം,
തലമുറതലമുറയായി കൈമാറിവന്നതാണ്
അനുസരിപ്പെന്ന ഈ സദ്ഗുണം!
അനുസരിക്കലിന് പേരുകേട്ടകുടുംബമായതിനാൽ
ഞങ്ങൾക്ക് തലമുറകളായി സംസാരിക്കേണ്ടിവന്നിട്ടേയില്ല.

7/9/09

എനിക്ക് വയ്യ.

വേണമെങ്കിൽ എണീറ്റ്
അടുക്കളയിൽ പോയിരിക്കാം
പച്ചക്കറിയരിഞ്ഞോ
പാത്രം കഴുകിയോ
ഉപ്പുനോക്കിയോ
അവളെ സഹായിക്കാം

വേണമെങ്കിൽ
അമ്പിളിയമ്മാവനെത്താ‍ാ‍ാ‍ാന്ന്
കൈകവച്ച്
വലിയവായിൽ നിലവിളിക്കുന്ന
ഇളയകുഞ്ഞിനെ എടുത്ത്
മുറ്റത്ത് നടക്കുകയോ
തോളിലേറ്റി കൊക്കാമ്മണ്ടി
കളിക്കുകയോ ചെയ്ത്
അതിന്റെ കരച്ചിലാറ്റാം

വേണമെങ്കിൽ
കല്ലുന്തിനിൽക്കുന്ന ഇടവഴിയേ
കുടിച്ച് കൂ‍ത്താടിയാടി
തപ്പിത്തപ്പിപ്പോകുന്ന
വല്യച്ചന്റെ കൈപിടിച്ച്
വീഴാതെ വീട്ടിൽ കൊണ്ടുചെന്നാക്കാം
അയാളുടെ പല്ലുപോകാതെ കാക്കാം

വേണമെങ്കിൽ
അപ്പുറത്ത് ഒറ്റയ്ക്ക് കഴിയുന്ന വീട്ടിനെ
നിർത്താതെ കുരച്ച് പേടിപ്പിക്കുന്ന
ഇലയനക്കം ഇറങ്ങിനോക്കി
തിണ്ണയിൽ പാളിപ്പതുങ്ങുന്ന
മണ്ണെണ്ണവിളക്കിന്റെ
പേടിമാറ്റാം.

വേണമെങ്കിൽ
ചെന്നുപിടിക്കാൻ
അവിടെ..അല്ലെങ്കിൽ ഇവിടെ..
അല്ലെങ്കിൽ എവിടെയോ
ആരുടെയെങ്കിലുമോ
കൈകൾ നീണ്ടുനിൽക്കുന്നുണ്ടാവും
ആരും പിടിക്കാതെ
ആടിയാടി അന്തരീക്ഷത്തിൽ

വേണമെങ്കിൽ
ചെയ്യാൻ എന്തരെല്ലാം ഉണ്ട് അല്ലേ
പക്ഷേ വേണമണ്ടേ...!

5/9/09

എന്തുപേരിടും ഇതിന് !

നമ്മൾ കരുതുന്നപോലെ
അയാൾ ഇപ്പോൾ
ജീവിച്ചുകൊണ്ടിരിക്കുന്നത്
അയാളുടെ ജീവിതമല്ല
ജനിച്ചപ്പോൾതന്നെ
പിടിച്ചെടുത്ത ഒന്നാണ്
മഴയിൽ പുറന്തോട് പൊട്ടി
പുറത്തുവരുന്ന പുൽനാമ്പ്
ആദ്യം കാണുന്ന മൺ‌തരിയോട്
ചെയ്യുന്നപോലെ
അനുമതിചോദിക്കാതെ
ഒത്തുതീർപ്പുകളില്ലാതെ
ഏറ്റവും ലളിതമായി ചെയ്ത
അവകാശസ്ഥാപനം..

4/9/09

ഓരോരോ പോസിൽ ഓരോരോ ചിന്തകൾ

ഇന്നലത്തെപ്പോലെ
മിനഞ്ഞാന്നത്തെപ്പോലെ
അതിനും മുൻപുള്ള അനന്തകോടി ദിവസങ്ങളിലേപ്പോലെ
വെറുതേ ജീവിച്ചു തള്ളുന്നതല്ലാതെ
എന്ത് കോപ്പാണെടോ നീ ചെയ്യുന്നതെന്ന്
ഞാൻ എന്നോട് ചോദിച്ചു
ചാരുകസേരയിൽ നിന്ന് ചാടിയെണീറ്റിരുന്ന്
ഞാൻ ആ ചോദ്യത്തെപ്പറ്റി ചിന്തിച്ചുതുടങ്ങി
കൈ താടിയിൽ കൊടുത്ത്
ആകാശത്തിലേക്ക് നോക്കി
ഗഹനമായ ഒരു ചിന്ത..
(ആരെങ്കിലും ഒരു ഫോട്ടോ എടുത്തെങ്കിൽ)

പെട്ടെന്ന് വഴിയിലൂടെ
ഒരു പെണ്ണ് നടന്നുപോകുന്നതിന്റെ
അല്ല
വെയിലിൽ അവളുടെ ചിരിയുടയുന്നതിന്റെ
അല്ല
നിലത്ത് അവളുടെ ചെരുപ്പുരയുന്നതിന്റെ
അല്ല
കാറ്റിൽ അവളുടെ പാവാടയുലയുന്നതിന്റെ
അല്ല
സ്വപ്നത്തിൽ അവളുടെ തുണിയഴിയുന്നതിന്റെ
ശബ്ദം കേട്ട് ഞാനുണർന്നു.

ഇവളെപ്പോലെ ഒരുവളെ
ഇന്നലെ
ഇവളെക്കാൾ നല്ല ഒരുത്തിയെ
മിനഞ്ഞാന്ന്
അവളെക്കാളും നല്ല നല്ല ഓരോരുത്തിമാരെ
അതിനും മുൻപുള്ള അനന്തകോടി സ്വപ്നങ്ങളിൽ
ഭോഗിച്ചു തള്ളുന്നതല്ലാതെ
എന്ത് @#$$^%^&& ടാ നീ ചെയ്തിട്ടുള്ളതെന്ന്
ഞാൻ എന്നോട് ചോദിച്ചു.
അത് കേട്ടതും
അതേയിരുപ്പിൽ ഞാനൊന്ന് ചെരിഞ്ഞിരുന്നു
ചിന്തിക്കാൻ വേണ്ടിയല്ല,
വളവു കഴിയുമ്പോൾ അവൾ കാഴ്ചയിൽ നിന്ന്
മറഞ്ഞുപോകാതിരിക്കാൻ..
അവൾ പോയിക്കഴിഞ്ഞതും
മലയിടിഞ്ഞുപോയപോലെ
ഞാൻ കസേരയിലേക്ക് വീണു
ചിന്തതുടങ്ങി..
(ആരും അതു കാണാതിരുന്നെങ്കിൽ)

30/8/09

എന്തതിശയമേ

ബഹിരാകാശത്തുവച്ച്
ഞാന്‍ ഭൂമിയുടെ
സൌന്ദര്യത്തെക്കുറിച്ചു
സംസാരിക്കും.
ഭൂമിയില്‍ വച്ച്
ഞാനെന്റെ രാജ്യത്തെക്കുറിച്ച്
സംസാരിക്കും.
രാജ്യത്തുവച്ച്
ഞാനെന്റെ സംസ്ഥാനത്തെക്കുറിച്ച്
സംസ്ഥാനത്തുവച്ച്
ഞാനെന്റെ പ്രദേശത്തെക്കുറിച്ച്
പ്രദേശത്തുവച്ച്
ഞാനെന്റെ മതത്തെക്കുറിച്ച്
മതത്തില്‍ വച്ച്
ജാതിയെക്കുറിച്ച്
ജാതിയില്‍ വച്ച്
കുലത്തെക്കുറിച്ച്
കുലത്തില്‍ വച്ച്
കുടുംബത്തെക്കുറിച്ച്....
കുടുംബത്തില്‍ വച്ച്
എന്നെക്കുറിച്ചുമാത്രം ...

എന്നെക്കുറിച്ച് മാത്രം
സംസാരിച്ച് സംസാരിച്ച്
എന്റെ കുടുംബം തകർന്നു...
കുടുംബത്തെക്കുറിച്ച് മാത്രം
സംസാരിച്ച് സംസാരിച്ച്
കുലം തകർന്നു
കുലത്തെക്കുറിച്ച്മാത്രം
സംസാരിച്ച് സംസാരിച്ച്
ജാതി തകർന്നു
ജാതിയെക്കുറിച്ച് മാത്രം
സംസാരിച്ച്
മതം തകർന്നു.....
...............
ഓരോന്നായി തകർത്തു തകർത്തുഞാൻ
പുറത്തേക്ക് പുറത്തേക്ക് കടന്നു
ഒടുവിൽ ഭൂമിയും തകർത്ത് ബഹിരാകാശത്തെത്തി
ബഹിരാകാശത്ത് വെച്ച് ഞാൻ
ഭൂമിയെക്കുറിച്ച് .................

29/8/09

പുതുവഴികൾ

ഞാൻ ചീത്തയാണ്‌.
ഒരു മനുഷ്യന്‌ എത്രത്തോളം
ചീത്തയാകാമോ അത്രത്തോളം.
ആധികമാർക്കും അറിയില്ല
ഈ സത്യം.
അറിഞ്ഞവർ ആരോടും പറഞ്ഞിട്ടുമില്ല.

ചീത്തയായിരിക്കുന്നത്‌
അത്ര നല്ലകാര്യമല്ല എന്നെനിക്കറിയാം.
"നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം"
എന്ന ഈണത്തിൽ
ചീത്തയാകാതിരിക്കുന്നതിനായി
സന്ധ്യപ്രാർത്ഥനകൾ ഞാൻ നടത്തിയിട്ടുണ്ട്‌.
പാപബോധങ്ങളുടെ പരുന്തു
റാഞ്ചിയ കോഴിക്കുഞ്ഞായി
കൽവിളക്കുകൾക്കു മുന്നിൽ
വിറകൊണ്ടിട്ടുണ്ട്‌.

ആദ്യമായി മുഷ്ടിമൈഥുനം
ചെയ്ത രാത്രി
ഏറ്റവും അടുപ്പമുള്ള ആരോ
മരിച്ചുപോയാൽ എന്നവണ്ണം.
കരഞ്ഞു വെളുപ്പിച്ചു.
വെളുത്ത രാത്രി
പകലിനെ ശവക്കച്ചപോലെ പുതപ്പിച്ചു.
ആദ്യമായി മദ്യപിച്ചപ്പോഴും
പടുകൂറ്റൻ ഒരു കരച്ചിൽ
എന്റെമീതേ ഉരുൾപൊട്ടി,
വേരുപോയ മരം പോലെ
ഉരുൾ എന്നെ കിടപ്പറകൾക്കും
കക്കൂസുകൾക്കും മീതെ
ഒലിപ്പിച്ചു.
കാമുകിയുടെയായിരുന്നെങ്കിലും
ആദ്യത്തെ സ്ത്രീലിംഗത്തിലേക്കുള്ള കടലിടുക്ക്‌
എന്നെ കരച്ചിലിന്റെ പായ്ക്കപ്പലാക്കിമാറ്റി
കാറ്റിനുപോലും വിട്ടുകൊടുക്കാതെ
അവൾ എന്നെ അവളുടെ തടവറയിലേക്ക്‌
തുഴഞ്ഞു.
ഏറ്റവും ഒടുവിൽ ജാരനായി
ഒളിവുജീവിതം നയിക്കുമ്പോഴാണ്‌
കരച്ചിലിന്റെ ഉപന്യാസമായി
എന്നെ ഒരു പെണ്ണ്‌ വായിച്ചുതീർത്തത്‌.

ഇതു കേൾക്കൂ
ഓരോ തവണ ചീത്തയാകുമ്പൊഴും
നന്നങ്ങാടികളിൽ നിന്നെന്നപോലെ
പഴക്കം ചെന്ന രോദനങ്ങൾ
എന്നിൽ ഉയരാറുണ്ട്‌.
തൊണ്ടയിൽ കുടുങ്ങിയ മീന്മുള്ളുപോലെ
അത്‌ എന്റെ ചിരികളേയും
വർത്തമാനങ്ങളേയും നിയന്ത്രിക്കാറുണ്ട്‌.
ഏനിക്കറിയാം
ചീത്തയായിരിക്കുന്നതൊരിക്കലും
സ്വസ്ഥതയുള്ള ഒന്നല്ലെന്ന്‌.

ഏന്നാൽ നല്ലവരായിരിക്കുന്നവരേ
നിങ്ങൾക്കറിയാമോ
ചീത്തയായിരിക്കുന്നതിൻ സുഖം?
അതിൻ ലഹരി ഒന്നുകൊണ്ടുമാത്രം
നന്നാവാനുള്ള എത അവസരങ്ങൾ
ഞാൻ നിരാകരിച്ചെന്ന്‌.
എന്റെ പ്രശ്നം ഇപ്പോൾ ഇതൊന്നുമല്ല
ആവർത്തിച്ചുള്ള ചീത്തയാകലുകൾ
എന്നെ ചീത്തയല്ലാതായിത്തീർത്തിരിക്കുന്നു.
എത്ര കുടിച്ചാലും മത്തുപിടിക്കാത്ത
മദ്യപനെപ്പോലെ,
എത്ര നീണ്ടാലും സ്ഖലിക്കാതെ
പാതിയിൽ ക്ഷയിക്കുന്ന സുരതമ്പോലെ,
എത്ര മാറ്റിക്കിടത്തിയാലും വിരസത
ശയിക്കുന്ന കട്ടിൽ പോലെ..

എങ്ങനെ ഞാൻ പരിചയപ്പെടുത്തട്ടെ
ചീത്തയാവുന്നതിനുള്ള പുതുവഴികൾ
തേടിക്കൊണ്ടിരിക്കുന്ന എന്നെ..!

27/8/09

പരോൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നു

പ്രിയസുഹൃത്തുക്കളെ,

കാഴ്ച ചലചിത്ര വേദിയുടെ ബാനറിൽ നമ്മൾ മലയാളം ബ്ലോഗർമാർ ചേർന്ന് സാക്ഷാത്കരിച്ച “പരോൾ” ബ്ലോഗ് വായനക്കാർക്കായി ബ്ലോഗിൽ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ബ്ലോഗിന്റെ എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തുന്ന തരത്തിൽ ബൂലോകകവിതയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓണപ്പതിപ്പിലാണ് പരൊൾ പ്രസിദ്ധീകരിക്കുന്നത്.ഓണപ്പതിപ്പിന്റെ റിലീസിനു ശേഷം പരോളിലേക്കുള്ള ലിങ്ക് ഇവിടെ പ്രസിദ്ധീകരിക്കാം. അഭിപ്രായങ്ങളും വിമർശനങ്ങളുമായി ക്രിയാത്മക ഇടപെടലുകൾ പ്രതീക്ഷിച്ചുകൊണ്ട്...

പരോൾ ടീമിനുവേണ്ടി
സനാതനൻ

പരോള്‍കഥ,തിരക്കഥ,സംഭാഷണം:സങ്കുചിതൻ
ഛായാഗ്രഹണം:രെജിപ്രസാദ്
ചിത്രസംയോജനം:ബി.അജിത് കുമാർ
ശബ്ദമിശ്രണം:രെഞ്ജിത് രാജഗോപാൽ
സംഗീതം:പ്രവീൺ കൃഷ്ണൻ
സംവിധാനം:സനാതനൻ
നിർ‌മാണം:ദിലീപ് എസ്. നായർപ്രിയപ്പെട്ട വായനക്കാരേ ഇത് പരോൾ... പരിമിതികൾക്കുള്ളിൽ നിന്ന് കുറച്ച് മലയാളം ബ്ലോഗർമാർ നിർമിച്ച ആദ്യ മലയാള ബ്ലോഗ് ചലചിത്രം. കണ്ടറിയാനുള്ളത് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ.അതിനാൽ കൂടുതൽ എഴുതുന്നില്ല,കൂടുതൽ വായനയ്ക്ക് ഇവിടെ പോകുക.തിരക്കഥ ഇവിടെ.പോരായ്മകൾ അനവധിയുണ്ടെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പൂർത്തീകരിച്ചു എന്നുള്ളതുകൊണ്ട് തികഞ്ഞ അഭിമാനത്തോടെ ഞങ്ങൾ പരോൾ ഇവിടെ പ്രദർശിപ്പിച്ചുകൊള്ളുന്നു.മലയാളം ബ്ലോഗിൽ ആദ്യമായി ഒരു മുഴുനീളസിനിമാ പ്രദർശനം ആദ്യത്തെ ഓണപ്പതിപ്പിലൂടെ ആകുന്നതിൽ നിറസന്തോഷം.
ബ്ലോഗറിൽ 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഫയൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ എന്നതുകൊണ്ട് വീഡിയോ ക്വാളിറ്റി കുറച്ചിട്ടുണ്ട് ക്ഷമിക്കുക.

23/8/09

ദളിത കവി

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
വയൽത്തണ്ടിന്റെ ഊത്തും
കരഞണ്ടിന്റെ ഇറുക്കും
നനഞ്ഞ മണ്ണിളകുമ്പോൾ
കലപ്പനാവിൽ നിന്നുയരുന്ന
മന്ത്രവാദവും മറന്നിട്ടില്ല

കലപ്പയേന്തിയ കർഷകനെ
ചുവരിൽ വരച്ചിരുന്ന
കോശിയുടെ
മണ്ണുപൂശിയ വീട്
പൊളിഞ്ഞുപോയെങ്കിലും
വേലിയിലെ
ചെമ്പരത്തിപ്പൂവിന്റെ
ചുവപ്പു മാഞ്ഞിട്ടില്ല

മുറമ്പോലെ
വിരിഞ്ഞ്, ആകാശം നോക്കി
കിടക്കുന്ന മുറ്റത്ത്
കൊറ്റു പാറ്റിക്കൊഴിച്ചിരുന്ന്
സൊറപറയുന്ന
അമ്മായി മാർക്ക്
കൂട്ടിരിക്കാറുണ്ടായിരുന്ന
അമ്പിളിയമ്മാമനെ മറന്നിട്ടില്ല

പത്തായവും
പട്ടിണിയും ഒരുമിച്ചു വീതം കിട്ടിയ
ജന്മിയും
കുടിയാനുമായിരുന്നെങ്കിലും
ഓലവാരിയിൽ
അച്ഛൻ സൂക്ഷിച്ചിരുന്ന
കൊയ്ത്തരിവാൾ മൂർച്ച
ഇനിയും മറന്നിട്ടില്ല

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
പുഴുക്കലരി ചിക്കാനുള്ള
ഈറമ്പായയിൽ
ചാണകം കൊണ്ട്
അമ്മ വരച്ചിരുന്ന
ചിത്രങ്ങളൊന്നും മറന്നിട്ടില്ല

മറക്കാത്ത ചിത്രങ്ങൾ കൊണ്ട്
ഞാനൊരു കവിതയുണ്ടാക്കിയാൽ
ഓർക്കാത്ത ശിൽ‌പ്പങ്ങളിൽ നിന്ന്
ഇറങ്ങിവരുന്ന
നിങ്ങളെല്ലാം ചേർന്ന്
എന്നെ
ദളിത കവി
എന്ന് വിളിച്ചാലോ!

അല്ലെങ്കിൽത്തന്നെ
ഉറക്കത്തിലെപ്പോഴും മനപ്പാഠം
ചൊല്ലുന്ന ഒറ്റവരിക്കവിതയ്ക്ക്
കാള ർ‌ർ‌ർ‌ർ‌റ
എന്ന താളമാണെന്ന്
ഭാര്യ പറയാറുണ്ട്..

ഡിൽഡോ അഥവാ ആറുമരണങ്ങളുടെ ഒരു ജീവിതം

പത്രഭാഷയിൽ ഓരോ വാർത്തയും (ഫാക്റ്റ്‌) ഓരോ സ്റ്റോറിയായാണ്‌ (ഫിക്ഷൻ) അറിയപ്പെടുന്നത്‌. ആ അർത്ഥത്തിലാണെങ്കിൽ ഫാക്റ്റിനെ ഫിക്ഷണാക്കുന്ന കലയാണ്‌ പത്രങ്ങൾ നിർവഹിക്കുന്നത്‌ എന്നു പറയണം. പത്രങ്ങളിലൂടെ പുരോഗമിക്കുന്ന ഒരു ലോകത്തെ സംബന്ധിച്ചാണെങ്കിൽ ഫിക്ഷനിൽ നിന്നും ഫാക്റ്റിനെ വേർതിരിച്ചെടുക്കുക എന്ന ദിനചര്യയാണ്‌ ജീവിതം എന്നും . പത്രങ്ങൾ ആധികാരികഗ്രന്ഥമാകുന്ന ഒരു ലോകത്തിൽ അങ്ങനെ പൾപ്പ്‌ഫിക്ഷൻ ഒരു പാഠപുസ്തകമാകുന്നു. (ഇവിടെ പത്രം എന്ന വാക്ക്‌ എല്ലാ വാർത്താമാധ്യമങ്ങളേയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌).ഇങ്ങനെ പത്രങ്ങൾ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു ലോകത്തിനെ അഭിമുഖീകരിക്കുകയാണ്‌ വി.എം.ദേവദാസിന്റെ ഡിൽഡോ - ആറുമരണങ്ങളുടെ പൾപ്പ്ഫിക്ഷൻ പാഠപുസ്തകം എന്ന നോവൽ.

പരസ്പര ബന്ധമില്ലെന്ന്‌ ഒറ്റനോട്ടത്തിൽ തോന്നുന്ന ആറു മരണങ്ങളുടെയും അവയ്ക്ക്‌ നിദാനമായ ഒരു ജീവിതത്തിന്റേയും കഥയാണ്‌ ഈ നോവൽ എന്ന്‌ ഒറ്റവരിയിൽ പറയാം. യാന്ത്രികമായ ലൈംഗീകതയെ പ്രതിനിധീകരിച്ചുകൊണ്ട്‌ ഡിൽഡോകളും എന്തും വിൽപ്പനക്കു വെയ്ക്കുന്ന വിപണിയായ പുതിയലോകക്രമത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌ പാലികാബസാറും ലക്ഷ്യം നഷ്ടപ്പെട്ട്‌ കാൽപ്പനികമായി മാറിക്കഴിഞ്ഞ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി മാവോയിസ്റ്റ്‌ തീവ്രവാദിയും വസ്തുതകളെ ഉപരിതലത്തിൽ മാത്രം സ്പർശിച്ചുപോകുന്ന വിവരവിനിമയമാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ പത്രവാർത്തകളും നോവലിൽ നിരക്കുന്നു. ഇങ്ങനെ നോവലിലെ കഥാപാത്രങ്ങളും,കാലവും, പ്രമേയവും,പശ്ചാത്തലവും ഒക്കെ പ്രാതിനിധ്യസ്വഭാവം ആർജിക്കുന്നത്‌ വായനക്കാരൻ തിരിച്ചറിയുമ്പോഴാണ്‌ വെറും ആറുമരണങ്ങളുടെ കഥ എന്ന നിലയിൽ നിന്ന്‌ അധുനാധുനികമായ സമകാലജീവിതത്തിന്റെ സമീപക്കാഴ്ചയായി നോവൽ മാറുന്നത്‌ .

നോവൽ ആമുഖത്തിൽത്തന്നെ പറയുന്നതുപോലെ പത്രവാർത്തകളിലൂടെയാണ്‌ നാം പാഠപുസ്തകത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. പാഠപുസ്തകത്തിന്റെ ഘടനയിൽ നോവലിന്റെ ഓരോ അധ്യായവും ഓരോ പത്രവാർത്തകൾക്കും, അവയിലൂടെ നാമറിയുന്ന കഥാപാത്രങ്ങളുടെ ആത്മകഥനത്തിനും ഒടുവിൽ ചോദ്യോത്തരങ്ങളുടെ ഒരു അഭ്യാസം പേറുന്നുണ്ട്‌ . അഭ്യാസം എന്ന വാക്ക്‌ എല്ലാ അർത്ഥത്തിലും പ്രയോഗസാധ്യതയുള്ള ഒന്നാണ്‌ ഇവിടെ. ഓരോ വായനക്കാരനും ഓരോ അഭ്യാസിയാണ്‌. കഥയ്ക്കുള്ളിൽ നിന്ന്‌ യഥാതഥത്തെ കുഴിച്ചെടുക്കുന്നതിന്‌ പാടവമുള്ള ഒരു അഭ്യാസിക്കുതന്നെയല്ലേ കഴിയുകയുള്ളു. ആറുമരണങ്ങൾ ആറ്‌ കഥകളാണ്‌, ആറ്‌ കഥകൾ ആറ്‌ വസ്തുതകളാണ്‌, ആറ്‌ വസ്തുതകൾ ആറ്‌ വഴികളാണ്‌. നോവലിലേക്ക്‌ പ്രവേശിക്കാൻ പാലികാബസാർ എന്ന അണ്ടർഗ്രൗണ്ട്‌ മാർക്കറ്റിലേക്ക്‌ പ്രവേശിക്കുന്നപോലെ ഈ ആറുവഴികളിൽ ഏതുവേണമെങ്കിലും വായനക്കാരന്‌ തിരഞ്ഞെടുക്കാം എന്ന സൗകര്യമുണ്ട്‌. പക്ഷേ ഒടുവിൽ നോവലിൽ നിന്നും പുറത്ത്‌ പോകാൻ ഏഴാമത്തെ വഴിമാത്രമേ ലഭ്യമായിട്ടുള്ളൂ. അത്‌ മരണത്തിൽ അവസാനിക്കുന്നതല്ലതാനും. ഇങ്ങനെ ഘടനാപരമായ പ്രത്യേകതകൾ കൊണ്ട്‌ ആവർത്തിച്ചുള്ള വായനകൾക്ക്‌ അനവധി മാർഗങ്ങൾ തുറന്നിടുന്നു എന്നതാണ്‌ ഈ നോവലിന്റെ ഏറ്റവും പ്രധാന സവിശേഷത.
പത്രങ്ങൾ ആറുമരണങ്ങളേയും പരസ്പരബന്ധമില്ലാത്ത ആറ്‌ വാർത്തകളായി അവതരിപ്പിച്ചിരിക്കുന്നു. നോവലിന്റെ കഥാശരീരത്തെ ശസ്ത്രക്രിയചെയ്തുകൊണ്ടാണ്‌ ഓരോ ആത്മകഥനത്തിനും ഒടുവിലെ അഭ്യാസങ്ങൾ നിലകൊള്ളുന്നത്‌. മുൻപ്‌ പറഞ്ഞപോലെ പത്രങ്ങൾ ഫാക്റ്റിനെ ഫിക്ഷണാക്കുന്ന ജോലിയിൽ ഏർപ്പെടുമ്പോൾ ഫിക്ഷനിൽ നിന്നും ഫാക്റ്റിനെ ചികഞ്ഞ്‌ കണ്ടെത്തേണ്ടുന്ന അനുവാചകന്റെ ബാധ്യതയെ ഓർമ്മിപ്പിക്കുന്നു ഈ അഭ്യാസങ്ങൾ. പക്ഷേ അഭ്യാസങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ വേണമെങ്കിൽ വായന മുഴുമുപ്പിക്കുകയും അങ്ങനെ ഒര്‌ (അ)പൂർണ്ണവായനക്ക്‌ ശേഷം അഭ്യാസങ്ങളിലേക്ക്‌ മടങ്ങിവരുകയും ചെയ്യാം എന്ന്‌ നോവൽ തുടക്കത്തിൽ തന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ അഭ്യാസങ്ങൾ പാടേ ഒഴിവാക്കിക്കൊണ്ട്‌ വായന പൂർണമാക്കാം എന്ന സൗകര്യമൊട്ടില്ല താനും.ഓരോ അഭ്യാസവും ഒരു പബ്ലിക്‌ എക്സാമിനേഷൻ റാങ്ക്‌ ഫയൽ എന്നപോലെ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഓരോ മരണത്തേയും പുനരുത്പാദിപ്പിക്കുന്നുണ്ട്‌. വാർത്തകളെ വിവരങ്ങളും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ആക്കി റാങ്ക്ഫയലുകളിലേക്ക്‌ പരിപ്രേഷണം ചെയ്യുക എന്നത്‌ ഹൃദയത്തെക്കാൾ തലച്ചോറുകൊണ്ട്‌ ജീവിക്കുന്ന പുതിയലോകത്തിന്റെ പൊതു സ്വഭാവമാണല്ലോ. ഇതും കൂടി കൂട്ടിവായിക്കുമ്പോഴാണ്‌ ഘടനാപരമായ പരീക്ഷണം എന്നതിലുപരി ഈ അഭ്യാസങ്ങൾക്ക്‌ നോവലിന്റെ നിലപാട്തറയിൽ ഉള്ള സാംഗത്യം നമുക്ക്‌ മനസിലാക്കാൻ കഴിയുന്നത്‌.

നോവൽ പ്രതിപാദിക്കുന്ന ആറുമരണങ്ങളിൽ ആദ്യത്തേത്‌ കൊച്ചിയിലെ ഒരു മാവോയിസ്റ്റ്‌ തീവ്രവാദിയുടെ ഏറ്റുമുട്ടൽ മരണമാണ്‌. പത്രവാർത്തകൾക്ക്‌ വിരുദ്ധമായി മരണപ്പെട്ടയാൾ സ്വന്തം ജീവിതത്തെ അഥവാ മരണത്തെ വിവരിക്കുമ്പോൾമാത്രമാണ്‌ നാം മാവോയിസ്റ്റ്‌ തീവ്രവാദി യഥാർത്ഥത്തിൽ മാവോയിസ്റ്റ്‌ തീവ്രവാദിയല്ലെന്നും ഏറ്റുമുട്ടൽ യഥാർത്ഥത്തിൽ ഏറ്റുമുട്ടൽ അല്ലെന്നും മരണം മാത്രമാണ്‌ വാർത്തയിൽ സത്യമായുള്ളതെന്നും തിരിച്ചറിയുന്നത്‌.മാവോയിസ്റ്റ്‌ തീവ്രവാദിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ടവൻ വിപ്ലവത്തെക്കുറിച്ചല്ല സെക്സ്‌ ഡോളുകളെക്കുറിച്ചാണ്‌ വാചാലനാകുന്നത്‌. ലൈംഗീകപ്പാവകളുടെയും ഡിൽഡോകളുടേയും കാര്യത്തിലെന്നപോലെ മാവോയിസ്റ്റ്‌ ലഘുലേഖകളും ഗോ‍ൂഡമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതല്ലാതെ പത്രവാർത്തകളിലെ കഥയും അഭ്യാസങ്ങളിലെ വസ്തുതകളും പരസ്പരം യോജിച്ചുപോകുന്നില്ല.

നോവലിലെ മറ്റെല്ലാ മരണങ്ങളും കൊലപാതകങ്ങളോ ആത്മഹത്യകളോ ആണ്‌. ലൈംഗീകതയും വിപ്ലവവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാകാൻ തരമില്ലാത്തത്‌ കൊണ്ട്‌ മാവോയിസ്റ്റ്‌ തീവ്രവാദിയേയോ അയാളുടെ രാഷ്ട്രീയത്തെയോ നാം എവിടെയും പ്രതീക്ഷിക്കുന്നില്ല.മുൻപ്‌ പറഞ്ഞപോലെ ഗോ‍ൂഡമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതല്ലാതെ വിപ്ലവകരമായ ഈ രണ്ട്‌ പ്രത്യയശാസ്ത്രങ്ങളും തമ്മിൽ പ്രത്യക്ഷമായ ബന്ധങ്ങളൊന്നും ഇല്ല എന്ന്‌ പത്രവാർത്തകളെ മുഖവിലക്കെടുത്തുകൊണ്ട്‌ നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ വാർത്തകളിലെ വ്യക്തികൾ സംസാരിച്ചുതുടങ്ങുന്നതോടെ കഥമാറുകയായി. പാരസ്പര്യത്തിന്റെ വിദൂരസാധ്യതകൾ പോലും ഇല്ലെന്ന മുൻവിധികൾ തകിടം മറിച്ചുകൊണ്ട്‌ യാന്ത്രികമായ രതിയും കാൽപ്പനികമായ രാഷ്ട്രീയവും നേർ രേഖയിൽ നിലയുറപ്പിക്കുന്നു.

പരസ്പരം ബന്ധുക്കളോ ശത്രുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ അല്ലെങ്കിൽപ്പോലും നോവലിലെ ഓരോ കഥാപാത്രവും മറ്റൊരു കഥാപാത്രത്തിന്റെ മരണത്തിന്‌ ഏതുവിധത്തിൽ കാരണമായിരിക്കുന്നു എന്ന അന്വേഷണം ഈ പൾപ്പ്‌ ഫിക്ഷനെ ഒരു ഡിറ്റക്റ്റീവ്‌ നോവൽ എന്ന നിലയിലുള്ള പുനർവായനക്ക്‌ സാധ്യത നൽകുന്നുണ്ട്‌ . അത്തരം ഒരു വായനയിൽ വായനക്കാരൻ എത്തിച്ചേരുന്ന 'കുറ്റാന്വേഷകൻ തന്നെ കുറ്റവാളിയാകുന്നു' എന്ന കാഴ്ചയാണ്‌ ഈ നോവൽ നൽകുന്ന ഏറ്റവും മിഴിവുറ്റ വായനാനുഭവം എന്ന്‌ തോന്നുന്നു. നോവലിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ ഡിൽഡോ വിൽക്കുന്ന പെൺകുട്ടിയെ സ്പോൺസർ ചെയ്യുന്നതിന്‌ വേണ്ടി വരുന്ന അധിക ചെലവ്‌ കണ്ടെത്തുന്നത്‌ പരിശോധനക്കിടെ പിടിക്കപ്പെടുന്ന ഡിൽഡോകളും സെക്സ്‌ ഡോളുകളും കരിഞ്ചന്തയിലെ ഏജന്റിന്‌ കൈമാറ്റം ചെയ്തുകൊണ്ടാണ്‌. ഇങ്ങനെ പാലികാബസാറിൽ എത്തിച്ചേരുന്ന ഡിൽഡോകൾ തന്നെയാണ്‌ വിൽപ്പന നടത്താനായി പെൺകുട്ടിക്ക്‌ ഏൽപ്പിക്കപ്പെടുന്നതും അങ്ങനെ അന്തിമമായി അവളുടെ മരണത്തിന്‌ ഹേതുവാകുന്നതും.ഇങ്ങനെ പ്രത്യേകതകളൊന്നുമില്ലാത്ത ആറു മരണങ്ങളുടെ കഥയായി വെവ്വേറേ റിപ്പോർട്ട്‌ ചെയ്യപ്പെട്ട പത്രവാർത്തകളിലൂടെ നോവലിലേക്ക്‌ പ്രവേശിച്ച വായനക്കാരൻ എത്തിച്ചേരുന്നത്‌ ചോരനൂലുകൾ പോലെ ഇടകലരുന്ന പ്രണയത്തിന്റേയും,രതിയുടേയും, കാൽപ്പനിക രാഷ്ട്രീയത്തിന്റേയും അധോലോക ബന്ധത്തിന്റെ നടുത്തളത്തിലാണ്‌.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പ്രണയത്തിലും കവിതകളിലും മുഴുകി കാൽപ്പനികമായൊരു ജീവിതം നയിക്കുന്ന സ്വപ്നജീവിയാണ്‌ ഞാൻ എന്ന്‌ ഒറ്റവരിയിൽ ജീവിതത്തെ വിവരിക്കുന്ന മാവോയിസ്റ്റ്‌ തീവ്രവാദിയാണ്‌ നോവലിൽ മരണത്തെ അതിജീവിക്കുകയും മരിച്ചവർക്കൊപ്പം സ്വന്തം കഥ പറയുകയും ചെയ്യുന്ന ഒരേയൊരു കഥാപാത്രം. അയാൾ തന്നെയാണ്‌ നോവലിലെ നായകനും വില്ലനും എന്ന്‌ വിശേഷിപ്പിക്കാം. നോവലിലെ ആറുപേരുടെയും (അതെ, ഒരു സാധാരണ മരണം എന്ന്‌ നോവൽ വിശേഷിപ്പിക്കുന്ന തുണിമിൽ തൊഴിലാളി ഉൾപ്പെടെ ആറുപേരുടേയും) മരണത്തിന്‌ അറിഞ്ഞോ അറിയാതെയോ ഉത്തരവാദിയാകുന്നത്‌ അയാൾ തന്നെയാണ്‌. തിരസ്കൃത പ്രണയത്തിന്റെ വേദനയിൽ നിന്ന്‌ രക്ഷപ്പെടുന്നതിനു വേണ്ടിയാണ്‌ അയാൾ തീവ്രവാദത്തിന്റെ കാൽപ്പനിക രാഷ്ട്രീയത്തിലേക്ക്‌ ഒളിച്ചോടുന്നത്‌. കാൽപ്പനികത അയാളുടെ സന്തത്ത സഹചാരിയാണ്‌. മറ്റൊരു പുരുഷനുമായുള്ള കാമുകിയുടെ വിവാഹ ശേഷവും അവളുടെ ഫോട്ടോ പഴ്സിൽ തിരുകി നടക്കുകയും ആ ഫോട്ടോ കീറിക്കളയാൻ നിർബന്ധിക്കുന്ന കസ്റ്റംസ്‌ ഉദ്യോഗസ്ഥനോട്‌ ബാലിശമായ പ്രതികാരം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്‌ അയാൾ.

നോവലിൽ മരണപ്പെടുന്ന മറ്റു രണ്ടുപേർ സ്ത്രീകഥാപാത്രങ്ങളാണ്‌ . ഒരാൾ അനാഥാലയത്തിലെ പെൺകുട്ടിയാണ്‌, പിങ്ക്‌ ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഡിൽഡോ സ്വന്തമാക്കാൻ മാത്രമായി ഡിൽഡോ വിൽപ്പനയ്ക്ക്‌ ഏജന്റാകുന്നവൾ, വിരലുകൾ കൊണ്ട്‌ രതിയുടെ ശലഭച്ചിറകുകൾ വരച്ചുകൊണ്ട്‌ മരണത്തിലേക്ക്‌ നടക്കുന്നവൾ. മറ്റേയാൾ കാമുകൻ ചുംബിച്ച ഇടതുമുല വേദന പൊറാഞ്ഞ്‌ മുറിച്ചുകളഞ്ഞവൾ, 31 അടി ഉയരമുള്ള കെട്ടിടമായി സ്വന്തം ജീവിതത്തെ സങ്കൽപ്പിച്ചുകൊണ്ട്‌ ഗ്രൗണ്ട്‌ സീറോയിലെ പ്രശാന്തിയിലേക്ക്‌ കുതിക്കുന്നവൾ. രണ്ടുപേരും കാൽപ്പനികമായ സ്വപ്നജീവിതം തന്നെയാണ്‌ നയിക്കുന്നത്‌, തീവ്രവാദികൾ അല്ല എങ്കിലും.

മരണപ്പെടുന്നതിൽ അവസാനത്തെയാൾ ഒരു തുണിമിൽ തൊഴിലാളിയാണ്‌. സംഭവബഹുലമൊന്നുമല്ലാത്ത ഒരു മരണം. തുണിമില്ലിൽ ജോലിക്കിടെ കുഴഞ്ഞുവീണ്‌ മരിക്കുകമാത്രമാണയാൾ. നോവലിൽ കാര്യമായി ഇടപെടലുകൾ ഒന്നും ഇല്ലെന്ന്‌ നോവൽ തന്നെ ഒഴിവാക്കുന്ന അയാളുടെ സാധാരണമരണത്തെ എന്തിന്‌ ആറാമത്തെ മരണമായി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന്‌ നമുക്ക്‌ അത്ഭുതം തോന്നിയേക്കാം. പൾപ്പ്‌ ഫിക്ഷൻ എന്ന നിലയിലോ, കുറ്റാന്വേഷണം എന്ന നിലയിലോ നോവൽ വായിച്ച്‌ തീർക്കുമ്പോൾ നമുക്ക്‌ ഒരിക്കലും അയാളുടെ സാധാരണത്തിൽ സാധാരണമായ മരണത്തിന്‌ പ്രത്യേകതകളൊന്നും തോന്നുകയുമില്ല. ഇവിടെയാണ്‌ നോവലിന്റെ മറ്റൊരു വായനാ സാധ്യത ആരായുന്നതിന്‌ നാം നിർബന്ധിതരാകുന്നത്‌. അതാണ്‌ പൾപ്പ്‌ ഫിക്ഷൻ എന്ന്‌ മുഖക്കുറിപ്പോടെ അവതരിച്ചിരിക്കുന്ന നോവലിന്റെ ഏറ്റവും തീവ്രവും പരുക്കനുമായ വായന. അതൊരു രാഷ്ട്രീയവായനയാണ്‌. അത്തരം ഒരു വായനയിലാണ്‌ അഞ്ചുമരണങ്ങൾക്കു കാരണക്കാരനെന്ന്‌ പ്രത്യക്ഷത്തിൽ തന്നെ നാം വിലയിരുത്തുന്നുണ്ടെങ്കിലും രക്ഷപ്പെട്ടുപോകാൻ അലസമായി അനുവദിച്ച കാൽപ്പനികനായ സ്വപ്നജീവിയെ കയ്യോടെ പിടികൂടി ആറാമത്തെ മരണത്തിന്റെ പേരിൽ നാം വിചാരണക്കൂട്ടിൽ നിർത്തുന്നത്‌.

ഡിൽഡോ എന്നവാക്കിന്‌ പുരുഷലിംഗാകൃതിയുള്ള രതിയുപകരണം എന്നാണ്‌ അർത്ഥം. പക്ഷേ ഇത്‌ ഒരു ലൈംഗീകനോവൽ അല്ല. വായനയുടെ ഒരു ഘട്ടത്തിൽപ്പോലും ലൈംഗീകമായ ഉത്തേജനമോ ഊർജ്ജമോ പകർന്നു തരില്ലെന്ന്‌ മാത്രമല്ല ലൈംഗീകതയെ യാന്ത്രികമായ ഒന്നായി അവതരിപ്പിച്ചിരിക്കുകകൂടി ചെയ്തിരിക്കുന്നു ഇവിടെ. നോവൽ ആവിഷ്കരിക്കുന്ന ലോകത്തിൽ രതി നൈസർഗികമായ ഒന്നല്ല . ഉപകരണജന്യമായ ഒരു വിനോദമെന്നോ, ആകാംക്ഷയെന്നോ വിളിക്കാവുന്ന ഒന്ന്‌ മാത്രമാണത്‌. സ്വാഭാവികമായ രതി നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ ഒട്ടും തന്നെയില്ല. എന്നാൽ നോവൽ ഒഴുകുന്നത്‌ പ്രണയത്തിന്റേയും, പ്രണയ നൈരാശ്യത്തിന്റേയും രതിരാഹിത്യത്തിന്റേയും, അതിൽ നിന്നുടലെടുക്കുന്ന മരണങ്ങളുടേയും കഥാവഴിയിലൂടെയാണ്‌. കാൽപ്പനികമല്ലാത്ത ലൈംഗീകതയുടെ അശ്ലീലമായ യാന്ത്രികതയേയും കാൽപ്പനികമായ രാഷ്ട്രീയത്തിന്റെ ആഭാസകരമായ ന്യായീകരണങ്ങളേയും വരികൾക്കിടയിൽ നമുക്ക്‌ വായിക്കാം. നവീനമായൊരു വായനാനുഭൂതി പകർന്നുതരുന്ന പുസ്തകം എന്ന നിലയ്ക്കും 2007 ൽ പുറത്ത്‌ വന്ന ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങൾ മുന്നോട്ട്‌ വെച്ച രചനാപരീക്ഷണങ്ങളുടെ തുടർച്ച എന്ന നിലയ്ക്കും ചർച്ചചെയ്യപ്പെടുന്ന ഒന്നാകും ഈ നോവൽ.

വി.എം.ദേവദാസിന്റെ ആദ്യനോവലായ ഡിൽഡോ - ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ മലയാളം ബ്ലോഗിൽ നിന്നുള്ള പുസ്തകപ്രസാധന-വിതരണ സംരംഭമായ ബുക്ക്‌ റിപ്പബ്ലിക്ക്‌ ആണ്‌. സമാന്തരമായ ഒരു പുസ്തക പ്രസാധന സംരംഭം എന്ന നിലയിൽ ബ്ലോഗ്‌ മുഖാന്തിരം രൂപം കൊണ്ട ബുക്ക്‌ റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകമാണ്‌ ഡിൽഡോ. ആദ്യ പുസ്തകമായ ടി.പി. വിനോദിന്റെ "നിലവിളിയുടെ കടങ്കഥകൾ" എന്ന കവിതാ സമാഹാരം നിരൂപക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്‌. നോവലിന്‌ (അന) അവതാരിക എഴുതിയിട്ടുള്ളത്‌ മേതിൽ രാധാകൃഷ്ണനും കവർ ഡിസൈൻ ചെയ്തിരിക്കുന്നത്‌ ഉ​‍േ?ഷ്‌ ദസ്തക്കിറും.പുസ്തകം നെറ്റിലൂടെ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ബുക്ക്‌ റിപബ്ലിക്കിന്റെ വെബ്സൈറ്റായ http://bookrepublic.in/ ൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. ബുക്ക്‌ റിപ്പബ്ലിക്കിനെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾക്ക്‌ http://book-republic.blogspot.com/ സന്ദർശിക്കാം.

20/8/09

സർക്കുലർ

ഓണച്ചന്തയിൽ
ഒരു തമിഴൻ വാഴയ്ക്കാ
നാടൻ വെള്ളരിപ്പിഞ്ചിനെ
തുണിപൊക്കിക്കാണിച്ചു.
അന്തിച്ചുപോയ
വെള്ളരിപ്പിഞ്ച്
വെള്ളരിക്കാപ്പട്ടണം പോലീസ് സ്റ്റേഷനിൽ
സ്ത്രീപീഢനത്തിന്
കേസ്കൊടുത്തു.
പ്രായപൂർത്തിയാകാത്ത വെള്ളരിപ്പെണ്ണിനോട്
അസഭ്യമായി പെരുമാറിയതിന്
വെള്ളരിക്കാപ്പട്ടണം
പോലീസ്
തമിഴൻ വാഴയ്ക്കായെ
അറസ്റ്റ് ചെയ്ത്
ലോക്കപ്പിലിട്ട്
കുനിച്ച് നിർത്തി
കൂമ്പിനിടിച്ചു.
ഇടിയൊരു സംഭവമായി
സംഭവം വാർത്തയായി,
വാർത്ത വഴക്കായി
വഴക്ക് വക്കാണമായി
ആകെ കുഴപ്പമായി
തമിഴൻ വാഴക്കകൾ
പ്രതിഷേധപ്രകടനം നടത്തി
വർഗസ്നേഹികളായ
വാഴക്കാ അസോസിയേഷൻ
അടിയന്തിരയോഗം കൂടി
ഓണച്ചന്തകൾ ബഹിഷ്കരിക്കാൻ
ആഹ്വാനമായി
ചന്തകൾ സ്വാഹയായി.
നഷ്ടം കൊണ്ട് കഷ്ടപ്പെട്ട
ഓണച്ചന്ത ഭാരവാഹികൾ
വെള്ളരിക്കാ പിഞ്ചിനെയങ്ങ്
പിരിച്ചുവിട്ടു.
പ്രശ്നം പരിഹാരമായി..
ഓണം കഴിയുന്നതുവരെയെങ്കിലും
അടങ്ങി ഒതുങ്ങിക്കഴിഞ്ഞോണമെന്ന്
വെള്ളരിക്കാപ്പിഞ്ചുകൾക്ക്
സർക്കുലറുണ്ടായി...

18/8/09

മുന്നറിയിപ്പ്

കവിതയെഴുതിയെഴുതിയെഴുതി
ഞാൻ മരിക്കുന്ന നാൾ
കവിതവിഴുങ്ങിവിഴുങ്ങിവിഴുങ്ങി
നിങ്ങളും മരിക്കും

11/8/09

കയ്യെഴുത്ത് പ്രതി

കോടതി മുറിയിൽ
ഒരു കവി
വക്കീൽ വേഷത്തിൽ
കള്ളനെപ്പോലെ
ആരും കാണാതെ
കവിതയുടെ പൂട്ടു പൊളിക്കുന്നു

കോടതി കൂടുന്നു
കേസു വിളിക്കുന്നു
വിചാരണ തുടങ്ങുന്നു
കവി അറിയുന്നില്ലൊന്നും
കവിതയുടെ പൂട്ട് തുറക്കുന്നില്ലൊട്ടും

കോടതി ക്രുദ്ധമാവുന്നു
കയ്യെഴുത്ത് പ്രതി
കയ്യെഴുത്ത് പ്രതി
കയ്യെഴുത്ത് പ്രതി
പ്രതിയുടെ പേര് നീട്ടി വിളിക്കുന്നു
ജാമ്യമില്ലാത്ത വാറന്റിട്ട്
കേസ് അനിശ്ചിതകാലത്തേക്ക്
വലിച്ചെറിയുന്നു.

എന്നിട്ടും
കവി അറിയുന്നില്ലൊന്നും
പൊടുന്നനെ മിന്നൽ പോലെ
ആൾക്കൂട്ടത്തിൽ നിന്നൊരു പ്രതി
ചാടിയെത്തുന്നു.
കവിയെ തട്ടി വിളിക്കുന്നു
കരണത്ത് കയ്യൊപ്പ് വെയ്ക്കുന്നു
ഓർമ്മയുണ്ടോടാ കവീ
ഈ മുഖം എന്ന് ഒച്ച വെയ്ക്കുന്നു.

കവിതയുടെ പൂട്ടുപേക്ഷിച്ച്
കവി എണീൽക്കുന്നു
മറന്നുപോയല്ലോ
സ്വന്തം കയ്യെഴുത്ത് പ്രതിയെ
എന്ന് വിലപിക്കുന്നു.
കോടതി
പിരിഞ്ഞ് പോകുന്നു
പാലുപോലെ
പിരിഞ്ഞുപോകുന്നു
നൂലുപോലെ
പിരിഞ്ഞുപോകുന്നു.

1/8/09

എലിഅന്നാകരേനീനയും
ഓൾഡ്മാൻ ആൻഡ് ദി സീയും
മുഴുവനായും വായിച്ചുതീർത്ത
ഒരു എലി
എന്റെ അലമാരയിൽ
താമസമുണ്ടായിരുന്നു.
എലിയാണെങ്കിലും ആൾ പുലിയായിരുന്നു.
ചുള്ളിക്കാടിന്റെ ഗസൽ
പകുതി വായിച്ചപ്പോൾത്തന്നെ
ദുര
നരകരാത്രി
സത്രം
കരൾ, കറ എന്നിങ്ങനെ
ആവർത്തിക്കുന്ന വാക്കുകൾ
കാണാപ്പാഠം പഠിച്ച്
മധുസൂദനൻ നായരെപ്പോലെ
കച്ചേരിക്ക് ശ്രമിക്കുന്നത് കേട്ടു.
അങ്ങനെയാണ്
കാരാഗ്രഹത്തിന്റേതെന്നപോലെ
പണ്ടെന്നോ അടഞ്ഞ
പുസ്തക അലമാരയുടെ
തുരുമ്പിച്ച വാതിൽ ഞാൻ തുറക്കുന്നത്.

രണ്ടായ്‌മുറിഞ്ഞ പി.പി.രാമചന്ദ്രനും
കോമയിൽ കിടക്കുന്ന കുറൂരും
കുളത്തിലെ വിഷ്ണുപ്രസാദും
പൾപ്പായ ലതീഷും
നിലവിളിക്കുന്ന വിനോദും
നെഞ്ചും വിരിച്ചു തലകുനിച്ചുനിൽക്കുന്ന
എം.എസ്.ബനേഷും എന്നുവേണ്ട
പുറംചട്ടപോയ എഴുത്തച്ഛൻ മുതൽ
പുതിയചട്ടയുമായി കടത്തനാട്ട്
മാധവിയമ്മവരെ..
പഴയപുസ്തകങ്ങൾ വലിയ പാർക്കിലെ
മരങ്ങളെപ്പോലെ
‘വേരുകൊണ്ടും ഇലകൾകൊണ്ടും
പരസ്പരം കെട്ടിപ്പിടിച്ചും‘
കുഴഞ്ഞുമറിഞ്ഞും
ചിലചിലച്ചും
പുതിയപുസ്തകങ്ങൾ
പബ്ലിക് ലൈബ്രറിയിലെ
വായനക്കാരെപ്പോലെ
വലിയ സ്വപ്നങ്ങൾ തുറന്നുപിടിച്ച്
അവനവനെത്തന്നെ വായിച്ചുംകൊണ്ട്
പ്രതിമകൾ പോലെ
പരസ്പരം നോക്കുകപോലും
ചെയ്യാതെ മൌനമായും

ആദ്യമായ് കടക്കുമ്പോൾ
കള്ളൻ പവിത്രനെപ്പോലെ
അന്തിച്ചു നിൽക്കുന്ന എലിയുടെ
ചിത്രം ഞാൻ മനസിലോർത്തു.

അമ്പലമണികൾ
ഭൈരവന്റെ തുടി
കന്നിക്കൊയ്ത്ത്
ഒക്കെയും വായിച്ചുകഴിഞ്ഞിരിക്കുന്നു
എലി
വായനയുടെ വാർഷികവലയങ്ങൾ
ഓരോ പുസ്തകത്തിലും
കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ആൾ പുലിതന്നെന്നുറപ്പായെങ്കിലും
പൂച്ചയെ പേടിയാണെന്ന് തോന്നുന്നു.
പണിക്കരേയും
പിള്ളയേയും
ശ്രദ്ധയോടെ
രുചിനോക്കിയിട്ടുണ്ടെങ്കിലും
പവിത്രൻ തീക്കുനിയുടെ
മീന്മുള്ളിന്റെ പടമുള്ള പുസ്തകം
തൊട്ടുനോക്കിയിട്ടില്ല.
ഉറ്റുനോക്കുന്ന
ഒരു പൂച്ചയുടെ ചിത്രം
കവറിൽ ഉള്ളതുകൊണ്ടാവാം.

മണത്തുപോലും നോക്കിയിട്ടില്ല,
കെ.ആർ.ടോണിയെ.
എൻ.ജി.ഉണ്ണിക്കൃഷ്ണനും
ടി.പി.അനിൽകുമാറും ഭദ്രം
രണ്ടധ്യായങ്ങളുള്ള നഗരത്തിന്റെ
ഓടയിൽ നിന്നുവന്നതാണോ
ഈ എലി!

ജിജ്ഞാസയുടെ കെട്ടുപൊട്ടിയ
ഒരു അവധിദിനത്തിൽ
ആഴത്തിൽ വായിക്കുന്ന
ഈ വായനക്കാരനായുള്ള
അന്വേഷണാർത്ഥം
അലമാര ഖനനം ചെയ്തു
മുക്കിലും മൂലയിലും കുഴിച്ചു
എങ്ങും
എലിയുമില്ല പുലിയുമില്ല
കവിതമുശിടുള്ള കുറേഎലിക്കാട്ടവും
മൂഷികരോമവും മാത്രം
പിന്നെ ഈ എലിവായനയുടെ
ബഹളങ്ങളെവിടുന്നുവന്നു..!
വീണ്ടും
താളുകൾക്കിടയിൽ
കുഴിച്ചു
വാക്കിലും വരിയിലും
കുഴിച്ചു
കുത്തിലും കോമയിലും
കുഴിച്ചു
ദീർഘദീർഘമായ അന്വേഷണത്തിനൊടുവിൽ
ചുരുട്ടിക്കെട്ടിയ കവിതകളുടെ
കയ്യെഴുത്ത് പെട്ടിക്കുള്ളിൽ
പൊടിഞ്ഞുതുടങ്ങിയ ഒരു
അസ്ഥികൂടം കണ്ടുകിട്ടി

‘wow
skeleton of a mouse‘
സന്തോഷംകൊണ്ട്
മകൻ ഇംഗ്ലീഷിൽ തുള്ളിച്ചാടി.

ഏതുപുസ്തകം വായിച്ചിട്ടാണോ
പാവത്തിന്റെ അസ്ഥിത്വം
ഇത്രമാത്രം വെളിപ്പെട്ടത്!
അബദ്ധത്തിനെങ്ങാനും
എന്റെ കവിതകൾ കൂടി
വായിച്ചിട്ടുണ്ടാകുമോ നിഷ്കളങ്കൻ.

30/7/09

അടുത്താരുപാമ്പേ

പത്രത്താളുകളിലൂടെ ഒരു പാമ്പ്
ഇഴഞ്ഞ്പോകുന്നു
ഇന്നലെ
ഇന്ന്
നാളെ എന്ന്
അത് ഏത് മാളത്തിലേക്കാണോ?
മാധവിക്കുട്ടിയെ വിഴുങ്ങി
ലോഹിതദാസിനെ വിഴുങ്ങി
രാജൻ പി ദേവിനെ വിഴുങ്ങി
അതിന്റെ വിശപ്പടങ്ങുന്നില്ല.

ആടുപാമ്പേ
ആടാടുപാമ്പേ
ആരുപാമ്പേ
അടുത്താരുപാമ്പേ!

28/7/09

പഴംബാക്കികൾ

മൊബൈൽ ഫോൺ
ലാപ്ടോപ്പ്
മെമ്മറിസ്റ്റിക്ക്
ബ്ലൂടൂത്ത്
വൈ ഫൈ
ഞാനിങ്ങനെ പുരോഗമിക്കുന്നു.

വെയിൽ
കാറ്റ്
മഴ
മഞ്ഞ്
രാത്രി
പകൽ
ഭൂമി ഇപ്പോഴും പഴഞ്ചൻ തന്നെ.

ദാഹം
വിശപ്പ്
പ്രേമം
കാമം
ഉളുപ്പ്
ഉറക്കം
കുറേ പഴംബാക്കികൾ.

27/7/09

?

ഒരു ചോദ്യത്തിന്റെ തലയിൽ
എത്ര ഉത്തരങ്ങളുടെ ചുമടുണ്ടാവും?
തെറ്റും ശരിയുമായി
വലുതും ചെറുതുമായി
സുന്ദരവും വിരൂപവുമായി
ഗുരുവും ലഘുവുമായി
കുഴഞ്ഞുമറിഞ്ഞ്
കെട്ടുപിണഞ്ഞ്
കുത്തിമറിഞ്ഞ്
ഒരുകുട്ട ഉത്തരങ്ങളുടെ
തലച്ചുമടുമായി
ഇതാ ഒരു ചോദ്യം.
?
ചുമടുതാങ്ങിച്ചുമടുതാങ്ങി
തലകുത്തിവീണുപോയി പാവം.

24/7/09

അമ്മയോട്

അമ്മയെ തെറിവിളിക്കുമ്പോഴാണ്
ഞാനെന്റെ ശക്തി
അതിന്റെ പാരമ്മ്യത്തിൽ
തിരിച്ചറിയുന്നത്.
അച്ഛനെ തല്ലുമ്പോൾ പോലും
ഇത്രമാത്രം
കരുത്തെനിക്കുണ്ടായിരുന്നതായി
അറിഞ്ഞിരുന്നില്ല.
വേട്ടക്കാർക്കുനടുവിൽ
ഏറ്റവും ഒറ്റപ്പെടുമ്പോഴും
ചീറുന്ന കടുവയെപ്പോലെ
എനിക്കെന്നെ അനുഭവപ്പെട്ടു.
അമ്മയോട്
അതിനും നന്ദിപറയേണ്ടിയിരിക്കുന്നു.

21/7/09

ഒഴുക്കിൽ ഒരു പാറത്തം.

മുറിവിൻ മൂർത്തിഞാൻ.
അറിവിൻ പൂർത്തിയിൽ നി-
ന്നടർന്ന്പോകയാൽ
ഒഴുക്കിലേക്ക്
തെറിച്ചുവീണു.

ഉണ്ടെനിക്ക്
മുറിവുകൾ തീർത്തൊരായിരം
മുനകൾ, മുഖങ്ങൾ
മുർച്ച,മൂപ്പുകൾ..
പുഴയിൽ വീണൊരു
വെറും കരിങ്കൽക്കഷണമായ്
കരുതരുതെന്നെ.

മുറിവുകളായിരുന്നെന്റെ സ്വത്വം
ജനിച്ചുവീഴവേ തന്നെ
ഒഴുക്കിന്മേനിയിൽ
മുറിവേൽ‌പ്പിച്ചു ഞാ-
നെന്റെ വരവറിയിച്ചു.
മുറിഞ്ഞില്ലെങ്കിൽ,
ഞാനുണ്ടാകുമോ!
മുറിച്ചില്ലെങ്കിൽ,
ഞാനുണ്ടെന്നറിയുമോ!

കൂർപ്പു മൂർപ്പുകൾ
മെരുങ്ങാത്ത തൃഷ്ണകൾ..
മരുവുകയായിഞാൻ,
ഒഴുക്കിൻമടിത്തട്ടിൽ,
പരുക്കൻ പാറത്തം.
പുഴക്കവിളിൽ
ഒഴുക്കിൻ മിനുസങ്ങളിൽ
എന്റെ മുനയെടുപ്പുകൾ
മുദ്രകളായി.

എന്തൊരത്ഭുതം
പുഴയിൽ
ഒരൊറ്റമുറിവും,
ഒരുനിമിഷത്തിൽ
കൂടുതൽ നിൽക്കുന്നില്ല,
മുറിവുകളെല്ലാമറിവുകളാക്കി
ഒഴുകുന്നൂ
പുഴ-
യോരോമുറിവിലു
മെന്നെത്തഴുകി
ചെറുതാക്കീടുന്നു!

അറവുകൾ കൊണ്ടെ-
ന്നടയാളം പുഴയിൽ
ഞാൻ തീർക്കുമ്പോൾ തന്നെ,
തലോടൽ കൊണ്ടെന്നിൽ
ചാർത്തുന്നു,
സൌ‌മ്യം,
പുഴ തന്നെത്തന്നെ.
അറവുകൾ തീർക്കും
മുറിവുകളേക്കാൾ
ശാശ്വതമാണെന്നോ,
കുളിരുകൾ തീർക്കും
മുദ്രകളെന്നോർ-
ത്തുലഞ്ഞുപോയി
ഞാൻ!

അറിവിൻ മൂർഛയിൽ നിന്നും
കുടഞ്ഞു-
ണർന്നെണീൽക്കുമ്പോൾ
അറിഞ്ഞുഞാൻ
പുഴയെന്നെപിഴു-
തെടുത്തുപോകുന്നു!
പിടിച്ചുനിൽക്കാൻ
ആവതു ഞാനും
ശ്രമിച്ചുനോക്കി, പക്ഷേ
ഒഴുക്കിനെതിരെ
നിൽക്കുമ്പോൾ
ഞാനറിഞ്ഞു
ദൌർബല്യം!

ബലിഷ്ഠമാമെൻ വേരുകളെല്ലാം
പറിച്ചെടുത്തുംകൊണ്ട്
കുതിച്ചുചാടും വെള്ളപ്പാച്ചിൽ
കാതങ്ങൾ താണ്ടീ.
ഒഴുക്കിനൊപ്പം
ഒലിച്ചു ഞാനുമൊരുരുളൻ കല്ലായി,
വക്കും മുനയും ഉരഞ്ഞുതീർന്നൂ
മേനിമിനുപ്പായി.
മുറിവേൽ‌പ്പിക്കും മൂർച്ചകളെല്ലാം
അലിഞ്ഞു പൊയ്പ്പോയി,
അഴുക്ക് ലേശം തീണ്ടാതായെൻ
പളുങ്ക് ദേഹത്തിൽ.

ഒടുക്കമുണ്ടാമല്ലോ എല്ലാ
ഒഴുക്കിനുമൊരുനാൾ.
പഴുത്തുസൂര്യൻ വീണുകഴിഞ്ഞൊരു
സന്ധ്യാനേരത്തിൽ
അടിഞ്ഞുഞാനൊരു വശ്യവിശാല
സരസിൻ തീരത്തിൽ.
പൊഴിഞ്ഞുവീഴും ആകാശത്തിൻ
ശതപത്രങ്ങൾക്കിടയിൽ
അറിഞ്ഞുഞാനെൻ വാഴ്വിനെ
ആയിരമുരുളൻ കല്ലുകളായ്,
മുറിവുകളില്ലാമുഖങ്ങളില്ലാ
ഒരൊറ്റയൊന്നായ് ഞാൻ.
അവനവനില്ല അന്യവുമില്ലാ
അനേകമൊന്നായ് ഞാൻ.

18/7/09

ദാരിദ്ര്യം

എഴുത്തുകാരനാണേ
വല്ലതും തരണേ
ദാരിദ്ര്യമാണേ
പട്ടിണിയാണേ
വല്ലതും തരണേ
അരിയായാലും
അവാർഡായിട്ടുതരണേ
പഴിയായാലും
പാരിതോഷികമായിട്ടു തരണേ
ചെറുതായാലും
ഫോട്ടോയോടെവരണേ
പാവമാണേ
അപ്പാവിയാണേ
കവിയാണേ
കഥാകാരനാണേ
കാമുകനാണേ
ഒരുറുമ്പിനെപ്പോലും
നോവിച്ചിട്ടില്ലാത്തോനാണേ
കനിവുണ്ടാകണേ
ദയവുണ്ടാകണേ
വല്ലതും തരണേ
ദാരിദ്ര്യമാണേ
കൊടിയദാരിദ്ര്യമാണേ
വിഷയ ദാരിദ്ര്യമാണേ

17/7/09

മഴയിരമ്പം

മഴപെയ്യും മുൻപ്
മാ‍നം മുട്ടെ ഉയരുന്ന
ഒരാരവമുണ്ട്...
അത് കേൾക്കുമ്പോൾ തുടങ്ങും
മഴക്കുളിരുണർത്തുന്ന
രോമഹർഷം.
ഏറെ മഴകൾ നനഞ്ഞിട്ടും
മഴയുടെ സംഗീതമാണതെന്നായിരുന്നു
ധരിച്ചിരുന്നത്.
അതുതന്നെയായിരുന്നു മഴകളുടെ നാട്യവും.
ശക്തിസ്വരൂപനായ മഴ.
സൌന്ദര്യധാമമായ മഴ.
ശക്തിസ്വരൂപിണിയായ മഴ.
ഉഗ്രമൂർത്തിയായ മഴ.
ഈയിടെയായി
മഴയിരമ്പത്തിനുപിന്നാലെ
മഴവന്ന് പോകും;
മണ്ണ് നനയാതെ,
മനസു നിറയാതെ.
അങ്ങനെ
എത്രയെങ്കിലും മഴപ്പത്രാസുകൾക്ക്
കാതോർത്തിരുന്നിട്ടാണ് അറിയുന്നത്,
മഴയുടെതല്ല
മഴവരുന്നേ എന്ന് ആർത്തലക്കുന്ന
ഇലത്തലപ്പുകളുടേതാണതെന്ന്;
ഭ്രമിപ്പിക്കുന്ന ആ സംഗീതം.
മഴയിരമ്പം.

മഴയിരമ്പമേ
നീ
മഴയിരമ്പമല്ല
ഇലയിരമ്പമാകുന്നു
ദുർബലമായ ഇലകളുടെ മുറവിളി
അതുകൂടിയില്ലായിരുന്നെങ്കിൽ
മഴയെത്ര ദുർബലമാണെന്ന്
ഓരോ മഴയും
ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

16/7/09

മുഷിവ്

സഖാവ് അച്യുതാനന്ദനിലായിരുന്നു
എന്റെ ഏക പ്രതീക്ഷ
സഖാവ് പിണറായി
പ്രതീക്ഷ തെറ്റിച്ചതുകൊണ്ടല്ല കേട്ടോ
സഖാവ് കെ.കരുണാകരൻ
എന്റെ പ്രതീക്ഷകളെ
തകിടം മറിച്ചതുകൊണ്ടാണ്..
സഖാവ് ഉമ്മൻ ചാണ്ടിയും
സഖാവ് ചെന്നിത്തലയുമൊന്നും
സഖാവ് അച്യുതാനന്ദനും
സഖാവ് കരുണാകരനും
ഒപ്പമെത്തില്ലല്ലോ ഒരിക്കലും..
സഖാവ് വാജ്പേയിയിലായിരുന്നു
കുറച്ചുകാലം മുൻപുവരെ എന്റെ പ്രതീക്ഷകൾ
സഖാവ് അധ്വാനിജി കാരണം അതും
തകിടം മറിഞ്ഞു.
സഖാവ് മന്മോഹൻ സാർ
പ്രതീക്ഷക്കു വകനൽകുന്ന ആളല്ല
ഇത്രകാലം ടെലിവിഷന്റെ മുന്നിലിരുന്നിട്ടും
വിപ്ലവമുണ്ടാക്കുന്ന ഒന്നും
അങ്ങേരുടെ വായിൽ നിന്ന് വീണ്കണ്ടിട്ടില്ല.
വല്ലപ്പോഴും
സഖാവ് നരേന്ദ്രമോഡിയോ
സഖാവ് വരുൺ ഗാന്ധിയോ
പ്രതീക്ഷക്ക് വക നൽകുന്നതാണ് ആശ്വാസം.
എന്തു തന്നെയായാലും സഖാവ് ഞാൻ
കാത്തിരുന്ന് മുഷിഞ്ഞു എന്ന് പറഞ്ഞാൽ മതി.
ചരിത്രം ഇത്ര വരണ്ട ഒരു കാലമുണ്ടായിട്ടുണ്ടോ ഇങ്ങനെ!

11/7/09

എഴുത്ത് മുറി

എഴുത്തുമുറിയില്ല
മേശയില്ല
പേനയില്ല
കടലാസില്ല
എഴുത്ത് മാത്രമുണ്ട്.
എഴുതിയെഴുതി
ഞാനൊരെഴുത്തുകാരനായി

എഴുത്തുമുറി പണിഞ്ഞു
മേശപണിഞ്ഞു
പേന വാങ്ങി
കടലാസു വാങ്ങി
എഴുത്ത് മുറിഞ്ഞു.
മുറിഞ്ഞ് മുറിഞ്ഞ്
ഞാനൊരു മുരിങ്ങക്കായായി.

4/7/09

റേഷൻ കട

ചിലർക്ക്
റേഷൻ കടയെന്ന് കേൾക്കുമ്പോൾ
മണ്ണെണ്ണവിളക്കിനെ ഓർമ്മവരും
മണ്ണെണ്ണവിളക്കെന്ന് കേൾക്കുമ്പോൾ
അബ്രഹാം ലിങ്കനെ ഓർമ്മവരും
അബ്രഹാം ലിങ്കനെക്കുറിച്ചോർത്താൽ
അമേരിക്കയെ ഓർമ്മവരും
അമേരിക്കയെക്കുറിച്ചോർത്താൽ
അധിനിവേശത്തെക്കുറിച്ചോർമ്മവരും
റേഷൻ കട അങ്ങനെ തന്ത്രപൂർവം
സാമ്രാജ്യത്തത്തിലേക്കുള്ള ലിങ്ക്
ഒളിപ്പിച്ചുവയ്ക്കുന്നു...!
അതോർത്ത് അവർക്ക്
ഉറക്കം നഷ്ടപ്പെടും...

മറ്റുചിലർക്ക്
റേഷൻ കടയെന്ന് കേട്ടാൽ
സബ്സിഡി അരിയെ ഓർമ്മവരും
സബ്സിഡി എന്ന് കേട്ടാൽ
ഐ.ആർ.ഡി.പി യെ ഓർമ്മവരും
ഐ.ആർ.ഡി.പി എന്നു കേൾക്കുമ്പോൾ
കാതിൽ കമ്മലിട്ട പശുവിനെ ഓർമ്മവരും
പശുവിനെക്കുറിച്ചോർത്താൽ
ചാണകം മെഴുകിയ തറ ഓർമ്മവരും.
ചാണകത്തറയെക്കുറിച്ചോർക്കുമ്പോൾ
‘ഒളിവിലെ ഓർമ്മകൾ‘ ഓർക്കുമത്രേ
റേഷൻ കട എത്ര കരുതലോടെ
കമ്മ്യൂണിസത്തിലേക്കുള്ള ലിങ്ക്
കാത്ത് സൂക്ഷിക്കുന്നു !
അതോർത്ത് അവർക്കും
ഉറക്കം നഷ്ടപ്പെടും....

തുഷാരത്തിൽ വന്നത്.

26/6/09

പാപമേവിധി പാപമേഗതി

ഞാനാണ് ഞാനാണ് ഞാനാണ്..
കോഴികൂവുന്നതിനു മുൻപുതന്നെ
മൂന്നുപ്രാവശ്യം പറഞ്ഞെങ്കിലും
എന്റെ പേരെനിക്ക് ഓർമ്മവന്നില്ല.
അവസാനത്തെ പ്രതീക്ഷയായി
നീ മുറുകെ പിടിച്ച വിരലുകൾ
ഞാൻ മുറിച്ചുകളഞ്ഞെങ്കിലും
എന്നെ തീപിടിക്കാതിരുന്നില്ല.
ആരും കണ്ടില്ല
നീ ഒരാളോടും പറഞ്ഞുമില്ലെങ്കിലും
അറിയാതിരുന്നില്ല ഞാൻ
ഞാനാണ് ഞാനാണ് ഞാനാണെന്ന
ചുംബനം നിന്റെ ചുവന്ന ചുവരിൽ
പതിച്ചതിൻ പാതകം.
പാപമേ വിധി പാപമേ ഗതി
ശാന്തനായി നീ പോക പാപാത്മൻ..

14/6/09

ഉത്തമപുരുഷൻ

മകനേ നീ
അച്ഛനെപ്പോലെ
ഉത്തമപുരുഷനായ് വരണം

നാവിലെപ്പോഴും
നല്ലവാക്കിന്റെ
നേർമയുള്ള അരിപ്പവേണം

കെട്ടിയിട്ട കുതിരയെപ്പോലെ
നോട്ടം കണ്ണിൽക്കിടന്ന്
കറങ്ങണം.

തൊണ്ടയിൽ നിന്ന് ശബ്ദം
അതിരുചാടാതെ
കാക്കണം

കനലിൽ നടക്കുമ്പോഴും
കാലുപൊള്ളുന്നില്ലെന്ന്
കാണുന്നവർക്ക് തോന്നണം.

ഉത്തമപുരുഷനായാൽ പിന്നെ
ഉഷ്ണംകൊണ്ടുള്ളു പുഴുകുമ്പൊഴും
ഉടുപ്പഴിച്ചേക്കരുത്.

11/6/09

പാറ


മഴപെയ്യുമ്പോൾ മാത്രം പുറത്ത് വരുന്ന
ഒരു പാറക്കഷണമുണ്ട്,
വീട്ടിന് മുന്നിലുള്ള നാട്ടുവഴിയിൽ..
മഴപ്പിറ്റേന്ന് വെയിലിലേക്ക് മുളച്ച് പൊന്തുന്ന
തകരകൾക്കൊപ്പം അതും കൌതുകപൂർവം
തലയുയർത്തി ആകാശം നോക്കിയിരിപ്പുണ്ടാവും.
മഴച്ചേറിൽ വഴുക്കി വഴുക്കി ആണുങ്ങൾ
അതുവഴിയേ പോകുമ്പോഴൊക്കെ
വെയിൽ കായാനിരിക്കുന്ന അരണകളെപ്പോലെ
ഉപദ്രവിക്കുമോ ഈ മനുഷ്യരെന്ന്,
തലചെരിച്ച് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
തോട്ടിൽകുളിച്ച് മുലക്കച്ചകെട്ടിപ്പോകുന്ന പെണ്ണുങ്ങളെ
ഒളികണ്ണിട്ട് നോക്കുന്നതും എനിക്കറിയാം.
മീശമുളച്ച ആണുങ്ങളെക്കണ്ടാൽ പേടിക്കും,
മുലമുളച്ച പെണ്ണുങ്ങളെക്കണ്ടാൽ നാണിക്കും,
എന്നല്ലാതെ
എത്ര ഒഴിഞ്ഞ് നടന്നാലും സ്കൂൾപിള്ളേരെ
കാലിൽ തടഞ്ഞ് വീഴിക്കും കള്ളക്കരുമാടി.
മുട്ട് പൊട്ടിയ സങ്കടത്തിൽ നിർത്താതെ കരയുന്ന
കുട്ടികളെ തണുപ്പിക്കാൻ അമ്മമാരെത്തും
പാറത്തലയിൽ തല്ലുന്നതായി അഭിനയിക്കും.
പാറയാണെങ്കിലും അമ്മമാരുടെ നാടകത്തിൽ
തന്മയത്വത്തോടെ അതും പങ്കെടുക്കുന്നുണ്ടാവും.
കുട്ടികൾ നിർത്തിയാലും തുടരുന്ന
ഒരു പാറക്കരച്ചിൽ ഞാൻ കേട്ടിട്ടുണ്ട്.
മഴപെയ്യുന്ന നാളുകളത്രയും നനഞ്ഞും
ഇടവെയിൽ കാഞ്ഞും
ഒരേ കിടപ്പ് കിടക്കും വഴിയിൽ.
ഇടയ്ക്കിടെ കണ്ട് കണ്ടുള്ള പരിചയം കൊണ്ട്
ചിലപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്.
മഴ തീർന്നാൽ തലയിൽ
മണ്ണിട്ട് ആളുകൾ വഴിനന്നാക്കും.
അപ്പോഴും കേൾക്കാം ഒരു പാറക്കരച്ചിൽ...
മഴപെയ്യുന്ന കാലമത്രയും പുറത്തേക്ക് വന്നോളാനും
സ്കൂൾപിള്ളേരെ വഴിയിൽ വീഴിച്ചോളാനും
ഏതോ അവതാരം വരം നൽകിയിട്ടുണ്ടാകും അതിന്...

28/5/09

പാവം

ഉറങ്ങുന്നതിനുമുൻപ് ചെയ്യേണ്ടതൊക്കെ
കൃത്യമായി ചെയ്തിട്ടുണ്ടായിരുന്നു
ഓൺ ലൈനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കെല്ലാം
ഗുഡ്നൈറ്റ് പറഞ്ഞു
മുറ്റത്തെ ലൈറ്റണച്ച് ഞെളിഞ്ഞ്നിന്ന്
മരച്ചുവട്ടിൽ മൂത്രമൊഴിച്ചു
കുരക്കാനും കടിക്കാനും ഇനിയും പഠിച്ചിട്ടില്ലാത്ത
അൾസേഷ്യന്റെ കൂട് തുറന്ന് വിട്ടു
കതകടച്ച് സാക്ഷ നന്നായി വീണുവോ !
എന്ന് ഉറപ്പുവരുത്തി
അശാന്തയായി ഉറങ്ങുന്ന ഭാര്യയുടെ
മൊബൈലിന്റെ കാൾരെജിസ്റ്റർ പരിശോധിച്ചു
കിടക്കുന്നതിനുമുൻപ് കഴിക്കാനുള്ള
ഗുളികകൾ എല്ലാം കഴിച്ചു
വേദപുസ്തകത്തിൽ നിന്നും തിരുവചനങ്ങൾ
ചവച്ച് വെള്ളം കുടിച്ചു
ഉണരാനുള്ള അലാറം ഓൺതന്നെ എന്ന്
ഉറപ്പുവരുത്തി
ഉറങ്ങിയോ?
അറിയില്ല...
പാവം...
ഉണർന്നിട്ടില്ല പിന്നെ!

4/5/09

സ്മാരകം

ഒഴുക്കും ജലവും ചേർന്ന് ഒരു അരുവിയെ സൃഷ്ടിച്ചു.
പർവ്വതങ്ങളുടെ മുകളിൽ പാറകളുടെ കാരാഗൃഹം ഭേദിച്ച്
അത് താഴേക്ക് ചാടി.
ചിതറിയ ശരീരം സ്വാതന്ത്ര്യാഭിവാഞ്ഛയിൽ തുന്നിച്ചേർത്ത്
അത് ഒഴുകാൻ തുടങ്ങി.
വയസൻമരങ്ങൾ വേരുകൾകൊണ്ട് തടസം നിന്നു.
പർവതശിഖരങ്ങൾ വഴിമുടക്കിക്കൊണ്ട് ഇടിഞ്ഞുവീണു.

നുറുങ്ങുന്ന വേദനയിലും അരുവി എതിർപ്പുകളെ ചെറുത്തുമുന്നേറി
നിന്നിടത്തുനിന്നൊരിക്കലും മാറാത്തവയുടെ പ്രതിബന്ധങ്ങൾ
മാറ്റംതന്നെ ജീവിതമാക്കിയതിന്റെ മുന്നിൽ അടിപതറി.
സ്വാതന്ത്ര്യത്തിന്റെ കൊച്ചുകൊച്ചുമുദ്രാവാക്യങ്ങളുമായി
അരുവികൾ കൂടിച്ചേർന്നു.
ഒരു ബൃഹത്തായ പുഴ ഉരുവം കൊണ്ടു.

കാട്ടിൽ നിന്നും പുഴ പുറത്തുകടന്നു.
ഗ്രാമങ്ങളിലൂടെ അതിന്റെ പ്രയാണം കണ്ട് ജനം കുളിരുകൊണ്ടു.
അതിരുകൾ വലുതാക്കി വലുതാക്കി പുഴ കരുത്തുനേടി,
തടയണകളെ ഭേദിച്ച് മുന്നേറി.
സ്വാതന്ത്ര്യത്തിന്റെ ഇരമ്പം കേട്ട് ഉറങ്ങിക്കിടന്നവർ ഉണർന്നു.
പ്രളയത്തിൽ അവരുടെ വിശ്രമപ്പുരകൾ തകർന്നു.
വേലികെട്ടിത്തളർത്താവതല്ല പുഴയെന്നവരറിഞ്ഞു.

ഗ്രാമത്തിൽ നിന്നും പുഴ പുറത്തുകടന്നു.
നഗരത്തിലൂടെ അതിന്റെ പ്രഭാവം തെളിയിച്ചു മുന്നേറി.
പുഴയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു നഗരം.
എല്ലാ വാതിലുകളും പുഴയിലേക്ക് തുറന്നു
എല്ലാ കുഴലുകളും പുഴയിലേക്ക് തുറന്നു
ചെറിയ ചെറിയ അരുവികളെ നൽകി
നഗരം തന്നെ ശക്തിപ്പെടുത്തുന്നതുകണ്ട്
ജലം സംതൃപ്തയായി.

കൂറ്റൻ കെട്ടിടങ്ങൾ കണ്ട് ഭ്രമിച്ചു ജലം.
പടുകൂറ്റൻ ശബ്ദങ്ങളിൽ മതിമറന്നു.
എതിർപ്പുകൾ കെട്ടടങ്ങിക്കഴിഞ്ഞെന്നുറച്ച്
മുന്നോട്ട് മുന്നോട്ടെന്ന് ജപിച്ചുകൊണ്ടിരുന്ന
ഒഴുക്കിനെ നിരാകരിച്ച്,
അത് സമ്പന്നമായ നഗരത്തിൽ കെട്ടിക്കിടന്നു.

ജലത്തിന്റെ നിരാകരണത്താൽ മരിച്ച ഒഴുക്കിന്
സ്മാരകമാണ് ഈ കുറിപ്പ്...
(ജലം ഇനിയും ജീവിച്ചിരിക്കുന്നു)

15/4/09

എന്റെ വോട്ട്-എന്റെ പ്രതിഷേധം

വോട്ട് ഒരു അവകാശമെന്നായിരുന്നു എന്റെ ധാരണ.
ഇപ്പോളത് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നു.
എന്റെ വോട്ട് ആത്മാഭിമാനത്തോടെ വിനിയോഗിക്കാനുള്ള അവസരം ഇന്ന് ഒരു പ്രസ്ഥാനവും നൽകുന്നില്ല.
തന്ത്രപൂർവമല്ലാതെ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവും ഇന്ന് എനിക്ക് മുന്നിലില്ല.
തന്ത്രപൂർവം എന്ന് പറയുമ്പോൾ ഒരു തരത്തിൽ അല്ലെങ്കിൽ
മറ്റൊരുതരത്തിൽ എന്നെ കബളിപ്പിക്കാനുള്ള ശ്രമം അടങ്ങിയ പ്രവർത്തനം എന്നാണ് അർത്ഥം.
ഞാൻ എന്തിന് എന്നെ കബളിപ്പിക്കുന്നവരുടെകൂടെ നിൽക്കണം.
അതല്ലെങ്കിൽ സ്വയം കബളിപ്പിച്ചുകൊണ്ട് ആരും എന്നെ കബളിപ്പിക്കുന്നില്ല എന്ന് ആശ്വസിക്കണം?
എങ്കിലും ഞാൻ വോട്ട് ചെയ്യും.
എന്റെ വോട്ട് എന്റെ പ്രതിഷേധമാണ്, തെരെഞ്ഞെടുപ്പല്ല...
അത് ശരിയായൊരു സിദ്ധാന്തമല്ല എന്നെനിക്കറിയാമെങ്കിലും മറ്റുവഴിയില്ല...

12/4/09

മഴയിൽ ഈ വിഷുക്കാലം

മഴയിൽ കൊഴിഞ്ഞ പൂക്കളെയോർത്ത്
കരഞ്ഞ് നിൽപ്പാണ് കണിക്കൊന്ന,
ആയിരമശ്രുകണങ്ങൾ മൊട്ടിട്ടൊരസ്ഥികൂടം പോലെ.
അതിന്റെ ദുഃഖം പകർന്നമട്ടിൽ ഇരുണ്ടൊരാകാശം,
പുലരിക്കണിയ്ക്കുണർന്നതില്ലാ ഇതുവരെയും സൂര്യൻ...

8/4/09

ദൈവം സാക്ഷിയല്ലാത്ത നിമിഷങ്ങൾ

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള
ചൂളംവിളിയുടെ ലോക്കൽ കമ്പാർട്ട്മെന്റിൽ
യാത്രക്കാർക്ക് ലഗേജ് വെയ്ക്കാനുള്ള ഉയരത്തിൽ
ഉറങ്ങുകയാണെന്ന ഭാവേന കയറിയിരുന്ന്
ദൈവം ഭൂമിയിലേക്കെന്നപോലെ
താഴേക്ക് നോക്കുകയായിരുന്നു ഞാൻ.

താഴെ കാലുകുത്താൻ സ്ഥലമില്ലാത്തവണ്ണം
തിങ്ങി നിറഞ്ഞ ജീവിതം.
ഒറ്റക്കാലിൽ തപസുചെയ്യുന്ന മാമുനിമാർ
മുട്ടിയുരുമ്മി തപസിളക്കാനെത്തുന്ന
മേനകമാർ
യുദ്ധം കഴിഞ്ഞ് ആയുധങ്ങളുമായി
മടങ്ങിപ്പോകുന്ന യോദ്ധാക്കൾ
കഴിഞ്ഞ പോരാട്ടത്തെ മുൻ‌നിർത്തി
വരാനിരിക്കുന്നതിനെ വ്യാഖ്യാനിക്കുന്ന
പണ്ഢിതവരേണ്യർ
പുകവലിക്കരുതെന്ന നിയമത്തെ
പുകവലിച്ചുകൊണ്ട് ഓർമ്മിപ്പിക്കുന്ന
നിയമപ്രാചാരകരിങ്ങനെ
ദീർഘചതുരത്തിൽ ഒരുമഹാഭാരതം
അതിനിടയിൽ അഴകൊത്ത ഒരു പെണ്ണും
അരികിൽ ഒരുത്തനും.

ഉറക്കത്തിന്റെ ഒന്നുരണ്ട് ചെറുകിടസ്റ്റേഷനുകളിൽ
രണ്ടോ മൂന്ന് മിനിട്ടുകൾ നിർത്തിയിട്ടെന്നല്ലാതെ
ഞാനെന്ന ദൈവം ഉണർവിന്റെ
ദീർഘമായ പാളങ്ങളിലൂടെ ലക്ഷ്യബോധത്തോടെ
ഓടുകതന്നെയായിരുന്നു.
അവൻ അവളെ വലതുകൈകൊണ്ടാണ് തൊടുന്നതെങ്കിൽ
ഏറ്റവും സാധ്യമായ സ്ഥാനം ഏതായിരിക്കും!
അവൻ അവളെ ഇടതുകൈകൊണ്ടാണ് തൊടുന്നതെങ്കിൽ
ഏറ്റവും സാധ്യമായ സ്ഥാനം ഏതായിരിക്കും!
വലതായാലും ഇടതായാലും
ആ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ
ഉണർന്നിരിക്കണേ ഉണർന്നിരിക്കണേ എന്ന്
കണ്ണുകൾ ഞാൻ തുടരെ തിരുമ്മിക്കൊണ്ടിരുന്നു.

ഇടമില്ലാത്തതിന്റേ വിമ്മിട്ടത്തിൽ
അവൾ ചെരിഞ്ഞിരുന്നപ്പോൾ
അവളുടെ മുലവടിവ് ഞാൻ വിമർശനം ചെയ്തു
അവൾക്ക് ഇടം നൽകാനെന്നപോലെ
അവൻ പിന്നിലേക്ക് നീങ്ങിയപ്പോൾ
അവന്റെ മനസു വായിച്ച് രസിച്ചു.
അവന്റെ ഇടം കയ്യോ വലം കയ്യോ
എന്ന ചോദ്യം ഹൃദയത്തിൽ മിടിച്ചു.
അവളൊരൽ‌പ്പം കുനിഞ്ഞപ്പോൾ
തയ്യൽ വിട്ടുപോയ ചുരിദാറിന്റെ വിടവിലൂടെ
അവളുടെ തൊലിവെളുപ്പിനു മാർക്കിട്ടു...

ഉറങ്ങല്ലേ ഉറങ്ങല്ലേ എന്നമന്ത്രമുണ്ടായിരുന്നെങ്കിലും
ആ ദിവ്യമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ
എനിക്ക് കഴിഞ്ഞില്ല
ഉറക്കത്തിന്റെ ഒരു ചെറുതുരങ്കം കടക്കുന്നതിനിടയിൽ
അവൾ എന്റെ കാഴ്ചച്ചതുരത്തിൽ നിന്ന് ഇറങ്ങിപ്പോയി.
അവനാണെങ്കിൽ തന്റെ കൈകൾ രണ്ടും കവിളിൽചേർത്ത്
ഒരു ദീർഘനിദ്രയെപ്രാപിച്ച്
എനിക്ക് താൽ‌പ്പര്യമില്ലാത്ത ദാരുശിൽ‌പ്പമായി.
എത്രയൊക്കെ കരുതലുണ്ടായാലും,
ദൈവം സാക്ഷിയല്ലാത്ത
ചിലമുഹുർത്തങ്ങളുണ്ടാകുന്നതെങ്ങനെയെന്ന്
എനിക്ക് മനസിലായി....

29/3/09

ആന

ആനയോളം വലിപ്പമില്ലാത്തൊരു
ആനയെ കിട്ടിയെങ്കിൽ വളർത്താമായിരുന്നു.
ഉള്ളം കയ്യിലെടുത്ത് ഉമ്മവച്ച്,
അമ്മാനമാടിക്കളിക്കാമായിരുന്നു.
ആനയോളം വലിപ്പമില്ലെങ്കിലും
ആന ആനതന്നെയല്ലേ.

അയൽക്കാരൊക്കെ ആനയുള്ള തറവാടെന്ന്
നമ്മുടെ വീടു നോക്കി പറയുമായിരുന്നു.
കുട്ടികൾ ആനയെ അമ്മാനമാടുന്ന അമ്മാവനെന്ന്
ഭയഭക്തി ചൊരിയുമായിരുന്നു.

ആനക്കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ്
ചേനപോലെ ചൊറിഞ്ഞ് ചൊറിഞ്ഞ്
മടുത്തു സഖാക്കളേ.
ആനയോളം വലിപ്പമില്ലാത്തൊരു
ആനയെത്തേടിപ്പിടിച്ചുതരൂ,
ആനയെത്തളച്ചവനെന്ന പേരുമായി
ഞാൻ പടിയിറങ്ങട്ടെ
(പടിയടച്ച് പിണ്ഡം വയ്ക്കും മുൻപ്)

25/3/09

വ്യാധി

മക്കളേ,
പോളിംഗ് ബൂത്തിലേക്കുള്ള വഴിയിലെ
വിപ്ലവം കാണുമ്പോൾ എനിക്ക് പേടിയാകുന്നു.
ജനാധിപത്യം പടർന്ന് പിടിച്ച മതിലുകളിലെ
വലിയ തലകൾ
ഛർദ്ദിലുണ്ടാക്കുന്നു.
ഊന്നുവടിയുണ്ടായിട്ടും
കാക്കയെത്തല്ലാഞ്ഞിട്ട്,
തീട്ടമൊലിക്കുന്ന മൊട്ടത്തലയൻ
വയറിളക്കം കൂട്ടുന്നു.
മക്കളേ,
പോളിംഗ് ബൂത്തിന്റെ നടതുറക്കുന്നതുവരെ
കാത്തുനിൽക്കാനെനിക്കാവതില്ല.
കടുത്ത ജനാധിപത്യം കൊണ്ട്
സന്ധികൾ വലിഞ്ഞുമുറുകുന്നു
ശ്വാസം നിലക്കുമോ എന്ന് ഭയക്കുന്നു
ചുമയ്ക്കുമ്പോൾ
വോട്ട്..വോട്ട് എന്ന ശബ്ദം കേൾക്കുന്നില്ലേ
മക്കളേ,
മരുന്നിൽ തീരാത്തത് മന്ത്രത്തിൽ തീരുമോ?
മന്ത്രത്തിൽ തീരാത്തത് തന്ത്രത്തിൽ തീരുമോ?
എനിക്ക് ഭേദമാകുമോ?
ഈ യന്ത്രം ഇനിയും ചലിക്കുമോ?

15/3/09

നീറോ

സി.ഡി.റോമിൽ കത്തിയെരിയുന്നത്
നീറോ ചക്രവർത്തിയുടെ
വീണാ നാദമല്ല.
ഇന്റെർ നെറ്റിൽ നിന്ന്
ഡൌൺലോഡ് ചെയ്ത
നഗ്നമായ ജീവിതങ്ങൾ.
ആർക്കും ആരേയും
ഒളിക്കാനാവാത്ത നൂറ്റാണ്ടിൽ
മൂത്രപ്പുരകളിൽ വെളിപ്പെട്ടവ,
സൈബർ കഫേയിലെ
ചൂടു ചായക്കപ്പുകൾ,
മുലപ്പാൽ,
മുഷ്ടിമൈഥുനം...
ആദ്യരാത്രികൾ,
അഡൾട്ടറി...
ഒളിനോട്ടക്കാരനായ
വിദുരർ കണ്ണിമചിമ്മാതെ
കണ്ടുവിവരിക്കുന്ന ഭാരതകഥ...

റോം കത്തുകയാണ്
ഹാർഡ് ഡിസ്കിൽ സ്പെയ്സില്ല
റോം കത്തിയെരിയട്ടെ.

1/3/09

പരോളിന് മൂന്ന് പുരസ്കാരങ്ങൾ
ഫോറം ഫോർ ബെറ്റർ ടെലിവിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കൃഷ്ണപിള്ള ഫൌണ്ടേഷനിൽ വച്ചു നടന്ന “ഇമേജസ് 2008“ വീഡിയോ ചലച്ചിത്രമേളയിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം പരോളിന് ലഭിച്ചു.കൂടാതെ മണികണ്ഠനും രെജിപ്രസാദും തിരക്കഥാകൃത്തിനും,കാമറാമാനും ഉള്ള പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി.മത്സരത്തിനുണ്ടായിരുന്ന പതിനാലു ചിത്രങ്ങളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്.അന്നയുടെ ലില്ലിപ്പൂക്കൾ സംവിധാനം ചെയ്ത അൻ‌സാർ ഖാൻ ആണ് മികച്ച സംവിധായകൻ.ബി.ഹരികുമാർ,ജഗന്നാഥ വർമ,വിജയകൃഷ്ണൻ,മധുപാൽ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ മധുപാൽ സമ്മാനദാനം നിർവഹിച്ചു.

16/2/09

ഡിസ്ചാർജ്ജ്

ആശുപത്രി.
തീരുമാനങ്ങളെക്കുറിച്ചുള്ള
വേവലാതികൾ ഊതിയാറ്റുന്ന
രാത്രി.
പെട്ടെന്നൊരു നിലവിളി.
വേദനയുടെ ഒരു സൂചിക്കുന്നായ്
അത് മൂർത്തമായി മുന്നിൽ.
ആരുടെ തൊണ്ടപിളർന്ന്
പുറത്തുവന്നത് ഈ കുന്ന്!
ആളുകൾ ഓടിക്കൂടി
നിലവിളിയെ
വാരിയെടുത്തുമ്മവച്ചു.
തുടയിടുക്ക് പരിശോധിച്ച്
ലിംഗമേതെന്ന് ഉറപ്പുവരുത്തി.
ആൺപിറന്ന നിലവിളി..
ആളുകൾ സന്തുഷ്ടരായി
ആരോഗ്യമുള്ള ഒരു നിലവിളിയുടെ
പിതാവെന്ന് പുറത്തുതട്ടി അഭിനന്ദിച്ചു.
ദീർഘായുസ്സ് നേർന്നു.
പുലർന്നു.
ഒരു സൂചിക്കുന്ന് ഇപ്പോൾ
ഞാൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്
ഡിസ്ചാർജ്ജ് ചെയ്ത് പടിയിറങ്ങുമ്പോൾ...

7/2/09

ഒരു വഴിയുടെ കഥ (കഴിഞ്ഞു)


വീട് വഴിയിലേക്ക്
വായതുറന്ന് കിടക്കുകയാണ്,
മാളത്തിലേക്ക് ചെന്നെത്തുന്ന ഒരു
പെരുമ്പാമ്പുപോലെ വഴി വീട്ടിനുള്ളിലേക്ക്
ഇഴഞ്ഞ് കടക്കുന്നു.
അടുക്കളക്കാരി അടുപ്പിൽ തിളച്ചവെള്ളവും
കയ്യിൽ കറിക്കത്തിയുമായി
ഒരു വഴിപാർത്തിരിക്കുന്നു.
വഴി വന്നപാടേ പഴയപാത്രങ്ങളിൽ
തലയിട്ടു മണത്തു നോക്കുന്നു
അവൾ തക്കത്തിനതിന്റെ തലകണ്ടിക്കുന്നു
തോലുരിച്ച വഴിയെ കറിക്കത്തിക്കരിയുന്നു
വഴിക്കറിമണം വരുന്നു
ഒരു കരിമൂർഖൻ മാളത്തിലേക്കെന്നപോലെ
എന്റെ മൂക്കിലേക്ക്

5/2/09

00000000X00000000

31x365=11315
11315 രാപ്പകലുകൾ കടന്നുപോയിരിക്കണം
ഒന്നും എനിക്കോർമയില്ല
ഇന്നത്തെപ്പോലെ
ശപ്തമായവയുണ്ടാകാം അവയ്ക്കിടയിൽ
കടഞ്ഞുവച്ചപോലെ
സൌന്ദര്യമുള്ള ചിലതും ഉണ്ടാകാം.
ഒന്നും എനിക്കോർമ്മയില്ല,
ഇന്നിനെയല്ലാതെ.

അൽ‌പ്പസമയത്തിനകം ഞാനുറങ്ങും
ചിലപ്പോൾ
ഏതെങ്കിലും സ്വപ്നം കണ്ടേക്കാം
ഒരു പാമ്പ് കൊത്താൻ വരുന്നതായോ
കൂർത്ത ഒരുമലമുകളിലൂടെ നടക്കുന്നതായോ
അല്ലെങ്കിൽ
കുട്ടിക്കാലത്തെന്നപോലെ
മരങ്ങളിലും മതിലുകളിലും തൊന്നിത്തൊന്നി
പറക്കുന്നതായോ
നിലത്ത് ഊതിയാൽ പറന്നുപൊന്തുന്നതരം
സിദ്ധികൈവന്നതായോ

5x60x60=18000
18000 സെക്കന്റുകൾ
ഏറിയാൽ അത്രയും സമയത്തിനുള്ളിൽ
ഞാനുണരും
ഇന്ന് എന്ന ഇത് നാളെ ആയി മാറും
സ്വപ്നങ്ങൾ ഒന്നും എനിക്കോർമയുണ്ടാകില്ല
എന്നത്തേയും പോലെ
ഞാൻ മുഖവും കൈകാലുകളും കഴുകി
എന്റെ ദിവസം ആരംഭിക്കും
ആകൃതിയിലോ പ്രകൃതിയിലോ മാറ്റം വരാതെ
ഞാൻ ഞാനായിത്തന്നെ
നിലനിൽക്കുന്നു എന്ന്
വേദനയോടെ തിരിച്ചറിയും....

ചെരുപ്പുകൾ

മുറ്റത്തു ചെരുപ്പുകളുടെ പ്രളയം.കൃഷ്ണൻ‌കുട്ടി അത്ഭുതാദരങ്ങളോടെ നോക്കി നിന്നു.പ്രൌഡിയിലും സൌന്ദര്യത്തിലും ഒന്നിനൊന്നിനു മത്സരിക്കുന്ന ചെരുപ്പുകൾ.കുമാരീ കുമാരന്മാരായ ചെരുപ്പുകൾ,യുവതീ യുവാക്കളായ ചെരുപ്പുകൾ എന്നുതുടങ്ങി കാരണവന്മാരായ ചെരുപ്പുകൾ വരെ..ചെരുപ്പുകളുടെ ഒരു സ്വപ്നലോകം.

ഗേറ്റിനുവെളിയിൽ വാഹനങ്ങളുടെ തിക്കും തിരക്കും ആൾക്കാർ വരുന്നു പോകുന്നു.അവർ ഓരോരോ ഭാവങ്ങളിൽ ചെരുപ്പുകൾ അഴിക്കുന്നു,ധരിക്കുന്നു. ചെരുപ്പുകളെ നോവിക്കാതെ പൂവിൽ നടക്കുമ്പോലെ നടക്കുന്നു.കൃഷ്ണൻ കുട്ടി കൌതുകത്തോടെ അവിടമാകെ ചുറ്റിനടന്നു.ഇടയ്ക്ക് മിനുത്ത ഒരു കാറിന്റെ കണ്ണാടിയിൽ മുഖം നോക്കി ഒരു പട്ടിയുടെ ഛായകണ്ട് ഞെട്ടി,അതിനുള്ളിൽ പട്ടി തന്നെയാണെന്ന് തിരിച്ചറിഞ്ഞ് ഹൊ പട്ടിയുടെ ഒരു ഭാഗ്യമേ എന്നു നെടുവീർപ്പിട്ടു.

മുതലാളിയുടെ ഷെൽഫിലെ ചെരുപ്പുകളെല്ലാം കൃഷ്ണൻ കുട്ടിയുടെ മുന്നിൽ പരേഡു നടത്തി.അവൻ അവരെ സല്യൂട്ട് ചെയ്തു.അവയെല്ലാം കൃത്യമായി തുടച്ചുവൃത്തിയാക്കുന്ന കൈകൾ തന്റ്റേതാണല്ലോ എന്ന ചിന്ത അയാളെ ഉത്തേജിതനാക്കി.മുതലാളിയെ ചെരുപ്പു ഭ്രാന്തനെന്ന് വിളിക്കുന്ന നാട്ടുകാരെയോർത്ത് കൃഷ്ണൻ‌കുട്ടി നീട്ടിത്തുപ്പി.
തപാലിൽ വിദേശനിർമിതമായ ചെരുപ്പുകൾ വരുമ്പൊൾ ചെന്നു വാങ്ങുന്നതുമുതൽ മുതലാളിയുടെ പഴയ ചെരുപ്പുകൾ ധരിച്ചു ചരിതാർത്ഥനാകുന്നതുവരെയുള്ള മഹനീയ കർമങ്ങൾ നിറവേറ്റുന്ന കൃഷ്ണൻ‌കുട്ടി, ചെരുപ്പുകളുടെ സൌന്ദര്യ മത്സരത്തിൽ വിധികർത്താവായി.മുറ്റത്തെ മുഴുവൻ ചെരുപ്പുകളും നടന്നുകണ്ടിട്ട് കൃഷ്ണൻ കുട്ടി ഒരു തീർപ്പിലെത്തി. ഇല്ല.ഒരൊറ്റ എണ്ണത്തിനുപോലും മുതലാളിയുടെ ഷെൽഫിലെ ഏറ്റവും വിലകുറഞ്ഞ ചെരുപ്പുകളുടെ അയൽക്കാരാകാനുള്ള യോഗ്യതപോലുമില്ല .ഗേറ്റു കവിഞ്ഞ് നിരക്കുന്ന ചെരുപ്പുകളുടെ കാഴ്ചയിൽ കൃഷ്ണൻ‌കുട്ടി സ്വയം മറന്നു നിൽ‌പ്പായി.

ഉള്ളിൽ ചടങ്ങു തുടങ്ങാറായി.വരുന്നവർക്കൊക്കെ ചായകൊടുക്കണം എന്ന വലിയ കർത്തവ്യം പോലും മറന്നു കൃഷ്ണൻ‌കുട്ടി.അപ്പോഴേക്കും പുറത്ത് ചിരപരിചിതമായ രണ്ട് ചെരുപ്പുകൾ ചലിച്ചു.തേഞ്ഞു തേഞ്ഞ് ആത്മാവുപോയ രണ്ട് സ്ലിപ്പറുകൾ.പോസ്റ്റ്മാനാണ്.എന്നും സ്ലിപ്പർ മാത്രം ധരിക്കുന്ന പോസ്റ്റ്മാൻ..കൃഷ്ണൻ കുട്ടി അൽ‌പ്പം പുച്ഛത്തോടെ തന്റെ പഴയ തുകൽ ഷൂസ് തറയിൽ ചവുട്ടി ശബ്ദമുണ്ടാക്കി
“കത്തുണ്ടോ പോസ്റ്റ്മാൻ?“ അയാൾ ചോദിച്ചു
“ഒരു പാഴ്സൽ...നിന്റെ മുതലാളിക്ക്” അയാൾ പറഞ്ഞു
“ചെരുപ്പാണോ” കൃഷ്ണൻ കുട്ടി ആവേശപ്പെട്ടു
“പിന്നല്ലാതെ”
“ഇറ്റലിയിൽ നിന്നാണോ” കൃഷ്ണൻ കുട്ടി ഉത്സാഹപ്പെട്ടു.ഇറ്റലിയിൽ നിന്നും രണ്ട് ജോഡി ചെരുപ്പുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മുതലാളി പറഞ്ഞിട്ടുണ്ടായിരുന്നു.ഇറ്റലിയിലെ തുകൽ ഒന്നു വേറെതന്നെയാണത്രേ..
ഉത്തരം പറയാതെ പോസ്റ്റുമാൻ മുഖം കോടിച്ചു...
എങ്കിലും പോസ്റ്റുമാന്റെ കയ്യിലിരിക്കുന്ന ആ വിലപ്പെട്ട പെട്ടി കണ്ട് മുറ്റത്തെ സർവ ചെരുപ്പുകളും ലജ്ജാപൂർവം മുണ്ടിന്റേയോ,പാന്റ്സിന്റേയോ മറപറ്റാൻ വെപ്രാളപ്പെടുന്നത് കൃഷ്ണൻ‌കുട്ടി തിരിച്ചറിഞ്ഞു.
“എന്താണിവിടെ വിശേഷം..?“
തിരക്കുകണ്ട് പോസ്റ്റുമാൻ ചോദിച്ചു
കൃഷ്ണൻ കുട്ടിയുടെ മുഖം മങ്ങി
ചെരുപ്പുകളിലേക്ക് കണ്ണയച്ചുകൊണ്ട് അവൻ മെല്ലെ പറഞ്ഞു
“മുതലാളി വെളുപ്പിനു മരിച്ചുപോയി....“
അതുകേട്ട് ചെരുപ്പുകൾ നിർത്താതെ ചിരിച്ചു..
*ഒരു പഴയ കഥ(1999 സെപ്റ്റമ്പറിൽ എഴുതിയത്)

4/2/09

പരോൾ - പത്രവാർത്തകൾ

പരോളിന്റെ ചിത്രീകരണ സമയത്തും ശേഷവും അച്ചടി,ദൃശ്യമാധ്യമങ്ങൾ കാഴ്ചചലച്ചിത്രവേദിക്ക് നൽകിയതും തുടർന്നുകൊണ്ടിരിക്കുന്നതുമായ നല്ല സഹകരണത്തെ നന്ദിപൂർവം സ്മരിച്ചുകൊണ്ട്,അച്ചടിമാധ്യമങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾ ഇവിടെ പോസ്റ്റു ചെയ്യുകയാണ്.സ്കാൻ ചെയ്യാനുള്ള സൌകര്യങ്ങൾ ഇല്ലാത്തതിനാൽ മൊബൈൽ ചിത്രങ്ങളായാണ് പോസ്റ്റുചെയ്യുന്നത്.ബ്ലോഗിലൂടെ പരസ്പരം അറിയുന്നവർ എന്ന നിലയിൽ എം.കെ ഹരികുമാർ തന്റെ അക്ഷരജലകത്തിൽ എഴുതിയ കുറിപ്പിനും ബെർളിതോമസ് മലയാള മനോരമയിൽ തന്റ്റെ പക്തിയിൽ കൊടുത്ത കുറിപ്പിനും ഏറെ മാധുര്യമുണ്ട്.ബ്ലോഗ് എന്ന മാധ്യമത്തിലൂടെയല്ലായിരുന്നു ഈ സിനിമ ജനിച്ചതെങ്കിൽ പരോളിനെക്കുറിച്ച് പ്രസ്തുത രണ്ട് കുറിപ്പുകളും ഉണ്ടാകില്ല എന്നതുതന്നെ കാരണം.ബെർളി തോമസിന്റെ കാര്യമാത്രപ്രസക്തമായ കുറിപ്പ് കയ്യിലില്ലാത്തതുകൊണ്ട് ഇവിടെ പോസ്റ്റുചെയ്യാൻ കയിയുന്നില്ല.എം.കെ ഹരികുമാറിനും ബെർളിതോമസിനും എന്റെ നന്ദി.മറ്റുമാധ്യമങ്ങളിൽ വന്നവയിൽ ഹിന്ദുവിന്റെ റിപ്പോർട്ടും കയ്യിലില്ല.

പരോളിനെ സാമാന്യജനത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ദൃശ്യമാധ്യമങ്ങൾക്കും (മലയാള മനോരമ ന്യൂസ്,സൂര്യ,അമൃത,ഇൻഡ്യാ വിഷൻ)ഞങ്ങളുടെ ഹൃദയംതൊട്ട നന്ദി.

കലാകൌമുദിയിൽ അക്ഷരജാ‍ലകത്തിൽ എം.കെ.ഹരികുമാർ എഴുതിയ കുറിപ്പ്
ജനയുഗത്തിൽ വന്ന റിപ്പോർട്ട് (അരുൺ.ടി.വിജയനും ലതീഷിനും ഹാറ്റ്സ് ഓഫ്)ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ട്കേരളാകൌമുദിയിലെ റിപ്പോർട്ട്

കളരി

പരാജയം ഒരു താന്തോന്നിയാണ്
ആരുടെയും മുന്നിൽ തലകുനിക്കില്ല.
വിജയത്തെപ്പോലെ-
മുണ്ടിൻ കുത്തഴിച്ചുപിടിച്ച്
കെതുങ്ങിത്തൊഴുത്
വിനയത്തിന്റെ കളരികാണിക്കാറില്ല.

വലിക്കണമെന്ന് തോന്നുമ്പോൾ വലിക്കും,
കുടിക്കണമെന്ന് തോന്നുമ്പോൾ കുടിക്കും
(അച്ഛന്റെ മുന്നിലായാലും
അച്ചന്റെ മുന്നിലായാലും),
കിടക്കണമെന്ന് തോന്നുമ്പോൾ കിടക്കും
(ഓടയിലാണെങ്കിലും),
പെടുക്കണമെന്ന് തോന്നുമ്പോൾ പെടുക്കും
(റോഡ് വക്കിലാണെങ്കിലും).
വിജയത്തെപ്പോലെ-
വെളുപ്പല്ല വേഷം.
പൊടിമണ്ണിന്റെനിറം
മുഷിഞ്ഞ മനുഷ്യന്റെ മണം..

നീ വിജയം എന്നു പറയുമ്പോൾ
വിജയത്തിന്റെ നിൽ‌പ്പുകാണണം
താണു താണ് ഭൂമിയോളം പറ്റി
ചുണ്ടിനും ചെവിക്കുമിടയിൽ
അളന്നൊട്ടിച്ച ഒരു ചിരിവിടർത്തി
തലചെരിച്ചും കുനിച്ചും
വിനയം ചുരത്തി..

പരാജയം ഒരു തെമ്മാടിയാണ്
നീ പരാജയം എന്നു മുഖം നോക്കി പറഞ്ഞാലും
കൂസലില്ലാത്ത നിൽ‌പ്പ്
പോയിനെടാ മൈരുകളേ
എന്ന ഭാവം..
മാർബിൾ തറയിലെ
വെറ്റത്തുപ്പൽ..
ചൈനാക്ലേ ആഷ്ട്രേയിലെ
മുറിബീഡി..
വെളുത്ത സിങ്കിലെ
കൊഴുത്ത ഛർദ്ദിൽ..
തറ...

ഈയിടെ ആരോ
പരാജയത്തിന്റെ മുഖത്തുനോക്കി-
നീ വിജയം എന്നു പറഞ്ഞുവത്രേ
എന്തതിശയം
പരാജയം ഒന്നു ഞെട്ടി
മടക്കുകുത്തഴിച്ചിട്ടു
കൈകൂപ്പി തലചെരിച്ചു
തോളുവളച്ച്
കളരിതുടങ്ങി
വിനയത്തിന്റെ കളരി

3/2/09

വിബ്ജ്യോറിലും സൈൻസിലും പരോൾസുഹൃത്തുക്കളേ,

തൃശൂരിൽ നടക്കുന്ന വിബ്ജ്യോർ ചലച്ചിത്രമേളയിലും തിരുവനന്തപുരത്തു നടക്കുന്ന സൈൻസ് ചലച്ചിത്രമേളയിലും പരോൾ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
തൃശൂരിൽ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സംഗീതനാടക അക്കാഡമിയിലെ റീജിയണൽ തിയേറ്ററിലാണ് പ്രദർശനം.
തിരുവനന്തപുരത്ത് ഈ മാസം 12 മുതൽ 19 വരെ കലാഭവൻ,ടാഗോർ തിയേറ്ററുകളിൽ ആയി നടക്കുന്ന സൈൻസ് ചലച്ചിത്രമേളയിൽ ഫോക്കസ് വിഭാഗത്തിലാണ് പരോൾ പ്രദർശിപ്പിക്കുന്നത്.തിയതിയും സമയവും കൃത്യമായി അറിവായിട്ടില്ല.അറിയുന്ന മുറയ്ക്ക് ഇവിടെ പുതുക്കി പ്രസിദ്ധീകരിക്കാം.

തൃശൂരും തിരുവനന്തപുരത്തുമുള്ള സുഹൃത്തുക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1/2/09

സംയമം

വീടില്ല,
റോഡില്ല,
ജോലിയില്ല,
കൂലിയില്ല,
ഞങ്ങൾക്ക്‌
കടത്തിണ്ണയിൽ
കടലുപോലെ സമയം.

വീടുതരാം
റോഡുതരാം
ജോലിതരാം
കൂലിതരാം
സമയത്തിന്റെ കടലിൽ
നിങ്ങൾ ചൂണ്ടലിട്ടു.

ഞങ്ങൾ കൊതിപിടിച്ചു
കൊടിപിടിച്ചു,
ജയ്‌ വിളിച്ചു,
വോട്ടുപിടിച്ചു,
ബൂത്ത്‌ പിടിച്ചു,
നിങ്ങൾ ജയിച്ചു.

നിങ്ങൾക്ക്‌ കാറായി,
വീടായി,
പാറാവിനാളായി,
ജോലികൊണ്ട്‌ തിരക്കായി,
ഒന്നിനും നേരമില്ലാതായി
എന്തൊരുമാറ്റം...

ഞങ്ങൾക്കിന്നും വീടില്ല
റോഡില്ല,
ജോലിയില്ല,
കൂലിയില്ല
ഇപ്പോഴും
കടലുപോലെ സമയം
ഒരുമാറ്റവുമില്ല...


നിങ്ങൾ വീണ്ടും ചൂണ്ടലിടൂ
ഞങ്ങൾ കൊതിപിടിക്കാം
കൊടിപിടിക്കാം
ജയ്‌ വിളിക്കാം
വോട്ടുപിടിക്കാം
ബൂത്ത്‌ പിടിക്കാം
നിങ്ങൾ ജയിക്കട്ടെ
മാറ്റം മാറാതെയിരിക്കട്ടെ...

27/1/09

ധൂർത്ത്

ഒരുകിലോ അരി,ഒരു തേങ്ങ
ഒരുലിറ്റർ പാൽ,അരക്കിലോ പഴം
പത്തു മുട്ട,പ്രാതലിന്റെ മാവ്
അൽ‌പ്പം പച്ചക്കറി
എന്നിവയാണ് നൂറുരൂപ

ചുമയ്ക്കുള്ള മരുന്ന്
പനിക്കുള്ള ഗുളിക
ചൊറിച്ചിലിന്റെ ഓയിന്മെന്റ്
ഒരു കവർ കോണ്ടം
എന്നിവ മറ്റൊരു നൂറു രൂപ

ഒരു സിനിമ
അല്ലെങ്കിൽ ഒരു സായാഹ്നനടത്തം
അതുമല്ലെങ്കിൽ ബന്ധുവീട്ടിലേക്കൊരു യാത്ര
അതിന്
മൂന്നാമതൊരു നൂറുരൂപകൂടി വേണം

നിൽക്കൂ...
അരക്കിലോ അരി
അരലിറ്റർ പാൽ
അഞ്ചുമുട്ട
അരക്കിലോ മൈദ
അൽ‌പ്പം പച്ചക്കറി ഇത്രയും മതി

ചുമയ്ക്കുള്ള മരുന്ന്
പനിക്കുള്ള ഗുളിക
ചൊറിച്ചിലിന്റെ ഓയിന്റ്മെന്റ്.....
കോണ്ടം ഓരോന്നായി കിട്ടുമോ..?

ഹൊ!
ഒരു സിനിമ!
ഒരു സായാഹ്നനടത്തം!!
ബന്ധുവീട്ടിലേക്കൊരു യാത്ര...!!!
ദൈവമേ എന്തൊരു ധൂർത്താണ് ജീവിതം...

23/1/09

അലമാരയിലെ കടൽ

ഒരു കടൽ എന്റെ അലമാരയിലുണ്ട്
ഈ വീട്ടിൽ നടക്കുന്ന ഏതെങ്കിലും ഒരു ഭൂകമ്പത്തിൽ
ഈ മുറിയും അലമാരയും ഞാനും
മേൽക്കൂരയിടിഞ്ഞ് മണ്ണടിഞ്ഞുപോകുന്നു എന്ന് കരുതുക
കാലങ്ങൾക്ക് ശേഷം നിങ്ങളിലെ ഗവേഷകരിലാരെങ്കിലും
അതു കണ്ടെത്തും
ശംഖുകൾ,ചിപ്പികൾ,നക്ഷത്രമത്സ്യങ്ങൾ,
ചുവപ്പും കറുപ്പും നിറമുള്ള കടൽ മണൽ
ഉപ്പുരുചിയുള്ള കൺപീലികൾ
ഒരു വമ്പൻ മീൻ‌മുള്ള്
ഉടഞ്ഞുപോകാത്ത സ്വപ്നങ്ങളുടെ പവിഴപ്പുറ്റ്

8/1/09

തിരിച്ചറിയപ്പെടുന്നതിന്റെ അടയാളങ്ങൾഈ നിമിഷം നിങ്ങളെന്നെ തിരിച്ചറിഞ്ഞത്
പറന്ന മുടികണ്ടാണോ,
മൂക്കിലെ മറുകുകണ്ടാണോ
നടത്തയിലെ മുടന്തുകണ്ടാണോ,
വടിക്കാത്ത താടികണ്ടാണോ
എന്നൊന്നും എനിക്കറിയില്ല...

അറിയാമായിരുന്നെങ്കിൽ,
തിരിച്ചറിയപ്പെടുന്നതിന്റെ
അടയാളങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ
ഞാൻ ബദ്ധശ്രദ്ധനായേനെ..

അതൊന്നും സൂക്ഷിക്കാത്തതിനാലാണോ
അടുത്തനിമിഷം നിങ്ങളെന്നെ
തിരിച്ചറിയാതെ പോകുന്നത്?

നിങ്ങൾ തിരിച്ചറിയാതെ പോകുമ്പോഴും
എനിക്കു നിങ്ങളെ തിരിച്ചറിയാനാകുന്നു
എന്നതാണ് എന്റെ പ്രതിസന്ധി

ആനമുടിപോലെ,അറബിക്കടലുപോലെ
ദിനം പ്രതി രൂപഭാവങ്ങൾമാറിയാലും
എനിക്കറിയാനാകുന്നു നിങ്ങളെ....

ചിലനേരങ്ങളിൽ നിങ്ങൾ പെട്ടെന്ന്
അറബിക്കടലുകളോ ആനമുടികളോ
ആകുന്നതാണോ നിങ്ങളുടെ പ്രതിസന്ധി!

എന്തായാലും ശരി,
ഏറെ നാൾ തിരിച്ചറിയപ്പെടാതെ
മോർച്ചറിയിൽ കിടക്കുന്ന ശവത്തെയെന്നപോലെ
പൊടുന്നനെ ഒരുനാൾ നിങ്ങളെല്ലാം കൂടി
വന്ന് തിരിച്ചറിഞ്ഞുകളയുമോ
എന്നതാണെന്റെ ഇപ്പോഴത്തെ പേടി...